ഒരു പ്രമുഖ ബാങ്കിംഗ് സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ജെയിംസ് ജോർജ് ബാങ്കിൽ നിന്ന് വിരമിച്ചപ്പോൾ കിട്ടിയ ഗ്രാറ്റുവിറ്റിയും പ്രോവിഡണ്ട് ഫണ്ടും ഉപയോഗിച്ച് ചെറിയൊരു ബിസിനസിനു തുടക്കം കുറിച്ചു.ബിസിനസ് മറ്റൊന്നുമായിരുന്നില്ല തിരുവനന്തപുരത്ത് നിന്ന് കുറച്ച് ഉള്ളിലോട്ട് ഒരു ഏക്കർ സ്ഥലം ആ പൈസ കൊണ്ട് വാങ്ങിച്ചിട്ടു. കുറച്ച് വർഷങ്ങൾക്ക് ശേഷം ആ സ്ഥലം നന്നായി ഡെവലപ്പ് ചെയ്യും എന്ന് ഉറപ്പുള്ളത് കൊണ്ട് പത്ത് സെൻറ് വീതം ഓരോ പ്ലോട്ട് ആയി തിരിച്ച് ഒരേ പോലത്തെ 10 വീടുകൾ പണിയാൻ വിശ്വസ്തനായ ഒരു കോൺട്രാക്ടറെ ഏൽപ്പിച്ചു.10 വീടുകൾക്ക് വേണ്ട അസംസ്കൃതവസ്തുക്കൾ ഒന്നിച്ച് എടുക്കുമ്പോൾ തന്നെ വലിയൊരു തുക ലാഭം കിട്ടും. ജെയിംസ് സാറിൻറെ നേതൃത്വത്തിൽ തുടങ്ങുന്ന ഈ സംരംഭത്തിന് പണം മുടക്കാനോ അതിൻറെ പേരിൽ ബാങ്കിൽ നിന്ന് ലോൺ എടുക്കാനോ ആരും മടിച്ചുനിന്നില്ല. എല്ലാവർക്കും വർഷങ്ങളായി അറിയാവുന്ന വിശ്വസ്തനായ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം.പലരും പ്രമുഖ കമ്പനിക്കാരുടെ തട്ടിപ്പിൽ ചെന്നുപെട്ട് കോടതി വരാന്തകൾ നിരങ്ങുന്ന വാർത്ത നിരന്തരം പത്രങ്ങളിൽ വരുന്നത് കൊണ്ട് തന്നെ ജെയിംസ് സാറിൻറെ കച്ചവടം നന്നായി പുരോഗമിച്ചു. അതേ ബാങ്കിലെ ഉദ്യോഗസ്ഥർ തന്നെയായിരുന്നു കസ്റ്റമേർസിൽ എല്ലാവരും. ഒന്ന് രണ്ട് വർഷത്തിനുള്ളിൽ 10 ഒരേ പോലെയുള്ള വീടുകൾ അവിടെ പൊങ്ങി.
