“ഏവര്‍ക്കും മലയാളി മനസ്സിന്റെ കേരളപ്പിറവി ദിനാശംസകള്‍”
1956 നവംബർ 1-ന് ഭാഷാടിസ്ഥാനത്തിൽ രൂപീകൃതമായ സംസ്ഥാനമാണ് ഈ കൊച്ചു കേരളം. ഈ ദിനത്തെയാണ് നാം എല്ലാ വര്‍ഷവും കേരളപ്പിറവി ദിനമായി എല്ലാ മലയാളികളും ആഘോഷിക്കുന്നത്. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനത്തിൻ്റെ രൂപീകരണം കേരളത്തിൻ്റെ സാംസ്കാരികവും രാഷ്ട്രീയവുമായ ചരിത്രത്തിലെ ഒരു നിർണ്ണായകമായ നാഴികക്കല്ലായിരുന്നു.
ഐക്യകേരളത്തിനു വേണ്ടിയുള്ള മലയാളികളുടെ നിരന്തരമായ പോരാട്ടങ്ങളുടെയും സ്വപ്നങ്ങളുടെയും സാക്ഷാത്കാരമാണ് ഓരോ കേരളപ്പിറവി ദിനവും നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. ഓരോ കേരളപ്പിറവി ദിവസവും ലോകമെമ്പാടുമുള്ള മലയാളികൾ വിപുലമായി ആഘോഷിക്കാറുണ്ട്. കേരളത്തിൻ്റെ പാരമ്പരാഗത വസ്ത്രമണിഞ്ഞും ആഘോഷ പരിപാടികൾ സംഘടിപ്പിച്ചും വിവിധ തരം ജീവകാരുണ്യ പ്രവർത്തങ്ങൾ നടത്തിയും ഈ ദിവസം ആഘോഷിക്കാറുണ്ട്.
കേരളപ്പിറവിയുടെ പ്രാധാന്യം ഓര്‍മ്മിപ്പിക്കുന്നത് പല തലങ്ങളിലാണ്. മലയാള ഭാഷയെയും സംസ്കാരത്തെയും ഒത്തൊരുമയോടെ നിർത്താൻ കേരളപ്പിറവി നമ്മെ സഹായിച്ചു. തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നീ മൂന്ന് പ്രദേശങ്ങൾ ഒരുമിച്ച് ചേർന്നപ്പോൾ കൊച്ചു കേരളം രൂപപ്പെട്ടു. രണ്ടാമതായി, മലയാളികൾക്ക് അവരുടെ തനതായ രാഷ്ട്രീയവും സാമൂഹികവുമായ കാഴ്ചപ്പാടുകൾ വളർത്താൻ ഇത് അവസരം നൽകി.
ഇന്ന് ലോകരാജ്യങ്ങള്‍ ഉറ്റു നോക്കുന്ന വിധത്തില്‍ വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക നീതി തുടങ്ങിയ മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ ഈ ഐക്യത്തിൻ്റെ ഫലമാണ്. അതുപോലെ ഇന്ന് ഈ കേരളപ്പിറവി ദിനത്തില്‍ കേരളം രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത കേരളം എന്ന പ്രഖ്യാപനവും നടത്തുന്നത് ഈ ഐക്യത്തിൻ്റെ ഭാഗമാണ്. ഈ കേരളപ്പിറവി ദിനത്തിൽ, നമ്മുടെ സംസ്ഥാനത്തിൻ്റെ മഹത്തായ പാരമ്പര്യത്തെയും ഭാവിയിലേക്കുള്ള സാധ്യതകളെയും കുറിച്ച് നമുക്ക് ഓർമ്മിക്കാം.



