എന്നിലെ ‘ഞാൻ’ ആരാണെന്ന് സ്വയം ചോദിക്കുക.
ശ്രദ്ധ മുഴുവൻ ഉള്ളിലെ ഞാനിലേക്ക് എത്തിച്ചേരും.
ഈ മനുഷ്യ ശരീരത്തിൽ ഉൾപ്പെടാതെ,എന്നാൽ ഇതിന് ജീവൻ കൊടുക്കുന്ന ഒന്ന് എല്ലാവരിലും ഉണ്ട്. ആ അരൂപിധാരിയായ ചൈതന്യ സ്വരൂപത്തെ, അനുഭവിച്ചറിയാനുള്ള എളുപ്പ മാർഗമാണ് ധ്യാനം. നിശബ്ദമായ അന്തരീക്ഷത്തിൽ ചിന്തകളിൽ നിന്ന് മുക്തി നേടി കണ്ണുകൾ അടച്ച് ഇരിക്കുമ്പോൾ എന്നിലെ ഞാൻ ആരാണെന്ന് സ്വയം ചോദിക്കുക. പ്രകൃതിയിലെ മറ്റെല്ലാ കാഴ്ചകളും കാണാതെയും കേൾക്കാതെയും ഇരിക്കുമ്പോൾ ശ്രദ്ധ മുഴുവൻ എന്നിലെ ഞാനിലേയ്ക്ക് എത്തിച്ചേരും. അപ്പോൾ ഉണ്ടാകുന്ന അനുഭവം മറ്റൊരാളെ പറഞ്ഞു മനസ്സിലാക്കാൻ കഴിയില്ല.
ഞാൻ ഉണ്ട്, ഞാൻ ഉള്ളതാണ്, ഞാനേ ഉള്ളൂ എന്ന ബോധ്യം അതാണ് ശുദ്ധബോധം. ഈ ബോധം ഈ ശരീരം വിട്ടു പോകുമ്പോൾ പിന്നെ അവശേഷിക്കുന്നത്, ഞാനില്ലാത്ത ജഡം മാത്രം. നശിക്കാത്ത ആ മംഗള സ്വരൂപം ഒരു മനുഷ്യ ശരീരത്തിൽ നിന്ന് മറ്റൊരു മനുഷ്യ ശരീരത്തിലേക്കുള്ള പ്രയാണം തുടർന്നുകൊണ്ടേയിരിക്കും. ദിവസത്തിൽ കുറച്ചു സമയമെങ്കിലും എന്നിലെ ഞാൻ ആരാണ് എന്നത് അറിയാനുള്ള ഇരിപ്പ് ഒരു ആനന്ദം നൽകുന്ന കാര്യമാണ്.
മഹാ ജ്ഞാനിയായ ഒരു പണ്ഡിതനോട് ഒരു ആൾ ഞാൻ എപ്രകാരമാണ് ജീവിക്കേണ്ടത് എന്ന് ചോദിച്ചു . പണ്ഡിതൻ പറഞ്ഞു.
“നീ ഒരു മുറത്തെ പോലെ ജീവിക്കുക. ഒരിക്കലും നീ ഒരു അരിപ്പയായി ജീവിക്കരുത്,” നമ്മുടെ ജീവിതത്തിൽ എപ്പോഴും ശ്രദ്ധിക്കേണ്ട ഒരു ഉപദേശമാണ് ഇത്.നമ്മുടെ വീട്ടിൽ അരിപ്പ ഉപയോഗിക്കുന്നത്,ഏതെങ്കിലും സാധനങ്ങളിലെ കല്ലും മണ്ണും മറ്റു അഴുക്കുകളും കളഞ്ഞ്,വൃത്തിയാക്കുന്നതിനാണ്. മുറം കൊണ്ട് ചേറുമ്പോൾ സാധനങ്ങളിലെ മണ്ണും കല്ലും താഴേക്ക് ഇട്ട്, നല്ലതു മാത്രം എടുക്കുകയാണ്ചെയ്യുന്നത്. ശരിയാണ്, മുറത്തിന്റെയും അരിപ്പയുടെയും ഉപയോഗം ഇതുതന്നെ ആണ്.എന്നാൽ പണ്ഡിതൻ പറഞ്ഞ ഉപദേശത്തിലെ സാരാംശം ഇതല്ല.”അരിപ്പയെപോലെ”ആകാതിരിക്കുക എന്നതിന്റെ അർത്ഥം,സാധനങ്ങൾ അരിച്ചു കഴിയുമ്പോൾ അരിപ്പയിൽ അവശേഷിക്കുന്നത്, കല്ലും മണ്ണും മാത്രമാണ്.ഇതുപോലെ നമ്മുടെ ഹൃദയം അരിപ്പയെ പോലെ കല്ലും മണ്ണും നിറഞ്ഞതായിരിക്കരുത്. മുറം കൊണ്ട് ചേറി കഴിയുമ്പോൾ മുറത്തിൽ അവശേഷിക്കുന്നത്,നല്ല സാധനം മാത്രമാണ്. ഇതുപോലെ കല്ലും മണ്ണും കളഞ്ഞ സാധനത്തെ പോലെ ശുദ്ധമായിരിക്കണം, നമ്മുടെയും ഹൃദയം,എന്നാണ് പണ്ഡിതൻ ഇവിടെ വെളിപ്പെടുത്തിയത്.
