ജീവിത സാഫല്യങ്ങളുടെ കൊടുമുടികയറാൻ താണ്ടേണ്ട ദൂരങ്ങളെക്കുറിച്ചും, കയറേണ്ട പടവുകളെക്കുറിച്ചുമുള്ള വിവരണങ്ങളുടെ കഥകൾ പറഞ്ഞു കൊടുത്തുകൊണ്ട് രണ്ട് മൂന്ന് ദിവസം മകനോടൊപ്പം കഴിഞ്ഞ് തിരിച്ചുപോയി.
തുടർന്ന് വായിക്കുക.
👇👇👇👇👇👇
ഭാഗം 6
പുഞ്ചിരിക്കാത്ത പ്രഭാതങ്ങളും, മൂഢമായ പ്രദോഷങ്ങളും, ഉറക്കം നഷ്ടപ്പെട്ട രാത്രികളും, വിടവാങ്ങി. സാന്ത്വനങ്ങളും, ശകാരങ്ങളും മനസ്സിനെ ബലപ്പെടുത്തി. രമ്യയുടെ കൈപിടിച്ചു നടന്ന് ജീവൻ പുത്തൻ പ്രഭാതങ്ങളെ വരവേറ്റുകൊണ്ട് കൂടുതൽ ഉന്മേഷവാനായി.
പഠിത്തം കഴിത്ത് ഓടിവരുന്ന രമ്യക്കായി ജീവൻ കാത്തിരുന്നു. ആഴ്ച്ചകൾ കടന്നു പോയി. അന്ന് സ്ക്കൂൾ അവധിയായിരുന്നു. കാലത്ത് തന്നെ രമ്യയും ജീവനും കളിക്കാൻതുടങ്ങി.
ജീവന്റെ മുട്ടിനു മീതെക്കണ്ട കറുത്ത പുള്ളിയിൽ ഈർക്കിലുകൊണ്ട് രമ്യ ചിള്ളി നോക്കി…
ചെറുതായി ഒന്ന് വേദനിച്ചു… കണ്ണിൽ നിന്ന് കണ്ണുനീർ വന്നെങ്കിലും കരഞ്ഞില്ല.
അത് മനസ്സിലാക്കി അവൾ അവിടെ മൃദുവായി തലോടി… അപ്പോഴാണ് അവളറിഞ്ഞത് സൈക്കിളിൽ നിന്ന് വീണുണ്ടായ ആ മുറിപ്പാടിൻ്റെ ഉള്ളുറങ്ങിയിട്ടില്ലന്ന്.
ഈറനണിഞ്ഞ കണ്ണിലെ ഇറ്റുവീഴാറായ കണ്ണുനീർത്തുള്ളികൾ തന്റെ പൂവിതൾ വിരലുകളാൽ തുടച്ചു കൊണ്ടവൾ അവന്റെ കവിളിൽ ഒന്നമർത്തി ചുംബിച്ചു.
അകം നീറുന്ന വേദനയിലും സ്നേഹ സാന്ത്വനത്തിന്റെ ചുംബന മധുരത്തിൽ അവൾ അവന്റെ ഹൃദയത്തിന്റെ ആഴങ്ങളിൽ ചേക്കേറി.
മുറിപ്പാവാടയും മുറിക്കൈയ്യൻ ബ്ലൗസുമിട്ട്, ജീവന്റെ വള്ളി ട്രൗസറിന്റെ പിൻ വള്ളിയിൽ പിടിച്ച്, കുതിക്കുന്ന തീവണ്ടി കളിച്ചവർ പറങ്കിമാവിന്റെ ചുവട്ടിലേക്ക് ഓടിപ്പോയി.
പറങ്കിമാവിൻ ചുവട്ടിൽ എന്നും കളിക്കാനായി കൂട്ടി വച്ചിരുന്ന കല്ലുകൾ കൊണ്ടവർ ആകാശഗോപുരങ്ങൾ പണിതു.
