അമൃത്‌സറിലെ സുവർണ്ണ ക്ഷേത്രം കഴിഞ്ഞാൽ സിഖുകാർക്ക് ഏറ്റവും മികച്ച രണ്ടാമത്തെ ആരാധനാലയമായി ‘ആനന്ദപൂർ സാഹിബ് ‘ കണക്കാക്കപ്പെടുന്നു. ശിവാലിക് കുന്നുകളുടെ താഴ്ഭാഗത്തായാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടു തന്നെ മനോഹരമായതും വർണ്ണാഭമായതുമായ പ്രകൃതിദൃശ്യങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നു. ഹിമാചൽ പ്രദേശിനോട് ചേർന്നു കിടക്കുന്ന പഞ്ചാബിലെ ഈ സ്ഥലത്തേക്ക്, ആയിരക്കണക്കിന് സന്ദർശകർ നഗരത്തിലെ ഈ ഗുരുദ്വാരകളിൽ പ്രാർത്ഥിക്കാനും അനുഗ്രഹം തോടാനും എത്താറുണ്ട്. അതുകൊണ്ടു തന്നെ നഗരം വിനോദസഞ്ചാരത്തിനും പേരു കേട്ടതാണ്. ഗുരുദ്വാര സന്ദർശിക്കുന്നവർ തല മൂടണം എന്നൊരു നിയമമുണ്ട്. അതിനായുള്ളത് പുറത്തുള്ള കടയിൽ നിന്നും വാങ്ങിക്കാൻ ലഭിക്കുന്നതാണ്.
അവസാനത്തെ രണ്ട് സിഖ് ഗുരുക്കൻമാരായ ഗുരു തേജ് ബഹാദൂറും ഗുരു ഗോവിന്ദ് സിംഗും താമസിച്ചിരുന്ന സ്ഥലമാണിത്. 1699-ൽ ഗുരു ഗോവിന്ദ് സിംഗ് ഖൽസാ പന്ത് സ്ഥാപിച്ചതും ഇവിടെയാണ്.
ഞങ്ങളുടെ അവിടുത്തെ സന്ദർശന സമയത്ത്, കൂടെയുള്ള കൂട്ടുകാരിയുടെ മുത്തച്ഛൻ ഛണ്ഡിഗഡിൽ നിന്നും ഈ സ്ഥലം സന്ദർശിക്കാൻ എത്തി യിട്ടുണ്ടായിരുന്നു. വയസ്സായവർ പലരും പ്രധാന മുറിയുടെ പല ഭാഗത്തും തൂങ്ങി പിടിച്ചിരിപ്പുണ്ട്. പ്രതീക്ഷിക്കാതെ മുത്തച്ഛനെ കണ്ടപ്പോൾ കൂട്ടുകാരി ഓടി പോയി കെട്ടിപ്പിടിച്ചു. വടക്കെ ഇന്ത്യക്കാർ ആദരവ് കാണിക്കുന്ന കാര്യത്തിൽ, അവർ ഒരു പടി മുന്നിലാണ് പ്രത്യേകിച്ച് സ്ത്രീകളോട്. കൈ രണ്ടും കൂട്ടി ’ നമസ്തെ’ പറഞ്ഞാണ് അവർ സ്ത്രീകളോടുള്ള സംസാരം തുടങ്ങുക . നമുക്ക് ഇതൊന്നും ശീലമല്ലാത്തതു കൊണ്ടു ആദ്യ നാളുകളിൽ എന്റെ നമസ്തെ ഏതോ വാടി പോയതു പോലെയായിരുന്നു. എന്നാൽ പതിവിനു വിപരീതമായി മുത്തച്ഛന് നല്ല ഉഷാറുള്ള നമസ്തേയും പുഞ്ചിരിയുമായി ഞാൻ പരിചയപ്പെട്ടെങ്കിലും എവിടെയോ എന്തോ ‘വശപിശക്’ ഉള്ളതു പോലെ ! ഞങ്ങളുടെ കൂട്ടത്തിലുള്ള മറ്റു എല്ലാവരും മുത്തശ്ശന്റെ കാലു തൊട്ട് വന്ദിച്ചാണ് പരിചയപ്പെട്ടത്. ഞാൻ പിന്നീട് കാലു തൊട്ട് വന്ദിക്കാനും പോയില്ല. മുത്തശ്ശൻ ഇടയ്ക്കെല്ലാം എന്നെ നോക്കുന്നുണ്ടായിരുന്നു എങ്കിലും ഞാൻ പുഞ്ചിരി 70mm യാക്കി നിന്നു. വീട്ടിലെ മുത്തച്ഛന്റെ യോ മുത്തശ്ശിയുടെ യോ അടുത്ത് വിശേഷങ്ങൾ പറയുകയും കേൾക്കുകയും ചെയ്യുകയാണ് സാധാരണ ചെയ്യാറുള്ളത്.ഓരോ നാട്ടിലേയും സംസ്കാരങ്ങൾ വ്യത്യസ്തമാണല്ലോ !
