ഒരു വർഷം കൂടി ചരിത്രത്താളുകളിലേക്ക് മറഞ്ഞു കഴിഞ്ഞു. നമ്മുടെ ആയുസ്സിൽ നിന്നും ഒരു വർഷം കൂടി കൊഴിഞ്ഞു പോയിരിക്കുകയാണ്. പടികൾ എപ്പോഴും ഇറങ്ങാൻ വേണ്ടി മാത്രമല്ല കയറാനും കൂടി ഉള്ളതാണ്. നമ്മുടെ ജീവിതത്തിലെ എല്ലാ പ്രതിസന്ധികളിൽ നിന്നും പ്രതീക്ഷ നൽകുന്നത് പടവുകളാണ് . ചവിട്ടി കയറേണ്ടത് പുതിയ കാലത്തിൻ്റെ നേരിലേക്കാണ്. നേട്ടങ്ങൾ കൊയ്തെടുക്കാൻ ധാരാളം അവസരങ്ങൾ നമുക്ക് സൃഷ്ടിക്കാൻ കഴിയും അതിനായി നിരവധി സാധ്യതകൾ നമ്മുടെ മുമ്പിലുണ്ട്. ജീവിതത്തിൽ ഓരോ അവസരങ്ങളും ഉപയോഗപ്പെടുത്തിയെടുക്കുക എന്നുള്ളതാണ് നമ്മുടെ ജോലി. സമാധാനവും സന്തോഷവും സമത്വവും ഉള്ള നല്ലൊരു വർഷമായി മാറാൻ നമുക്ക് ആശംസിക്കാം. സൗഹൃദത്തിന്റെയും മതനിരപേക്ഷതയുടെയും സ്നേഹവും സഹോദരിയും ചേർത്തു തുന്നിയ വസ്ത്രമാണ് നമ്മൾ ധരിക്കുന്നത്.
മലയാളി മനസ്സ് കുടുംബത്തിൽ വന്നതിനുശേഷം ഓരോ വർഷം കഴിയുന്തോറും എഴുത്തുകാരുടെ എണ്ണം കൂടിക്കൂടി വരുന്നത് കാണാം. ഇതുതന്നെയാണ് .ഓരോ പുതുവത്സരവും നമ്മെ ഓർമിപ്പിക്കുന്നത് ജീവിതത്തിൽ വളർച്ചയുടെ വിത്തുകൾ പാകാനും പുതിയ പുതിയ മേഖലകൾ കണ്ടെത്താനും പുതിയ ഒരു വഴിത്തിരിവിന് കാരണമാകാനും ഓരോ വർഷങ്ങളും നമ്മെ ഓർമ്മപ്പെടുത്തുന്നുണ്ട്. നമ്മുടെ ആറടി മണ്ണിലേക്കുള്ള അകലം കുറച്ചുകൊണ്ടിരിക്കുകയാണ്. വിലപ്പെട്ട ഒരു വയസ്സിന്റെ നഷ്ടത്തെയാണ് നാം ആഘോഷിച്ചത് . മരങ്ങളുടെ ഇലകൾ പൊഴിയുന്നത് കണ്ടിട്ടില്ലേ അത് വീണ്ടും തളിർക്കുന്നതിനു വേണ്ടിയാണ്. കൊഴിയുക മാത്രമല്ല പൂക്കുകയും കായ്ക്കുകയും ചെയ്യുന്നു .നമ്മുടെ ജീവിതത്തിലും ചില കൊഴിയലുകൾ ഉണ്ടാകാം. അത് പുതിയ ഉണർവിന് വേണ്ടിയും പുത്തൻ ചിന്തകൾക്ക് വേണ്ടിയും ആയിത്തീരേണ്ടതുണ്ട്.
കഴിഞ്ഞ കാലങ്ങളിൽ വന്നുപോയ തിന്മകളിൽ നിന്ന് പശ്ചാത്തപിക്കാനും ഇനിയുള്ള ജീവിതം നന്മകളിൽ പച്ചപിടിപ്പിക്കുവാനും ദൃഢപ്രതിജ്ഞ ചെയ്യേണ്ട അസ്വലഭ മുഹൂർത്തങ്ങളാണ് ഓരോ പുതുവർഷവും. പിന്നിട്ട് നാളുകളിലെ വേദനകൾ ഓർത്ത് എപ്പോഴും കരഞ്ഞുകൊണ്ടിരിക്കുകയല്ല വേണ്ടിയത്. ഇണങ്ങാനും പിണങ്ങാനും ശരി തെറ്റുകളില്‍ മുഴുകാനും ഒക്കെ ആവശ്യമുള്ളത് ഇന്ന് മാത്രമാണ് നാളെ നമ്മുടേതല്ല
എരിഞ്ഞൊടുങ്ങിയ ഇന്നലെകൾ ഇനി വരില്ല നാളെ നമ്മൾ ഉണ്ടാകുമോ എന്ന് ഉറപ്പുമില്ല . ശുഭപ്രതീക്ഷകൾ കൈവെടിയാതെ അവയ്ക്കുവേണ്ടി നിലയ്ക്കാത്ത പരിശ്രമവും കഠിനാധ്വാനവും ചെയ്യുക എന്നതാണ് ഓരോ പുതുവത്സരവും നമ്മെ ഓർമ്മപ്പെടുത്തുന്നത്.
മിനി സജി✍