വിധി പ്രകാരം ഒരു ആചാര്യനിൽനിന്നും മന്ത്രചൈതന്യം സ്വീകരിക്കുക എന്നതാണ് ദീക്ഷ എന്നതിൻ്റെ അർത്ഥം. വെറുതെ മന്ത്രം പറഞ്ഞു കൊടുത്താൽ പോരാ (ഇത് ഗായത്രീ ഉപദേശമായ ഉപനയനംകൊണ്ട് സാധിയ്ക്കുന്നുണ്ടെന്നും മറ്റൊരു ദീക്ഷവേണ്ടെന്നും പൊതുവിൽ ചില ആചാര്യന്മാർപോലും സമാധാനിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്. പക്ഷെ ഗായത്രി വേദമന്ത്രാനുഷ്ഠാനങ്ങൾക്കുള്ള താക്കോൽ മാത്രമേ ആകുന്നുള്ളൂ എന്നാണ് എൻ്റെ അഭിപ്രായം). മിക്ക താന്ത്രിക കർമ്മങ്ങൾക്കും പ്രത്യേക ദീക്ഷ വേണമെന്നാണ് അനുശാസനം. മന്ത്രസിദ്ധിവന്നു കഴിഞ്ഞാൽ പിന്നെ പ്രത്യേക ദീക്ഷയൊന്നും ഒരുപക്ഷേ ആവശ്യമുണ്ടാവുകയില്ല. കുണ്ഡലിനീ പ്രബോധനത്തിൻ്റെ ആദ്യ കർമ്മം തന്ത്രികദീക്ഷയാണ്. കഴിഞ്ഞകാലത്ത് കാഞ്ചി കാമകോടി ശങ്കരാചാര്യസ്വാമികൾ വിളിച്ചുകൂട്ടിയ തന്ത്രി സമ്മേളനത്തിൽവച്ച് പണ്ടുണ്ടായിരുന്ന അവരോധന സമ്പ്രദായവും ദീക്ഷാസമ്പ്രദായവുമെല്ലാം ലുപ്തപ്രായങ്ങളായി എന്ന് അവിടെ കൂടിയ പഴയ തലമുറയിലെ തന്ത്രിപ്രമുഖന്മാർ വേവലാതിപ്പെട്ടിരുന്നു.
ഏതായാലും പഴയ ദീക്ഷാ സമ്പ്രദായം പുനരുദ്ധീകരിക്കുവാനും ശാന്തിക്കാരെ ഉപസകധർമ്മം അനുഷ്ഠിപ്പിക്കുവാനും ഉള്ള സുചിന്ത മായൊരു പദ്ധതി ആവിഷ്ക്കരിച്ചേ മതിയാകൂ. അത്തരം യോഗ്യതയുള്ളവരെ മാത്രമേ ശാന്തിക്കാരായി ജനങ്ങൾ അംഗീകരിക്കുള്ളൂവെന്ന തരത്തിൽ ശക്തമായ പൊതുജനാഭിപ്രായത്തെ വളർത്തുകയാണ് ആദ്യമായി ചെയ്യേണ്ടത്. ക്ഷേത്രങ്ങളെ ഇന്നത്തെ ദയനീയ സ്ഥിതിയിൽനിന്നും ഉദ്ധരിച്ചു കൊണ്ടുവരുവാനുള്ള പൊതുജനാഭിപ്രായം ശക്തി നേടുകയും ഗ്രാമങ്ങൾവരേയും അതിനു ചില ചലനങ്ങൾ ഉണ്ടാവുകയും ചെയ്ത ഈ അവസരത്തിൽ ഇതിന് അധികം പ്രയാസം ഉണ്ടാകുമെന്ന് തോന്നുന്നില്ല. ഈ കാര്യത്തിൽ ദേവസ്വം ബോർഡുകൾക്കുള്ള കടമ നിസ്സാരമല്ലെന്ന് വ്യക്തമാണ്.