നോർത്ത് ഇന്ത്യയിലെ ഹോളി കഴിഞ്ഞ് ഒരു ദിവസം പിന്നിടുമ്പോഴാണ് സാധാരണ ‘ഹോല മൊഹല്ല ‘ എന്ന ഇവിടുത്തെ ഉത്സവം അരങ്ങേറുക. പത്താമത് സിഖ് ഗുരുവായ ഗുരു ഗോബിന്ദ് സിങാണ് ഈ ആഘോഷത്തിന് തുടക്കം കുറിച്ചത്.
ലോകമാകെയുള്ള സിഖ് സമൂഹം ഏറെ പ്രാധാന്യത്തോടെ ആചരിക്കുന്ന അനുഷ്ഠാനമാണ് ഹോല മൊഹല്ല. സിഖ് മതവുമായും സംസ്കാരവുമായും ബന്ധപ്പെട്ട രൂപങ്ങൾ ഉൾകൊള്ളിച്ചുള്ള ഘോഷയാത്രയോടെയാണ് ഈ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുക. സിഖുകാരുടെ തനതായ ആയോധന കലകളുടെ പ്രദർശനവും ഇതിന്റെ ഭാഗമായുണ്ടാകും.
പരമ്പരാഗത ആയോധന കലകളുടെ പ്രദർശനവും, പ്രതീകാത്മക യുദ്ധങ്ങളും, സംഗീത, നൃത്ത പരിപാടികളുമെല്ലാം ഈ ആഘോഷത്തെ ആകർഷകമാക്കുന്നു. കുതിരപ്പുറത്തേറിയുള്ള ആയുധ പ്രദർശനങ്ങളാണ് മറ്റൊരു പ്രത്യേകത. സിഖ് വീരയോദ്ധാക്കളുടെ സ്മരണ പുതുക്കൽ കൂടിയാണ് ഹോല മൊഹല്ല. സിഖുകാരിലെ ഒരു പ്രത്യേക വിഭാഗമായ നിഹാങ് സിഖുകാർ ഈ ആഘോഷത്തിന്റെ പേരിൽ പ്രസിദ്ധരാണ്.
നിഹാങ് സിഖുക്കാർ എന്ന് പറയുമ്പോൾ നമ്മൾ സാധാരണ കാണുന്ന വലിയ തലപ്പാവുകളുള്ള സർദാർജികൾ അല്ല. ഇവരുടെ ആ തലപ്പാവിന് വ്യത്യാസമുണ്ട്. കൂട്ടുകാരി ഇതെല്ലാം പറഞ്ഞു തന്നപ്പോൾ, ഇന്ത്യയെ കുറിച്ച് നമ്മുടെ അറിവുകൾ വെറും കടുകുമണിയുടെ അത്രേയുള്ളല്ലോ എന്നാണ് ഓർത്തത്.
