ഒരു എഴുത്തുകാരന്റെ ഭാവന യാഥാർഥ്യമാകുന്നു.
ശ്രീ വൈക്കം സുനീഷ് ആചാര്യ എന്ന സർഗ്ഗപ്രതിഭയെക്കുറിച്ചാണ് ഈ പറയുന്നത്. അദ്ദേഹം 2024ജൂൺ 24നാണ് സൃഷ്ടിയ്ക്കു വേണ്ടി #ചൊവ്വയിലെപ്രണയം എന്ന സയൻസ്ഫിക്ഷൻ തുടർക്കഥ എഴുതുന്നത്. അതിലെ ചില കഥാസന്ദർഭങ്ങളിലെ പ്രവചനങ്ങൾ ശാസ്ത്രലോകം സ്ഥിരീകരിച്ചു. ആ ഭാഗം ഞാനിവിടെ സൂചിപ്പിക്കാം. കഥയിലെ നായികാനായകന്മാരായ പ്രിത്വിയും ജൂലിയയയും ഇന്ത്യയുടെയും ചൈനയുടെയും പ്രതിനിധികളായി നാസയുടെ നിർദേശാനുസരണം ചൊവ്വാഗ്രഹത്തെ പഠിക്കുന്നതിനായി പുറപ്പെട്ടു. ചൊവ്വാഗ്രഹത്തിലെത്തിച്ചേർന്നതിനുശേഷം ഇരുരാജ്യങ്ങളും തമ്മിൽ യുദ്ധസമാനമായ സാഹചര്യമുണ്ടാവുകയും അവരവിടെ കുടുങ്ങിപ്പോവുകയും ചെയ്യുന്നു. കഥയിൽ ഈ ഭാഗം അവതരിപ്പിക്കുന്ന ഒന്നാം അദ്ധ്യായം പ്രസിദ്ധീകരിച്ച്, ആഴ്ചകൾക്കകം സുനിതാവില്യംസും സഹയാത്രികനും അവർ സഞ്ചരിച്ച പേടകത്തിന്റെ യന്ത്രം തകരാറിലായതിനെത്തുടർന്ന് ബഹിരാകാശത്തു കുടുങ്ങിയതായി ലോകമറിഞ്ഞു.
പ്രിത്വിയും ജൂലിയയും ചൊവ്വയിലെ അന്തരീക്ഷത്തിലൂടെ സഞ്ചരിക്കുമ്പോൾ അപരിചിതമായ ശബ്ദം കേൾക്കുകയും അതിനെ അന്വേഷിച്ചെത്തുമ്പോൾ ഒരു ഗുഹയെ കണ്ടെത്തുന്നതുമാണ് മറ്റൊരു കഥാസന്ദർഭം. എഴുത്തുകാരന്റെ ഈ ഭാവനയും ഏതാനും ആഴ്ചകൾക്ക് മുൻപ് ശാസ്ത്രലോകം തെളിയിച്ചു. ഈ കഥാസന്ദർഭത്തെ വിവരിച്ച രണ്ടാം അദ്ധ്യായം പ്രസിദ്ധീകരിച്ചിട്ട് എട്ടുമാസം പിന്നിടുന്നു. (01-05-2024) ഇതിനും ഒരു മാസംമുൻപ്തന്നെ കഥയുടെ അഞ്ച് അദ്ധ്യായങ്ങളും പൂർത്തിയാക്കി പ്രസിദ്ധീകരണത്തിനായി എന്റെ കൈവശം ഏൽപ്പിച്ചിരുന്നു.
ആ ഗുഹക്കുള്ളിൽ വച്ചാണ് പ്രിത്വി ജൂലിയയയോട് തന്റെ ഹൃദയം തുറക്കുന്നത്. അവരുടെ പ്രണയനിമിഷത്തിനു വർണ്ണങ്ങൾപകരാനെത്തിയതാണ് ആ ഗുഹാഭിത്തിയിലെ തിളങ്ങുന്ന ക്രിസ്റ്റലുകൾ.അവിടെ ഒരു ജലാശയം പ്രത്യക്ഷപ്പെട്ടത് അവരുടെ നവ്യാനുഭൂതികൾക്ക് കുളിരേകുവാനാണ് . ഇങ്ങനെ,ഒരിക്കൽപ്പോലും ചൊവ്വയെന്ന ചുവന്നഗ്രഹത്തിൽ എത്തിയിട്ടില്ലാത്ത കഥാകാരന്റെ ഭാവനാലോകത്തിലെ ചൊവ്വയിലെ തിളങ്ങുന്ന ക്രിസ്റ്റലുകളെയും, തടാകത്തിന്റെ സാന്നിധ്യവും ശാസ്ത്രലോകം കണ്ടെത്തിയിട്ട് നാളുകളേറേയായിട്ടില്ല.