ഇതിൽ ചെറിയ ഒരു വിഷമം ഉണ്ട്. ഇന്നു ക്ഷേത്രത്തിലെ ശാന്തിക്കാരെല്ലാം ബ്രാഹ്മണസമുദായത്തിലുള്ളവരാണല്ലോ. അബ്രാഹ്മണ സമുദായത്തിൽനിന്നും ഇതിനു യോഗ്യതയുള്ളവരെ സ്വീകരിച്ചു പരിശീലനം കൊടുത്തു ശാന്തിക്കാരായി നിയമിക്കുന്നതിൽ എന്താണ് അപാകതയുള്ളതെന്ന് എന്ന ഒരു ചോദ്യം ഇവിടെ ഉത്ഭവിക്കാം. ഈ പ്രശ്നത്തെപ്പറ്റി ആധികാരികമായി ഒരു അഭിപ്രായം പറയുവാൻ എന്തായാലും ഞാൻ ഇവിടെ ഉദ്ദേശിക്കുന്നില്ല. കാരണം അങ്ങനെ ഒരു അഭിപ്രായം രൂപീകൃതമാ വേണ്ടത് ഹിന്ദു ധർമ്മത്തിൻ്റേയും അഗമശാസ്ത്രത്തിൻ്റേയും മർമ്മങ്ങൾ ഗ്രഹിച്ച പണ്ഡിതന്മാരുടെ സദസ്സിൽ നിന്നാണ്. അതല്ലാതെ ശാസ്ത്രം എന്തെന്നറിയാത്ത ആധുനിക സാമൂഹ്യ നേതാക്കളിൽനിന്നല്ലെന്ന് വ്യക്തമാണ്. ആധുനിക ചിന്താഗതികൾ ഉപയോഗിച്ച് ക്ഷേത്രം എന്തെന്നറിയാതെ പൊതു ജന സൗകര്യാർത്ഥം ക്ഷേത്രശില്പത്തെത്തന്നെ മാറ്റിമറിച്ച് പരിഷ്ക്കരിക്കുന്നതിൻ്റെ നിരർത്ഥകതയും അശാസ്ത്രീയതയും മുമ്പ് സൂചിപ്പിച്ചുവല്ലോ. അതുപോലെ ശാസ്ത്രീയാടിസ്ഥാനമില്ലാതെ പൊതുജനാഭിപ്രായം മാത്രം നോക്കി ഇക്കാര്യത്തിൽ പ്രവർത്തിയ്ക്കരുതെന്ന് പ്രത്യേകം ഓർമ്മവേണം. ഈ പ്രശ്നത്തെ പുരോഗമനത്തിൻ്റേയോ, രാഷ്ട്രീയത്തിൻ്റേയോ, ഇന്നത്തെ പൊതു ജനപ്രവണതകളുടേയോ അടിസ്ഥാനത്തിലല്ല കൈകാര്യം ചെയ്യേണ്ടത്. ക്ഷേത്രവു ക്ഷേത്ര ചടങ്ങുകളും മറ്റും മേൽ വിവരിക്കപ്പെട്ടപോലെ തികച്ചും ശാസ്ത്രീയാടിസ്ഥാനത്തിലുള്ളവയാകയാൽ ഇവ തികച്ചും ഒരു ശാസ്ത്രീയ പ്രശ്നമാണ്. സാങ്കേതിക വിദഗ്ദരുടെ യോഗ്യതയാണിതിൻ്റെ മർമ്മം. വിപ്ര കുലീന എന്ന ശ്ലോകത്തിലെ വിപ്രപദം തന്നെ ബ്രാഹ്മണരായിരിയ്ക്കണം ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടത് എന്ന് സൂചിപ്പിക്കുന്നുണ്ട്.
