ജീവിതമാകുന്ന ഒഴുക്കിൽ എങ്ങോട്ടെന്നില്ലാതെ എവിടേക്കെന്നില്ലാതെ നാം ഒഴുകിപ്പോകുന്നു. ആ ഒഴുക്കിൽ എന്തെല്ലാം അനുഭവങ്ങൾ..!
ഇടയ്ക്ക് ചിലപ്പോൾ ചുഴിയിൽ പെടും..!
വഴിമുട്ടി നിൽക്കും. ……
താൽക്കാലിക ജോലി ആണെങ്കിലും അത് നഷ്ടപ്പെടുക എന്നത് ഏറെ സങ്കടകരം തന്നെ.
ഇനി എന്ത്..?
യാത്രയിൽ ഉടനീളം മനസ്സ് വിങ്ങുന്നുണ്ടായിരുന്നു.
രാത്രി 9 മണിയോടെ സദാനന്ദൻ മാഷ് ചങ്ങനാശ്ശേരി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ ബസ് ഇറങ്ങി. പ്രൈവറ്റ് സ്റ്റാൻഡിലേക്ക് നടന്നു.നഗരത്തിൽ അവിടവിടെയായി സ്ട്രീറ്റ് ലൈറ്റുകൾ മഞ്ഞ വെളിച്ചം വാരി വിതറി. അതുകൊണ്ടുതന്നെ വേഗത്തിൽ നടക്കുവാൻ സാധിച്ചു. പത്തു മിനിറ്റിനുള്ളിൽ സ്റ്റാൻഡിൽ എത്തി. ഭാഗ്യം…!
വീടിന്റെ ഭാഗത്തേക്കുള്ള ലാസ്റ്റ് ബസ് പോയിട്ടില്ല. ബസ് സ്റ്റാർട്ട് ചെയ്ത് നിർത്തിയിരിക്കുകയായിരുന്നു. പെട്ടെന്ന് ഓടി കയറി. ബസ്സിൽ നല്ല തിരക്കുണ്ട്. ബാഗ് താഴെ വച്ച് കമ്പിയിൽ ചാരിനിന്നു.
കവലയിൽ ബസ് ഇറങ്ങി പെട്ടിക്കടയിൽ നിന്നും ഒരു മെഴുകുതിരിയും തീപ്പെട്ടിയും വാങ്ങി. കുറ്റാകൂരിരുട്ട്. പോരാത്തതിന് ചെറിയ കാറ്റും വീശുന്നുണ്ട്. മെഴുകുതിരി കെട്ട് പോകുമോ എന്തോ..!
കവല ഏതാണ്ട് വിജനം.
സദാനന്ദൻ മാഷ് ഇടവഴിയിലൂടെ നടന്നു. മരങ്ങളുടെ നിഴലുകൾ
പേടിപ്പെടുത്തുന്നതായിതോന്നി. താൻ എത്ര തവണ ഈ വഴിയിലൂടെ നടന്നിട്ടുണ്ട്.!
അന്നൊന്നും ഒരു പേടിയും തോന്നിയിട്ടില്ല. എവിടെനിന്നോ ഒരു മൂങ്ങ ഉച്ചത്തിൽ കരഞ്ഞു. വീടിന്റെ അടുത്ത് എത്താറായിട്ടും വീട്ടിൽ നിന്നും വെളിച്ചം ഒന്നും കണ്ടില്ല. എല്ലാവരും കിടന്നു എന്ന് തോന്നുന്നു.
സദാനന്ദൻ മാഷ് കതകിൽ മുട്ടി വിളിച്ചു..
“ആരാ…?”
അകത്തുനിന്നും അച്ഛന്റെ ശബ്ദം.
” ഞാനാണ്…. ”
“എന്താ കൊച്ചെ ഈ രാത്രിയിൽ…?”
മണ്ണെണ്ണ വിളക്ക് കയ്യിൽ പിടിച്ചുകൊണ്ട് അച്ഛൻ കതക് തുറന്നു.
“എന്താ ഇപ്പോൾ അവധി ഒന്നുമില്ലല്ലോ?”
“അതെല്ലാം പിന്നെ പറയാം, എനിക്ക് വിശക്കുന്നു എന്തെങ്കിലും ഉണ്ടോ..?”
“കൈകാലൊക്കെ കഴുകി വരു”
അച്ഛൻ പറഞ്ഞു.
ഡ്രസ്സ് മാറി വന്നപ്പോഴേക്കും അമ്മ കഞ്ഞി വിളമ്പി വെച്ചിരുന്നു.
“കഞ്ഞി കുടിക്ക്. കറിയൊക്കെ കുറവാണ് കേട്ടോ..”
“ഉം..”
“കൊച്ചിന് നല്ല യാത്രാ ക്ഷീണം കാണും., കിടന്നോളൂ….”
