ഫിലാഡല്‍ഫിയ: ചിക്കാഗോ സീറോമലബാര്‍ രൂപതയുടെ ചാന്‍സലര്‍, രൂപതാ മതബോധന ഡയറക്ടര്‍, ചെറുപുഷ്പ മിഷന്‍ ലീഗ് നാഷണല്‍ ഡയറക്ടര്‍, സെന്റ് തോമസ് സീറോമലബാര്‍ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിന്റെ വികാരി എന്നീ വ്യത്യസ്ത നിലകളില്‍ രൂപതയില്‍ സേവനമനുഷ്ഠിക്കുന്ന റവ. ഡോ. ജോര്‍ജ് ദാനവേലില്‍ പൗരോഹിത്യ ശുശ്രൂഷയുടെ കര്‍മ്മനിരതമായ 25 സംവല്‍സരങ്ങള്‍ 2023 ഡിസംബര്‍ 30 നു പൂര്‍ത്തിയാക്കി.
ജൂബിലേറിയന്‍ ബഹുമാനപ്പെട്ട ജോര്‍ജ് അച്ചന്‍ മുഖ്യകാര്‍മ്മികനായും, താമരശേരി രൂപതാംഗവും, ചിക്കാഗോ രൂപതയില്‍ പുതുതായി ശുശ്രൂഷക്കെത്തി ഫിലാഡല്‍ഫിയ സീറോമലബാര്‍ ഇടവകയില്‍ പരിശീലനത്തിനായി നിയോഗിക്കപ്പെട്ടിട്ടുള്ള റവ. ഫാ. ജിബി പൊങ്ങന്‍പാറ സഹകാര്‍മ്മികനായും അര്‍പ്പിക്കപ്പെട്ട കൃതഞ്ജതാബലിയില്‍ വിശ്വാസികളൊന്നടങ്കം പങ്കുചേര്‍ന്നു. ദിവ്യബലിയെതുടര്‍ന്ന് ജൂബിലി കേക്ക് മുറിച്ച് പൗരോഹിത്യ ജുബിലി ലളിതമായി ആഘോഷിച്ചു. പാലാ രൂപതക്കുവേണ്ടി 1998 ഡിസംബര്‍ 30 നു അഭിവന്ദ്യ ബിഷപ് മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പിലില്‍ നിന്നും തിരുപ്പട്ടം സ്വീകരിച്ച ജോര്‍ജ് ദാനവേലില്‍ അച്ചന്‍ കോട്ടയം ജില്ലയിലെ മുട്ടുചിറ ഫൊറോനായുടെ കീഴിലുള്ള ആയാംകുടി (അല്‍ഫോന്‍സാപുരം) സെ. അല്‍ഫോന്‍സാ പള്ളി ഇടവകാംഗമാണ്.
പാലാ രൂപതയുടെ നിയന്ത്രണത്തിലുള്ള മൈനര്‍ സെമിനാരിയില്‍ വൈദിക പഠനം പൂര്‍ത്തിയാക്കി, തിരുപട്ടംസ്വീകരിച്ച ജോര്‍ജ് ദാനവേലില്‍ അച്ചന്‍ പാലാരൂപതയിലെ വിവിധ ദേവാലയങ്ങളില്‍ വികാരിയായും, ബിഷപ്പ് മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പിലിന്റെ സെക്രട്ടറിയായും, സെമിനാരി അദ്ധ്യാപകനായും സേവനമനുഷ്ഠിച്ചു. റോമിലെ സലേഷ്യന്‍ പൊന്തിഫിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ക്രൈസ്തവമതബോധനം, കുട്ടികളുടെ വിശ്വാസപരിശീലനം എന്നീ വിഷയങ്ങളില്‍ സ്‌പെഷ്യലൈസേഷനോടുകൂടി ദൈവശാസ്ത്രത്തില്‍ ഡോക്റ്ററേറ്റു (Doctor of Sacred Theology – Latin: Sacrae Theologiae Doctor – STD) നേടിയശേഷം കാക്കനാട് സെ. തോമസ് മൗണ്ട് ആസ്ഥാനമായുള്ള സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സിനഡല്‍ കമ്മീഷന്റെ സെക്രട്ടറിയായി 6 വര്‍ഷങ്ങള്‍ സേവനം ചെയ്തു. സിനഡല്‍ കമ്മീഷന്‍ സെക്രട്ടറിയായിരിക്കെ 2013 ല്‍ ചിക്കാഗോ സീറോമലബാര്‍ രൂപതയില്‍ മതാധ്യാപകര്‍ക്ക് വിശ്വാസപരിശീലനക്ലാസുകള്‍ നല്‍കിയിട്ടുണ്ട്.
