നമ്മുടെ പഞ്ചേന്ദ്രിയങ്ങൾ പകൃതിയുടെ വരദാനമായതിനാൽ അവ അനുഗ്രഹങ്ങളാണ്. എന്നാൽ അവയെ ശരിയാംവണ്ണം നിയന്ത്രിച്ചില്ലെങ്കിൽ അവ നമ്മുടെ ഏറ്റവും വലിയ ശത്രുവായി മാറും. കണ്ണ്,ചെവി, മൂക്ക്, നാക്ക്, ത്വക്ക്, എന്നിവയാണ് പഞ്ചേന്ദ്രിയങ്ങൾ. ഇന്ദ്രിയങ്ങളും ഇന്ദ്രിയാടിമത്വവും അനാരോഗ്യത്തിനും കഷ്ടതകൾക്കും കാരണമാകുന്നു. അതുകൊണ്ട് ഇന്ദ്രിയ നിയന്ത്രണം വളരെയധികം പ്രാധാന്യമർഹിക്കുന്നു.
അഗ്നി സ്വതവേ നല്ലതോ ചീത്തയോ അല്ല. ഭക്ഷണം പാചകം ചെയ്യുവാനായി നാം ഉപയോഗിക്കുന്ന അഗ്നിയെ ദുരുപയോഗപ്പെടുത്തിയാൽ ഒരുപക്ഷേ അത് നമ്മുടെ കൈപൊള്ളുവാൻ കാരണമായേക്കാം. അതുപോലെ തന്നെയാണ് പഞ്ചേന്ദ്രിയങ്ങളും. സാധാരണയായി നമ്മുടെ മനസ്സും ഇന്ദ്രിയങ്ങളും മെരുക്കമില്ലാത്ത കുതിരകളെപ്പോലെയാണ്. അങ്ങനെയുള്ള ഇന്ദ്രിയങ്ങളെ കയറൂരിവിട്ടാൽ അവ നമ്മെ സർവ്വനാശത്തിലേയ്ക്കാണ് നയിക്കുക. അതുകൊണ്ട് എത്ര ബുദ്ധിമുട്ടിയാണെങ്കിലും ഇന്ദ്രിയങ്ങളെ നിയന്ത്രിച്ചേ മതിയാകൂ. കടിഞ്ഞാണില്ലാത്ത നമ്മുടെ ഇന്ദ്രിയങ്ങൾ ഒരു ബാഹ്യപ്രശ്നത്തെ കണ്ടറിയുന്നത് ഒരിക്കലും ശരിയായ രൂപത്തിലായിരിക്കുവാൻ സാധ്യതയില്ല. നമ്മുടെ ഇന്ദ്രിയങ്ങൾക്ക് കർമ്മശക്തിയല്ലാതെ വിവേചന സാമർത്ഥ്യമില്ല. അതുകൊണ്ട് ഇന്ദ്രിയങ്ങളെ ശരിയായ മാർഗ്ഗത്തിലൂടെ നയിക്കേണ്ട ചുമതല മനസ്സിൻ്റേതാണ്. മറ്റു ഇന്ദ്രിയങ്ങളെപ്പോലെ മനസ്സിനേയും സ്വതന്ത്രമായ സഞ്ചാരത്തിനു വിടുകയാണെങ്കിൽ മനുഷ്യൻ ശൂന്യതയിൽ അകപ്പെട്ടുപോകും. സത്യത്തിൽ മനസ്സിനെ ബുദ്ധികൊണ്ടും, ആത്മശക്തികൊണ്ടും നിയന്ത്രണത്തിൽ കൊണ്ടുവരുവാൻ സാധിക്കും. സ്വന്തം ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാൻ കഴിവില്ലാത്ത ഒരാൾക്ക് ബാഹ്യലോകത്തെ നിയന്ത്രിക്കുവാൻ സാധിക്കുകയില്ല എന്ന് മനസ്സിലാക്കുക. അങ്ങനെ വരുമ്പോൾ അയാൾ ബാഹ്യലോകത്തിൻ്റെ അടിമയായിതീരുന്നു.
