Logo Below Image
Thursday, March 27, 2025
Logo Below Image
Homeകഥ/കവിതകാടകം (ഓർമ്മക്കുറിപ്പ്) ✍ബെന്നി സെബാസ്റ്റ്യൻ

കാടകം (ഓർമ്മക്കുറിപ്പ്) ✍ബെന്നി സെബാസ്റ്റ്യൻ

ബെന്നി സെബാസ്റ്റ്യൻ

വേനലില്‍ മണ്ണിനെ.. വനത്തിനെ, വെള്ളിയരഞ്ഞാണം പോലെ പുണര്‍ന്നു കിടക്കുന്ന ചെറിയ അരുവികള്‍ കാണാതാകും.
അപ്പോള്‍ വീട്ടാവിശ്യത്തിനുള്ള വെള്ളമെടുക്കുന്നത് പേരപ്പന്‍റെ ഓലിയില്‍ നിന്നാണ്, പേരപ്പന്‍ തന്‍റെ വീട്ടിലേയ്ക്ക് ഇല്ലിപ്പാത്തി വച്ചാണ് വെള്ളം കൊണ്ടുവരുന്നത്.

പറമ്പിന്‍റെ അതിരിലെ വലിയ ഇല്ലിത്തുറുവില്‍ നിന്നും
വണ്ണമുള്ള ഇല്ലിവെട്ടി പാത്തി പോലാക്കി ഒരു നേര്‍ രേഖയില്‍ കുററിയടിച്ച് അതില്‍ വച്ച് നാരിന്‍റെ വള്ളിയുപയോഗിച്ച് കെട്ടി വെള്ളം കൊണ്ടുവരും.

ചിലപ്പോള്‍ രാത്രിയുടെ യാത്രക്കാരായ മ്ളാവോ, പന്നിയോ,കേഴയോ പാത്തി തട്ടിക്കളയും അപ്പോള്‍ ഞാനും പേരപ്പനും കൂടി അത് ശരിയാക്കാന്‍ പോകും. വലിയചുട്ടിതോര്‍ത്തുടുത്ത് പിറകില്‍ ഒററവെട്ടിന് ഒരു കാട്ടുപന്നിയുടെ കഴുത്ത് അററു പോകാന്‍ പാകത്തിന് മൂര്‍ച്ചയുള്ളൊരു വാക്കത്തി പിറകിലായി തിരികിവെച്ചിരിയ്ക്കും.

ഞങ്ങള്‍ കുടിയേററ കഥകളും വേട്ടകഥകളും പറഞ്ഞ് പാത്തി ശരിയാക്കും.

അത് വീടിനും തൊഴുത്തിനുമപ്പുറത്ത് അഞ്ചടിയോളം പൊക്കമുള്ള കൈയ്യാലയില്‍ നിന്നും താഴേയ്ക്ക് കുറച്ച് തള്ളി നില്‍ക്കും.

ആ പാത്തിയില്‍ നിന്നും താഴെ വെച്ചിരിയ്ക്കുന്ന,വലിയ ചെരുവത്തിലേയ്ക്ക് ആനയുടെ തുമ്പിക്കെ വണ്ണത്തില്‍ വെള്ളം ചാടും. ഞാനതിനടിയിലാണ് മിക്കവാറും കുളി.
കുളി സോപ്പൊന്നുമില്ല. വാരസോപ്പെന്നു പേരുകേട്ട അലക്കു സോപ്പായ ബാര്‍ സോപ്പ് തേച്ചാണ് കുളി.

