മലയാളി മനസ്സ് ലെ എല്ലാ പ്രിയപ്പെട്ട വായനക്കാർക്കും മലയാള സാഹിത്യത്തിലെ നക്ഷത്രപൂക്കൾ എന്ന രചനയുടെ മുപ്പത്തിഒന്നാം ഭാഗത്തിലേക്ക് സ്വാഗതം
കവി, ചലച്ചിത്രഗാനരചയിതാവ്, നിർമ്മാതാവ്, സംവിധായകൻ, നടൻ എന്നിങ്ങനെ വിവിധ രംഗങ്ങളിൽ പ്രാഗല്ഭ്യം തെളിയിച്ച പി. ഭാസ്ക്കരൻ മാഷ് ആണ് ഇന്നത്തെ നക്ഷത്രപൂവ്!
പി. ഭാസ്ക്കരൻ (
) (21/04/1924 – 25/02/2007)
പി. ഭാസ്കരൻ 1924 ഏപ്രിൽ മാസം ഇരുപത്തിയൊന്നാം തീയതി കൊടുങ്ങല്ലൂർ എന്ന സ്ഥലത്താണ് ജനിച്ചത്. അദ്ദേഹത്തിൻ്റെ പിതാവ് കവിയും, അഭിഭാഷകനും ആയിരുന്ന നന്ത്യേലത്ത് പത്മനാഭമേനോനും,മാതാവ് പുല്ലൂറ്റുപാടത്ത് അമ്മാളു അമ്മയും ആയിരുന്നു.
സാഹിത്യ രചനയിലും അഭിനയത്തിലും പിതാവു തന്നെയായിരുന്നു മാർഗ്ഗദർശി. അദ്ദേഹം സ്വാതന്ത്ര്യ സമരഗാനങ്ങളും മറ്റും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംഗീതം, സാഹിത്യം, സ്വാതന്ത്ര്യസമരം തുടങ്ങിയവയുമായി ബന്ധപ്പെട്ട് പല വിശിഷ്ടവ്യക്തിത്വങ്ങളും വീട്ടിൽ വരുമായിരുന്നു. ഇവരുടെ സംസാരവും മറ്റും ശ്രദ്ധിച്ചിരുന്ന പി. ഭാസ്കരനിൽ ബാല്യകാലത്തുതന്നെ സാഹിത്യാഭിരുചി വളരുവാൻ തുടങ്ങി. കവിതകൾ വായിക്കുന്നതും ചൊല്ലുന്നതും അദ്ദേഹത്തിന് ഒരു ആവേശമായി മാറി.
ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ തന്നെ ഭാസ്ക്കരൻ കവിതകളെഴുതി ആഴ്ചപതിപ്പിലും മറ്റും പ്രസിദ്ധീകരിച്ചിരുന്നു. ഉലൂകൻ, ഭാസി തുടങ്ങിയ പേരുകളിലാണ് ആദ്യം എഴുതിയിരുന്നത്. എറണാകുളം മഹാരാജാസ് കോളേജ് മാഗസീനിൽ പ്രസിദ്ധീകരിച്ച
ദീർഘപ്രതീക്ഷ എന്ന കവിതയാണ് പി.ഭാസ്കരൻ എന്ന പേരിൽ ആദ്യമായി പുറത്തുവന്നത്.
ആദ്യകാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി സഹയാത്രികനായിരുന്ന അദ്ദേഹം പാർട്ടിയുടെ വളർച്ചയ്ക്ക് സാഹിത്യത്തിലൂടെ മികച്ച സംഭാവനകൾ നല്കിയിട്ടുണ്ട്. “വയലാർ
ഗർജ്ജിക്കുന്നു” എന്ന കവിത ഇക്കാര്യത്തിൽ എടുത്തു പറയേണ്ടതാണ്.
വിപ്ലവപാർട്ടിയുടെ പ്രവർത്തനങ്ങളിൽ അതൃപ്തി തോന്നിയ അദ്ദേഹം പിന്നീട് വിപ്ലവാദർശങ്ങളിൽ നിന്നു അൽപം വ്യതിചലിച്ചു. പിൽക്കാലത്ത് അദ്ദേഹത്തിൻ്റെ കവിതകളിൽ ഒരു ദുഃഖഛായ കലർന്നിരുന്നു.
