തുർക്ക്‌മെനിസ്ഥാൻകാരനായ പ്രൊഫ. ലെസ്സെക് സിബിൽസ്കിയാണ് ആഗോളതലത്തിൽ സൈക്കിളിങ്ങിനെ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു ദിനം എന്ന ആശയം രൂപപ്പെടുത്തിയത് .അമ്പത്തിയേഴ് രാജ്യങ്ങളുടെ പിന്തുണയോടെ 2018 ഏപ്രിൽ 12 ന് ലോക സൈക്കിൾ ദിനം ജൂൺ 3 ആയി യുഎന്‍ പൊതുസഭയില്‍ അംഗീകരിച്ചു. ഇതിൻറെ പ്രഖ്യാപനത്തിൽ “രണ്ട് നൂറ്റാണ്ടുകളായി ഉപയോഗത്തിലിരിക്കുന്ന സൈക്കിളിന്റെ പ്രത്യേകത, ദീർഘായുസ്സ്, വൈവിധ്യം എന്നിവയോടൊപ്പം ലളിതവും, താങ്ങാനാവുന്നതും, വിശ്വസനീയവും, വൃത്തിയുള്ളതും, പരിസ്ഥിതിക്ക് അനുയോജ്യവുമായ ഒരു സുസ്ഥിര ഗതാഗത മാർഗ്ഗവുമാണിതെന്നും” എടുത്തു പറയുന്നു .
മനുഷ്യാധ്വാനത്തിലൂടെ പെഡലുകളുടെ സഹായത്തോടെ 19-ാം നൂറ്റാണ്ടിൽ യൂറോപ്പിലാണ് ആദ്യമായി സൈക്കിൾ നിർമ്മിച്ചത് .വിവിധ രൂപത്തിലും ഭാവത്തിലും ഒരു ബില്ല്യൺ സൈക്കിളുകളാണ് ഒരു വർഷത്തിൽ നിർമ്മിക്കുന്നത് .മറ്റ് വാഹനങ്ങളുടേയെല്ലാം ഉല്പാദനത്തിന്റെ എണ്ണത്തേക്കാൾ എത്രയോ മടങ്ങാണ് .സൈക്കിൾ സാമൂഹ്യമായും സാംസ്കാരികമായും കായികപരമായും ആധുനിക ലോകത്തെ സ്വാധീനിച്ചത് പോലെ മറ്റൊന്നും അത്രത്തോളം സ്വാധിനിച്ചിട്ടില്ല .മറ്റു വാഹനങ്ങളുടെ തുടക്കവും സൈക്കിളിൽ നിന്നാണെന്നതാണ് വസ്തുത .വാഹന ഭാഗങ്ങളായ ബാളുകൾ, ചങ്ങലകൊണ്ട് മുൻപോട്ട് നീങ്ങുന്നത് , ചക്രങ്ങൾ തുടങ്ങി വാഹനത്തിന്റെ എല്ലാം സൈക്കിളിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് .
1868ൽ ദി ഡെയിലി ന്യൂസിൽ ആദ്യമായി ബൈസൈക്കിൾസ്, ട്രൈസൈക്കിൾസ് എന്നിവയെ വിവരിക്കാനാണ് “ബൈസൈക്കിൾ” എന്ന പദം പ്രയോഗിച്ചത് . എന്നാൽ 1847 ൽ ഒരു ഫ്രഞ്ച് മാഗസിനിൽ, ഒരു ഇരുചക്ര വാഹനത്തെ വിവരിക്കാനായി “ബൈസൈക്കിൾ “എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചതായും പറയപ്പെടുന്നു.
ബാരൺ കാൾ വോൺ ഡ്രൈസ് ആണ് ആദ്യമായി ലോഫ്മഷീൻ എന്നറിയപ്പെടുന്ന ദാന്തി ഹോഴ്സ് എന്ന ഇരുചക്ര വാഹനം നിർമ്മിച്ചത് .കുതിര വലിക്കാതെതന്നെ വേഗത്തിൽ നീങ്ങുന്ന വണ്ടി നിർമിക്കുക എന്ന ഡ്രൈസിന്റെ ചിന്തയാണ് ആദ്യത്തെ സൈക്കിളിന്റെ നിർമാണത്തിലേക്ക് നയിച്ചത്. ‘ഡ്രൈസിൻ’ (Draisienne) എന്നാണ് ആ വാഹനം അറിയപ്പെട്ടത് . ഇതിനെയാണ് ആധൂനിക സൈക്കിൾ എന്ന് വിശേഷിപ്പിക്കുന്നത് . 1817 ഒരു മാൻഹിമിലും, 1818 -ന് പാരീസിലുമായി ഡ്രെയിസ് തന്റെ കണ്ടുപിടിത്തം പൊതുവായി അവതരിപ്പിച്ചതോടെയാണ് സൈക്കിൾ എന്ന വാഹനം പുറം ലോകം കാണുന്നത്. 1860 ൽ ഫ്രെഞ്ചുകാരായ പിയറെ മിചോക്സും, പിയറെ ലാല്ലെമെന്റും ചേർന്ന് മുൻവശത്തെ ടയറുകളിൽ രണ്ട് പെഡലുകൾ നൽകികൊണ്ടുള്ള സൈക്കിളിന്റെ പുതിയ രൂപം പുറത്തിറക്കി.1890 കളിലെ നിർമ്മാണങ്ങൾ ഇപ്പോഴുള്ള സൈക്കിൾ ബ്രേക്കുകളും (കോസ്റ്റർ ബ്രേക്കുകൾ), ഡിറെയിലർ ഗിയറുകൾ, കൈകൾകൊണ്ടു പ്രവർത്തിപ്പിക്കാവുന്ന വയറുകൾകൊണ്ടുള്ള രീതിയുമെല്ലാം വികസിപ്പിച്ചു .1888 -നായിരുന്നു റാലെയ്ഗ് ബൈസൈക്കിൾ കമ്പനി നിർമ്മിക്കപ്പെട്ടത്, പിന്നീട് അത് ലോകത്തെ ഏറ്റവും വലിയ സൈക്കിൾ നിർമ്മാണ കമ്പനിയായി മാറി. അവർ രണ്ട് മില്ല്യൺ സൈക്കിളുകളായിരുന്നു ഒരു വർഷത്തിൽ ഉണ്ടാക്കിയിരുന്നത്.
