മർദ്ദിനിലെ പുരാതനമായ ശാക്കിർ കുടുംബത്തിൽ അബ്രഹാം കോർ എപ്പിസ്കോപ്പയുടെയും മറിയമിന്റെയും മകനായി 1867 ഒക്ടോബർ 13 ന് വിശുദ്ധൻ ജനിച്ചു. നസ്രി എന്നതായിരുന്നു മാമോദീസ നാമം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം പത്രോസ് നാലാമൻ ബാവയുടെ നിർദ്ദേശപ്രകാരം ദൈവശാസ്ത്ര പഠനം ആരംഭിച്ചു. 1887-ൽ ശെമ്മാശപ്പട്ടം സ്വീകരിച്ചു. സന്യാസി എന്ന നിലയിൽ ഏലിയാസ് എന്ന നാമവും സ്വീകരിച്ചു. 1892-ൽ പത്രോസ് നാലാമൻ ബാവായിൽ നിന്നും കശ്ശീശ പട്ടം സ്വീകരിച്ചു. 1908-ൽ ഏലിയാസ് കശ്ശീശ അമീദിലെ മെത്രാനായി വാഴിക്കപ്പെട്ടു. 1912-ൽ മൊസ്സൂളിലെ മെത്രാനായി. 1917-ൽ ഇഗ്നാത്തിയോസ് ഏലിയാസ് മൂന്നാമൻ ബാവ എന്ന പേരിൽ സുറിയാനി ഓർത്തഡോക്സ് സഭയുടെ തലവനായി നൂറ്റിപ്പത്തൊമ്പതാമത് പാത്രിയർക്കീസ് ആയി വിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ ബാവ വാഴിക്കപ്പെട്ടു.
ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നിട്ടു പോലും മലങ്കര സഭയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി 1931-ൽ ഇർവിൻ പ്രഭുവിന്റെ ക്ഷണപ്രകാരം ഇദ്ദേഹം കേരളം സന്ദർശിച്ചു.1932 ഫെബ്രുവരി 13-ന് മഞ്ഞനിക്കരയിൽ വെച്ച് അന്തരിച്ച ഇദ്ദേഹത്തെ മഞ്ഞനിക്കര ദയറയിൽ അടക്കം ചെയ്തു.
കേരളത്തിലെ പത്തനംതിട്ട ജില്ലയിൽ ഓമല്ലൂരിനു സമീപമുള്ള മഞ്ഞനിക്കരയിലെ ദയറയിൽ കബറടങ്ങിയതിനാൽ മഞ്ഞിനിക്കര ബാവ എന്ന പേരിലും മലങ്കരയിൽ അറിയപ്പെടുന്നു. ഇൻഡ്യയിൽ കബറടങ്ങിയിരിക്കുന്ന ഏക പാത്രിയർക്കീസ് ആയ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ ബാവയുടെ മരണത്തിന് 55 വർഷങ്ങൾക്ക് ശേഷം 1987-ൽ ഇദ്ദേഹത്തിന്റെ പിൻഗാമിയും അന്ത്യോഖ്യാ പാത്രിയർക്കീസുമായിരുന്ന ഇഗ്നാത്തിയോസ് സാഖാ പ്രഥമൻ ഇദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.
വിശുദ്ധന്റെ ഓർമ്മദിനം ഫെബ്രുവരി 13-ആം തീയതി ആഘോഷിക്കപ്പെടുന്ന മഞ്ഞനിക്കരദയറാ പ്രശസ്തമായ തീർദ്ധാടന കേന്ദ്രമാണ്. ഏലിയാസ് തൃതീയൻ ബാവായുടെ ഓർമ്മപ്പെരുന്നാളായി ആചരിക്കുന്ന ഫെബ്രുവരി 12,13 തീയതികളിൽ പതിനായിരക്കണക്കിനു തീർത്ഥാടകർ പദയാത്രാസംഘങ്ങളായി ഇവിടേക്ക് വരാറുണ്ട്. ഈ പെരുന്നാളിൽ സംബന്ധിക്കുവാൻ അന്ത്യോഖ്യൻ പാത്രിയർക്കീസിന്റെ പ്രതിനിധികളായ മെത്രാപ്പോലീത്താമാർ ഉൾപ്പെടുന്ന സംഘം എല്ലാ വർഷവും എത്തിച്ചേരാറുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ദൈർഘ്യമേറിയ കാൽനട തീർത്ഥാടനമാണ് മഞ്ഞനിക്കരയിൽ എല്ലാ വർഷവും വിശുദ്ധന്റെ ഓർമ്മ പെരുന്നാൾ ദിവസങ്ങളിൽ എത്തിച്ചേരുന്നത്.
🙏
❤️👍🙏
❤️❤️
❤️👍🙏
🙏🙏