നമ്മുടെ എല്ലാവിധ ശക്തികളും സ്വരൂപിച്ചു വെയ്ക്കുക. അവ ഇന്ദ്രിയസുഖങ്ങൾക്കുവേണ്ടി പാഴാക്കി കളയരുത്. നാം യാതൊരു നിയന്ത്രണവും ഇല്ലാതെ ഇന്ദ്രിയാനുഭൂതികളുടെ പുറകെ പോകുകയാണെങ്കിൽ ഒട്ടും താമസിയാതെതന്നെ നാം അധ:പതിച്ച മൃഗമായിത്തീരും. വിവേകിയുടെ മനസ്സിനെപ്പോലും ക്ഷോഭിച്ചിരിക്കുന്ന ഇന്ദ്രിയങ്ങൾ മോഹത്തിലേയ്ക്കു വലിച്ചിഴയ്ക്കുന്നു. നമ്മുടെ ശരീരവും മനസ്സും ഇന്ദ്രിയങ്ങളും ആവശ്യപ്പെടുന്നതെല്ലാം വിവേചനമില്ലാതെ അവയ്ക്ക് നൽകി കൊണ്ടിരിക്കുകയാണ് നാം സാധാരണയായി ചെയ്യാറുള്ളത്.ഈ പ്രവണത ഒന്നുകൊണ്ടും നല്ലതല്ല. മനസ്സിൻ്റെയും ഇന്ദ്രിയങ്ങളുടെയും എപ്പോഴും പുറത്തേയ്ക്ക് പോകാനുള്ള വാസനയെ നാം നമ്മുടെ ഇച്ഛാശക്തി ഉപയോഗിച്ച് തടുക്കേണ്ടിയിരിക്കുന്നു. പഞ്ചേന്ദ്രിയങ്ങളെ അത്യധികം ഉപയോഗപ്പെടുത്തുന്നത് അതിൻ്റെ ശക്തിയെ ക്ഷയിക്കുവാൻ ഇടവരുത്തും. ഇന്ദ്രിയങ്ങളുടെ അടിമത്വത്തിൽ നിന്ന് അനാദരവ് ഉണ്ടാകുന്നു. അതുമൂലം മനുഷ്യൽ ഇന്ദ്രിയാടിമത്വത്തിനു കൂടുതൽ ഇരയായിത്തീരുന്നു. ഇന്ദ്രിയങ്ങളുടെ താല്ക്കാലികമായ അനുഭൂതിയിൽ നാം നമ്മെ തന്നെ മറക്കുകയും അവസാനം ദുർഗുണങ്ങളുടെ കേന്ദ്രമായി വീണുപോവുകയും ചെയ്യുന്നു.
ഇന്ദ്രിയങ്ങളെ ഫലപ്രദമായി നിയന്ത്രിക്കുക വഴി നമുക്ക് വളരെയധികം നേട്ടങ്ങൾ കൈവരിക്കാം. ഈശ്വരസാക്ഷാത്കാരം അല്ലെങ്കിൽ അത്മസാക്ഷാത്കാരം ഇന്ദ്രിയങ്ങളിലൂടെ സാധ്യമല്ലെന്ന് പണ്ടുതന്നെ ഉപനിഷത്തുക്കളിൽ പറഞ്ഞിട്ടുള്ളതാണ്. ഇന്ദ്രിയ ലോകത്തെ അതിക്രമിച്ചാൽ മാത്രമേ മനുഷ്യന് തൻ്റെ യഥാർത്ഥ സ്വരൂപം സാക്ഷാത്കരിക്കാൻ കഴിയൂ എന്നാണ് ഉപനിഷത്തുക്കൾ നമ്മെ പഠിപ്പിക്കുന്നത്. ഇന്ദ്രിയങ്ങളെ ശരിയായ വിധത്തിൽ നിയന്ത്രിക്കാൻ നല്ല ഇച്ഛാശക്തിയും, ശക്തമായ മനസ്സും ആവശ്യമാണ്. ഇന്ദ്രിയനിയന്ത്രണംവഴി ബുദ്ധിയും മനസ്സും കൂടുതൽ ക്രിയാത്മകവും ഏകാഗ്രവുമാകുന്നു. ഇന്ദ്രിയനിയന്ത്രണംവഴി നമ്മുടെ ആന്തരികമായ ശക്തി വർദ്ധിക്കുകയും, പറഞ്ഞറിയിക്കാൻ സാധിക്കാത്ത സ്വസ്ഥതയും ശാന്തിയും ലഭിക്കുകയും ചെയ്യുന്നു.