തലയിലും ശരീരമാകയും സോപ്പു പതപ്പിച്ച് തണുത്ത് വിറയ്ക്കും വരെ പാത്തിക്കടിയില്‍ നിന്നാണ് കലാപരിപാടി. കുളിച്ചു തോര്‍ത്തി കഴിഞ്ഞ്, ഒരു പത്ത് മിനിററ് കഴിയുമ്പോള്‍ ശരീരമാകെ പൊരിഞ്ചു കൊണ്ട് മൂടും. പൊരിഞ്ച് വലിഞ്ഞിട്ട് മേലാകെ ചൊറിയന്‍ തുടങ്ങും. പിന്നെ വെളിച്ചെണ്ണ ശരീരമാകെ തേച്ചു പിടിപ്പിക്കും…

പുതു മഴയ്ക്കു മുന്‍പേ തന്നെ മൂലമറ്റം ആശ്രമത്തിങ്കലുള്ള വീടിനടുത്തു നിന്നും
വെട്ടി ചീകി കൊണ്ടുവന്ന പനയീര്‍ക്കിലി കൊണ്ടുള്ള മീന്‍ കൂട് അററകുററപ്പണികള്‍ ചെയ്ത് തയ്യാറാക്കിവെയ്ക്കും. പുതുമഴ പെയ്ത് ആറും തോടും കരകവിഞ്ഞ് കണ്ടത്തിലൂടേയും വലരിയിലൂടേയും കലങ്ങിയ വെള്ളം കുതിച്ചൊഴുകുമ്പോള്‍ ആ പൊഴികളില്‍ മീന്‍ കൂടുകള്‍ വെയ്ക്കും.

ആ കെണിയിലേയ്ക്ക് പരലും വട്ടോനും പാറലോടിയും മുഷിയും മഞ്ഞക്കൂരിയും വാഴയ്ക്കാ വരയനും അടങ്ങുന്ന ഊത്തമീന്‍ കയറും. ഞങ്ങള്‍ രണ്ടാളും ഈററകൊണ്ട് നെയ്ത മീന്‍ കൂടുകളിലേയ്ക്ക് അവയെ ശേഖരിയ്ക്കും…

പേരമ്മ വീടിനുതാഴെ നില്‍ക്കുന്ന നല്ല ആമ്പക്കാടന്‍ കപ്പ പറിച്ച് ,കറിവേപ്പിലയും ഉള്ളിയും സ്വര്‍ണ്ണം പോലത്തെ മഞ്ഞളും കാന്താരി മുളകുമരച്ച് ഒരു പുഴുക്കുണ്ടാക്കും…

അത് കവിടി പിഞ്ഞാണത്തിലേയ്ക്ക് വിളമ്പും. അപ്പോളൊരു ഗുമ്മ്…ഗുമ്മന്നൊരു മണം വരും …

ആഹാ…

അതിന്‍റെ മുകളിലേയ്ക്ക് ഊത്ത മീന്‍ കറി..

ദൈവമേ…

എന്താണിത്..

പറുദീസായിലെ ഭക്ഷണം…

അത് കമ്മ്…കമ്മന്നൊരു തീററയുണ്ട്. കൂടെ ഉള്ളം കൈയ്യിലൊഴിച്ചാല്‍, ഒഴുകി പോകില്ലാത്തവിധം കടപ്പത്തിലുള്ള ചൂടന്‍ കട്ടന്‍ കാപ്പിയും..

അവസാനം വായിലെ എരിവു പോകാന്‍ പേരമ്മയോടൊരു ശര്‍ക്കര കഷ്ണം..

ചെറിയ പരലു പോലുള്ള മീനിനെ പുളിയിലയും മറ്റെന്തൊക്കയോ ചേര്‍ത്ത് വാഴയിലയില്‍ പൊതിഞ്ഞ് ചുട്ടെടുക്കും..

എന്താ രുചി…

അതെല്ലാം കഴിഞ്ഞുപോയി.. വായിലേയും നാക്കിലേയും രുചിയുടെ കോശങ്ങളും രുചിമുകുളങ്ങളും എവിടയോ മറഞ്ഞു പോയി…

ഒപ്പം പേരപ്പനും പേരമ്മയും…

ഡിസംബര്‍ മാസത്തെ രാത്രികളില്‍ പറമ്പിലെ വിരിപാറയില്‍ മരുതി വിറകിട്ട് ആഴികൂട്ടും. അതിലേയ്ക്ക് നല്ല തുണ്ടന്‍ ഇറച്ചി കഷ്ണങ്ങള്‍ ഉപ്പു പുരട്ടി ചുട്ടെടുക്കും.

