ഇനിയെനിക്കു പറയാനുള്ളത് വിചിത്രമായൊരു പെണ്ണുകാണൽ കഥയാണ്. അതിത്ര കഥയാക്കാനെന്തിരിക്കുന്നു എന്നല്ലേ?
അതല്ലേ യഥാർത്ഥ കഥ !
കഥാനായികയ്ക്കു 22വയസ്സും 8മാസവും പ്രായം ചെന്ന സമയം. “പുര നിറഞ്ഞു” നില്ക്വല്ലേ? കല്യാണാലോചന തകൃതിയായി നടക്കുന്നു.
ദോഷത്തിൻ കളങ്കലേശമില്ലാത്ത ശുദ്ധവെണ്മയാർന്ന ജാതകം (ശുദ്ധജാതകം ന്ന്)കേൾക്കാനിത്തിരി വെണ്മയൊക്കെ ഉണ്ടെങ്കിലും ആള് അസാരം വില്ലനാ. ഈ ശുദ്ധക്കാരൻ ജാതകത്തിന് കൂട്ടിരിക്കാൻ ശുദ്ധക്കാരൻ തന്നെ വേണമെന്ന്. ഇല്ലെങ്കിൽ, ജീവിതത്തിൽ പടരുന്നത് ദുഃഖത്തിൻ കാർമേഘപടലമെന്നു പണ്ഡിതമതം. (വിശ്വസിക്കാതെ തരമില്ലല്ലോ)കഥാനായിക ഒരു ശുദ്ധവാരസ്യാരായിപ്പോയില്ലേ? അതും ഒരു തനിനാട്ടിൻപുറത്തുകാരി?
പല ജാതകങ്ങളും ഒത്തുനോക്കി പരാജയപ്പെട്ടതിന്റെ നിരാശ അച്ഛന്റെ മുഖത്ത്. എന്നാൽ എനിക്കോ? മെയ് മാസത്തിലെ pg ഫൈനൽ ഇയർ പരീക്ഷ തലയിൽ കയറിയ വെപ്രാളം.. കല്യാണത്തെപ്പറ്റി ഏറെ ചിന്തിച്ചുതുടങ്ങിയിട്ടില്ല. അതിനിടയിലാണ് വാര്യര് മാഷ് ഒരാളുടെ ‘തലേലെഴുത്ത് ‘…അല്ല ‘തലക്കുറി’ഏട്ടനെ ഏൽപ്പിക്കുന്നത്. ഏട്ടൻ മാഷുടെ അതേ സ്കൂളിലെ അദ്ധ്യാപകൻ. ജ്യോതിഷം അറിയാവുന്ന വാര്യര് മാഷ് സന്തോഷത്തോടെ പറഞ്ഞൂത്രേ, “ ഈ ജാതക്കാരൻ ഒരു ശുദ്ധക്കാരനാണെന്ന് ”
അച്ഛന്റെ കണ്ണിൽ പൂത്തിരി കത്തിയ തെളിച്ചം. അടുത്തത് നെട്ടോട്ടമാണ്. മാച്ചിംഗ് നോക്കാൻ. ബ്ലഡ് ടെസ്റ്റിനേക്കാൾ ഭീകരമാണിത്. ഗണവും ഗ്രഹസ്ഥിതിയുമൊക്കെ ഒന്നൊത്തുകിട്ടാൻപാട്. ഉച്ചകഴിഞ്ഞ് പോകരുത്. ജ്യോൽസ്യൻ ഉറങ്ങുന്ന സമയത്ത് പോകരുത്. രാഹുകാലത്തു പോകരുത് അങ്ങനെ നൂറുകൂട്ടം കുണ്ടാമണ്ടികൾ.