പ്ലാവില നിരത്തി വിഭവങ്ങൾ വിളമ്പി. പരിഭവങ്ങൾ പറഞ്ഞും, പിണക്കം നടിച്ചും അവർ ബാല്യകാലത്തിലെ ഇളം മനസ്സുകളിൽ കെട്ടുറപ്പുള്ള കുടുംബ ബന്ധത്തിന്റെ ഊടും, പാവും നെയ്തു.
മനസ്സിൽ പ്രകംഭനങ്ങളില്ല, പേമാരിയില്ല, തോക്കിൻ കുഴലുകളുടെ ഗർജ്ജനമില്ല, ദാരിദ്ര്യത്തിന്റെ രോദനമില്ല, പറങ്കിമാവിന്റെ മുകളിൽ ആകാശത്ത് വിരിയുന്ന കാർമേഘവിസ്മയങ്ങളിൽ കണ്ണുംന്നട്ട് ബാല്യത്തിന്റെ പട്ടുതൂവാലയിൽ സ്നേഹത്തിന്റെ മനോഹരപൂക്കൾ തുന്നി നിഷ്ക്കളങ്കമായ മനസ്സുകളുമായി രമ്യയുടെ മടിയിൽ തലചായ്ച്ച് ജീവൻ കിടന്നു.
സമയം ഏറെയായി. അമ്മയുടെ വിളി ദൂരെ നിന്നും കേട്ടു. ധൃതിയിൽ അവർ എഴുന്നേറ്റ് കളിക്കാനുപയോഗിക്കുന്ന കല്ലുകളും, ചിരട്ടകളും, മറ്റ് സാധനങ്ങളൊക്കെയും ഞൊടിയിടയ്ക്കുള്ളിൽ ആ മാവിൻ ചുവട്ടിൽ ഭദ്രമായി ഒളിച്ചു വച്ചുകൊണ്ട് വീട്ടിലേക്കോടി.
ഓടിക്കിതച്ച് വീട്ടിലെത്തിയ രമ്യയ്ക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. ഒരു കൈയ്യിൽ ഒരു പേക്കറ്റ് ചോക്കലേറ്റും, മറ്റേക്കയ്യിൽ വലിയൊരു കളിപ്പാട്ടവുമായി ഇറയത്ത് തന്നെക്കാത്തു നിൽക്കുന്ന അച്ഛനാണ് അവളെ വരറ്റേത്. ഓടിവന്ന് അച്ഛനോട് ചേർന്ന് നിന്നു കൊണ്ടവൾ ആ കളിപ്പാട്ടം വാങ്ങി അച്ഛന്റെ രണ്ട് കവിളിലും ചുംബനങ്ങൾ നല്ലി. വളരെ മനോഹരമായി നൃത്തം ചെയ്യുന്ന ഒരു സുന്ദരിപ്പാവയായിരുന്നു അത്.
രാമഭദ്രന്റെ കണ്ണുകൾ ചെറുതായൊന്ന് ഈറനണിഞ്ഞു. ഇതുപോലൊരു കളിപ്പാട്ടം തന്റെ മകൾക്ക് വാങ്ങിക്കൊടുക്കാൻ ഇതുവരെ തനിക്ക് കഴിഞ്ഞില്ലല്ലോ എന്നോർത്ത് അവന്റെ മനസ്സ് വല്ലാതെ കുണ്ഡിതപ്പെട്ടു.
ചോക്ലേറ്റ് ബോക്സ് തുറന്ന് ഒരെണ്ണം എടുത്ത് അവൻ മകളുടെ വായിൽ വച്ചു കൊടുത്തു.
വളരെയധികം സ്വാദുള്ള ആ ചേക്ലേറ്റ് അഞ്ചെണ്ണം അവൾ ഒറ്റയിരിപ്പിന് തിന്നുതീർത്തു.