കാട്ടിലാകെ,പറമ്പിലാകെ തീക്കനലില്‍ വെടിയിറച്ചി മൊരിയുന്ന…നെയ്യുരുകുന്ന ഗന്ധം…

പെരിയാറിനക്കരെ കുറത്തി കുറവന്‍മലയെ നോക്കി ഒരു തൂശനിലയില്‍ ഇറച്ചി ചുട്ടതും ആനകൊമ്പു പോലുള്ള കപ്പ ചുട്ടതും വയ്ക്കും…

അത് മലദൈവങ്ങള്‍ക്കും കുറവനും കുറത്തിയ്ക്കുമാണ്.
കൂട്ടിനായി ഒരു ഗ്ളാസ് നെല്ലും വെള്ളവും.
അവരത് കഴിയ്ക്കുമോ പോലും…?

അവസാനം അതുമെടുത്ത് പേരപ്പന്‍ കഴിയ്ക്കും എന്നിട്ടു പറയും .

രുചിയെല്ലാം പോയി…അവര്‍ക്ക് സന്തോഷമായെടാ..

ഞാനക്കരയ്ക്ക് നോക്കും…അവിടെ ആ മലകളല്ലാതെ ഒന്നിനേയും കാണില്ല.
അത് കാട്ടില്‍ വേട്ടയ്ക്കു പോകുമ്പോള്‍ നല്ല ഇരയെ കാണിച്ചു തരുന്നതിനുള്ള കൈക്കൂലിയാണ്…

പേരപ്പനും പേരമ്മയും പോയിട്ടെത്ര വര്‍ഷമായി…?

ഇപ്പോളും ആ ആമ്പക്കാടന്‍ കപ്പപുഴക്കും മീന്‍കറിയും ചുട്ടയിറച്ചിയുടേയും ഓര്‍മ്മകള്‍, രുചികള്‍… പോയ കാലത്തിന്‍റെ വിദൂരമായ നടപ്പു വഴിയുടെ പാതിവഴി വന്ന് തിരിച്ചു പോകുന്നു. ഞാനോ ഓര്‍മ്മകളുടെ വേലിപ്പഴതിലൂടത് ഓര്‍ത്തു നില്‍ക്കുന്നു.

മേഘങ്ങള്‍ക്കും നീലാകാശത്തിനും മേലെ തേക്കും മരുതിയും കാട്ടുപ്ളാവും ഇലഞ്ഞിയും അകിലും ചന്ദനവും വെള്ളിലാവും പൂവവും ചോരക്കാലിയും ഇടതൂര്‍ന്ന കാട്ടിലൂടെ…

മേച്ചില്‍ പല്ലും കറാച്ചിയും കടല്‍ തിരപോലിളകുന്ന പുല്‍മേട്ടിലൂടെ… തന്നോളം നീളമുള്ള നാടന്‍ കുഴലില്‍ തിരനിറച്ച്,
എന്നേയും കാത്ത് പേരപ്പന്‍ നില്‍ക്കുന്നുണ്ടാകാം..
ആമ്പക്കാടന്‍ കപ്പയുടെ വേവുമണം നഷ്ടപ്പെടാതടച്ചു വച്ച് പേരമ്മയും …!!

ബെന്നി സെബാസ്റ്റ്യൻ

മികച്ച രചന: സംസ്‌കൃതി & ആർഷഭാരതി

RELATED ARTICLES

5 COMMENTS

  1. നല്ല എഴുത്ത്. ഇന്നു അതൊന്നും കിട്ടുമെന്നു സ്വപ്നം കാണുക പോലും വേണ്ട. പക്ഷെ അവനവൻ ശ്രമിച്ചാൽ അതൊക്കെ നടത്താം.

  2. ഇതു വായിക്കുമ്പോൾ എൻ്റെ കുട്ടിക്കാലം ഓർമ്മ വന്നു.മീൻ പിടുത്തവും, ആംബക്കാടൻ കപ്പ ….
    എല്ലാം ഇന്നലെ പോലെ…മനസ്സിൽ
    ഒരുപാട് നന്ദി

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments