ഒരു ചെറുപക്ഷിതൻ
തൂവൽ കൊഴിഞ്ഞപോൽ
കാറ്റിൻ്റെ ചിറകിൽ
പറന്നുപോകുന്നു ഞാൻ.
ഹൃദയാക്ഷരങ്ങൾ
കുറിക്കുവാൻ പാകത്തിൽ
ഒരു മാത്ര ആരോ
കവർന്നെന്നെ മൃദുവായ്
പ്രണയാക്ഷരങ്ങളായ്
തെളിയുന്നു പിന്നെയും
പ്രകൃതിയിലലിയുന്ന
ചെറു മഴത്തുള്ളിയായ്.
കാത്തിരിക്കുന്നിതാ
സ്വയം തീർത്ത മൂകമാം
ചെറുവള്ളി കുടിലിലൊരു
മാൻപേടയ്ക്കരികിലായ്
കാറ്റിൻ്റെ ഓളത്തിൽ
മൂളും മുളം തണ്ടിൻ
അനുരാഗഗീതമായ്
ഒഴുകുന്നു ഇന്നു ഞാൻ.
തെളിയാത്ത പേനയാൽ
എഴുത്തുന്നൊരക്ഷരം
മുറിവേറ്റ മനസ്സിൻ്റെ
നീറ്റലായ് മാറവേ
പോക്കുവെയിലോളങ്ങൾ
മൂടിപ്പുതപ്പിച്ച
മൂകമാം സന്ധ്യയിൽ
അലിയാൻ കൊതിച്ചു പോയ്.
നിൻ മിഴിക്കോണിലായ്
അടരുവാൻ വെമ്പുന്ന
നീർമിഴിത്തുള്ളിയെ
മുത്തുന്ന നേരത്ത്
ജീവാംശമായ് നിന്നിൽ
അലിയാൻ കൊതിച്ച ഞാൻ
ഒരു മെഴുകുതിരിയായ്
സ്വയം ഉരുകി മാഞ്ഞുപോയ്.
വീണ്ടും ഈ ഭൂവിൻ്റെ
മാറിലേക്കലിയവേ
കാറ്റിൻ്റെ ചിറകിൽ
പറന്നുപോകുന്നു ഞാൻ.