റിട്ടയർ ചെയ്യുന്ന മുറയ്ക്ക് ബാങ്ക് ഉദ്യോഗസ്ഥർ ഓരോരുത്തരായി അവിടെ താമസത്തിന് എത്തി. വീടിനുമുന്നിൽ കുറച്ച് സ്ഥലം പൂന്തോട്ടം ഒരുക്കാനായി ഗാരേജും കഴിഞ്ഞു ഒഴിച്ചിട്ടിരുന്നു. ഒരു അഞ്ചാറു വർഷം കൊണ്ട് എല്ലാ വീട്ടിലും ആൾത്താമസം ആയി. ആ ഏരിയ നന്നായി ഡെവലപ്പും ചെയ്തു. മിക്കവാറും ഒരേ ഗ്രേഡിലുള്ള ബാങ്ക് ഉദ്യോഗസ്ഥന്മാർ തന്നെ ആയതു കൊണ്ട് എല്ലാവരും ഒരു കുടുംബം പോലെയാണ് കഴിഞ്ഞിരുന്നത്. പല ജാതിക്കാർ ആയിരുന്നെങ്കിലും മതസ്പർദ ഒന്നുമില്ലെന്ന് മാത്രമല്ല എല്ലാവരും തമ്മിൽ നല്ല പരസ്പരധാരണയും ഐക്യവും ഉണ്ടായിരുന്നു. ഈ 10 വീടുകളും കൂടി ഒരു മതിൽ കെട്ടിന് ഉള്ളിലാക്കി ഗേറ്റ്ഡ് കമ്മ്യൂണിറ്റി ആക്കി ഒരു ആർച്ചും പുറത്ത് വലിയൊരു ഗേറ്റും ഒക്കെ സ്ഥാപിച്ചു കൊടുത്തു അവസാനം കോൺട്രാക്ടർ. അതുകൊണ്ടുതന്നെ അന്യ ആൾക്കാരോ വഴിപോക്കരോ ആരും അവിടെ കയറി വരില്ല എന്ന ഗുണവും ഉണ്ട്. ഈ 10 വീട്ടുകാരുടെ ബന്ധുക്കളോ ഫ്രണ്ട്സോ ജോലിക്കാരോ മാത്രമാണ് വരിക. ഈക്വൽ സ്റ്റാറ്റസ് ഉള്ള ആൾക്കാർ ആയതു കൊണ്ട് തന്നെ സിസിടിവിയും സെക്യൂരിറ്റിയും ഒന്നും വച്ചിരുന്നില്ല. ഇവരുടെ തോട്ടം പരിപാലിക്കാനും അത്യാവശ്യം അവിടുത്തെ സ്ത്രീകളെ പുറത്തു കൊണ്ടു പോകാനും ബാങ്കിൽ നിന്ന് റിട്ടയർ ചെയ്ത രണ്ട് സ്റ്റാഫും വരുന്നതുകൊണ്ട് ഒരു പ്രശ്നവുമില്ലാതെ മുന്നോട്ടു പോകുമ്പോഴാണ് ഒരു അവിചാരിത സംഭവം അവിടെ ഉണ്ടാകുന്നത്.
വില്ലയിലെ രണ്ടാമത്തെ വീട്ടിലെ ശോഭ ആന്റി വലിയ ചെടി വിൽപ്പനയിൽ താൽപര്യമുള്ള ആളാണ്. വീടിൻറെ മുറ്റം മുഴുവനും വിലകൂടിയ പൂക്കളുള്ള ചെടികൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. ദിവസവും രണ്ടോ മൂന്നോ മണിക്കൂർ ആൻറി ഈ ചെടികളെ ശുശ്രൂഷിക്കാനായി സമയം കണ്ടെത്തും. അത്യാവശ്യം പള്ളിയിലേക്കും കല്യാണ ആവശ്യങ്ങൾക്കും ഒക്കെ ആയി പൂ വിൽപനയും ഉണ്ട്. ആന്തൂറിയം, ഓർക്കിഡ്, പലനിറത്തിലുള്ള റോസാപൂക്കൾ,ലില്ലി, സീനിയ, ഡാലിയാ,ഹൈഡ്രാഞ്ചിയ……പിന്നെ എന്തൊക്കെയോ വിലകൂടിയ പൂക്കൾ ഉണ്ടാകുന്ന ചെടികൾ മാത്രമാണ് ആൻറി സ്വന്തം മക്കളെ പോലെ അവിടെ പരിപാലിച്ചിരുന്നത്.