‘ഒന്നും വിടാതെ പകർത്തുന്നു ഞാനെൻ്റെ,
കണ്ണീർ കലരുമീച്ചായ ക്കൂട്ടിൽ…’
എന്നും മറ്റുമുള്ള വരികൾ ഇതിനുദാഹരണമാണ്. എങ്കിലും വിപ്ലവചിന്തകൾ അദ്ദേഹം പാടേ ഉപേക്ഷിച്ചിരുന്നില്ല. ഓടക്കുഴലും, ലാത്തിയും, പല്ലക്കു ചുമക്കുന്നവർ, പന്തയം തുടങ്ങിയ കവിതകളിൽ പഴയ വിപ്ലവാവേശം കാണാം!
ഗാനാത്മകതയും ആശയഗംഭീര്യവും ഭാസ്കരൻ മാഷ്ടെ കവിതകളുടെ മുഖമുദ്രകളാണ്. വളരെ മനോഹരമായ ഓർക്കുക വല്ലപ്പോഴും എന്ന കവിതയിൽ ഇത് പ്രത്യേകിച്ചും പ്രകടമായി കാണാം. ചുരുങ്ങിയ വാക്കുകൾ കൊണ്ട് ശക്തവും വ്യക്തവുമായ രീതിയിൽ ആശയങ്ങൾ പ്രകടിപ്പിക്കുവാൻ അദ്ദേഹത്തിനു കഴിയും.
‘വീര്യം തുള്ളിതുളുമ്പും വാളത്രേ
വീണയല്ലിന്നെൻ തൂലിക’… എന്നു പ്രഖ്യാപിച്ചു കൊണ്ടു കവിതാരംഗത്തേക്കു വന്ന കവിയാണ് പി. ഭാസ്കരൻ മാഷ്! അദ്ദേഹത്തിൻ്റെ ആദ്യകാല കവിതകൾ ഈ മനോഭാവം തെളിയിച്ചിട്ടുമുണ്ട്.
വയലാർ ഗർജ്ജിക്കുന്നു, നവകേരളം,കരവാൾ, സ്വപ്ന സീമ, ഓർക്കുക വല്ലപ്പോഴും, പാടുന്ന മൺതരികൾ, രണഭേരി, സത്രത്തിൽ ഒരു രാത്രി, ഒറ്റക്കമ്പിയുള്ള തന്ത്രി, മുൾക്കീരിടം, പുഴ പിന്നെയും ഒഴുകുന്നു എന്നിവയാണ് അദ്ദേഹത്തിൻ്റെ പ്രധാന കൃതികൾ. കാടാറുമാസം, സിനിമാ നിർമ്മാണം എന്നീ ഗദ്യകൃതികളും എഴുതിയിട്ടുണ്ട്.
സാഹിത്യ അക്കാഡമി അവാർഡ്, ഓടക്കുഴൽ അവാർഡ്, വള്ളത്തോൾ അവാർഡ്, ആശാൻ പ്രൈസ് തുടങ്ങി നിരവധി പുരസ്കാരങ്ങൾക്ക് അദ്ദേഹം അർഹനായിട്ടുണ്ട്!
സാഹിത്യ ലോകത്ത് എന്നതുപോലെ തന്നെ ചലച്ചിത്ര രംഗത്തും പി.ഭാസ്ക്കരൻ സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
ഇന്ത്യൻ പ്രസിഡൻ്റിൻ്റെ വെള്ളിമെഡൽ നേടിയ നീലക്കുയിൽ എന്ന ചലച്ചിത്രം സംവിധാനം ചെയ്തു കൊണ്ടാണ് പി. ഭാസ്കരൻ ഈ രംഗത്തേയ്ക്ക് പ്രവേശിക്കുന്നത്. രാരിച്ചൻ എന്ന പൗരൻ, നായരു പിടിച്ച പുലിവാല്, ആദ്യകിരണങ്ങൾ, തുറക്കാത്ത വാതിൽ, ഇരുട്ടിൻ്റെ ആത്മാവ് തുടങ്ങിയവ പി. ഭാസ്കരൻ്റെ കലാപരമായ കഴിവിന് അംഗീകാരം നേടിക്കൊടുത്ത ചലച്ചിത്രങ്ങളാണ്.