ഏതായാലും കാര്യം സക്സസ്. ശുദ്ധത്തിൽ ശുദ്ധം ചേർന്നു.” അടുത്തൊരീസം അവര് പെൺകുട്ട്യേ കാണാൻ വരും ട്ടോ ”
“ആയിക്കോട്ടെ. ഒരു വിരോധോം ല്ല്യാ. ”
വാര്യേത്തിന് തൊട്ടുമുന്നിൽ ശിവക്ഷേത്രമാണ്. തുപ്രങ്ങോട്ടപ്പനാണ് പ്രതിഷ്ഠ. ശിവരാത്രി വിശേഷാണ്. പുലരുവോളം കലാമണ്ഡലം മേജർ സെറ്റിന്റെ കഥകളി. കളി കണ്ടു, കൺ നിറയെ.. പുലർച്ചക്കു ദുര്യോധനവധം കളിയുടെ കൊട്ട് മുറുകുന്നു. ചുവന്ന താടിവേഷമായ ദുശ്ശാസനന്റെ കുടൽമാല, രൗദ്രഭീമൻ വലിച്ചു പുറത്തിട്ടു കഴിഞ്ഞപ്പോൾ അടയുന്ന മിഴികളോടെ വാര്യേത്തേക്ക്. മുകളിലെ തെക്കേ അറയിൽ പോയി ചുരുണ്ടുകിടന്നതേ ഓർമ്മയുള്ളൂ.
രാവിലെ ആറരയായി എണീറ്റപ്പോൾ. ഒരു ഒന്നര, രണ്ടു മണിക്കൂർ ഉറക്കം കിട്ടിക്കാണും. നേരെ കുളത്തിൽ ചാടി ആലസ്യമൊക്കെ ഒഴുക്കിക്കളഞ്ഞു. അമ്മയുടെ അടുക്കളയും ഉണർന്നു തുടങ്ങിയിട്ടേ ഉള്ളൂ. മുറ്റമടിയ്ക്കാനും, അടിച്ചുതുടയ്ക്കാനും വരുന്ന മാത്വോമ്മയും വൈകും. അവരും കളികാണാൻ അമ്പലപ്പറമ്പിൽ ഉണ്ടായിരുന്നല്ലോ.
ഏതാണ്ട് 7 മണിയായിക്കാനും. കുളവരമ്പിലൂടെ മൂന്നാലുപേർ നടന്നുവരുന്നു.
ഏട്ടൻ അച്ഛന്റെ മുന്നിലേക്ക് പിടഞ്ഞോടി.
“അവരാ ന്നാ തോന്നണേ.. വാര്യര് മാഷ് മുന്നിലുണ്ട് ”
“ആര്, കല്യാണക്കാരോ? ഇത്ര വെളിച്ചാംബ്ലക്ക്? ”
അമ്മയുടെ ആത്മഗതം ഉച്ചത്തിലായി.
“കുട്ട്യേ.. നീയാ ഉമ്മറക്കോലായ പെട്ടൊന്നൊന്നു തുടച്ചെടുക്ക്. മാതുട്ടി ഇന്ന് വന്നിട്ടും ഇല്ല്യാലോ ന്റെ ഭഗവാനേ. ”
(പെണ്ണ് കാണാൻ വരുന്നവർ നിലത്തിന്റെ ചന്തം നോക്കണ്ടാ അമ്മേ എന്ന് പറയാൻ മുട്ടി നിന്ന വാക്കുകൾ അടക്കി. പാവം എന്റെ അമ്മ… മകൾ കുളിച്ച പാടേ നെറ്റിയിൽ ഒരു പടക്കുറിയും വരച്ച് അന്നത്തെ പെങ്കുട്ട്യോൾടെ ആസ്ഥാനവേഷമായ മാക്സിഎന്നറിയപ്പെടുന്ന ഹൗസ് കോട്ടുമണിഞ്ഞു നിൽപ്പാണ്. മുടി ഒന്ന് കോതാൻ പറയാൻപോലും അമ്മ മറന്നുപോയി. )
ഞാനാകട്ടെ മാതുവമ്മയടക്കമുള്ള സകല വേലക്കാരികളെയും മനസാ ശപിച്ചു അടഞ്ഞുപോകുന്ന മിഴികളോടെ ചൂലും, ബക്കറ്റിൽ വെള്ളവുമായി ഉമ്മറത്തേക്ക്.
