ആശാൻ കളരിയിൽ മണ്ണിലെഴുതിപ്പഠിക്കാൻ ഭാഗ്യം സിദ്ധിച്ച ആളുകളിൽ ഒരാളായിരുന്നു ഞാനും. അക്ഷരം പഠിപ്പിച്ചിരുന്ന ആശാൻ്റെ മുഖം ഓർമ്മയിൽ ഇല്ലെങ്കിലും ഷർട്ടിടാത്ത, കഴുത്തിലൂടെ തോർത്ത് മുണ്ട് ഇട്ട ഒരാളായിരുന്നു അദ്ദേഹം എന്ന നേർത്ത ഒരോർമ്മയുണ്ട്. അമ്മയുടെ അനുജത്തി ലാലു ചിറ്റയാണ് എന്നും കളരിയിൽ കൊണ്ടുപോയിരുന്നത്. ചിറ്റമ്മ തന്നെയായിരുന്നു അക്ഷരങ്ങൾ വീട്ടിലിരുത്തി എഴുതി പഠിപ്പിച്ചിരുന്നതും.
കടമാളൂർ കരികുളങ്ങര അമ്പലത്തിനടുത്തെവിടെയോ ആയിരുന്നു കളരി എന്നാണോർമ്മ
ഇനി, LKG ഓർമ്മകൾക്കായി, ജയ്പൂരിലേക്ക് ഒന്നു പോയി വരാം… രാവിലെ പട്ടാള ട്രക്കിലാണ് സ്കൂളിൽ പോക്ക്. ആർമ്മി ക്വാർട്ടേഴ്സിലുള്ള സകല പിള്ളേഴ്സും വണ്ടിയിലുണ്ടാവും. ഏതോ റെയിവേ ഗേറ്റ് കടന്ന് വേണം സ്കൂളിൽ പോകാൻ. ഗേറ്റ് അടയ്ക്കുന്ന സമയം കലപില തുടങ്ങും. ട്രെയിൻ വരുമ്പോൾ റേൽ ഗാഡി ആഗയാന്നുള്ള കോറസ് ഉയരും. മലയാളിയായ, നാട്ടുകാരിയായ അനിതാ ചാക്കോ LKG തൊട്ട് ഏഴാം ക്ലാസുവരെ ഒന്നിച്ചു പഠിച്ചിട്ടുണ്ടായിരുന്നു. അന്ന് എനിക്ക് പിങ്ക് നിറത്തലുള്ള ഒരു ലഞ്ച് ബോക്സുണ്ടായിരുന്നു. അതിൻ്റെ അടപ്പിന് വെളള നിറവും. രണ്ട് കള്ളികൾ ഉണ്ട്. പുത്തൻ ലഞ്ച് ബോക്സിൽ ആദ്യമായി പുട്ട് ആണ് കൊണ്ടുപോയത്. തുറന്ന പാടേ മുഴുവൻ മേശപ്പുറത്ത് വീണ് പ്ലിങ്കി യിരുന്നത് നല്ല ഓർമ്മയുണ്ട്. മേശപ്പുറത്ത് വീണ പുട്ട്, കൂടെ പഠിച്ച സർദാർജി പയ്യൻ തട്ടിത്തെറിപ്പിച്ച് നാശമാക്കി. (ഇന്നാണെങ്കിൽ അവൻ്റെ തലമണ്ട ഞാൻ പൊളിച്ചേനെ) തരി പെറുക്കി തിന്നാനുള്ള അവസരം പോലും നിഷേധിച്ചു. ( കശ്മൽ സിംഗ്😡 )
പിന്നീട് പല വിധ കാരണങ്ങൾ കൊണ്ട് കുടുംബം ഒക്കെ കെട്ടിപ്പെറുക്കി നാട്ടിലെത്തി. അങ്ങനെ പ്രൈമറി വിദ്യാഭ്യാസം ഉണ്ണാമറ്റം സ്ക്കൂളിലായി.