ഈ കഥയിൽ മാത്രമല്ല സൃഷ്ടിയ്ക്കു വേണ്ടി ശ്രീ വൈക്കം സുനീഷ് ആചാര്യ എഴുതിയ ‘സാത്താന്റെരശ്മികൾ’ എന്ന തുടർക്കഥയിലെ പല പ്രവചനങ്ങളും തെളിയിക്കപ്പെട്ടതാണ്. ഭൂമിയിൽ അന്യഗ്രഹജീവികൾ ആധിപത്യമുറപ്പിക്കുന്ന ഒരു കാലത്തിനെ അദ്ദേഹം ഈ കഥയിലൂടെ ഗണിച്ചവതരിപ്പിച്ചു. AD3000… അന്ന് നമ്മളുണ്ടാവില്ല. പക്ഷെ അദ്ദേഹത്തിന്റെ മനസിലെ നിഗൂഢകളുറങ്ങുന്ന ഭാവനയുടെ കണ്ടെത്തലുകളും അതിന്റെ പിന്നിലെ ശാസ്ത്രീയവശവും രേഖപ്പെടുത്തിയ അമൂല്യമായ രചനകൾ നിലനിൽക്കേണ്ടതുണ്ട്. വരുംതലമുറയ്ക്കായി.
ലോകസാഹിത്യവും, ശാസ്ത്രലോകവുമൊക്കെ നിരീക്ഷിച്ചാൽ ഒരു സത്യം നമുക്ക് മനസിലാവും. വിദേശികളായ പല ശാസ്ത്രജ്ഞരും അവകാശപ്പെടുന്ന വലിയ വലിയ കണ്ടുപിടുത്തങ്ങളൊക്കെയെത്തുന്നത് ഭാരതീയരുടെ കഠിനാധ്വാനത്തിലാണ്.
ഡോ. ഇ സി ജി സുദർശൻ എന്ന പ്രതിഭാധനനായ മലയാളി തന്നെയാണ് ഏറ്റവും വലിയ ഉദാഹരണം. പ്രകാശത്തെക്കാൾ വേഗമേറിയ ആറ്റംകണങ്ങളെകുറിച്ച് പ്രവചിച്ചത് അദ്ദേഹമായിരുന്നു. പക്ഷെ ഇതുൾപ്പെടെ അദ്ദേഹത്തിന്റെതായ പല നേട്ടങ്ങളും സുഹൃത്തുക്കളും, സഹപ്രവർത്തകരുമായ വിദേശശാസ്ത്രജ്ഞർ തട്ടിയെടുത്തു. കാരണം തെളിവുകൾ സൂക്ഷിക്കുവാൻ അദ്ദേഹം മറന്നുപോയിരുന്നു. നോവൽ പുരസ്‌കാരത്തിനായി ഒൻപത് തവണ അദ്ദേഹത്തിന്റെ പേര് നിർദ്ദേശിക്കപ്പെട്ടെങ്കിലും പലവിധകാരണങ്ങളാൽ ആ പേര് ഒഴിവാക്കപ്പെട്ടു.
പക്ഷെ ഈ പ്രവചനങ്ങളൊക്കെ ശ്രീ വൈക്കം സുനീഷ്ആചാര്യയുടേതാണെന്ന് ലോകത്തോട് വിളിച്ചു പറയുവാൻ കൃത്യമായ തെളിവുകളുണ്ട്. ലേഖനങ്ങളായും പത്രവാർത്തകളായും അഭിമുഖമായും അതൊക്കെ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ശാസ്ത്രലോകത്തിന്റെ അത്ഭുതപ്പെടുത്തുന്ന കണ്ടെത്തലുകളെയും എഴുത്തുകാരന്റെ ആശ്ചര്യപ്പെടുത്തുന്ന ഭാവനകളെയും കോർത്തിണക്കി ഞാൻ എഴുതിയ ലേഖനം ഞങ്ങളുടെ സുഹൃത്തും പത്രപ്രവർത്തകനുമായ ശ്രീ സമദ് കല്ലടിക്കോട് സന്തോഷപൂർവ്വം ഏറ്റെടുത്തു പത്രവാർത്തയായി പ്രസിദ്ധീകരിച്ചു. സൃഷ്ടിയിലൂടെ മൂവായിരത്തിലധികം പേര് വായിച്ച ലോകസാഹിത്യത്തിലെ മലയാളി സാന്നിധ്യം എന്ന ആ ലേഖനം ഏഷ്യയിലെ തന്നെ ഏറ്റവും കൂടുതൽ പ്രചാരമുള്ള മലയാളം ഓൺലൈൻ പത്രമായ മലയാളിമനസ്സും മലയാളമനോരമയും പ്രസിദ്ധീകരിച്ചു. സദ്ചിന്തസാംസ്കാരികകൂട്ടായ്മയുടെ മാസികയായ ചിന്താദീപത്തിനു വേണ്ടി ശ്രീ വൈക്കം സുനീഷ് ആചാര്യയുടെ അഭിമുഖം തയ്യാറാക്കിയത് ഞാൻ തന്നെയാണ്. അവയൊന്നും വെറുമൊരടയാളങ്ങളല്ല.. കഴിഞ്ഞ കുറച്ചു വർഷങ്ങളായി അദ്ദേഹത്തിന്റെ രചനകളെയും, അതിന്റെ സവിശേഷതകളെയും കൃത്യമായി പഠിച്ചു വിലയിരുത്തി ഞാൻ തയ്യാറാക്കിയതാണ്. കാലത്തിനുപോലും മായ്ക്കുവാൻ സാധിക്കാത്തവിധത്തിൽ ഞാൻ അവയെല്ലാം നിധിപോലെ കാത്തുസൂക്ഷിക്കുന്നു. ഒരു പക്ഷെ, ഇനി വരുംനാളുകളിൽ ലോകത്തിന്റെ ശാസ്ത്രസാഹിത്യഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്തുന്നത് ഈ വൈക്കത്തുകാരന്റെ പേരിലാവില്ലെന്ന് ആർക്കറിയാം.