ഞങ്ങളുടെ വീട്ടിൽ അതിഥികൾക്ക് ഇരിക്കാനുണ്ടായിരുന്നത് ഒരു സോഫയും, മൂന്നുനാലു പ്ലാസ്റ്റിക് ചെയറും മാത്രം. കൂട്ടത്തിൽ ഒരു രാജനുണ്ട്, നല്ല ഒന്നാന്തരം കൊത്തുപണികളോട് കൂടിയ, കൈയൊക്കെ നീട്ടി വയ്ക്കാവുന്ന ഒരു തടിക്കസേര. അത്, അച്ഛൻ എല്ലാവർക്കും ഇരിക്കാൻ കൊടുക്കില്ല. വിശിഷ്ടവ്യക്തികൾക്കു ആസനസ്ഥരാകാനുള്ള ഇരിപ്പിടമാണത്. അതുകൊണ്ട് ഈ രാജന്റെ സ്ഥാനം എന്നും ഇടനാഴിയിലെ നിലക്കണ്ണാടിക്ക് ചുവട്ടിൽ. വിശിഷ്ടർ വരുമ്പോൾ ഈ ‘രാജൻ’ ഉമ്മറക്കോലായിലെത്തും.
മകളുടെ ഭർത്താവ് ആവാൻ വരുന്നയാളിന്റെ അച്ഛൻ എന്തുകൊണ്ടും അതിലിരിക്കാൻ യോഗ്യൻ.
“കസേര ങ്ട് ഉമ്മറത്തേക്ക് എടുത്തോളൂ ”
അച്ഛന്റെ കല്പ്പന. മാത്രമല്ല ഈ വ്യക്തി (അതായത് എന്റെ അമ്മായിയച്ഛൻ )ഒരു aided സ്കൂളിൽ അച്ഛനോടൊപ്പം ജോലി ചെയ്തിട്ടുണ്ട്. പിന്നീടാണ് എന്റെ അച്ഛൻ ഗവ.സ്കൂളിൽ കയറിപ്പറ്റിയത്.
അച്ഛന്റെ വാക്ക് കേൾക്കേണ്ട താമസം ഏട്ടൻ ആ തടിക്കസേര താങ്ങി ഉമ്മറത്തേക്ക്. വെപ്രാളത്തിനിടയിൽ കുനിഞ്ഞിരുന്നു തുടയ്ക്കുന്ന എന്നെ ആശാൻ ശ്രദ്ധിച്ചില്ല.
“ട്ടേ.. ” കസേരയുടെ കാലുകളിലൊന്ന് എന്റെ തലയുടെ പിന്നിൽ ആഞ്ഞടിച്ചു.എന്റെ കണ്ണിൽനിന്നും പൊന്നീച്ച പാറി. മെഡുല്ല ഒബ്ലാംകൊട്ടയ്ക്ക് എന്തെങ്കിലും സംഭവിച്ചുവോ?
അമ്മ ഓടിവന്നു എന്റെ തലയുടെ പിന്നിൽ അമർത്തി തലോടി.
“എന്തു പണ്യാ കുട്ടാ നീ ചീതത്. കുട്ടീടെ തല മുഴച്ചൂലോ ”
ഏട്ടൻ അബദ്ധം പിണഞ്ഞ മട്ടിൽ നിസ്സഹായനായി നിന്നു.
എന്തോ ഓർമ്മ വന്നപോലെ അമ്മ ചൂലും ബക്കറ്റും പുറത്തെത്തിച്ചു.
“ഇത്തിരി വെള്ളം കൂട്ടി അമർത്തി തിരുമ്മ് കുട്ട്യേ ” എന്നും പറഞ്ഞ് അടുക്കളയിലേക്കോടി. കരഞ്ഞുകലങ്ങിയ കണ്ണുമായി ഞാൻ നിന്നു. സത്യം പറഞ്ഞാൽ നല്ലോണം വേദനിച്ചിരുന്നു.
കൃത്യസമയത്തു വിരുന്നുകാർ ഉമ്മറത്തെത്തി. എന്റെ നിൽപ്പ് കണ്ട് അമ്മായിയമ്മയുടെ കരളലിഞ്ഞുകാണണം.
