Friday, April 12, 2024
HomeUS Newsഗുണമില്ലാഗണം (നർമകഥ) ✍ സുജ പാറുകണ്ണിൽ

ഗുണമില്ലാഗണം (നർമകഥ) ✍ സുജ പാറുകണ്ണിൽ

സുജ പാറുകണ്ണിൽ✍

മൃഗങ്ങൾ ഒറ്റയായും കൂട്ടമായും മൃഗപുരത്തെ സമ്മേളന നഗരിയിലേക്ക് എത്തിച്ചേർന്നുകൊണ്ടിരുന്നു. പണ്ട് മനുഷ്യരുടെ കാലത്ത് ഈ സ്ഥലം തിരുവനന്തപുരം എന്നോ മറ്റോ ആണ് അറിയപ്പെട്ടിരുന്നത്. കടുവയും പുലിയുമൊക്കെ നേരത്തെ എത്തി സ്ഥലം പിടിച്ചിട്ടുണ്ട്. സമ്മേളനത്തിന് ശേഷമുള്ള മൃഗകേരളയാത്ര ഫ്ലാഗ് ഓഫ്‌ ചെയ്യുന്നത് സിനിമാതാരം പിങ്കി അമ്മിണി ജോസ് ആടാണ്.

മരക്കൊമ്പിൽ നിരന്നിരിക്കുന്ന ഹനുമാൻ കുരങ്ങുകളെ കണ്ട് പുലി കടുവയോട് അടക്കം പറഞ്ഞു… ” വരത്തന്മാരുടെ ഒരു അഹങ്കാരം കണ്ടില്ലേ… കേരളം ഉണ്ടാകുന്നതിനു മുന്പേ ഇവിടെ ഉള്ളവരാണ് എന്ന ഭാവമാണ് ഇവറ്റകൾക്ക്. ഇവന്മാരുടെ മുത്തശ്ശനെയും മുത്തശ്ശിയെയും പണ്ട് തിരുപ്പതിയിൽ നിന്നും മനുഷ്യർ അടിമകളാക്കി പിടിച്ചു കൊണ്ടു വന്നതാണ്. ഇവന്മാരുടെ മുത്തശ്ശിക്കു മതില് ചാടിയ ചരിത്രവുമുണ്ട്. ഇതൊന്നും ആർക്കും അറിയില്ലെന്നാ ഇവന്റെയൊക്കെ വിചാരം. വലിയ കുടുംബക്കാരാണെന്നാ ഭാവം”
പുലി പറയുന്നത് കേട്ട്, നീയൊക്കെ കൊമ്പത്തു നിന്നു താഴെയിറങ്ങ്… കാണിച്ചു തരാം, എന്ന മട്ടിൽ കടുവ കുരങ്ങന്മാരെ നോക്കി.

വലിയൊരു ആരവം കേട്ട് എല്ലാവരും അങ്ങോട്ട് നോക്കി. പിങ്കി അമ്മിണി ജോസ് വന്നതിന്റെ ബഹളമാണ്. ചെറുപ്പക്കാർ മാത്രമല്ല വൃദ്ധരായ മൃഗങ്ങൾ പോലും അവൾക്കു ചുറ്റും ആർത്തിരമ്പുകയാണ്.

“എന്താ അവളുടെ ഒരു ഗമ.. എല്ലാവർക്കും ഇപ്പൊ ഇവളെ മതി. നമ്മളെയൊന്നും ആർക്കും വേണ്ട.”പുലി അസൂയയോടെ പിറുപിറുത്തു.

“അവൾക്കഹങ്കരിക്കരുതോ…. അവളുടെ അമ്മൂമ്മ, പിങ്കി, മനുഷ്യരോടൊപ്പം സിനിമയിൽ അഭിനയിച്ചിട്ടുണ്ടത്രേ.” കടുവ പറഞ്ഞു.