ശാസ്ത്രസാങ്കേതികവിദ്യ ഇത്രമേൽ പുരോഗമിച്ച ഈ കാലത്ത് ശാസ്ത്രവേഗത്തെപ്പോലും സർഗ്ഗവൈഭവത്താൽ കീഴടക്കുവാൻ കഴിവുള്ള കഥാകാരൻ അണിഞ്ഞിരിക്കുന്ന കുപ്പായം പ്രവാസിയുടേതാണ്. ഏതോ ഒരു യൂറോപ്യൻരാജ്യത്തിലെ ആർത്തലയ്ക്കുന്ന കടലിന്റെമാറിലൂടെ ആടിയുലഞ്ഞു നീങ്ങുന്ന കപ്പലിനുള്ളിലാണ് ഈ കഥാകാരനുള്ളത്. അവിടെനിന്നുതിരുന്ന വരികളിൽ സ്വപ്നങ്ങളുടെ വൈഡൂര്യച്ചെപ്പും, പ്രണയത്തിന്റെ പവിഴപ്പുറ്റുമുണ്ട്. സമൂഹത്തോട് ഉത്തരവാദിത്വമുള്ള ഒരെഴുത്തുകാരന്റെ ആവേശത്തിര കളുണ്ട്. തിന്മകൾക്കെതിരെ പ്രതികരിക്കുവാൻ, പ്രവാസത്തിന്റ ഉപ്പുനീരിനെപ്പോലും ആവിയാക്കുന്ന പ്രതിഷേധാഗ്നിയുണ്ട്. കടലാഴത്തിനേക്കാൾ നിഗൂഢമായതും വിസ്മയാവഹവുമായ കഥകൾക്ക് ചിലപ്പോൾ ആർത്തിരമ്പിയെത്തുന്ന തിരമാലകൾ പോലെയും മറ്റുചിലപ്പോൾ ശാന്തമായ അലകൾപോലെയും അനുവാചകരോടു സംവദിക്കുവാൻ ശേഷിയുണ്ട്. ഇങ്ങനെ ഹൃദയങ്ങളിലേക്ക് കഥകൾ കുടഞ്ഞിട്ട കഥാകാരനാണ് ചരിത്രകാരനും, നാസയുടെ സിറ്റിസൺസയൻസ് ഗവേഷണസംഘത്തിലെ അംഗവുമായ ശ്രീ വൈക്കം സുനീഷ് ആചാര്യ.
ചൊവ്വയിലെ പ്രണയം എന്ന തുടർക്കഥയിലെ ഒരു പ്രവചനംകൂടിയിനി സത്യമാവാനുണ്ട്. വർഷങ്ങൾക്ക് മുൻപ് ചൊവ്വയിൽ ജീവന്റെ സാന്നിധ്യമുണ്ടായിരുന്നു എന്നത് ഒരു പക്ഷെ മനുഷ്യരുടേത് പോലെയുള്ളതോ, അതിലും പരിഷകൃതമായതോ ആയ ഒരു ജീവിസമൂഹത്തിന്റെ സംസ്കാരമാവാം… കഥ അവസാനിച്ച ഇവിടെനിന്ന് അത്ഭുതങ്ങൾ തേടുന്ന ശാസ്ത്രലോകത്തിനൊപ്പം ആത്മസൗഹൃദത്തിനു വേണ്ടി അവയെ എഴുതി സൂക്ഷിക്കുവാൻ കാത്തിരിക്കുന്നു ഞാനും…
ജയകുമാരി കൊല്ലം
അവതരണം: സൃഷ്ടി അക്ഷരശില്പശാല
അവലോകനം