മലയാളി മനസ്സ് ൻ്റെ പ്രിയപ്പെട്ട എല്ലാ വായനക്കാർക്കും
മലയാള സാഹിത്യത്തിലെ നക്ഷത്രപ്പൂക്കൾ എന്ന രചനയുടെ ഇരുപത്തിരണ്ടാം ഭാഗത്തിലേയ്ക്ക് സ്വാഗതം
മലയാള സാഹിത്യത്തിലെ ക്ഷണിക ജ്യോതിസ്സ് ആയ ശ്രീ. വി.സി. ബാലകൃഷ്ണപ്പണിക്കർ ആണ് ഇന്നത്തെ നക്ഷത്രപ്പൂവ്!
വി.സി. ബാലകൃഷ്ണപ്പണിക്കർ (
)
ഈ പേരു കേൾക്കുമ്പോൾ പ്രായം ചെന്നൊരു മനുഷ്യൻ്റെ മുഖമായിരിക്കും പുതിയ തലമുറയ്ക്കു തോന്നുക. എന്നാൽ മലയാള സാഹിത്യ ചരിത്രത്തിൽ ലബ്ധപ്രതിഷ്ടിത നായ വി.സി. ബാലകൃഷ്ണ പണിക്കർക്ക് രണ്ടു വ്യാഴവട്ടം പോലും ഈ ഭൂമുഖത്ത് ജീവിക്കാനായില്ല.
വളരെ ചുരുങ്ങിയ കാലത്തെ ജീവിതം കൊണ്ടുതന്നെ മലയാളഭാഷയ്ക്ക് അമൂല്യമായ സംഭാവനകൾ നല്കിയ കവിയാണ് വി.സി. ബാലകൃഷ്ണപ്പണിക്കർ. മലപ്പുറം ജില്ലയിലെ വേങ്ങരയ്ക്ക് സമീപം ഊരകം കീഴ്മുറിയിൽ വെള്ളാട്ട് ചെമ്പലഞ്ചേരി വീട്ടിൽ 1889 മാർച്ച് ഒന്നിനാണ് അദ്ദേഹം ജനിച്ചത്. പിതാവ് കപ്പേടത്തു കൃഷ്ണനുണ്ണി നായർ.
നാട്ടെഴുത്താശ്ശാൻ്റെ അടുത്തുനിന്നു തന്നെ മലയാളത്തോടൊപ്പം സംസ്കൃതത്തിൻ്റെ ബാലപാഠങ്ങളും, കേരള ഭോജരാജനെന്ന് പ്രസിദ്ധി നേടിയ പടിഞ്ഞാറേ കോവിലകത്തെ ഏട്ടൻ തമ്പുരാൻ്റെ ശിഷ്യത്വം സ്വീകരിച്ച് കാവ്യനാടകാലങ്കാരങ്ങളും, അതോടൊപ്പം ഇംഗ്ലീഷും പഠിച്ചു.
ആദ്യമായി രചിച്ച ‘മാനവിക്രമീയം’ എന്ന അലങ്കാര ഗ്രന്ഥം ഗുരു ദക്ഷിണയായി തമ്പുരാനു സമർപ്പിച്ചിട്ട് ബാലകൃഷ്ണപ്പണിക്കർ പത്രപ്രവർത്തന രംഗത്തേയ്ക്കു തിരിഞു.
“കേരള ചിന്താമണി” യുടെ പത്രാധിപരായി ജോലി നോക്കിയതിനു ശേഷം കോഴിക്കോട് “മലബാറി” വാരിക യുടെ പത്രാധിപരായും പ്രവർത്തിച്ചു.
ജീവിതത്തിൽ ഏറെ ദുരന്തങ്ങൾ അദ്ദേഹത്തിന് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. വളരെ ചെറുപ്പത്തിലേ ക്ഷയരോഗം ബാധിച്ചു. അമ്മയും ഇളയ സഹോദരനും വിഷൂചിക ബാധിച്ച് മരിച്ചു. കാമുകിയുടെ മരണം അദ്ദേഹത്തെ പിടിച്ചുലച്ചു. പിന്നീട് വിവാഹം കഴിച്ചു എങ്കിലും സന്താനങ്ങൾ ഉണ്ടായിരുന്നില്ല. ഇങ്ങനെ വ്യക്തിജീവിതത്തിൽ വളരെയേറെ തിരച്ചടികൾ നേടുന്നതിനിടയിലും മലയാള സാഹിത്യത്തിന് വിലപ്പെട്ട സംഭാവനകൾ നൽകുവാൻ അദ്ദേഹത്തിനു കഴിഞ്ഞു എന്നതാണ് ശ്രദ്ധേയമായ കാര്യം!
ഒരു വിലാപം, വിശ്വരൂപം എന്നിവയാണ് അദ്ദേഹത്തിൻ്റെ ഏറ്റവും പ്രസിദ്ധങ്ങളായ കൃതികൾ. കൂടാതെ മാനവിക്രമീയം, കുമാര സ്തോത്രമാല, നാഗാനന്ദം,
കുമാരചരിതം നാടകം, സൂക്തിമുക്താ മണിഷ്ടകം, ചില നീതിസാരങ്ങൾ, ഒരു നിശ തുടങ്ങിയവയും അദ്ദേഹത്തിൻ്റെ കൃതികളാണ്.