“ഈ കാണുന്നതൊക്കെ വച്ചുകെട്ടാണോ അതോ ഒറിജിനലാണോ..?”
പുലി ചോദിച്ചു. “ആർക്കറിയാം. പിന്നേ… ഒരുപാടങ്ങു സൂം ചെയ്യണ്ട. അവൾക്കൊരുപാട് ഫാൻസ്‌ ഉള്ളതാ. എല്ലാം കൂടേ കേറി മേയും.” അതു കേട്ടതും പുലി അവളിൽ നിന്നും ദൃഷ്ടി മാറ്റി.

ദൂരെ നിന്നും ഒരു ആനക്കൂട്ടം നടന്നു വരുന്നു. അവരുടെ മുൻപിൽ സുന്ദരനായ ഒരാനക്കുട്ടി.

“എന്തൊരു അഴകാണവന്. വലുതാകുമ്പോൾ ഒത്ത ഒരു കരിവീരനാകും അവൻ.”

“അരിക്കൊമ്പനെക്കുറിച്ച് കേട്ടിട്ടില്ലേ.. മനുഷ്യൻ മയക്കുവെടി വച്ച് തമിഴ്നാട്ടിലേക്കു കയറ്റിവിട്ട അരിക്കൊമ്പൻ. അവന്റെ ചെറുമകനാണിവൻ. അവർ കുടുംബത്തോടെ തമിഴ്നാട്ടിലായിരുന്നു താമസം. ഇവിടെ മൃഗാധിപത്യം വന്നപ്പോൾ ഇങ്ങോട്ട് പോന്നതാണ്.” ആനക്കൂട്ടം അവരുടെ അടുത്ത് വന്നു നിലയുറപ്പിച്ചു.

ദൂരെ കാടുപിടിച്ചു കിടക്കുന്ന കെട്ടിടങ്ങൾ കണ്ടപ്പോൾ കുട്ടിയാന ചോദിച്ചു.

“അമ്മേ… അതെന്താണ്?”

“മോനെ… പണ്ട് മനുഷ്യർ ഉണ്ടായിരുന്നപ്പോൾ പണിത കെട്ടിടങ്ങളാണത്.”

“മനുഷ്യരോ… അതാരാണ്?”

“മുൻപ് ഇവിടെ ഉണ്ടായിരുന്ന ജീവികളാണ്. അവർ നമ്മളെ പോലെ നാൽക്കാലികളല്ല… ഇരുകാലികളാണ്. അവർക്കു രണ്ടു കൈകളുണ്ട്. ആ കൈകൾ കൊണ്ടാണ് അവർ ഭക്ഷണം കഴിക്കുന്നതും ജോലി ചെയ്യുന്നതും. ബുദ്ധി ഇല്ലെങ്കിലും ഉണ്ടെന്ന് അഹങ്കരിച്ചു നടന്ന ജീവികളാണ് അവർ.”

“എന്നിട്ട് അവരെല്ലാം എവിടെപ്പോയി?”

“കുറെ പേർ ജർമനിയിലേക്കു പോയി. കുറെ പേർ കാനഡയിലേക്കും കുറെ പേർ ഓസ്ട്രേലിയലേക്കും മറ്റു പല രാജ്യങ്ങളിലേക്കും പോയി. ബാക്കിയുണ്ടായിരുന്ന പ്രായമായവർ ഇവിടെ കിടന്നു ചത്തു.”

“അതെന്തുകൊണ്ടാണമ്മേ അവർ ഇവിടം വിട്ടു പോയത്?”