ഇന്ദ്രിയങ്ങളുടെ പ്രേരണകളെ അമർച്ച ചെയ്യുന്നതിന് പകരം അവയെ കൂടുതൽ ഉന്നതമായ ലക്ഷ്യങ്ങളിലേക്ക് തിരിച്ചുവിടുകയാണ് വേണ്ടത് എന്നാണ് ഭാരതത്തിലെ ആത്മീയാചാര്യന്മാർ ഉപദേശിക്കുന്നത്. അതുകൊണ്ടുതന്നെ ഈ മാർഗ്ഗം ഒട്ടും ദോഷകരമാവുകയില്ല. ശാരീരികമായ സുഖങ്ങൾ അനുഭവിക്കുന്നത് നിയന്ത്രിതവും നമ്മുടെ ഉന്നതമായ വളർച്ചയ്ക്ക് തടസമുണ്ടാക്കാത്ത വിധത്തിലും ആയിരിക്കണമെന്നാണ് നമ്മുടെ ആത്മീയാചാര്യന്മാർ പറയുന്നത്. യാതൊരുവിധ നിയന്ത്രണവും ഇല്ലാതെ ഇന്ദ്രിയസുഖങ്ങൾക്കു വേണ്ടി ചിലവഴിക്കുന്ന ശക്തിയും ഊർജ്ജവും കുറച്ച് വിവേകത്തോടുകൂടി കൈകാര്യം ചെയ്യുകയാണെങ്കിൽ അത് വലിയൊരു ശക്തിയായിത്തീരുമെന്നതിൽ സംശയമില്ല. മനുഷ്യൻ സുഖം അന്വേഷിച്ച് ഭൗതികവും ലൗകികവുമായ വസ്തുക്കളുടെ സ്വാധീനവലയത്തിൽപ്പെട്ട് ആടിയുലയുകയും അതിന് അടിമയായിത്തീരുകയുമാണ്. മനുഷ്യൻ അന്വേഷിക്കുന്ന യഥാർത്ഥ സുഖം ശരീരത്തിലോ ഇന്ദ്രിയങ്ങളിലോ അല്ല, മറിച്ച് അവ ബുദ്ധിക്കും ഇന്ദ്രിയങ്ങൾക്കും അപ്പുറത്താണ്.
നമ്മൾ സുഖമെന്ന് കരുതുന്ന ഇന്ദ്രിയാനുഭൂതികൾ വാസ്തവത്തിൽ ദു:ഖമാണ് നമുക്ക് നൽകുന്നത്. മനുഷ്യൻ്റെ ജീവിതലക്ഷ്യം ജ്ഞാനമായിരിക്കണം. അല്ലാതെ ഇന്ദ്രിയ സുഖമാവരുത്. ഇന്ദ്രിയങ്ങളിൽനിന്ന് നമുക്ക് ലഭിക്കുന്നത്, താൽക്കാലികമായ സുഖവും അനന്തമായ ദു:ഖവുമാണ്. ഇന്ദ്രിയങ്ങളുടെ നിരർത്ഥമായ സങ്കല്പങ്ങളെ ജയിച്ച മനുഷ്യൻ്റെ സ്വഭാവത്തിന് സ്ഥിരത കൈവരും. നമ്മൾ ഇന്ദ്രിയങ്ങളുടെ അടിമത്വത്തിൽ കഴിയാനായി ജനിച്ചവരല്ല, മറിച്ച് അവയെ നമ്മുടെ ചൊൽപ്പടിയിൽ കൊണ്ടുവരുവാനും നിയന്ത്രിക്കുവാനും നമുക്ക് സാധിക്കണം. മനുഷ്യൻ മൃഗസ്വഭാവത്തോട് എത്രമാത്രം അടുത്തിരിക്കുന്നുവോ അത്രമാത്രം ഇന്ദ്രിയസുഖാസക്തി കൂടിയിരിക്കും. പിന്നെ സംസ്ക്കാരം കൂടുതൽ ഉയരുന്തോറും ഇന്ദ്രിയാസക്തി കുറഞ്ഞ് ശുദ്ധനായിത്തീരുന്നു.
(തുടരും)




നല്ല കാര്യങ്ങൾ ആണ് പങ്കുവെച്ചത് 🙏
നല്ല സന്ദേശം 🙏
Reena jacob thanks a lot
ജിഷ. – വളരെ സന്തോഷം
🙏🙏🙏❤️
നല്ല സന്ദേശം🙏
നല്ല അറിവ് ഗുരുജി ഇന്ദ്രിയ നിയന്ത്രണം തന്നെയാണ് ജീവിത വിജയത്തിനടിസ്ഥാനം. അത് ജ്ഞാനാർജ്ജനത്തിനുള്ള വഴിയിലൂടെ തിരിച്ചു വിടുകയാണെങ്കിൽ കൂടുതൽ പ്രശോഭിതമാക്കും എന്നും പറഞ്ഞു തന്നു. നന്ദി ഗുരുജി.