“കുട്ടി പോയി ഈ വേഷംഒക്കെ ഒന്ന്മാറി ഒരു സാരിയുടുത്തുവരൂ ”
എന്ന് അവരുടെ അനുകമ്പ വഴിഞ്ഞൊഴുകി. (ഹും.. ഇനിയെന്തിനു സാരി? കാണേണ്ടവരൊക്കെ ഈ വേഷത്തിൽത്തന്നെ കണ്ടുകഴിഞ്ഞില്ലേ? എന്റെ വിരലുകൾ അറിയാതെ തലയുടെ പിറകിൽ ഉരുണ്ടുകൂടിയ മുഴയെ ലാളിച്ചു.)അപ്പോഴേക്കും അദ്ദേഹത്തിന്റെ അച്ഛൻ നമ്മുടെ രാജകീയസിംഹാസനത്തിൽ നിലയുറപ്പിച്ചിരുന്നു. തികട്ടിവന്ന ഈർഷ്യയോടെ ഞാനാ രാജന്റെ, വാർണീഷിട്ടു വെട്ടിത്തിളങ്ങുന്ന കാലിനെ നോക്കി. എന്റെ പാവം തലയെ ആഞ്ഞിടിച്ചവൻ. എന്റെ അച്ഛനോട് കുശലാന്വേഷണം നടത്തുന്ന തിരക്കിൽ അമ്മായിയച്ഛൻ അത് ശ്രദ്ധിച്ചുകാണില്ല. )
“ഒന്നും എടുക്കേണ്ട ട്ടോ.. ഞങ്ങൾ ബ്രേക്ക്‌ഫാസ്റ്റ് കഴിച്ചിട്ടാ വരണേ ”
അമ്മായിഅമ്മ എന്റെ കൈത്തണ്ടയിൽ തലോടിപ്പറഞ്ഞു. ഞാൻ പതുക്കെ അമ്മയോടൊപ്പം അടുക്കളയിലേക്കു ഉൾവലിഞ്ഞു.
“വെറും ചായ എങ്ങന്യാ കൊടുക്ക്വാ? ഇബര് ഇത്ര വെളിച്ചാമ്ബളയ്ക്കും എത്തും ന്ന് നിരീച്ചതേ ല്ല്യാ ”
അമ്മ ഏട്ടനോട് പറഞ്ഞു എന്തെങ്കിലും ബേക്കറി ഐറ്റം ഒപ്പിക്കണം, ബാക്കി ഇലയട ഉണ്ടാക്കണം എന്നൊക്കെ കരുതി ഇരിക്ക്യായിരുന്നു. കാലത്തുതന്നെയുള്ള ഈ വരവിൽ പ്ലാൻ ഒക്കെ പൊളിഞ്ഞതിന്റെ ‘വൈക്ലബ്യം ‘അമ്മയുടെ മുഖത്ത്.
പെട്ടെന്നാണ് എന്റെ ബുദ്ധിയിൽ വെള്ളിടി വെട്ടിയത്. “മ്മക്ക് വഴിയുണ്ടാക്കാം ന്നേ.. ”
“എന്തുവഴി? ”
“അതൊക്കെ ണ്ട് ”
തലേന്ന് ചക്ക വരട്ടിയത് അരിപ്പൊടിയും ശർക്കരയും ചേർത്തു, തേങ്ങാക്കൊത്തിട്ട് ഇലവാട്ടിപൊതിഞ്ഞു വേവിച്ചെടുത്ത കുമ്പളപ്പം അഥവാ ചക്കപ്പം എന്റെ ഓർമ്മയിൽ തെളിഞ്ഞു. പിന്നെ ഒന്നും ചിന്തിച്ചില്ല. ഓർത്തുനിൽക്കാൻ സമയമില്ലല്ലോ. വേഗം ഇലപ്പൊതിയഴിച്ചു ചക്കപ്പം ‘കട് ‘ചെയ്തെടുത്തു ഒരു പ്ലെയ്റ്റിലാക്കി. സ്വീറ്റ് ആയി. ഇനി സാൾട്ട് ന് എന്തുചെയ്യും? അന്ന് പലഹാരം കൊഴുക്കട്ടയായിരുന്നു. ഒട്ടും ആലോചിച്ചില്ല. മറ്റൊരു പ്ലെയ്റ്റിൽ അതും നിരന്നു. എന്തോ അപാകത തോന്നിക്കാണണം, അമ്മ സംശയിച്ചു നിൽക്കുകയാണ്. ഞാൻ ധൈര്യം കൊടുത്തു.