അമ്മ പറഞ്ഞു.
പ്രഭാതത്തിൽ പെയ്ത മഴക്ക് ശേഷം സൂര്യൻ കാർമേഘങ്ങൾക്ക് പിന്നിൽ നിന്നും വീടിന്റെ മേൽക്കൂരയിൽ ഒളി വീശുന്നുണ്ടായിരുന്നു. സൂര്യരശ്മികൾ തുറന്നിട്ട വാതിലിനുള്ളിൽക്കൂടി അകത്തേക്ക് കയറി.
“എന്താ സ്കൂൾ നേരത്തെ അടച്ചോ..?”
അമ്മയാണ്.
“ഇല്ല അവിടുത്തെ ജോലി കഴിഞ്ഞു.”
“ഇനി പുതിയ സ്കൂളിൽ കിട്ടണം അല്ലേ..?”
“ഉം…”
“ദാ ഇതെല്ലാം കൊച്ചിന് വന്ന കത്തുകളാണ്.”
കുറെ കത്തുകൾ നീട്ടിക്കൊണ്ട് അച്ഛൻ പറഞ്ഞു.
രണ്ട് കവർ.. പിന്നെ ഇൻലാന്റുകൾ ആണ്. ബ്രൗൺ നിറത്തിലുള്ള കവറുകൾ കയ്യിലെടുത്തു . ‘ഓൺ. ഐ. ജി.എസ്. “എന്ന് കണ്ടതും സദാനന്ദൻ മാഷിന്റെ കണ്ണുകളിൽ സന്തോഷം അലതല്ലി. പക്ഷേ ആ സന്തോഷം അധികനേരം നീണ്ടുനിന്നില്ല.
ആദ്യ കവർ പൊട്ടിച്ചതും ഒന്നും പറയാതെ കസേരയിലിരുന്നു പോയി.
” എന്തുപറ്റി..?
ആരുടെ കത്താണ് കൊച്ചേ. ”
അച്ഛൻ ചോദിച്ചു.
“ഞാൻ കഴിഞ്ഞവർഷം തൃശ്ശൂർ പോയി പരീക്ഷ എഴുതിയില്ലേ, എക്സൈസ് ഇൻസ്പെക്ടറുടെ..?
ആ പരീക്ഷ പാസായി, അതിന്റെ ഇന്റർവ്യൂനുള്ള കത്താണ് പക്ഷേ…”
“എന്താണ് ഒരു പക്ഷേ..?”
“ഇന്റർവ്യൂവിന് ഹാജരാകേണ്ടിയിരുന്ന തീയതി കഴിഞ്ഞ് പോയി. കഴിഞ്ഞമാസം പത്താം തീയതി ആയിരുന്നു ഇന്റർവ്യു”.
“പഴയ വീട്ടിലെ എക്സൈസ് ഇൻസ്പെക്ടർ ബേബി ചേട്ടൻ പറഞ്ഞിരുന്നു, ഇന്റർവ്യൂ കാർഡ് വരുമ്പോൾ വിവരം പറയുവാൻ.. ”
“ആണോ ഇനി പറഞ്ഞിട്ട് കാര്യമില്ല.”
ബ്രൗൺ നിറത്തിലുള്ള രണ്ടാമത്തെ കവർ പൊട്ടിച്ചപ്പോൾ സദാനന്ദൻ മാഷിന്റെ കണ്ണുകൾ വിടർന്നു. പാലക്കാട് പി.എസ്. സി ഓഫീസിൽ നിന്നുള്ള കത്താണ്. പ്രൈമറി അധ്യാപക നിയമനത്തിന് മുന്നോടിയായുള്ള അഡ്വൈസ് മെമ്മോ ആയിരുന്നു അത്.
“അഡ്വൈസ് മെമ്മോ കിട്ടിക്കഴിഞ്ഞാൽ ജോലി ഉറപ്പാണല്ലോ അല്ലേ കൊച്ചേ?”
“അതെ..”
“എന്നാണ് അപ്പോയിൻമെന്റ് ഓർഡർ വരിക..?”
“അത് പറയാൻ പറ്റില്ല. ചിലപ്പോൾ രണ്ടോ മൂന്നോ മാസം കഴിയും”
” എന്നാലും ജോലി കിട്ടുമെന്ന് ഉറപ്പാണല്ലോ, സന്തോഷമായി ”
അച്ഛൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
സോമൻ മാഷിന്റെ രണ്ട് കത്തുണ്ടായിരുന്നു. പതിവ് സ്നേഹാന്വേഷണങ്ങളും, സ്കൂൾ വിശേഷങ്ങളും വിശദീകരിച്ച് എഴുതിയിട്ടുണ്ട്.