എവിടുന്നാച്ഛാ ഇതൊക്കെ…?
വളരെ വിലകൂടിയ ആ ചോക്ലേറ്റുകളും, കളിപ്പാട്ടവും തന്റെ അച്ഛൻ തനിക്കു വേണ്ടി വാങ്ങിയതല്ല എന്ന് ആ കുരുന്നു മനസ്സ് തിരിച്ചറിഞ്ഞിരുന്നു.
ഇതൊക്കെ എവിടുന്നാ രാമേട്ടാ..? കാർത്തിയും ചോദ്യം ആവർത്തിച്ചു.
നമ്മുടെ ആലിൻമൂട്ടിലെ ജെയിംസ് ഇല്ലേ… എന്റെ പഴയ ചങ്ങാതി. അമേരിക്കയിൽ പോയ…
ഓ… ആ ജോർജച്ചായന്റെ മോനോ.. പണ്ട് ഏതോരു പെണ്ണിനേംപ്രേമിച്ച് ഒളിച്ചോടിപ്പോയവൻ..?
ഉം…. അതന്നെ
അവൻ തന്നതാ.. കൊച്ചിനു കൊടുക്കാൻ.
രണ്ട് ദിവസമായതേ ഉള്ളൂ അവൻ വന്നിട്ട്. ഇന്നവൻ എന്നെക്കാണാൻ ചന്തയിൽ വന്നിരുന്നു. ഞങ്ങൾ ഒന്നിച്ച് അവന്റെ വീട്ടിൽ പോയി.
എന്റെ കാർത്തീ… എന്തൊക്കെയാ ആ വീട്ടിൽ. ഇല്ലാത്തതായി ഒന്നുമില്ല.
ആ വീട് പൂട്ടിക്കിടക്കുകയായിരുന്നല്ലോ അല്ലേ.?
അതെ..
ഉം…. എന്തിനാ അവൻ വന്ന് വിളിച്ചോണ്ടുപോയത്. വല്ല ഏടാകൂടത്തിലും ചാടിക്കാനാണോ…? അല്ല രണ്ടിന്റേയും കൈയ്യിലിരിപ്പ് അതാന്നേ..
അല്ലേലും നിനക്കിപ്പം എന്തിനും ഒരു ഇതാണല്ലോ…?
മോളേ.. മോള് അപ്പുറത്തു പോയി കളിച്ചേ… രമ്യയെ ഒഴിവാക്കാനായി അവൻ മെല്ലെ പ്പറഞ്ഞു.
അച്ചാ ഞാനൊരു ചോക്ലേറ്റ് ജീവൻ ചേട്ടന് കൊടുത്തിട്ടു വരട്ടേ…?
അ…. സുക്ഷിച്ചു പോണേ..
ങ്ഹാ…. അത് പറയുന്ന നേരം രമ്യ പകുതി വഴി താണ്ടിയിരുന്നു.
കാർത്തീ നീ ഇവിടെ ഇരി ഒരു കാര്യം പറയട്ടെ. രാമഭദ്രൻ അവളുടെ കൈ പിടിച്ച് വലിച്ച് അവന്റെ അടുത്തിരുത്തി.
മുറ്റത്ത് പറങ്കിമാവിൻ്റെ മുകളിൽ സന്ധ്യയ്ക്ക് ചേക്കേറിയ രണ്ടിണക്കിളികൾ അവരുടെ സല്ലാപം നിറുത്തി രാമഭദ്രനേയും കാർത്തിയും ശ്രദ്ധിച്ചു. അപൂർവമായി അവർക്ക് കിട്ടുന്ന അനുരാഗത്തിൻ്റെ പുത്തൻ രാഗങ്ങൾ കേൾക്കാൻ അവർ മുകമായി.
എന്തോന്നാമനുഷ്യാ.. ഒരു കൊഞ്ചൽ..
എടീ. ആ ജെയിംസിന്റെ ഭാര്യയില്ലേ..
