Logo Below Image
Wednesday, April 16, 2025
Logo Below Image
Homeമതംസുവിശേഷ വചസ്സുകൾ (107) പ്രൊഫസ്സർ എ.വി. ഇട്ടി, മാവേലിക്കര

സുവിശേഷ വചസ്സുകൾ (107) പ്രൊഫസ്സർ എ.വി. ഇട്ടി, മാവേലിക്കര

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

പേരുണ്ടാക്കൽ ശ്രമം വിളിച്ചു വരുത്തിയ വിന (ഉല്പ.11:1-9)

“വരുവിൻ നാം ഭൂതലത്തിൽ ഒക്കെയും ചിതറിപ്പോകാതിരിപ്പാൻ ഒരു പട്ടണവും, ആകാശത്തോളം എത്തുന്ന ഒരു ഗോപുരവും പണി ക; നമുക്കു ഒരു പേരുമുണ്ടാക്കുക എന്നു അവർ പറഞ്ഞു” (വാ. 4).

സ്വന്തം പേര് ഉയർന്നു കാണാൻ ആഗ്രഹിക്കാത്ത മനുഷ്യർ കുറവാണ്. പേരിനോടും പ്രശസ്തിയോടുമുളള മനുഷ്യന്റെ അടങ്ങാത്ത അഭിനിവേശത്തിനു മനുഷ്യോല്പത്തിയോളം തന്നെ പഴക്കം കാണും? ദൈവ വിധേയമായി, ദൈവോദ്ദേ
ശ്യം നിറവേറ്റി, ഭൂമിയിൽ ജീവിക്കേണ്ട മനുഷ്യർ, സ്വന്ത ഇച്ഛകളെയും സ്വപ്നങ്ങളെയും താലോലിച്ചു ദൈവ വഴിയിൽ നിന്നും അകലുവാൻ തുടങ്ങിയതോടെ, അധ:പതനവും ആരംഭിച്ചു എന്നാണ് ദൈവ വചനം സൂചിപ്പിക്കുന്നത്. പാപത്തിന്റെ മ്ലേച്ഛതകൾ ഭൂമിയിൽ അനുദിനം പെരു
കിവന്നതോടെ, ന്യായവിധി പെരുമഴയായി പെയ്തിറങ്ങി. എന്നിട്ടും മനുഷ്യർ പാഠം പഠിച്ചില്ല.

ഭൂമിയിൽ പെരുകിവരാനും, നറയാനുമുള്ള ദൈവനിയോഗം തള്ളിക്കളഞ്ഞ്, ഒരിടത്തു കുടിയിരിക്കാനും, സ്വർഗ്ഗത്തോളമെത്തുന്ന ഒരു ഗോപുരം പണിതു സ്വയമൊരു പേരുണ്ടാക്കാനുമുള്ള മനുഷ്യ ശ്രമം, ഒരളവിൽ ദൈവത്തോടുള്ള മറു
തലിപ്പിന്റെ പ്രകട രൂപം തന്നെ ആയിരുന്നു. ജലപ്രളയത്താൽ തങ്ങളുടെ പൂർവ്വീകരെ ശിക്ഷിച്ച ദൈവം, ആ വിധത്തിൽ തങ്ങളെ ശിക്ഷിക്കാനിടയാകരുതെന്ന ചിന്ത അവരിൽ കുടിപാർത്തിരുന്നിരിക്കണം. എന്നാൽ ദൈവം. അവരുടെ ശ്രമം കലക്കി എന്നു വേണം നാം ധ്യാനിക്കുന്ന ഈ വേദഭാഗത്തിലൂടെ മറസ്സിലാക്കുവാൻ.

വിവിധ ഭാഷകളുടെ ആരംഭം കുറിക്കുന്ന സംഭവമായി ബാബേൽ ഗോപുര നിർമ്മിതിയോടു ബന്ധപ്പെട്ട ഭാഷാ കലക്കത്തെ വ്യാഖ്യാനിക്കുന്നതിൽ യുക്തിഭംഗമുണ്ട്. കാരണം, അതിനു മുമ്പു തന്നെ വ്യത്യസ്ത ഭാഷകൾ ലോകത്തിൽ രൂപപ്പെട്ടിരുന്നുവെന്ന സൂചന വേദപുസ്തകത്തിൽ ഉണ്ട്! (ഉല്പ.10:20; 31). അപ്പോൾ ദൈവം കലക്കിയതു അവരുടെ ഭാഷയല്ല; തന്നോടുളള മറുതലിപ്പിനു അവർ നട
ത്തിയ ശ്രമമാണ്. ബാബേൽ ഗോപുര നിർമ്മാണം, ദൈവത്തോടുള്ള മനുഷ്യരുടെ മറുതലിപ്പിന്റെ വ്യക്തമായ ചിത്രമാണ്. അതാണു ദൈവം കലക്കിയത്.

സ്വയം പേരുണ്ടാക്കാനുള്ളമനുഷ്യ ശ്രമം പാഴാകുമ്പോൾത്തന്നെ, തൊട്ടടുത്ത അദ്ധ്യായത്തിൽ, ദൈവത്താൽ വിളിക്കപ്പെട്ട്, അനുഗ്രഹിക്കപ്പെട്ട്, ദൈവത്തെ
അനുസരിക്കുവാൻ ഇറങ്ങിത്തിരിച്ച അബ്രഹാമിന്റെ പേർ, താൻ വലുതാക്കുമെന്ന വാഗ്ദത്തം, ദൈവം അബ്രഹാമിനു നൽകുന്നതായി നാം വായിക്കുന്നു (ഉല്പ. 12:2). തുടർന്നുള്ള അദ്ധ്യായങ്ങളിൽ, അബ്രാഹാമിന്റെ പേര് ദൈവം തന്നെ ഉയർത്തുന്നതായാണു നാം കാണുന്നത്. അബ്രഹാമിന്റെ വിശ്വാസത്തിലും അനുസരണത്തിലും പ്രീതിപ്പെട്ടാണു ദൈവം അപ്രകാരം ചെയ്യുന്നത്.
“തന്നത്താൻ ഉയർത്തുന്നവർ എല്ലാം താഴ്ത്തപ്പെടും; തന്നത്താൻ താഴ്ത്തുന്നവർ എല്ലാം ഉയർത്തപ്പെടും” എന്നതാണു ദൈവരാജ്യ പ്രമാണം. അതനുസരിച്ചു ജീവിക്കുവാൻ നമുക്കിടയാകട്ടെ..  ദൈവം സഹായിക്കട്ടെ..

ചിന്തയ്ക്ക്: “അവൻ വളരണം; ഞാനോ കുറയണം” എന്നതായിരിക്കണം നമ്മുടെ പരമമായ താൽപര്യം!

പ്രൊഫസ്സർ എ.വി. ഇട്ടി, മാവേലിക്കര

 

RELATED ARTICLES

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