ഭക്തിയിൽ ജീവിക്കുന്നതിനോടൊപ്പം, ഒരു ശിക്ഷാവിധിയിലുള്ള ഭയവും ആയിട്ടാണ് നമ്മളിൽ പലരും ജീവിച്ച് വന്നിരുന്നത്. ജീവിതത്തിന്റെ ഒരു ഭാഗമായി അതിന്റെ അനുഷ്ഠാനങ്ങളിൽ അന്ധമായി വിശ്വസിച്ചു കൊണ്ടുള്ള നമ്മുടെ ജീവിതയാത്ര കൊണ്ട് ഒരു നേട്ടവും കൈവരിക്കാൻ കഴിയുകയില്ല. ഈശ്വരൻ എന്നിൽ വസിക്കുന്നു എന്ന് പൂർണ്ണമായി വിശ്വസിക്കുകയാണ് ആദ്യം വേണ്ടത്.
നമ്മുടെ ചെറുപ്പം മുതൽ പലപ്പോഴും നമ്മൾ സ്തുതി കൊടുത്തു വരുന്ന യേശുക്രിസ്തുവിന്റെ ചിത്രം നമ്മൾ കണ്ടിട്ടുണ്ട്. ഒരുകലാകാരൻ അദ്ദേഹത്തിന്റെ ഭാവനയിൽ നിന്ന് പകർത്തിയ യേശുക്രിസ്തുവിന്റെ ചിത്രം ആണ് അത്. ആ ചിത്രത്തിൽ കൂടി എന്താണ് വെളിപ്പെടുത്തുന്നത് എന്ന് പലരോടും ചോദിച്ചിട്ടും വ്യക്തമായ മറുപടി ലഭിച്ചില്ല. ചിത്രകലാകാരൻ ഈ ചിത്രം വരയ്ക്കുന്നതിനു മുമ്പ് പല അന്വേഷണങ്ങൾ നടത്തിയിട്ടുണ്ടായിരിക്കാം, ക്രിസ്തുവിന്റെ പ്രഭാഷണങ്ങളും അതിൽ ഉൾപ്പെട്ടിട്ടുണ്ടാകും. അതിനുശേഷമാകും അദ്ദേഹം അദ്ദേഹത്തിന്റെ ചിന്തയിൽ ഈ ചിത്രം വരച്ചുവെച്ചത്. പിന്നീട് ഈ ചിത്രംവരച്ചപ്പോഴും ധാരാളം പഠനങ്ങൾ നടത്തി കാണും.
എന്റെ അന്വേഷണങ്ങളിൽ നിന്ന് അറിയാൻ സാധിച്ചത്. ചിത്രത്തിൽ കാണുന്ന ‘ഹൃദയം’ കൊണ്ട് ചിത്ര കലാകാരൻ വെളിപ്പെടുത്തുന്നത് ഈശ്വരൻ എല്ലാവരുടെയും ഹൃദയത്തിലാണ് വസിക്കുന്നത് എന്ന സത്യത്തെയാണ്. ഉള്ളിലുള്ള ഈശ്വരനെ പ്രാപിക്കാൻ, ധ്യാനമാർഗ്ഗമാണ് സ്വീകരിക്കേണ്ടതെന്നും അറിയാൻ കഴിഞ്ഞു.
മൃഗങ്ങളിൽ നിന്ന് വ്യത്യസ്തമായി മനുഷ്യന് മാത്രമുള്ള ഒരു ഗുണമാണ് മനസ്സ്. മൃഗങ്ങൾക്ക് പ്രകൃതിക്ക് അനുസരിച്ച് ജീവിക്കുന്നതിനേ അറിയു. എന്നാൽ ബുദ്ധിയുള്ള മനുഷ്യന് വിവേകത്തോടെ തിരിച്ചറിഞ്ഞ് കാര്യങ്ങൾ ചെയ്യാൻ കഴിയും.
ചെറിയ കുട്ടികളുടെ സ്വഭാവമാണ് നമ്മുടെ മനസ്സിന് . സ്വസ്ഥമായി ഒന്ന് ഇരിക്കാൻ പോലും അതിനു കഴിയില്ല. എപ്പോഴും ഓരോന്ന് ചിന്തിച്ചു കൊണ്ടിരിക്കും. പലതും ഭാവനയിൽ സൃഷ്ടിച്ചു കൊണ്ടിരിക്കും.