“ഞാനാണ് കേമൻ എന്ന് അഹങ്കരികരിച്ച് നടക്കുന്നവൻ ഒരിക്കൽ താഴ്ത്തപ്പെടും”
ട്രെയിൻ യാത്രയിൽ ഇരിക്കാനും നിക്കാനും ഇടമില്ലാത്ത,ഒരു ജനറൽ കമ്പാർട്ട്മെന്റിൽ, യാത്ര ചെയ്തിരുന്ന 60 വയസ്സോളം പ്രായമുള്ള, ഒരാൾ സാധാരണ വേഷം ധരിച്ച് ഇരുന്നിരുന്നു. വേഷം കൊണ്ട് തന്നെ ഒരു ഉയർന്ന പദവിയിൽ ഇരിക്കുന്ന ആളായി തോന്നുന്ന ഒരാളും, കുറച്ച് ഞെരുങ്ങിയിട്ടാണെങ്കിലും അദ്ദേഹത്തിന്റെ മുമ്പിൽ ഇരുന്നിരുന്നു.ട്രെയിനിൽ കയറിയതു മുതൽ മാന്യനായ ആൾ അസ്വസ്ഥതകൾ പ്രകടിപ്പിച്ചിട്ടാണ് ഇരുന്നിരുന്നത്. മാന്യദ്ദേഹം പറഞ്ഞു. ഞാൻ ചെന്നൈയിലുള്ള ഒരു ഫാക്ടറിയുടെ ജനറൽ മാനേജരാണ്. സാധാരണ ഫസ്റ്റ് ക്ലാസ് എ സി യിൽ മാത്രമേ യാത്ര ചെയ്യാറുള്ളൂ. തിടുക്കത്തിൽ പോകേണ്ടി വന്നതു കൊണ്ട് മാത്രമാണ് ഈ നരകത്തിൽ കയറിയത്… എന്നും മറ്റും പറഞ്ഞ് വീമ്പടിച്ചിരുന്നു. ഇതിനിടയ്ക്ക് ബർത്തിൽ കിടന്നിരുന്ന ഒരാൾ ദേഹാസ്വസ്ത്യം പ്രകടിപ്പിച്ചു. അയാളുടെ കൂടെ ഉണ്ടായിരുന്ന ഒരാളും മറ്റു യാത്ര കാരും,ട്രെയിനിൽ ഒരു ഡോക്ടറോ, നേഴ്സോ ഉണ്ടോയെന്ന് അന്വേഷിച്ചു. ഇതിനിടയ്‌ക്ക് സാധാരണ വേഷം ധരിച്ച് ശാന്തനായി ഇരുന്നിരുന്ന ആൾ, അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന പെട്ടിതുറന്ന്, സിറിഞ്ച് എടുത്ത് രോഗിയെ കുത്തിവെച്ചു. ഒരു ഗുളിക എടുത്ത്, രോഗിയുടെ വായിൽ ഇട്ടുകൊടുത്തു. രോഗിയുടെ കൂടെയുണ്ടായിരുന്ന ആളോട്, അതൊരു മൈനർ ഹാർട്ട് അറ്റാക്ക് ആയിരുന്നെന്നും, അടുത്ത സ്റ്റേഷനിൽ ഇറങ്ങി, എത്രയും പെട്ടെന്ന് ആശുപത്രിയിൽകൊണ്ടു പോകാനും പറഞ്ഞു. കുത്തിവെപ്പും ഗുളികയും കൂടി ആയപ്പോൾ രോഗി ശാന്തനായി കിടന്നു.
തന്റെ മുമ്പിൽ ഇരിക്കുന്നത് ഏതോ ആശുപത്രിയിലെ നേഴ്സ് ആണെന്നാണ് മാന്യൻ ധരിച്ചത്. വളരെ എളിമയോടെ തന്റെ മുമ്പിൽ ഇരിക്കുന്ന ആളോട് അദ്ദേഹത്തിന്റെ പേര് മാന്യൻ ചോദിച്ചു. വളരെ ശാന്തനായി അദ്ദേഹം പറഞ്ഞു ഞാൻ ഡോക്ടർ രാജാറാം. ചെന്നൈ യിലെ പ്രസിദ്ധമായ ഒരു ആശുപത്രിയിലെ, ഒന്ന് കാണണമെങ്കിൽ, നേർത്തെ ബുക്ക് ചെയ്തു മാസങ്ങളോളം കാത്തിരിക്കേണ്ടി വരുന്ന പ്രസിദ്ധനായ ഡോക്ടറോടാണ് താൻ സംസാരിക്കുന്നത് എന്നറിഞ്ഞപ്പോൾ മാന്യന്റെ അഹങ്കാരം താനേ ചോർന്നുപോയി. അത്ഭുതവും അതോടൊപ്പം താൻ പറഞ്ഞു കൂട്ടിയതിൽ അപകർഷതാബോധവും തോന്നി. ഒരക്ഷരം ഉച്ചരിക്കാൻ കഴിയാതെ മാന്യന്റെ നാവ് ഇറങ്ങിപ്പോയി. ഡോക്ടർ പറഞ്ഞു തിരക്കില്ലാത്ത അവസരങ്ങളിൽ ഞാൻ ജനറൽ കമ്പാർട്ട്മെന്റിലാണ് സ്ഥിരമായി യാത്രചെയ്യുക. ഇന്നത്തെ പോലെ എന്റെ സേവനം ആവശ്യമുള്ളത് ജനറൽ കമ്പാർട്ട്മെന്റിലാണ്.
“ഇങ്ങനെയാവണം ഒരു ഡോക്ടർ ജനസേവനമാണ് ഒരു ഡോക്ടറുടെ മുഖമുദ്ര.”
ഇഷ്ടായി