അടുത്ത കത്ത് കൈയക്ഷരം കണ്ടിട്ട് നല്ല പരിചയമില്ല. പക്ഷേ കത്ത് പൊട്ടിച്ചതും മനസ്സിലൂടെ ഒരു പ്രകാശം മിന്നി മറിഞ്ഞു.
“പ്രിയപ്പെട്ട സദാനന്ദന്,
നിനക്ക് ഈ മുഖം ഓർമ്മയുണ്ടോ, എന്നറിയില്ല. കാരണം, നമ്മൾ തമ്മിൽ കണ്ടിട്ട് പത്ത് വർഷത്തിൽ അധികം ആയിക്കാണുമല്ലോ..!
അവസാനമായി കണ്ടത് എവിടെ വച്ചാണ് എന്ന് നിനക്ക് ഓർമ്മയുണ്ടോ?
കോളേജ് മൈതാനത്തിന്റെ പടിഞ്ഞാറു വശത്തുള്ള വാക മരച്ചോട്ടിൽ വച്ച് നിന്നോട് സംസാരിച്ചത് ഓർമ്മയുണ്ടോ..?
അന്ന് കോളേജ് അടയ്ക്കുന്ന ദിവസമായിരുന്നു.
ആദ്യമായിട്ടാണ് നിന്നോട് അത്രയും നേരം സംസാരിച്ചത്.
ചുവന്ന വാകപ്പൂക്കൾ വിതറിയ ചാരുബഞ്ചിൽ ഇരുന്നുകൊണ്ട് നീ എനിക്ക് എഴുതിയ ഓട്ടോഗ്രാഫിലെ വരികൾ നിനക്ക് ഓർമ്മയുണ്ടോ,.?
കഴിഞ്ഞദിവസം ഞാൻ അത് യാദൃശ്ചികമായി കാണുവാൻ ഇടയായി.! അപ്പോൾ തോന്നിയതാണ് നിനക്ക് ഒരു കത്തെഴുതണമെന്ന്.
ഇത് എഴുതുന്ന ഈ നിമിഷം നിന്നെക്കുറിച്ച് എനിക്ക് ഒന്നും അറിയില്ല. നീ എവിടെയാണെന്നോ എന്ത് ജോലിയാണെന്നോ ജോലി കിട്ടിയോ കല്യാണം കഴിഞ്ഞോ…..
ഒന്നും അറിയില്ല….
ഒരുപക്ഷേ നിന്റെ കല്യാണം കഴിഞ്ഞ് ഒന്നോ രണ്ടോ കുട്ടികളുടെ അച്ഛൻ ആയിട്ടുണ്ടാവും!
നിനക്ക് എന്നെ ഇഷ്ടമായിരുന്നു എന്ന് എനിക്കറിയാമായിരുന്നു. പക്ഷേ, നിന്റെ ഇഷ്ടം സീരിയസായിരുന്നു എന്നു എനിക്ക് മനസ്സിലാകാൻ എന്റെ കൂട്ടുകാരി ഷേർലി പറഞ്ഞു തരേണ്ടിവന്നു. അപ്പോഴേക്കും കോളേജ് ജീവിതം അവസാനിച്ചിരുന്നുവല്ലോ..?
പിന്നെ, പക്വത ഇല്ലാത്ത പ്രായം അല്ലായിരുന്നോ?
അതുകൊണ്ടാവും…
രണ്ടു വർഷം മുൻപ് എനിക്ക് ഒരു വിവാഹലോചന വന്നു.
എന്താണെന്നറിയില്ല, അന്ന് നിന്നെ എനിക്ക് ഓർമ്മ വന്നു. ഞാൻ എന്റെ ചേച്ചിയോട് നിന്നെക്കുറിച്ചു പറഞ്ഞു.
നീ താമസിച്ച പഴയ വീടിന്റെ പരിസരത്ത് വന്ന് ചേച്ചി നിന്നെക്കുറിച്ച് അന്വേഷിച്ചിരുന്നു.
നിങ്ങൾ സ്ഥലം വിറ്റുപോയി എന്നാണ് അയൽക്കാർ പറഞ്ഞത്…
ഈ കത്ത് നിന്റെ കയ്യിൽ കിട്ടുമോ, അല്ലെങ്കിൽ എന്ന് കിട്ടും എന്നൊന്നും എനിക്കറിയില്ല.
എനിക്ക് നിന്നെ ഒന്ന് കാണണം.
അയൽ വീട്ടിലെ ഫോൺ നമ്പർ താഴെ കൊടുക്കുന്നു 0481820320. ഈ കത്ത് കിട്ടിയാൽ എന്നെ വിളിക്കുമല്ലോ..? സ്നേഹത്തോടെ,
ശുഭ.”
സദാനന്ദൻ മാഷ് കത്ത് പലതവണ വായിച്ചു. എന്തിനാവും ശുഭ തന്നെ കാണണം എന്ന് പറഞ്ഞത്?
കോളേജിൽ പഠിക്കുമ്പോൾ എല്ലാ ചെറുപ്പക്കാരുടെയും ആരാധനാപാത്രമാ യിരുന്നു അവൾ. വലിയ സൗന്ദര്യ റാണി ഒന്നുമായിരുന്നില്ല, പക്ഷേ ആൺകുട്ടികൾ അവളുടെ പിറകിൽ നിന്നും മാറിയിരുന്നില്ല. പുഞ്ചിരിക്കുന്ന മുഖത്തോടെയല്ലാതെ അവളെ ഒരിക്കലും കണ്ടിട്ടില്ല. അല്ലേലും അവളുടെ ചുവന്ന തുടുത്ത മുഖം കണ്ടാൽത്തന്നെ ആരാണ് ഇഷ്ടപ്പെടാതിരിക്കുക.!
എന്നും മുടി രണ്ടായി പിന്നി ഇടും. ഒരു ഭാഗം മുന്നിലേക്ക് ഇട്ടിട്ടുണ്ടാവും. അതിൽ ഒരുചുവന്ന റോസാ പൂവും വച്ചിട്ടുണ്ടാവും. വാലിട്ടെഴുതിയ കണ്ണുകൾക്ക് വല്ലാത്തൊരു ആകർഷണീയത ഉണ്ടായിരുന്നു. വിശാലമായ നെറ്റിയിലെ വലിയ പൊട്ട് കണ്ട് കൂട്ടുകാരികൾ കളിയാക്കാറുണ്ട്. എങ്കിലും പിറ്റേദിവസം അവൾ അങ്ങനെയുള്ള പൊട്ടു തന്നെ തൊടും. കാതിൽ റിംഗ് പോലെയുള്ള ചുവന്ന നക്ഷത്രം പതിച്ച കമ്മൽ അവൾക്ക് നന്നായി ഇണങ്ങുന്നുണ്ട്. എന്തിനാവും തന്നെ അന്വേഷിച്ച് അവളുടെ ചേച്ചി വന്നിട്ടുണ്ടാവുക?
“ഞായറാഴ്ച കൊച്ചച്ഛനെയും കൂട്ടി നീ കൂത്താട്ടുകുളം വരെ ഒന്നു പോകണം”
അച്ഛന്റെ ശബ്ദം സദാനന്ദൻ മാഷിനെ ചിന്തയിൽ നിന്നുണർത്തി.
“എന്തിന്…?”
“ഒരു പെണ്ണുകാണാൻ…”
“അതിന് സ്ഥിരം ജോലി ആയില്ലല്ലോ കല്യാണം കഴിക്കാൻ. എനിക്കിപ്പോൾ കല്യാണം വേണ്ട.?”
“ജോലി രണ്ടുമാസത്തിനുള്ളിൽ കിട്ടുമല്ലോ..?”
” ഞായറാഴ്ച എന്ന് പറയുന്നത് നാളെയല്ലേ..? ”
“അതെ….”
“ഒന്നുപോയി നോക്കിയിട്ട് വരു…
കൊച്ചച്ഛന് അറിയാവുന്ന കുട്ടിയാണ്, തന്നെയുമല്ല ടീച്ചർ ആണ്.”
“ജോലിയുള്ള പെണ്ണിനെ കെട്ടാൻ എനിക്ക് താല്പര്യമില്ല..”
“ഒന്ന് പോയി കാണുന്നതിനു കുഴപ്പമില്ലല്ലോ..?”
അമ്മയ്ക്ക് നിർബന്ധം.
” ഉം ശരി.. ”
ഞാൻ പുഴയിൽ പോയി ഒന്ന് കുളിച്ചിട്ട് വരാം. തോർത്തു മുണ്ടും സോപ്പുമായി സദാനന്ദൻ മാഷ് പാടവരമ്പിലൂടെ പുഴയെ ലക്ഷ്യമാക്കി നടന്നു.
(തുടരും……..)




വായനാ സുഖമേകുന്ന നല്ലെഴുത്ത് സർ 🙏
ആശംസകൾ 🌹
വളരെ മനോഹരമായ എഴുത്ത്. ജോലി, വിവാഹം, ചെറുപ്പക്കാരുടെ ജീവിത ത്തിലെ പ്രത്യേകിച്ച് അന്നത്തെ കാലത്തെ ചിട്ടയായ പരമ്പരാഗത നിയമമനുസരിച്ച ജീവിത ഘടന വ്യക്തമായി എഴുതിയിരിക്കുന്നു. ജോലി കിട്ടിയിട്ടും date കഴിഞ്ഞു പോയതൊക്കെ നിസംഗത യോടെ തള്ളിക്കളയാൻ ഇന്നത്തെ യുവത യ്ക്ക് കഴിയുമോ? നല്ലെഴുത്ത്.