നേരത്തെ പല ലേഖനങ്ങളിലും സൂചിപ്പിച്ചിരുന്നതുപോലെ, നിശബ്ദമായ അന്തരീക്ഷത്തിൽ, സുഖമായിരിക്കാൻ കഴിയുന്ന അവസ്ഥയിൽ ഇരുന്ന്, കണ്ണുകൾ അടച്ച് ഈശ്വരൻ എന്നിൽ മുഴുവനായി നിറയുന്നു എന്ന് സങ്കൽപ്പിച്ച് ഇരിക്കുക. നല്ലതും ചീത്തയുമായ ചിന്തകൾ വരുമ്പോൾ അതിൽ ശ്രദ്ധിക്കാതെ ഇരുന്നാൽ അതിലെ മാലിന്യങ്ങൾ ആയ ചീത്ത ചിന്തകൾ പുറത്തേക്ക് പോവുകയും, പതുക്കെ പതുക്കെ നല്ല ചിന്തകൾ മനസ്സിലേക്ക് വരികയും ചെയ്യും.
ഈശ്വരനെ ആശ്രയിക്കുകയും, ഈശ്വരനിൽ മുഴുവൻ സമർപ്പിക്കുകയും ചെയ്തുകൊണ്ടായിരിക്കണം ധ്യാനത്തിന് ഇരിക്കാൻ. ഈശ്വരനോട് ഒരിക്കലും പ്രാർത്ഥിക്കരുത്, അത് യാചിക്കുന്നതിന് തുല്യമാണ്. നമ്മളുടെ ഉള്ളിൽ ഇരിക്കുന്ന ഈശ്വരനെ അനുഭവിച്ചറിയുകയാണ് വേണ്ടത്. ധ്യാനത്തിൽ കൂടി ചിന്തകൾ ഇല്ലാത്ത ശുദ്ധ ബോധം കൈവരും.ഏത് പ്രശ്നവും ധൈര്യത്തോടെ കൈകാര്യം ചെയ്യാനുള്ള ആത്മബലവും , ബുദ്ധിയും ഓർമ്മശക്തിയും ഉണ്ടാകും.
മനസ്സിനെ തളരാനും, തകർക്കാനും കഴിയുന്ന ഇടം ഒഴിവാക്കി, സന്തോഷം പ്രധാനം ചെയ്യുന്ന ഇടങ്ങൾ തെരഞ്ഞെടുക്കുവാൻ ശ്രദ്ധിക്കണം മനസ്സിലെ നന്മയും തിന്മയും തിരിച്ചറിയണം. ഉൾക്കരുത്തും, ഉൾ വെളിച്ചവും അറിയാൻ അകത്തേക്ക് നോക്കണം.
മനസ്സിനെ ശുദ്ധീകരിച്ച് , ആത്മ സുഖവും, അതോടൊപ്പം മനോബലവും, ബുദ്ധിയും ധ്യാനത്തിൽ കുടി കൈവരുന്നു. വികാരങ്ങളെ നിയന്ത്രിച്ച് പക്വതയോടെ ചിന്തിച്ച് കാര്യങ്ങൾ ചെയ്യാൻ കഴിയന്നതും ധ്യാനം കൊണ്ട് ഉള്ള നേട്ടമാണ് .
വേദനിപ്പിക്കുന്ന കാഴ്ചകളും, അതിന്റെ വിവരണങ്ങളും കൊണ്ട് മനുഷ്യ മനസ്സിൽ ആദിയും, അതുവഴി വ്യാധിയും വരുന്നു. ആനന്ദം കൊണ്ട് നിറയുന്നൊരു മനസ്സ് ലഭിക്കാൻ ധ്യാനമാർഗം തന്നെയാണ് സ്വീകരിക്കേണ്ടത്. ഒരു കാര്യം ഉറച്ച് ചിന്തിച്ചാൽ അത് നടന്നിരിക്കും. അത്രമാത്രം ശക്തിയുള്ള മനസ്സാണ് നമ്മുടേത്.
പരാത്മാവുമായി കൂട്ടിയിണക്കിയ അനേകം മനുഷ്യരിലെ ഒരു ജീവാത്മാവ് മാത്രമാണ് എന്നിൽ വസിക്കുന്നത് എന്ന സത്യം തിരിച്ചറിയണം. അനേകം ജന്മങ്ങളിൽ കൂടി യാത്ര ചെയ്ത് പരമാത്മാവുമായി കൂടിച്ചേരുക എന്നതാണ് ആത്മാവിന്റെ അന്തിമ ലക്ഷ്യം.
നല്ല അവതരണം
നന്നായിട്ടുണ്ട്
Good