പഞ്ചാബ് എന്നു പറയുമ്പോൾ വാഹനങ്ങളും കടകളും ഷോപ്പിംഗ് മാളുകളുമൊക്കെയായി ശരിക്കുമൊരു പട്ടണം. എന്നാൽ തൊട്ടടുത്ത സംസ്ഥാനമായ ഹിമാചൽ പ്രദേശിൽ ഗ്രാമീണ കാഴ്ചകളാണുള്ളത്. എന്നാലും എൻ്റെ പുലർകാല സവാരിയിൽ പലരുടേയും വീടിന് മുൻപിലുള്ള എരുമ കൂട്ടങ്ങളോടൊപ്പം ചില വീടുകളിൽ കാറുകളും കണ്ടിരുന്നു. ഇത്തരം സ്ഥലങ്ങളിൽ ‘ കാറുകൾ’ ഒരു അത്ഭുത കാഴ്ചയാണ്. എൻ.പി.രാജേന്ദ്രൻ എഴുതിയ ‘ മതിലില്ലാത്ത ജർമനിയിൽ’ എന്ന പുസ്തകവായനയാണ് എനിക്ക് ഓർമ്മ വന്നത്. അദ്ദേഹത്തിൻ്റെ ആദ്യത്തെ ജർമനി യാത്രയിൽ കണ്ട ഷോപ്പിംഗ് മാളുകളേയും എക്സ് ലേറ്ററുകളേയും കുറിച്ച് വിശദമായി പറയുന്നുണ്ട്. പക്ഷെ ഇന്ന് അതൊക്കെ എല്ലാവരുടെയും ജീവിതത്തിൻ്റെ ഭാഗമായിരിക്കുന്നു. അതുപോലെ കാറുകൾ ഹിമാചൽ പ്രദേശിലുള്ള ഇവിടെയുള്ളവരുടെ ജീവിതത്തിൻ്റെ ഭാഗമാവാൻ അധികം കാലം വേണ്ട എന്നു തോന്നുന്നു . അതിൻ്റെ ഭവിഷ്യത്ത് അറിഞ്ഞത് , നിലാവുള്ള ആ രാത്രിയിൽ ചീവീടുകളുടെ ശബ്ദവും കേട്ടുകൊണ്ടുള്ള റോഡിലൂടെയുള്ള നടപ്പിലാണ്. വളവും തിരിവും കൂടിയുള്ള വഴിയിലൂടെയുള്ള കാറുകളുടെ അമിതവേഗവും ഹൈ ബീം വെളിച്ചവും റോഡിന് അധികം വീതിയില്ലാത്തതും എല്ലാം കൂടെ ” നിലാവിന്റെ പൂങ്കാവിൽ ……
നിശാപുഷ്പഗന്ധം …..കിനാവിന്റെ തേൻ മാവിൽ … രാപ്പാടി പാടി ” ആ പാട്ടും പാടി അവിടെയെല്ലാം അധികം താമസിയാതെ നടക്കേണ്ടി വരും എന്നു തോന്നിയതിനാൽ നടപ്പെല്ലാം അവസാനിപ്പിച്ച് വേഗം താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്നു.
ഇന്ത്യക്കാരി എന്ന് പറയുമ്പോഴും ഇന്ത്യയെ കുറിച്ചറിയാൻ ഇനിയും ഏറെ ——- എന്ന മട്ടിലാണ് ഓരോ യാത്രാ അനുഭവങ്ങൾ!
Thanks
യാത്രാവിവരണം സൂപ്പർ
Thanks
നല്ല വിവരണം
Thanks
ആനന്ദപൂർ സാഹിബ്..മനോഹരമായതും വർണ്ണാഭമായതുമായ പ്രകൃതിദൃശ്യങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്ന
ഈ പ്രദേശത്തെ നേരിൽ കാണാൻ തോന്നുന്നു..
നല്ല അവതരണം
Thanks
നല്ല അവതരണം
Thanks
വളരെ നല്ല വിവരണം, ആശംസകൾ

.
അവതരണം സൂപ്പർ