സാധാരണ വിലാപകാവ്യങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ബാലകൃഷ്ണപ്പണിക്കരുടെ ‘ ഒരു വിലാപം’ എന്ന കാവ്യം. വിഷൂചിക പടർന്നു പിടിച്ച് ധാരാളം ആളുകൾ മരിക്കുന്നു. ജനങ്ങൾ ആകെ ഭയപ്പെട്ടിരിക്കുകയാണ്. എപ്പോൾ ആർക്കാണ് മരണം സംഭവിക്കുക എന്ന് അറിയുവാൻ കഴിയുന്നില്ല . എങ്ങും നിറഞ്ഞ അന്ധകാരത്തിൽ മരണാസന്നയായിക്കിടക്കുന്ന പ്രാണപ്രേയസിയെ പരിരക്ഷിച്ചു കൊണ്ടിരിക്കുന്ന നിസ്സഹായനും ദുഃഖിതനുമായ ഒരു യുവാവിൻ്റെ ചിന്തകളിലൂടെയാണ് ‘ഒരു വിലാപം’ വായനക്കാരുടെ മനസ്സിലേക്ക് കടന്നു വരുന്നത്!
‘നാട്ടാരെല്ലാം വിഷൂചിലഹള യിലുതിരും കാലം, അദ്ദീനമായ്ൻ്റെ കൂട്ടാളയ്യോ കഴിഞ്ഞീടിന കഥ,വലുതായുള്ളവർഷനിശീഥനം നേരിട്ടിരുന്നു.
കേട്ടാലാരും ഭയം കൊണ്ടിളകിമറിയുമീവേളയിൽ, കഷ്ടമായാൾ നീട്ടാതം,
കൂടി വയ്യാതെരിയുമൊരു വിളക്കിൻ്റെ നേരിട്ടിരുന്നു.
ഇങ്ങനെ തികച്ചും ഭീതിജനകമായ ഒരു അന്തരീക്ഷത്തോടുകൂടിയാണ് ‘ഒരു വിലാപം’ ആരംഭിക്കുന്നത്. ദുഃഖഭാരത്താൽ തലകുനിച്ചിരുന്ന അയാൾ വേദാന്ത ചിന്തയിലേയ്ക്ക് വഴുതിപ്പോകുകയും ഈശ്വര നിശ്ചയത്തിന് മാറ്റം വരുത്തുവാൻ കഴിയുകയില്ല എന്ന് സമാധാനിക്കുകയും ചെയ്യുന്നു. അപ്പോഴും അയാളുടെ ദുഃഖത്തിനു യാതൊരു കുറവും വരുന്നില്ല.
സമുദ്രതീരത്തു നിന്നുകൊണ്ട് അപാരമായ പ്രപഞ്ച സൗന്ദര്യത്തിൻ്റെ അഗാധതലങ്ങളിലേയ്ക്കു എത്തിനോക്കുന്ന കവിയുടെ മനസ്സിൽ ഉണ്ടാകുന്ന ഭാവന വിലാസങ്ങളാണ് ‘വിശ്വരൂപം’ എന്ന കവിതക്ക് ആധാരം.
‘അങ്ങോട്ടു നോക്കുക, ചുവപ്പുവെളുപ്പു പച്ചയെന്നീ നിറങ്ങളിടതിങ്ങിയൊരംബരാന്തം
ചെന്താരുമാമ്പലു മൊരേ സമയം വിരിഞ്ഞു പൊന്തുന്ന പൊയ്കയുടെ ചന്തമിയന്നിടുന്നു
പ്രപഞ്ചരഹസ്യം മനുഷ്യചിന്തയ്ക്ക് അതീതമാണെനും എല്ലാമറിയുന്നു എന്ന മനുഷ്യൻ്റെ മനോഭാവത്തിന് അർത്ഥമില്ലെന്നും അറിയാത്തതൊന്നും യാഥാർത്ഥ്യമല്ലെന്നും മറ്റുമുള്ള തത്വചിന്തയോടെയാണ് വിശ്വരൂപം സമാപിക്കുന്നത് .
ഇങ്ങനെയുള്ള അദ്ദേഹത്തിൻ്റെ ചിന്താഗതി സ്വന്തം ജീവിതത്തിലും സംഭവിച്ചു എന്നത് ഒരു പക്ഷേ യാദൃശ്ചികം ആയിരിക്കാം .
വളരെക്കുറച്ചു കാലത്തെ സാഹിത്യ പരിശ്രമങ്ങളുടെ ഫലമായി വളരെ ഗഹനമായ തത്വചിന്തകൾ അവതരിപ്പിച്ച അദ്ദേഹത്തിന് 26 വർഷത്തെ ജീവിതം മാത്രം നൽകി നിയതി അതിൻ്റെ ശക്തി തെളിയിച്ചു!
അടുത്ത ലക്കം വീണ്ടും കണ്ടുമുട്ടാം
Thank You Sir

ഒരല്ലലുണ്ടെങ്കിൽ എനിക്കു കല്ലായിരിക്കുവാനാണിനിമേലിലിഷ്ടം
മരിച്ചുപോം മർത്യതയെന്തിനാണ്
കരഞ്ഞിടാം കരയിച്ചിടാനും
ഇദ്ദേഹത്തിൻ്റെ പേരു കേൾക്കുമ്പോൾ ഓർമ്മ വരുന്ന നാലുവരി കവിത ഇതാണ്.
നല്ല അവതരണം
പുതിയ അറിവുകൾ, നല്ല അവതരണം
അദ്ദേഹത്തെക്കുറിച്ച് ആദ്യമായി കേൾക്കുന്നു..
നല്ല അറിവ്
നല്ല വിവരണം