“അവരുടെ ബുദ്ധിമോശം കൊണ്ടാണ് മോനെ. അവർ നിയമങ്ങൾ ഉണ്ടാക്കും. കാലാനുസൃതമായി അതു പരിഷ്കരിക്കാനോ എടുത്തു മാറ്റാനോ ഒന്നും അവർ തയ്യാറാവുകയില്ല. ഉദാഹരണത്തിന് മൃഗങ്ങളെ കൊല്ലാൻ പാടില്ല എന്നു നിയമം കൊണ്ടുവന്നു. കാട്ടിലും നാട്ടിലും മൃഗങ്ങൾ പെരുകി. പേപ്പട്ടികൾ എത്രയോ പേരെ ഓടിച്ചിട്ട് കടിച്ചു കൊന്നിരിക്കുന്നു. എന്നിട്ടും അവർ അവറ്റകളെ കൊന്നുകളഞ്ഞില്ല. ആരെങ്കിലും എന്തെങ്കിലും പരാതി പറഞ്ഞാൽ മൃഗസ്നേഹികൾ ഉടനെ കൊടിയും പിടിച്ചിറങ്ങും… കോടതിയിൽ പോകും. മൃഗങ്ങളുടെ ശല്യം കാരണം മലയോര കർഷകരെല്ലാം അവിടം വിട്ടു. കൃഷി നശിപ്പിക്കുകയും മനുഷ്യരെ ഉപദ്രവിക്കുകയും കൊല്ലുകയും ചെയ്തിരുന്ന മൃഗങ്ങൾ കാട്ടിൽ നിന്നും ഗ്രാമങ്ങളിലേക്കും അവിടെ നിന്നു നഗരങ്ങളിലേക്കും കൂട്ടമായി എത്തിത്തുടങ്ങിയതോടെ മനുഷ്യർക്ക്‌ നിൽക്കക്കള്ളിയില്ലാതെയായി. അവർ ഇവിടം വിട്ടു പോയി. എല്ലാ ജീവജാലങ്ങളുടെ കാര്യത്തിലും സന്തുലിതാവസ്ഥ പാലിക്കണമെന്ന് അവർക്ക് അറിയില്ലായിരുന്നു.”

“എന്നാലും ഇത്ര മണ്ടന്മാരായിരുന്നോ അവർ?” കുട്ടിയാന അദ്ഭുതം കൂറി.

“മണ്ടന്മാർ ആയിരുന്നോ എന്നോ…. മോൻ ആ കെട്ടിടങ്ങൾ കണ്ടില്ലേ… അശാസ്ത്രീയമായ ഒരുപാട് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി. മഴ പെയ്യുമ്പോൾ വെള്ളം ഒഴുകി പോകാൻ വഴിയില്ലാതെയായി. വെള്ളപ്പൊക്കം പതിവായി. പ്രകൃതിയെ അവർ ഒരുപാട് ദ്രോഹിച്ചു. പ്രകൃതി ദുരന്തങ്ങളും പതിവായി.”

“ഇതൊന്നും നിയന്ത്രിക്കാൻ അവർക്കിടയിൽ ആരുമില്ലായിരുന്നോ?” കുട്ടിയാനക്ക് വീണ്ടും സംശയം.

“അവർക്കിടയിൽ ഭരണപക്ഷവും പ്രതിപക്ഷവും ഒക്കെ ഉണ്ടായിരുന്നു. പരസ്പരം ചെളി വാരി എറിയുക … അഴിമതിയും അക്രമവും നടത്തുക. അതായിരുന്നു അവരുടെ പ്രധാന അജണ്ട. സ്വന്തം സ്വാർത്ഥ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനും സുഖലോലുപതയിൽ ജീവിക്കാനും അവർ മത്സരിച്ചു. ജനക്ഷേമകരമായ പ്രവർത്തനങ്ങൾ നടത്തുന്നതിൽ അവർക്കു താല്പര്യമുണ്ടായിരുന്നില്ല. അങ്ങനെ നാട് മുടിഞ്ഞു. ചെറുപ്പക്കാരെല്ലാം ഇവിടം വിട്ടു പോയി.”
“അതു മാത്രമല്ലപ്പാ….”കഥ കേട്ടുകൊണ്ടിരുന്ന ഒരു മുട്ടനാട് താടി ഉഴിഞ്ഞുകൊണ്ട് പറഞ്ഞു.