പാലാരൂപതയില്‍ വൈദികനായി 18 വര്‍ഷങ്ങളിലെ നിസ്തുല സേവനത്തിനുശേഷം 2017 ല്‍ സ്ഥിരമായി അമേരിക്കയിലെത്തിയ റവ. ഡോ. ജോര്‍ജ് ദാനവേലില്‍ ചിക്കാഗോ സീറോമലബാര്‍ രൂപതയില്‍ ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ട്, മുന്‍ ബിഷപ്പ് എമരിത്തൂസ് മാര്‍ ജേക്കബ് അങ്ങാടിയത്ത് എന്നിവരുടെ കീഴില്‍ രൂപതാ കാര്യാലയത്തിലും, കാലിഫോര്‍ണിയായിലെ മില്‍പിറ്റാസ് (ഇപ്പോള്‍ ഫ്രിമോണ്ട്) സെന്റ് തോമസ്, ഷാര്‍ലറ്റ് സെ. മേരീസ് ഉള്‍പ്പെടെ വിവിധ ഇടവകകളിലുമായി 7 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി. 2018 ല്‍ രൂപതയുടെ മതബോധനഡയറക്ടറായി ചുമതലയേറ്റ ദാനവേലില്‍ അച്ചന്‍ വിശ്വാസപരിശീലന പാഠ്യപദ്ധതി നവീകരിക്കുന്നതിലും, പാഠപുസ്തകങ്ങള്‍ ക്രമാനുഗതമായി പരിഷ്‌കരിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചു.
അല്‍മായര്‍ക്ക്, വിശിഷ്യാ മതാധ്യാപകര്‍ക്ക് ദൈവശാസ്ത്രപഠനം സാധ്യമാക്കുന്നതിനായി വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠവുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ചിക്കാഗോ മാര്‍ തോമ്മാ തിയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അഡ്മിനിസ്‌ട്രേറ്റര്‍, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലായി രൂപതാതലത്തില്‍ വളരെ വിജയകരമായി നടന്നുവരുന്ന ദൈവവചന ബൈബിള്‍ ക്വിസ് പ്രോഗ്രാം ഡയറക്ടര്‍ എന്നീ നിലകളിലും രൂപതാ ചാന്‍സലര്‍, മതബോധന ഡയറക്ടര്‍, മിഷന്‍ലീഗ് ഡയറക്ടര്‍, ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളി വികാരി എന്നീ പദവികള്‍ക്കൊപ്പംതന്നെ സേവനം ചെയ്യുന്നു. രൂപതാ ചാന്‍സലര്‍ ആയതിനാള്‍ രൂപതയുടെ പ്രസിദ്ധീകരണങ്ങളുടെ ചുമതലയും ദാനവേലില്‍ അച്ചനാണു.
ഫിലാഡല്‍ഫിയ ഫൊറോനായുടെ കീഴില്‍ എക്സ്റ്റണ്‍ കേന്ദ്രമായുള്ള സെ. സെബാസ്റ്റ്യന്‍ മിഷന്റെ ഡയറക്ടര്‍ കൂടിയാണു ദാനവേലിലച്ചന്‍. ജൂബിലേറിയന്റെ മാതാപിതാക്കളായ ജോസഫും, മേരിയും തൊണ്ണൂറുകളുടെ പകുതിയിലെത്തി നില്‍ക്കുന്നു. 3 സഹോദരങ്ങള്‍.
സഭയുടെ ആരാധനാക്രമമനുസരിച്ചുള്ള ഞായറാഴ്ച്ച വചനസന്ദേശങ്ങളുടെ സമാഹാരമായ വചനാഗ്നി ഉള്‍പ്പെടെ നാലു പുസ്തകങ്ങളും, ദേശീയ അന്തര്‍ദേശീയ ജേര്‍ണലുകളില്‍ ഇരുനൂറില്‍പരം ലേഖനങ്ങളും ബൈബിള്‍ പണ്ഡിതനും, വാഗ്മിയും കൂടിയായ ദാനവേലിലച്ചന്റെ സ്വന്തമായുണ്ട്. ജീവിതലാളിത്യവും, സഹാനുഭൂതിയും കൈമുതലായുള്ള ജൂബിലേറിയന്‍ തന്റെ ജൂബിലി ആഘോഷങ്ങള്‍ ഒഴിവാക്കി അതുവഴി സമാഹരിക്കുന്ന തുക തന്നെ വിശ്വാസജീവിതത്തിലും, വൈദികവൃത്തിയിലും കൈപിടിച്ചുയര്‍ത്തിയ മാതൃ ഇടവകയുടെ നവീകരണത്തിനായി നല്‍കാന്‍ ആഗ്രഹിക്കുന്നു.
ഫോട്ടോ: ജോസ് തോമസ്
ജോസ് മാളേയ്ക്കല്‍