കൊച്ചുകുഞ്ഞ് പേരപ്പൻ്റെ കൂടെ (പിതൃസഹോദരൻ) ആണ് ആദ്യ ദിനം ഉണ്ണാമറ്റം സ്കൂളിലെത്തിയത്. സമപ്രായക്കാരായ എന്നേം അനിമോളേം (അദ്ദേഹത്തിൻ്റെ മകൾ ) ഒന്നിച്ചാണ് സ്കൂളിൽ ചേർത്തത്. ഞാൻ ഓഫ് വൈറ്റ് നിറത്തിലും അനിമോൾ പിങ്ക് നിറത്തിലും ഉള്ള മുട്ടറ്റം
വരുന്ന Shirt frock ആയിരുന്നു ഞങ്ങളുടെ വേഷം (അന്നേ ബല്യ style കാരിയായിരുന്നു ) അന്നത്തെ ഹെഡ്മിസ്ട്രസ് അയൽപക്കക്കാരി കൂടിയായ വാഴക്കലെ തങ്കമ്മ സാർ ആയിരുന്നു. സ്കൂളിൽ ചേരാൻ പോയ അന്ന് കിട്ടിയ പാരീസ് മിട്ടായി എന്നും കിട്ടും എന്ന വിചാരത്തോടെയായിരുന്നു സ്ക്കൂളിൽ പോയത്..
കുഞ്ഞമ്മ സാർ, ചെല്ലമ്മ സാർ ഇവരായിരുന്നു ഒന്നാം ക്ലാസിലെ ടീച്ചർമാർ. ഒന്നാം ക്ലാസിലെ ആദ്യ ദിനം എല്ലാ കുട്ടികളേയും ഒരേ ക്ലാസിലിരുത്തി പേരൊക്കെ ചോദിച്ചു. കുഞ്ഞമ്മ ടീച്ചർ ഒരു തൊപ്പിക്കാരൻ്റെ പടം ബോർഡിൽ വരച്ചു. ത്രികോണ തൊപ്പിയും വട്ടമുഖവും ഉള്ള ഒരു മുഖം. അത് എല്ലാവരും പകർത്തിയെടുത്തു. ആദ്യദിനം കൂട്ടക്കരച്ചിലും കലാപരിപാടികളുമൊക്കെയായി ഉച്ചവരയേ ഉണ്ടായിരുന്നുള്ളൂ. പിറ്റേന്ന് എന്നെ B ഡിവിഷനിലേക്ക് മാറ്റി. (അതെനിക്കിഷ്ടായില്ല😏) തൂവെള്ള ചട്ടയും മുണ്ടും ഒക്കെ ഇട്ട്, കട്ടി കറുപ്പ് വട്ടക്കണ്ണടയൊക്കെ വച്ച് റോസ് നിറമുള്ള കവിളും കൊറിയൻ Glass Skin ഉം ഒക്കെ ഉള്ള ഒരു സുന്ദരിയായിരുന്നെങ്കിലും ഗൗരവക്കാരിയായിരുന്നു ചെല്ലമ്മ സാർ.
അങ്ങനെ ഒന്നാം ക്ലാസിൽ ആശാ ശങ്കർ എന്ന ഉണ്ണിയാശ പയറ്റ് തുടങ്ങി.
പിന്നെ അഞ്ചാം ക്ലാസ് വരെ…..
കൂട്ടുകാരായ അനിമോൾ മിനിമോൾ, ബിന്ദു P കുഞ്ഞുമോൻ, റീന, റീനി, ഷീന, ആശ ഏബ്രഹാം, എമിലി അനിതാ T, അനിതാ ചാക്കോ, പ്രസീദ തുടങ്ങി കൂട്ടുകാരുടെ വൻപടയുണ്ടായിരുന്നു. അപ്പോഴും. അന്ന് പോപ്പിക്കുടയും സ്കൂബി ഡേ ബാഗും ഒന്നുമില്ല. മിക്ക കുട്ടികളുടെയും ആഡംബരം തോൾസഞ്ചി, കറുത്ത കുട… പല വർണ്ണങ്ങൾ നിറഞ്ഞ സുതാര്യമായ പ്ലാസ്റ്റിക് പിടി. ആൺകുട്ടികൾക്ക് മിക്കവർക്കും ബാഗില്ലായിരുന്നു. ഒന്നുകിൽ തോൾസഞ്ചി അല്ലെങ്കിൽ വീതിയുള്ള റബർബാൻഡ് ഇട്ടാണ് പുസ്തകങ്ങൾ കൊണ്ടുവരാറ്. അലൂമിനിയം പെട്ടികളും അപൂർവ്വമായിരുന്നു.