എട്ടാം നമ്പർ വീട്ടിലെ മേഴ്സി ആൻറിയ്ക്ക് ആണെങ്കിൽ നല്ല ഭംഗിയുള്ള ഇലകളുള്ള ചെടികളോട് ആയിരുന്നു പാഷൻ. എവർഗ്രീൻലീവ്സും ഡ്രസീന വർഗ്ഗത്തിൽ പെട്ട ഹെലിക്കോണിയ, മസ്ഞ്ചിയാന, ജമൈക്ക…. ഈ ചെടിയുടെ ഇലകൾ കൊണ്ട് ഓഫീസുകളും വീടുകളും അലങ്കരിക്കാനും ബൊക്കെ പോലുള്ളവ നിർമ്മിക്കാനും ആൾക്കാർ ധാരാളമായി വന്ന് വാങ്ങാറുണ്ട്.എയർ പ്യൂരിഫയിങ് ഇലകൾ ആണത്രേ ഇത്. ഇൻഡോർ പ്ലാൻറുകൾ ആണ് അധികവും. ഈ ഇലയിൽ തന്നെ ധാരാളം വെള്ളം തങ്ങി നിൽക്കുന്നതു കൊണ്ട് പത്തിരുപത് ദിവസം വരെ ഇവ കേടുകൂടാതെയിരിക്കും. ആൻറി ബാംഗ്ലൂർക്ക് വരെ കയറ്റി അയക്കാറുണ്ട്. രണ്ട് ആൻറിമാർക്കും ഇവരുടെ ബാങ്കിൽ നിന്ന് തന്നെയുള്ള തോട്ടക്കാരൻ വന്ന് വളവും മറ്റും ഇട്ടു കൊടുക്കുകയും അതിന് വേണ്ട മറ്റു പരിചരണങ്ങളും കൃത്യമായി ചെയ്തു കൊടുക്കുകയും ചെയ്യും. ബാക്കിയുള്ള വീട്ടുകാരും ചെറിയ രീതിയിൽ ഒക്കെ തോട്ടം ഉണ്ടാക്കിയിട്ടുണ്ട്. എങ്കിലും ഈ രണ്ട് ആൻറിമാരുടെ അത്രയും ക്രെയ്‌സ് അവർക്ക് ഈ കാര്യത്തിൽ ഇല്ല.
ഈയിടെയായി മിക്ക ദിവസങ്ങളിലും രാവിലെ ഇവർ എണീറ്റ് വരുമ്പോൾ തന്നെ ശോഭ ആന്റിയുടെ വീട്ടിലെ പൂക്കളൊക്കെ ആരോ പൊട്ടിച്ചെടുത്ത് മേഴ്‌സി ആന്റിയുടെ വീട്ടിലെ ഇല ചെടികളിൽ കൊണ്ട് സ്ഥാപിച്ചിട്ട് ഉണ്ടാകും. ഒരിക്കലും പൂക്കൾ ഉണ്ടാകാത്ത ചെടികളാണ് അത്. ഇതെന്തൊരു മറിമായം? ഏതോ കുസൃതി കുട്ടികൾ ഒപ്പിക്കുന്ന പണി ആണെന്ന് കരുതി എല്ലാവരും പരസ്പരം ഇതിനെക്കുറിച്ച് ചർച്ച ചെയ്തു.പക്ഷേ ആ പത്ത് വീടുകളിലും ഒരൊറ്റ കുട്ടി പോലും ഇല്ല. ഈ ഉദ്യോഗസ്ഥരുടെ മക്കളൊക്കെ കുടുംബമായി കേരളത്തിനു പുറത്തോ വിദേശത്തോ ആണ്. എല്ലാ വീട്ടിലും ഭാര്യഭർത്താക്കന്മാർ മാത്രമേ ഉള്ളൂ.സ്ഥിരമായി ഇങ്ങനെ ഈ സംഭവം നടന്നു കൊണ്ടേയിരുന്നു. ഇനി വല്ല പ്രേത ബാധ ആയിരിക്കുമോ? പൂക്കൾ തനിയെ നടന്നു പോയി ഇലചെടികളിൽ കയറി ഇരിക്കില്ലല്ലോ. എല്ലാ വീട്ടിലെ ആൻറിമാരും കൂടി കൂലംകഷമായി ചർച്ച ചെയ്ത് ഒരു പരിഹാരം കണ്ടുപിടിച്ചു. അതിരാവിലെ പത്രം ഇടുന്ന പയ്യനെ രഹസ്യമായി ഇത് നിരീക്ഷിക്കാൻ ഏൽപ്പിച്ചു.