“സൈക്കിളിങ്ങിലൂടെ ആരോഗ്യം, തുല്യത, സുസ്ഥിരത’ എന്നതായിരുന്നു 2024
ലെ പ്രമേയം എന്നാൽ 2025 ലോക സൈക്കിൾ ദിനത്തിന്റെ പ്രമേയം “സൈക്കിൾ ഉപയോഗിച്ച് ഒരു സുസ്ഥിര ഭാവി” (Cycling for a Sustainable Future) ആണ്. ആരോഗ്യകരമായ ജീവിതശൈലി കെട്ടിപ്പടുക്കാനും, കാർബൺ ബഹിർഗമനം കുറയ്ക്കാനും, കൂടുതൽ ശുദ്ധമായ ഒരു ലോകം സൃഷ്ടിക്കാനും സൈക്കിളുകൾക്ക് വലിയ പങ്കുണ്ടെന്ന് പൊതു സമൂഹത്തെ ബോധവാന്മാരാക്കുന്നു .
ലോകമെമ്പാടും ഓരോ വർഷവും 5 ദശലക്ഷത്തിലധികം ആളുകൾ വായു മലിനീകരണവുമായി ബന്ധപ്പെട്ട രോഗങ്ങൾ മൂലം മരിക്കുന്നു എന്ന ഐക്യ രാഷ്ട്ര സഭയുടെ റിപ്പോർട്ട് വന്നിട്ട് അധികം നാളുകൾ ആയിട്ടില്ല. അതിൽ കൂടുതൽ മരണങ്ങളും സംഭവിക്കുന്നത് വാഹന പുക മലിനീകരണം മൂലമാണന്നും ലോകാരോഗ്യ സംഘടനയുടെ 2024 ലെ റിപ്പോർട്ട് അനുസരിച്ചു ആഗോളതലത്തിൽ നഗര ജനസംഖ്യയുടെ 81 ശതമാനവും വായുവിന്റെ ഗുണനിലവാരം WHO മാനദണ്ഡങ്ങൾക്ക് വളരെ കുറവുള്ള അന്തരീക്ഷത്തിലാണ് ജീവിക്കുന്നത് എന്നാണ്.അത് നിയന്ത്രിക്കാൻ സൈക്കിൾ ഉപയോഗം കൂട്ടുന്നത് വലിയ ഒരു പരിഹാരം കൂടിയാണ് .
പതിവായി സൈക്കിള്‍ ഓടിക്കുന്നത് ഹൃദയപേശികളെ ശക്തിപ്പെടുത്തുകയും ശരീരിക വ്യായാമത്തിനു ഇത്രയധികം മികച്ച മറ്റൊന്നുമില്ലന്നും ഇന്നും നാം തിരിച്ചറിയുന്നില്ല .ശരീരഭാരം നിയന്ത്രിക്കാനും രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും രോഗങ്ങളെ കൂടുതൽ ഫലപ്രദമായി ചെറുക്കാൻ സഹായിക്കുന്നതിനും സൈക്കിൾ ഒരു ഉത്തമ മാർഗ്ഗമാണെന്ന് ഇനിയെങ്കിലും
തിരിച്ചറിയുക.
സൈക്കിൾ യാത്ര നമ്മുടെ റോഡുകളിൽ അതിവേഗ വാഹനങ്ങൾക്കിടയിൽ യാത്രക്കാരുടെ സുരക്ഷ വലിയ ചോദ്യ ചിഹ്നമാണ് .നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ 2023 ലെ കണക്കു അനുസരിച്ച് ഇന്ത്യയിൽ ഓരോ വർഷവും സൈക്കിൾ യാത്രക്കാർ മാത്രം റോഡപകടങ്ങളിൽ 7500 പേരെങ്കിലും മരണത്തിനു കീഴടങ്ങുന്നു എന്നാണ്. സൈക്കിൾ ഗതാഗതത്തിന് പ്രത്യേക പാതകൾ, സൈക്കിൾ സിഗ്നലുകൾ, ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കൽ ഇതൊന്നും നിർഭാഗ്യവശാൽ നമ്മുടെ രാജ്യത്തു കൃത്യമായി നടക്കുന്നില്ല എന്നത് ഞെട്ടിപ്പിക്കുന്ന യാഥാർഥ്യവുമാണ് .
സൈക്കിളിൽ ഹിമാലയ യാത്ര വരെ നടത്തുന്ന വർത്തമാന കാലത്തു “സൈക്കിളിലേക്കു മടങ്ങുക ആരോഗ്യവും പ്രകൃതി സൗഹൃദവുമായ
ജീവിതം കെട്ടിപ്പടുക്കുക” എന്നത് ഭരണകൂടങ്ങളും പൗരന്മാരും ഒരുമിച്ചു ചേർന്ന് നടപ്പാക്കാൻ ശ്രമിച്ചാൽ തന്നെ വലിയ മാറ്റങ്ങൾ നമുക്ക് ഭാവിയിൽ പ്രതീക്ഷിക്കാം .നടക്കുമോ ?എന്നതാണ് പ്രശ്നം




എനിക്കിത് പുതിയ അറിവാണ്. കൊള്ളാം 👌