“നമ്മൾ കടേന്ന് വാങ്ങിയ സാധനങ്ങൾ വെയ്ക്കുന്നതിനേക്കാൾ ഇതിനാണമ്മേ വില.”
“ആണോ ”
വേറെ വഴിയൊന്നുമില്ലാത്തതിനാലാകണം അമ്മ ആ പാത്രങ്ങളുമായി മുന്നിലും ഞാൻ ചായയുമായി പിന്നിലും.
രാവിലെ 7 മണിക്ക് ചക്കപ്പം തരാൻ ചങ്കൂറ്റം കാണിച്ച അമ്മായിയമ്മയെ എന്റെ ആര്യപുത്രൻ നോക്കിയ നോട്ടം..
ശ്യോ.. ഞാനിന്നും മറന്നിട്ടില്ല. തമാശയോ പരിഹാസമോ എന്താ അതിനുള്ളിലെന്നു ഇന്നും എനിക്കറിയാൻ പാടില്ലെന്റെ ദൈവമേ !
അമ്മ ഒരിളിഭ്യചിരിയോടെ നിൽക്കുകയാണ്. ഇടയ്ക്കു ഒളികണ്ണിട്ട് എന്നെ ക്രുദ്ധയായി നോക്കും. ഈ പെണ്ണ് കാരണമല്ലേ ഞാനീ വിഡ്ഢിത്തം ചെയ്തത് എന്ന മട്ടിൽ. ഏതായാലും അവരാരും ഒരൊറ്റ കഷണം പോലും തൊട്ടില്ല. എന്താ ഏഴുമണിക്ക് ചക്കപ്പം തിന്നാൽ തൊണ്ടേന്ന് ഇറങില്ല്യേ? ഞാൻ ഇതൊന്നും നമ്മെ ബാധിക്കുന്ന പ്രശ്നമേയല്ല എന്ന ഭാവത്തിൽ.
എന്നാൽ അടുത്ത നിമിഷം അമ്മായിയമ്മയിൽ നിന്ന് വന്ന വാക്കുകൾ എന്നെയും ഞെട്ടിച്ചു.
“കുട്ടി അടുക്കളയിൽ പോയി ആ പഞ്ചസാരപ്പാത്രം ഒന്ന് കൊണ്ടുവരൂ ” ന്ന്.
പരിഭ്രമത്തിനിടയിൽ ചായയിൽ പഞ്ചാരയിടാൻ ഞങ്ങൾ മറന്നിരുന്നു.
ഇന്ന് പെണ്ണുകാണലിൽ ചക്കപ്പത്തിന്റെ പ്രസക്തിയെപ്പറ്റി അച്ഛൻ മക്കളോട് പൊടിപ്പും തൊങ്ങലും വെച്ചു സംസാരിക്കുമ്പോൾ കുട്ടികൾ അച്ഛനെ സമാധാനിപ്പിക്കുന്നതിങ്ങനെ..
“എന്നാലും കഴിച്ചില്ലെന്നു കണ്ട് അമ്മ, അച്ഛനതു പാർസൽ ആക്കി തന്നില്ലല്ലോ. മഹാഭാഗ്യം ”
അഭിമാനം പണയം വെയ്ക്കാത്ത ഈ അമ്മയ്ക്കുമുണ്ടൊരു ന്യായം. പുലർച്ചെ 7 മണിക്ക് പെണ്ണുകാണാൻ പോയ കഥ ചരിത്രത്താളുകൾ തിരഞ്ഞുനോക്കിയാലും ഉണ്ടാവ്വോ?
അപ്പോൾ അതിന് മാറ്റുകൂട്ടാനിരിക്കട്ടെ ഈ ചക്കപ്പക്കഥയും.
ചക്കപ്പം കൊടുത്ത് മാഷിനെ ചാക്കിലാക്കി. നല്ല എഴുത്ത്. എന്താ ഒരു ഒഴുക്ക്. ചക്കപ്പഴം തിന്നുന്ന സുഖം
നല്ല അവതരണം
ഹൃദ്യമായ അവതരണം
Good
പുലർച്ചെ പെണ്ണ് കാണൽ
അടിപൊളി..