രണ്ടു ദിവസത്തിനകം തന്നെ അവൻ ആളെ കണ്ടുപിടിച്ച് പേര് പറഞ്ഞപ്പോൾ എല്ലാവരും ഒന്നിച്ചു ഞെട്ടി. ഈ ഗേറ്റ്ഡ് കോളനിക്ക് പുറത്ത് താമസിക്കുന്ന ഒരാളുടെ വീട്ടിൽ ഏകദേശം ആറടി പൊക്കമുള്ള ഒരു മിലിട്ടറി ഓഫീസർ താമസമുണ്ട്. ആൾ നോർത്തിന്ത്യൻ ആണ്. വിഭാര്യനായ അയാൾ അവധിക്ക് മകൻറെ കുടുംബത്തോടൊപ്പം താമസത്തിന് വന്നിരിക്കുന്നതാണ്. മകൻ ആണെങ്കിൽ കേന്ദ്ര ഗവണ്മെന്റ് ഉദ്യോഗസ്ഥൻ. ഇവർക്ക് രണ്ട് ഡാഷ്ഹണ്ട് ഡോഗുകളുണ്ട്. മിലിറ്ററി ഓഫീസർ അതിരാവിലെ തന്നെ ഒരു വടിയും രണ്ടു പട്ടികളെയും ചങ്ങലയിൽ പൂട്ടി ഈ ഗേറ്റ് തുറന്ന് ഇതിനകത്ത് പ്രവേശിക്കുമത്രേ. മറ്റു തെരുവുപട്ടികൾ കൂടെ വരില്ലല്ലോ എന്ന ആശ്വാസത്തിൽ ഈ രണ്ടുപേരുടെയും ചങ്ങല തുറന്നു വിടും. അവർ അവരുടെ പ്രാഥമിക കൃത്യങ്ങൾ ഒക്കെ ഓടിനടന്ന് ചെയ്യും.ഒരു നേരമ്പോക്കിന് മിലിറ്ററി ഓഫീസർ വടികൊണ്ട് പൂക്കളൊക്കെ പറിച്ച് മേഴ്‌സി ആന്റിയുടെ വീട്ടിലെ ചെടികളിൽ ഒരു തമാശയ്ക്ക് കൊണ്ട് അലങ്കരിച്ചു വച്ച് അതിൻറെ ഭംഗി ആസ്വദിക്കും. അവിടുത്തെ താമസക്കാർ എല്ലാം റിട്ടയർ ചെയ്ത ഉദ്യോഗസ്ഥന്മാർ ആയതുകൊണ്ടുതന്നെ 7 മണിക്ക് മുമ്പ് ഒന്നും ആരും അവിടെ ഉണർന്നു വരില്ല എന്നുറപ്പുണ്ട് ഓഫീസർക്ക്.സിസിടിവിയും സെക്യൂരിറ്റിയും ഇല്ലാത്ത ധൈര്യത്തിൽ ഒരിക്കലും പിടിക്കപ്പെടില്ല എന്ന ആത്മ വിശ്വാസത്തിൽ ചെയ്യുന്ന ഒരു കോമഡി ആയിരുന്നു ഇത്. പത്രക്കാരൻ രഹസ്യവിവരം ആൻറിമാർക്ക് കൈമാറി “എന്നെ ഒറ്റു കൊടുക്കല്ലേ, എൻറെ പേര് പറയല്ലേ, അയാളുടെ കയ്യിൽ തോക്ക് ഉണ്ട് എന്നെയെങ്ങാനും വെടിവെച്ച് ഇട്ടാലോ” എന്നും പറഞ്ഞ് ആളു സ്ഥലം വിട്ടു. ആന്റിമാർക്കും തെല്ലു ഭയമില്ലാതെയില്ല.
ഇത്രയും ഡീസന്റ് ആയി താമസിക്കുന്ന ആ വീട്ടിൽ ചെന്ന് ഇത് ആര് പറയും? പൂച്ചയ്ക്ക് ആര് മണി കെട്ടും? ഇയാൾക്ക് ആണെങ്കിൽ ഭാര്യയും ഇല്ല. മരുമകൾക്ക് ആണെങ്കിൽ ഹിന്ദി മാത്രമേ അറിയൂ. അവർ ഇവരോടൊന്നും സംസാരിക്കാറുമില്ല.