“ഇവിടെ അവർക്കു വേലയും കൂലിയും ഒന്നുമുണ്ടായിരുന്നില്ല. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും വ്യവസായസംരംഭങ്ങൾ കൊണ്ടുവരാനുമൊന്നും അവർക്കു താല്പര്യമുണ്ടായിരുന്നില്ല. എന്തിനു പറയുന്നു…. പഠിക്കാനുള്ള സാഹചര്യം പോലും ഉണ്ടായിരുന്നില്ല.”

“ശരിക്കും ബുദ്ധിയില്ലാത്തവർ തന്നെ… അതിരിക്കട്ടെ… നമ്മൾ എന്തിനാണ് ഇന്നീ സമ്മേളനം നടത്തുന്നത്….. മൃഗകേരള യാത്ര നടത്തുന്നത്?”

“മനുഷ്യരെ ഇവിടെ നിന്നും ഓടിച്ചു ഇവിടെ മൃഗാധിപത്യം സ്ഥാപിച്ചതിന്റെ ഓർമ്മയ്ക്കായാണ് ഈ സമ്മേളനം നടത്തുന്നത്. മൃഗകേരള യാത്ര കൊണ്ടു നാട്ടുകാർക്ക് പ്രത്യേകിച്ച് ഗുണമൊന്നുമില്ല. നമുക്കാണ് ഗുണം.”

“നമുക്കെന്തു ഗുണം?’

“നമ്മൾ മൃഗപുരത്തുള്ള തിരഞ്ഞെടുക്കപ്പെട്ട മൃഗങ്ങൾക്ക് നാട്ടുകാരുടെ ചിലവിൽ മൃഷ്ടാന്നഭോജനവും സുഖതാമസവും ഒക്കെയായി കാഴ്ചകളൊക്കെ കണ്ട് സന്തോഷമായി മൃഗപുരം മുതൽ കാസർഗോഡ് വരെ ഒരടിപൊളി വിനോദയാത്ര. അതാണ്‌ നമുക്കുള്ള ഗുണം.”

കുട്ടിയാന കുറച്ചു നേരം ചിന്താനിമഗ്നനായി നിന്നു. പിന്നെ ചോദിച്ചു…. “നാട്ടുകാരുടെ ചിലവിൽ പുട്ടടിച്ചു ജീവിക്കുകയാണെങ്കിൽ നമ്മളും മനുഷ്യരും തമ്മിലെന്താ വ്യത്യാസം? നമ്മളും അവരെപ്പോലെ മണ്ടന്മാരായി പോവില്ലേ. ഇവിടം വിട്ട് പോകേണ്ടി വരില്ലേ…” ഉറക്കെയുള്ള ആ ചോദ്യം കേട്ടതും മൃഗങ്ങൾക്കിടയിൽ ഒരു നിശബ്ദത പരന്നു. അവർ മുഖത്തോട് മുഖം നോക്കി. മരക്കോമ്പിലിരുന്ന ഹനുമാൻ കുരങ്ങന്മാർ മൂരി നിവർന്ന് അവനെ തന്നെ നോക്കി. മൃഗകേരള യാത്ര ഫ്ലാഗ് ഓഫ്‌ ചെയ്യാൻ വന്ന പിങ്കി അമ്മിണി ജോസ് പതിയെ പുറകോട്ട് വലിഞ്ഞു. കുറേ നേരം കാത്തു നിന്നിട്ടും തന്റെ ചോദ്യത്തിന് ഉത്തരം കിട്ടാതെ ആയപ്പോൾ കുട്ടിക്കൊമ്പൻ തന്റെ മുത്തശ്ശൻ അരിക്കൊമ്പന്റെ കൂട്ടുകാരൻ ചക്കക്കൊമ്പൻ വിശ്രമിക്കുന്ന മരത്തണലിലേക്ക് നടന്നു. അപ്പോഴും അവന്റെ ആ ചോദ്യം ഉത്തരം കിട്ടാതെ അന്തരീക്ഷത്തിൽ അലയടിച്ചു കൊണ്ടിരുന്നു.

സുജ പാറുകണ്ണിൽ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments