കിളികളുടെ മധുര സംഗീതം കേട്ടുകൊണ്ടാണ് സദാനന്ദൻ മാഷ് കണ്ണു തുറന്നത്. യാത്രാക്ഷീണം കൊണ്ട് രാത്രി നന്നായി ഉറങ്ങി.വരാന്തയിൽ നിന്ന് കൊണ്ട് പുറം കാഴ്ചകൾ നോക്കി കണ്ടു. കൊടുംകാട്…
അങ്ങകലെ നിരനിരയായി പുല്ലുമേഞ്ഞ കുടിലുകൾ. കാടിനു നടുവിൽ രണ്ടേക്കർ വിസ്തൃതിയിൽ കൃഷി സ്ഥലം. സർക്കാർ ഗോത്ര വിഭാഗക്കാർക്ക് പതിച്ചു കൊടുത്തതാവാം. മുളകൊണ്ട് വേലി കെട്ടിയിട്ടുണ്ട്.
തെളിഞ്ഞ ശരത് കാലത്തിലെ ദീർഘനിശ്വാസം പോലെ ഒരിളം കാറ്റ് ചുറ്റുമുള്ള സസ്യലതാദികളെ തഴുകി പോയി ……
“ദാ,മാഷേ ചായ…..”
സദാനന്ദൻ മാഷ് തിരിഞ്ഞുനോക്കി
ശങ്കുണ്ണി അമ്മാവൻ ഒരു ഗ്ലാസിൽ ചായയുമായി മുന്നിൽ.
“കട്ടൻ ചായയാണ്,പാലില്ല ട്ടോ…”
” എനിക്ക് കട്ടൻ ഇഷ്ടമാണ് അമ്മാവാ.. എച്ച്. എം എവിടെ..? ”
” മാഷ് രാവിലെ പുറപ്പെട്ടല്ലോ?
പൗലോസ് ചേട്ടന്റെ കടയിൽ എത്തിയിട്ട് ഒരു ചായയൊക്കെ കുടിച്ച് അവിടെ ഇരിക്കും. അവിടെ നിന്നും ആരെങ്കിലും വരുമ്പോൾ അവരുടെ കൂടെ സേത്തുമട പോകും. എപ്പോഴാണ് ആളു വരുന്നത് എന്ന് അറിയില്ലല്ലോ?
മാഷിനെ കുറെ വിളിച്ചു, നല്ല ഉറക്കം ആയിരുന്നു.. ”
” ആണോ?
അത് ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയി”
” കുളിക്കാൻ എന്താണ് ചെയ്യുക.? ”
“ഒരഞ്ചു മിനിറ്റ് പോയാൽ ഒരു അരുവിയുണ്ട്. പക്ഷേ, നല്ല തണുപ്പ് ആയിരിക്കും.., ”
“അതൊന്നും സാരമില്ല കുളിക്കാതെ ശരിയാവില്ല..”
രണ്ടുപേരും ക്വാർട്ടേഴ്സിൽ നിന്നും ഇറങ്ങി മുന്നോട്ടു നടന്നു. ഒരു നടപ്പാത മാത്രം . കാട്ടു വള്ളികൾ നടപ്പാത മൂടും വിധം പടർന്നു കിടക്കുന്നു. മഞ്ഞു കണങ്ങൾ പൊഴിയുന്നുണ്ടായിരുന്നു.
” നല്ല ഇറക്കമാണ് മാഷ് സൂക്ഷിക്കണം കേട്ടോ.”
“ഉം..”
വെള്ളം കുത്തിയൊഴുകുന്നതിന്റെ ശബ്ദം കേട്ട് തുടങ്ങി. ശരിക്കും ഒരു കാട്ടുചോല. പാറക്കല്ലുകളിൽ തട്ടി വെള്ളം താഴേക്ക് കുത്തിയൊഴുകുന്നത് കാണാൻ നല്ല ഭംഗി. എവിടെയും പച്ചപ്പ് മാത്രം.! അതിനു നടുവിലൂടെ വെള്ളം പതഞ്ഞൊഴുകുന്നത് ആരും നോക്കി നിന്നു പോകും.
“അരുവിയിൽ മത്സ്യം ഉണ്ടോ..?”
“ചെറിയ പരലുകൾ ഉണ്ടാവും…”
വെള്ളത്തിൽ കാലു കുത്തിയതും നല്ല മരവിപ്പ്. ശരിക്കും ഐസ് ജലം പോലുണ്ട് അത്രയ്ക്ക് തണുപ്പ്. സദാനന്ദൻ മാഷ് വലിയ പാറയുടെ അടുത്തേക്ക് നീങ്ങി. പാറയുടെ താഴെ അരയ്ക്കൊപ്പം വെള്ളത്തിൽ ഒറ്റ മുങ്ങൽ….
“ആഹാ എന്തൊരു രസം. പക്ഷേ, സോപ്പ് പതയുന്നില്ലല്ലോ …?”
“ഈ വെള്ളത്തിൽ സോപ്പ് പതയില്ല മാഷേ…
ഹാർഡ് വാട്ടർ ആണ്. ഈ വെള്ളം ചെവിയിൽ പോകാതെ സൂക്ഷിക്കണം. കേട്ടോ അധികം നീന്തണ്ട…”
അമ്മാവൻ പറഞ്ഞു.
“ഉം….
അമ്മാവൻ കുളിക്കുന്നില്ലേ..?”
“ഈ തണുപ്പ് എനിക്ക് പറ്റില്ല മാഷേ.
വെപ്പ് പല്ല് കയ്യിലെടുത്തു മോണ കാട്ടി അമ്മാവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
“പല്ല് ഇല്ലാത്തതാ അമ്മാവന് ഭംഗി.”
” എന്തെങ്കിലും കടിച്ചു വലിക്കേണ്ടേ മാഷേ…? ”
കുളികഴിഞ്ഞ് വെള്ളത്തിൽ നിന്ന് കയറുമ്പോൾ ഇലകളുടെ മർമ്മരം… ശരിക്കും പ്രകൃതി ഒരുക്കിയ സൗന്ദര്യം.
അമ്മാവൻ മുൻപിൽ നടന്നു. സദാനന്ദൻ മാഷ് കാട്ടു വള്ളിയിൽ പിടിച്ച് കയറ്റം കയറി.
ഡ്രസ്സ് മാറി അടുക്കളയിൽ എത്തി.
” ഇന്ന് ബ്രേക്ക്ഫാസ്റ്റിന് ഉപ്പുമാവാണ് കേട്ടോ… ”
” ഉപ്പുമാവോ….? ”
“എന്താ ഇഷ്ടമല്ലേ…?”
” നല്ല വറുത്ത റവയാണ് മാഷേ , നല്ല ടേസ്റ്റ് ഉണ്ടാകും… ”
“ആണോ?”
ബെല്ലടിച്ചപ്പോൾ സദാനന്ദൻ മാഷ് ക്ലാസ്സിലെത്തി . എല്ലാ ക്ലാസിലും കൂടി ആകെ 22 പേർ മാത്രം..!
” ബാക്കിയുള്ള കുട്ടികൾ എവിടെ ?”
ചോദ്യം മനസ്സിലാകാഞ്ഞിട്ടാണോ എന്നറിയില്ല കുട്ടികൾ മുഖത്തോടുമുഖം നോക്കി. ആരും ഒന്നും മിണ്ടിയില്ല.
സദാനന്ദൻ മാഷ് ഒരു ചാർട്ട് പേപ്പർ ചുമരിൽ തറച്ചു വച്ചു. മാർക്കർ കൊണ്ട് രണ്ട് മലകൾ വരച്ചു .
” ഇതെന്താണ് തെരിയുമാ..? ”
“മലൈ…”
സദാനന്ദൻ മാഷ് ബോർഡിൽ പറഞ്ഞുകൊണ്ട് എഴുതി ‘മല.’
അതിനു താഴെ ഒരു പുഴ വരച്ചു.
” ഇതെന്താണ്
ചോലൈ.. ”
കുട്ടികൾ എല്ലാവരും പറഞ്ഞു.
” ചോല… കാട്ടിലെ ചോല.. കാട്ടുചോല
പുഴ….”
തുടർന്ന് പുഴയുടെ തീരത്ത് വൻമരങ്ങൾ, ചെറിയ മരങ്ങൾ മരത്തിൽ ഇരിക്കുന്ന പക്ഷികൾ, പുഴയുടെ തീരത്ത് പുല്ലു കൊണ്ടുള്ള കുടിൽ, കുടിലിന്റെ മുറ്റത്ത് കോഴികൾ തുടങ്ങിയവ വരച്ചു. അവർക്ക് പരിചിതമായ ഓരോന്നും കണ്ടപ്പോൾ കുട്ടികളുടെ മുഖത്ത് വിരിഞ്ഞ സന്തോഷം കാണേണ്ടത് തന്നെ. വാക്കുകൾ ബോർഡിൽ എഴുതി വായിച്ചു കുറെ വായിച്ചപ്പോൾ കുട്ടികൾ ഏറ്റു പറഞ്ഞു.
“ഇന്നത്തെ ക്ലാസ് എങ്ങനെയുണ്ടായിരുന്നു?”
നാലുമണിക്ക് ചായ കുടിക്കുന്നതിനിടയിൽ അമ്മാവൻ ചോദിച്ചു.
“അവർക്ക് കാര്യങ്ങൾ മനസ്സിലാകുന്നുണ്ട് അമ്മാവാ…..
കുട്ടികൾക്ക് അറിയാവുന്നതിൽ നിന്നും അറിയാൻ പാടില്ലാത്തതിലേക്ക് പോകുമ്പോഴാണ് പഠനം നടക്കുന്നത്. അവർക്ക് താല്പര്യമുള്ളത് കൊടുത്താൽ മാത്രമേ അവർക്ക് പ്രയോജനം ആവു.”
” അതിന് പകുതി പേർ എന്നും സ്കൂളിൽ വരണ്ടേ?
പിന്നെ എങ്ങനെ നേരെ ആകാൻ..?”
അമ്മാവന് ദേഷ്യം വന്നു.
“അവര് നേരെ ആവും. അവർക്കും തീർച്ചയായും നല്ല കാലം വരും.”
“കുട്ടികൾ സ്കൂളിൽ വരാത്തതിന് അവരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ലല്ലോ?
പല കുട്ടികളും കാട്ടിൽ വിഭവങ്ങൾ ശേഖരിക്കാൻ പോകുന്നതു കൊണ്ടല്ലേ സ്കൂളിൽ വരാത്തത്?”
“അതും ശരിയാണ്. പിന്നെ പഠിപ്പിക്കാൻ ആളില്ലാത്തതും ഒരു കാരണമാണ്. അധ്യാപകർ ഇല്ലാതെ എന്തിനാണ് കുട്ടികൾ സ്കൂളിൽ വരുന്നത് എന്ന് രക്ഷിതാക്കൾ ചിന്തിച്ചിട്ടുണ്ടാവും. മാഷ് ഇവിടുന്ന് പോകണ്ട കേട്ടോ. ”
“ഞാൻ എന്തായാലും ഈ വർഷം മുഴുവൻ ഇവിടെ ഉണ്ടാകും. നമുക്ക് നോക്കാം…”
(തുടരും……)




മികച്ച വായനാനുഭവം 👍🌹
സന്തോഷം
ഹൃദ്യമായ അവതരണം 🙏
സന്തോഷം
കാടിൻ്റെ മനോഹാരിത , അന്തരീക്ഷത്തിൻ്റെ കുളിർമ, ഏകാന്ത ജീവിതം, മികച്ച ബോധനരീതികൾ, വിദ്യാർത്ഥികളുടെ സാമൂഹ്യ സാഹചര്യം എന്തെല്ലാമാണ് ഒരൊറ്റ വായനയിലൂടെ അനുഭവവേദ്യമായത്.
സദാനന്ദൻ മാഷ് അനുവാചകരെ കീഴടക്കി. തുടർ വായനയ്ക്കായി കാത്തിരിക്കുന്നു
വായനയ്ക്കും അഭിപ്രായത്തിനും ഒരുപാട് സന്തോഷം