കാലം വല്ലാത്ത കാലമല്ലേ? അയൽവക്കത്തെ പെണ്ണ് ചിരിക്കുന്നത് കണ്ട് കളിയാക്കുന്നത് പോലെ തോന്നി എന്ന് പറഞ്ഞു ഇരുമ്പ് ദണ്ഡ് കൊണ്ടു വന്ന് ഒരു വീട്ടിലെ നാലഞ്ചുപേരെ ഒറ്റയടിക്ക് കൊന്നതും നിസ്സാര കാര്യത്തിന് സ്വന്തം കൂടപ്പിറപ്പിനെയും പെൺ സുഹൃത്തിനെയും നീ കല്യാണം കഴിഞ്ഞ് എങ്ങനെ ജീവിക്കും എന്ന ചോദ്യം ചോദിച്ചു എന്ന ഒറ്റക്കാരണത്താൽ വല്യപ്പനേയും വല്യമ്മയേയും പണയം വെക്കാൻ സ്വർണമാല കൊടുത്തില്ല എന്ന കാരണത്തിന് ഉമ്മൂമ്മയെയും ഒരേ ദിവസം തന്നെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചുകൊന്ന അഫാന്റെ പത്രവാർത്തകളും ചാനൽ വാർത്തകളും ഒക്കെ ഓർത്തപ്പോൾ എല്ലാവരും കൂടി എന്ത് ചെയ്യാം എന്ന് ഒന്ന് കൂടി ഉറക്കെ ചിന്തിക്കാൻ തുടങ്ങി.
“മിന്നാരം” സിനിമയിൽ തിലകൻ വാളുമായി കുതിരവട്ടം പപ്പുവിന്റെ നേരെ വരുന്നത് പോലെ എങ്ങാനും ഇയാൾ തോക്കും കൊണ്ട് ചോദിക്കാൻ ചെന്നവരുടെ നേരെ വന്നാലത്തെ അവസ്ഥ ആലോചിച്ചപ്പോൾ തന്നെ ഇയാളോട് ചോദിക്കുന്ന പരിപാടി വേണ്ടെന്ന് വച്ചു.ഇദ്ദേഹത്തെ പിന്നീട് റോഡിൽ വച്ചു കണ്ടപ്പോഴും അവിടുത്തെ താമസ്സക്കാർക്ക് എല്ലാവർക്കും ഉളളിൽ ചിരി പൊട്ടിയെങ്കിലും ആരും ഈ കാര്യം അറിഞ്ഞതായി പോലും ഭാവിച്ചില്ല.
ചാടിക്കയറി ഒന്നും ചെയ്യണ്ട.ഇദ്ദേഹം അവധി കഴിഞ്ഞു തിരിച്ചു മടങ്ങുന്നതുവരെ നമുക്ക് ഇത് സഹിക്കാം എന്ന ഒരു തീരുമാനത്തിൽ എല്ലാവരും എത്തി.
ഭർത്താക്കന്മാരോട് പറഞ്ഞപ്പോൾ അവരും ഇതേ അഭിപ്രായത്തോട് വളരെ വേഗം യോജിച്ചു. കഴുത്തിനു മുകളിൽ തല ഉണ്ടെങ്കിലല്ലേ പൂവും ഇലയും ഒക്കെ ഉണ്ടായിട്ട് കാര്യമുള്ളൂ.
ആന്റിമാരെല്ലാം ഇയാളുടെ മടക്കയാത്രയ്ക്കായി ക്ഷമയോടെ കാത്തിരുന്നു എന്ന് പറഞ്ഞാൽ കഥാന്ത്യം ആയി.
“ക്ഷമിക്കുക എന്നത് ദുഷ്‌കരമാണെങ്കിലും അതിന്റെ ഫലം മാധുര്യം ഏറിയതാണ് “
(റുസ്സോ)
മനോഹരം

മനോഹരം
എല്ലാവരെയും സമർത്ഥമായി പറ്റിച്ചു അല്ലേ
പറ്റിച്ചത് ആരെ എന്ന് ചോദ്യത്തിന് പ്രസക്തിയില്ല, അത് ആർക്കെങ്കിലും വിട്ടുകൊടുക്കാം അല്ലേ..
ആന്റിമാർക്ക് നേരിട്ട് പറഞ്ഞ് പ്രശ്നം സോൾവ് ചെയ്യാമായിരുന്നു. നല്ല രസകരമായ അവതരണം, ആശംസകൾ

പാവം ആന്റിമാരുടെ ക്ഷമയേ…


നല്ല രസമുള്ള കഥ…