പക്ഷെ വിപ്രപദത്തിൽ ഇന്നുള്ള ബ്രാഹ്മണരിൽ ബഹുഭൂരിപക്ഷവും ഉൾപ്പെടുമോ എന്നത് സംശയമുള്ള കാര്യമാണ്. ജനനം മാത്രമല്ല ബ്രാഹ്മണ്യം. ചുരുക്കിപ്പറഞ്ഞാൽ ആദ്ധ്യാത്മിക വിഷയങ്ങളിൽ താല്പര്യമുള്ളവരേയും സാധനാപഥത്തിലൂടെ മുന്നേറുന്നവരേയും ആ വക കാര്യങ്ങളിൽ സമുദായത്തിനു നേതൃത്വം കൊടുക്കുവാൻ കഴിവുള്ളവരേയുമാണ് വേദങ്ങളും ആഗമങ്ങളും സ്മൃത്യാദികളും വിപ്രന്മാരായി അംഗീകരിച്ചിട്ടുള്ളത്. യജനം, യാജനം, അദ്ധ്യായനം, അദ്ധ്യാപനം, ദാനം, പതിഗ്രഹം എന്നീ ഷഡ്കർമ്മങ്ങൾ ( 6 കർമ്മങ്ങൾ ) മാത്രമേ ബ്രാഹ്മണർക്കു വിധിച്ചിട്ടുള്ളൂ. ഇന്ന് ബ്രാഹ്മണ സമുദായത്തിൽപ്പെട്ടവരിൽ 99 ശതമാനവും ഈ ഷഡ്കർമ്മങ്ങൾക്കു പുറമേയുള്ള ജീവസന്ധാരണ മാർഗ്ഗങ്ങൾ അവലംബിയ്ക്കുന്നവരാണ്. ജനനം മാത്രമല്ല ബ്രാഹ്മണ്യം എന്ന സിദ്ധാന്തപ്രകാരം ഈ തൊണ്ണൂറ്റൊമ്പതു ശതമാനത്തേയും ബ്രാഹ്മണേതരായി പ്രഖ്യാപിയ്ക്കേണ്ടിവരും. അപ്പോൾ പിന്നെ അവശേഷിക്കുന്നവർ വളരെ ചുരുക്കമായേ കാണൂ. അതിലും ആദ്ധ്യാത്മികകാര്യത്തിൽ താല്പര്യമുള്ളവർ എത്രയുണ്ടാവുമെന്ന് കണ്ടറിയേണ്ടതാണ്. ഇക്കൂട്ടരേയാണ് നമുക്ക് ശാന്തിക്കാരായി തെരഞ്ഞെടുക്കേണ്ടത്. വളരെ സമൃദ്ധിയോടു കൂടി ജീവിക്കുവാനുള്ള വരുമാനം ഇവർക്ക് കൊടുക്കുവാൻ പാടില്ല. ഒരു തപസ്വിയുടെ ജീവിതം മാനമായി കൊണ്ടുപോകുവാൻ വേണ്ട ചുറ്റുപാടുകൾ ഇണക്കിയെടുക്കുക മാത്രമേ ഒരു ശാന്തിക്കാരനെ സംബന്ധിച്ചിടത്തോളം വേണ്ടതുള്ളൂ. അങ്ങനെയുള്ളവരുടെ സംഖ്യ കേരളത്തിലോ ഭാരതത്തിലോ ക്ഷേത്രകാര്യങ്ങൾ നിർവ്വഹിക്കുവാൻ തികയാതെ വരുകയാണെങ്കിൽ ഇതര സമുദായങ്ങളിൽ നിന്നും അത്തരം ആളുകളെ അടർത്തിയെടുത്ത് ഒരു പുതിയ ബ്രാഹ്മണ്യം നിറഞ്ഞ വിഭാഗത്തെ സൃഷ്ടിയ്ക്കേണ്ടി വരും. ആവശ്യമുള്ള സന്ദർഭങ്ങളിൽ പുരാതന ഋഷിമാരും ആധുനിക ധാർമ്മികാചാരന്മാരും അങ്ങനെ ചെയ്തിട്ടുള്ളതായി പുരാണവും ചരിത്രവും ഘോഷിക്കുന്നുണ്ട്. ആവശ്യമുണ്ടെങ്കിൽ അത്തരം പ്രക്രിയകൾക്ക് സമാജത്തിൽ കളമൊരുക്കേണ്ടി വന്നേക്കാം. പക്ഷെ എടുത്തുചാട്ടത്തിനല്ല ഇവിടെ പ്രസക്തിയുള്ളതെന്നും സമുദായത്തിലെ ചിരസ്ഥായിയായ ധർമ്മത്തെ തകർക്കാതെ കാലാനുസൃതമായ രീതിയിൽ ശാസ്ത്രത്തിൻ്റെ അടിസ്ഥാനം വിടാതെ പരിഷ്ക്കരിയ്ക്കുകയാണ് കരണീയമെന്നും ഇവിടെ ഓർമ്മപ്പെടുത്തുന്നു. പക്ഷെ ഈ പ്രക്രിയ നമ്മുടെ ഇന്നത്തെ ചർച്ചകൾക്കപ്പുറമുള്ള ഒരു സമൂഹ്യപ്രക്രിയയാണ്.
(തുടരും)




🙏
🙏🙏🙏
🙏🙏
നല്ല ചിന്ത ഗുരുജി. ഏത് രംഗ മായാലും അവിടെ അതിനനുസരിച്ച് കഴിവുള്ളവർ തന്നെ വരണം. അതിനായി താല്പര്യമുള്ളവർ വരണം. നന്ദി ഗുരുജി നമസ്ക്കാരം ‘