മലയാളികളുടെ ചുണ്ടിൽ ഇന്നും തങ്ങി നില്ക്കുന്ന നിരവധി ചലച്ചിത്ര ഗാനങ്ങൾ പി. ഭാസ്കരൻ മാഷ് രചിച്ചിട്ടുണ്ട്!
‘കായലരികത്തു വലയെറിഞ്ഞപ്പോ
വള കിലുക്കിയ സുന്ദരീ…’
‘കദളി വാഴ
ക്കൈയിലിരുന്ന്
കാക്കയൊന്നു വിരുന്നു വിളിച്ചു
വിരുന്നുകാരാ വിരുന്നുകാരാ
വിരുന്നുകാരാ വന്നാട്ടെ.
സ്വപ്നങ്ങളൊക്കെയും പങ്കു വയ്ക്കാം
ദുഃഖഭാരങ്ങളും പങ്കുവയ്ക്കാം…
തുടങ്ങിയ ചലച്ചിത്രഗാനങ്ങൾ കേരളത്തിലങ്ങോളമിങ്ങോളം ഇന്നും അലയടിക്കുന്നുണ്ട്. മികച്ച ചലച്ചിത്രഗാന രചനയ്ക്ക് അദ്ദേഹത്തിന് പല പ്രാവശ്യം അവാർഡുകൾ കിട്ടിയിട്ടുണ്ട്.
സ്വാതന്ത്ര്യസമരകാലത്ത് പി. ഭാസ്ക്കരൻ മാഷ് ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.
കേരള സംഗീത നാടക അക്കാഡമിയുടെ സെക്രട്ടറി, ചെയർമാൻ എന്നീ സ്ഥാനങ്ങൾ അദ്ദേഹം വഹിച്ചിരുന്നു. കേരള സ്റ്റേറ്റ് ഫിലിം ഡവലപ്പ്മെൻ്റ് കോർപ്പറേഷൻ ചെയർമാൻ, ചിത്രാഞ്ജലി സ്റ്റുഡിയോ മാനേജർ, ഏഷ്യാനെറ്റിൻ്റെ സ്ഥാപക ചെയർമാൻ,ദേശാഭിമാനി ദിനപത്രത്തിൻ്റെ പത്രാധിപർ, ജയകേരളം മാസിക, ദീപിക വാരിക തുടങ്ങിയവയുടെ പത്രാധിപ സമിതിയംഗമായിട്ടും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
ചുരുക്കത്തിൽ കവി, ഗാനരചയിതാവ്, സ്വാതന്ത്ര്യസമരസേനാനി, ആകാശവാണി ഉദ്യോഗസ്ഥൻ, സിനിമ സംവിധായകൻ എന്നിങ്ങനെ വിവിധ നിലകളിൽ ശോഭിച്ചു നിന്നിരുന്ന ഉജ്ജ്വല വ്യക്തിത്വത്തിൻ്റെ ഉടമയായ പി. ഭാസ്ക്കരൻ മാഷ് 2007 ഫെബ്രുവരി ഇരുപത്തിയഞ്ചാം തീയതി വിട വാങ്ങി
അടുത്ത ലക്കം വീണ്ടും കണ്ടുമുട്ടാം
Thank You Sri.Raju Sankarathil Sir

കുട്ടിക്കാലം മകൾ കേട്ട് ശീലിച്ച പേര് പി. ഭാസ്കരൻ.
റേഡിയോയിലൂടെ അദ്ദേഹത്തിന്റെ വരികൾ ആദ്യം ആസ്വദിച്ചു..
അദ്ദേഹത്തിന്റെ ജീവിത വഴികൾ നന്നായി എഴുതി
കുട്ടിക്കാലം മുതൽ
മികച്ച ഓർമ കുറിപ്പിന് അനുമോദനങ്ങൾ.പ്രഭ.