ജാലകവാതിൽ പാതി തുറന്നു നീ
നിലാവിന്റെ സൗന്ദര്യ
മാസ്വദിക്കേ
മുഗ്ദലജ്ജാവതീ
നിന്നന്തരംഗത്തിൽ
വിടരുന്നതേതൊരു
ലാസ്യഭാവം..
പാതിരാപ്പൂവിന്റെ ഗന്ധവുമായ്
മെല്ലെ
മന്ദസമീരണൻ തഴുകി നിൽക്കേ
ആർദ്രമാം മിഴികളിൽ വിടരുന്ന
സ്വപ്നങ്ങൾ
ഹൃദയത്തിലമൃതം
പൊഴിക്കുന്നുവോ..
മഞ്ഞണിഞ്ഞെത്തുന്ന വാസന്ത
ചന്ദ്രിക
പുഷ്പ തൽപ്പങ്ങളെ
തഴുകിടുമ്പോൾ
കാവ്യ വിനോദിനീ നിൻ
മൃദുലാധരങ്ങളിൽ
അനംഗമന്ത്രങ്ങൾ ഉണരുന്നുവോ..
ഒരു മഴമുകിലിന്റെ പ്രണയാർദ്ര
ഭാവങ്ങൾ
കരിനീല മിഴികളിൽ
തുളുമ്പിനിൽക്കേ
നിൻ മൊഴിപ്പൂക്കളിൽ നിറയുന്ന
മധുകണം
എൻ പ്രണയ കാവ്യത്തിൻ
വരികളായി
എന്നുമെന്നുള്ളിലെ മോഹമായി..
നല്ല രചന