മഴക്കാലത്ത് സ്ക്കൂൾ വിട്ടാൽ ചേമ്പിലയും ചൂടി ഓടുന്ന ആൺകുട്ടികൾ പതിവുകാഴ്ചയായിരുന്നു.
സ്ലേറ്റ് തുടയ്ക്കാനുള്ള മഷിത്തണ്ടിൻ്റെയും പുണ്ണിലയുടെയും എണ്ണം മാത്രമായിരുന്നു അന്നത്തെ മുഖ്യ പ്രശ്നം. ഉച്ചയ്ക്കുള്ള ഉപ്പുമാവ് കഞ്ഞിയിലേക്ക് മാറിയതും ഞങ്ങളുടെ കാലത്താണ്.
സംഭവ ബഹുലമായ അഞ്ചു വർഷങ്ങൾ…
യുറീക്കാ പരീക്ഷ, സുഗമ ഹിന്ദി പരീക്ഷ, LSS തുടങ്ങിയ കഠിന പരീക്ഷണങ്ങളുടെയും സാഹിത്യ സമാജങ്ങളിൽ തുടങ്ങി യുവജ നോത്സവങ്ങളിൽ എത്തി നിന്നിരുന്ന കലാ പരീക്ഷണങ്ങളുടെയും കാലം..
പാരീസ് മിഠായിയിൽ തുടങ്ങിയ എൻ്റെ സ്ക്കൂൾ ജീവിതം.. ഇപ്പോഴും മറ്റൊരു സ്കൂളിലെത്തി നിൽക്കുന്നു. മറ്റൊരു റോളിൽ .. എന്നാലും പ്രവേശനോത്സവ ഓർമ്മകൾ തുടങ്ങുന്നത് പാരീസ് മിഠായിയിൽ നിന്നുതന്നെയാണ്.
ഉണ്ണിയാശയുടെ ഉണ്ണാമററം സ്കൂൾ ഓർമ്മകൾ കലക്കി.
സുന്ദരമായ എഴുത്ത്. വായിക്കുന്നവരും ചെറുപ്രായത്തിലാകുന്നില്ലേ?
സുന്ദരമായ നമ്മുടെ ബാല്യകാലം ❤️
ഉണ്ണിയാശയുടെ പാരീസ് മിഠായി: ഓർമ്മകളുടെ കാല്പാടുകൾ ഓർമ്മയുടെ പുസ്തകത്തിൽ നിന്നൊരു പാഠം പോലെയാണ് ഈ എഴുത്ത്! ഓർമ്മകളുടെ തുള്ളിയൊലികൾ പോലെയാണ് ഉണ്ണിയാശയുടെ എഴുത്ത് – ചിലത് മധുരം, ചിലത് പുളിപ്പ്, എല്ലാം **ജീവിതത്തിൻ്റെ രുചി**! ഈ രചന **ഒരു പഴയ സ്ലേറ്റ്** പോലെയാണ്: മായാത്ത അക്ഷരങ്ങൾക്ക് മീതെ, ഒരു ചിരിയും ഒരു തുള്ളി കണ്ണീരും കൂടി! ✨
ഓർമ്മകളുടെ ഈ പാഠം വായിക്കുമ്പോൾ, പാരീസ് മിഠായിയുടെ മധുരം വായിൽ നിറയുന്നു…)
റബ്ബർ ബാൻഡ് ഇട്ട് പുസ്തകം കൊണ്ടുവന്ന ഓർമ്മ വീണ്ടും മനസ്സിലേക്ക് കൊണ്ടുവന്നതിന് നന്ദി..
മുറിഞ്ഞ കല്ല് പെൻസിൽ, മഷിത്തണ്ട് ചെടി ഇവയെല്ലാം അന്നത്തെ രീതി ആയിരുന്നല്ലോ
ഇഷ്ടം ഈ എഴുത്ത്
ഓർമ്മകൾ സൂപ്പർ👍
Beautiful write up Achechi.. I can visualize everything when I read it ❤️ ☺️hat surprises me is you remember every detail. 😍