അവൻ്റെ കൂടെ ഒളിച്ചോടിവന്നവളോ…?
ങ്ഹാ.. അതെന്നെ. അന്ന് അവനൊപ്പം ഒളിച്ചോടിവന്നവൾ. അവൾ അമേരിക്കേന്ന് വേറെ ഏതോ ഒരുത്തന്റെ കൂടെ ഒളിച്ചോടിപ്പോയീന്ന്.
ഈശ്വരാ അവൾക്ക് ഇതുതന്നെയാണോ പണി. അപ്പോൾ അവരിക്ക് കൊച്ചുങ്ങളൊന്നും ഇല്ലേ…?
അതിന് അവന് കുട്ടികൾ ഉണ്ടാവില്ല പോലും. അതോണ്ടാ അവള് ഇട്ടേച്ച് പോയത്.
ആ എന്നിട്ടിപ്പോ എന്തായി ?
കാര്യം അതല്ല. അവന്റെ വീടും, ആ പതിനഞ്ചേക്കർ സ്ഥലവും എന്നോട് നോക്കി നടത്താൻ പറ്റുമോന്ന് ചോദിച്ചിരിക്കുന്നു. വിശ്വസിച്ച് ഏൽപ്പിക്കാൻ വേറെ ആരുമില്ലാന്ന്. എന്നോട് വേറെ പണിക്കൊന്നും പോകണ്ട. എന്താ വേണ്ടേന്നു വച്ചാൽ കൃത്യമായി അവൻ തന്നോളാമെന്ന്.
ആ പതിനഞ്ചേക്കറും നല്ല പൊന്നുവിളയുന്ന മണ്ണല്ലേ രാമേട്ടാ. എലിയെപ്പിടിച്ച് ആരെങ്കിലും കപ്പേടെ മൂട്ടിൽ കെട്ടിയിടുമോ..? ഹ..ഹ.ഹ
അവൾക്ക് ചിരിയാണ് വന്നത്.
ഫ… പന്ന… അവൻ അവളെ അടിക്കാൻ കൈ ഓങ്ങി.
ഉള്ളില്‍ സ്നേഹത്തിന്‍റെ പളുങ്കുമണികള്‍ ചിതറിയപ്പോള്‍ തല്ലാനോങ്ങിയ കൈകള്‍ തലോടലിന്‍റെ സ്പുരണങ്ങളായി.
കാര്‍ത്തിയെ നെഞ്ചോട് ചേര്‍ത്തുനിര്‍ത്തികൊണ്ട് അവന്‍ ചോദിച്ചു. ഞാനെന്താടീ അത്രയ്ക്ക് മോശമാണോ….?
നാണവും അതിലുപരി ഇക്കിളിയും സ്നേഹ വികാരങ്ങളെ ത്രസിപ്പിച്ചപ്പോള്‍ അവള്‍ അവന്‍റെ നെഞ്ചിലൊട്ടിനിന്നുകൊണ്ട് അവനെ കെട്ടിപ്പിടിച്ചു.
തുടരും.




കഥകളായ കഥകളിലൂടെ കണ്ണോടിക്കുമ്പോൾ ഞാനും ആ കുട്ടികാലത്തിൻ്റെ ആസ്വാദനത്തിലേക്ക് ഊളിയിട്ടു പോകുകയാണ് കൂട്ടുകാരാ. അത്രക്കും ഹൃദ്യവും ഹൃദയ സ്പർശിയും
ഒരായിരം നന്ദി പ്രിയ സ്നേഹിതാ 💖🤝
താങ്കളുടെ വായനയും, വിലയിരുത്തലും കൂടാതെ അഭിനന്ദനങ്ങളും എനിക്ക് എഴുത്തിൽ കൂടുതൽ കരുത്ത് പകരുന്നു.
നല്ല കഥ
നന്നായി പറഞ്ഞു
ഒരായിരം നന്ദി🙏