മലയാളി മനസ്സിന്റെ പ്രിയപ്പെട്ട വായനക്കാരെ വീണ്ടും വരുന്ന യേശുക്രിസ്തുവിന്റെ നാമത്തിൽ എല്ലാവർക്കും സ്നേഹവന്ദനം.
എല്ലാ മനുഷ്യരും തങ്ങളുടെ ദൈനംദിന ജീവിതത്തിൽ ഭാരങ്ങളിലും, പ്രയാസങ്ങളിലും കൂടിയാണ് ഓരോ ദിവസവും മുന്നോട്ടു പോകുന്നത്. അതിനാൽ തങ്ങൾ അഭിമുഖീകരിക്കുന്ന വിഷയങ്ങളിൽ നിന്നു മോചനം നേടാൻ ആഗ്രഹിക്കുന്നവരാണ്.
എബ്രായർ 3 : 12
“സഹോദരന്മാരേ, ജീവനുള്ള ദൈവത്തെ ത്യജിച്ചുകളയാതിരിക്കേണ്ടതിന്നു അവിശ്വാസമുള്ള ദുഷ്ടഹൃദയം നിങ്ങളിൽ ആർക്കും ഉണ്ടാകാതിരിപ്പാൻ നോക്കുവിൻ”
ഭൗതീകമായും ശാരീരികമായും വിടുതൽ ആവശ്യമില്ലാത്ത പൂർണ്ണതയുള്ള മനുഷ്യ ജന്മങ്ങളില്ല. ആത്‍മീക വിടുതലിനായി മനുഷ്യൻ പല നേർച്ച കാഴ്ചകളും അർപ്പിക്കുന്നു, ഭൗതീകവിഷയങ്ങളിൽ വിടുതൽ നേടാൻ മനുഷ്യർ പകലന്തിയോളം പണിയെടുക്കുന്നു. ശാരീരിക സൗഖ്യത്തിനായി മനുഷ്യൻ ലോകത്തിലെ ഏറ്റവും നല്ല വൈദ്യനെ തേടി നടക്കുന്നു. എന്തിനൊക്കെയോ വേണ്ടി മനുഷ്യർ പരക്കം പായുന്നു.
യഥാസ്ഥാനപ്പെടുത്തുന്ന ദൈവം
മനുഷ്യനെ ദൈവം തന്റെ സ്വരൂപമായ തേജസ്സോടെ സൃഷ്ടിച്ചു സകലത്തിൽ മേലും വാഴ്ച നൽകി. എന്നാൽ മനുഷ്യർ പാപം ചെയ്തു സ്വന്തം തേജസ്സ് നഷ്ടപ്പെടുത്തിയെങ്കിലും യേശുക്രിസ്തു മുഖേന തേജസ്സും വാഴ്ചയും മടക്കി കിട്ടി.
റോമർ 3 : 23
“ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു,”
എല്ലാവരും പാപം ചെയ്തു ദൈവ തേജസ്സ് ഇല്ലാത്തവരായി തീർന്നു എന്നാൽ മനുഷ്യന്റെ പ്രതിനിധിയായി യേശുക്രിസ്തു തന്റെ തേജസ്സ് ഉരിഞ്ഞു വെച്ചു. നമ്മെപ്പോലെ തേജസ്സ് ഇല്ലാത്തയൊരു ശരീരത്തിൽ വന്നു ദൂതന്മാരിലും താഴ്ന്നിറങ്ങി വന്നു.
ഫിലിപ്പിയർ 2 : 8
“മനുഷ്യസാദൃശ്യത്തിലായി തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീർന്നു.”
നമ്മെപ്പോലെ ശരീരത്തിൽ വന്നു മരിച്ചു ഉയിർപ്പിലൂടെ തേജസ്സ് തിരികെ പ്രാപിച്ചു. അവനിൽ വിശ്വസിക്കുന്നവരെ നഷ്ടപ്പെട്ട തേജസ്സിലേയ്ക്ക് നടത്തുകയാണ്.
എബ്രായർ 2 : 9, 10
“എങ്കിലും ദൈവകൃപയാൽ എല്ലാവർക്കും വേണ്ടി മരണം ആസ്വദിപ്പാൻ ദൂതന്മാരിലും അല്പം ഒരു താഴ്ചവന്നവനായ യേശു മരണം അനുഭവിച്ചതുകൊണ്ടു അവനെ മഹത്വവും ബഹുമാനവും അണിഞ്ഞവനായി നാം കാണുന്നു. സകലത്തിന്നും ലാക്കും സകലത്തിന്നും കാരണഭൂതനുമായവൻ അനേകം പുത്രന്മാരെ തേജസ്സിലേക്കു നടത്തുമ്പോൾ അവരുടെ രക്ഷാനായകനെ കഷ്ടാനുഭവങ്ങളാൽ തികഞ്ഞവനാക്കുന്നതു യുക്തം ആയിരുന്നു.”
ഈ ദൈവ തേജസ്സ് ഇപ്പോൾ നമുക്ക് ഹൃദയത്തിൽ അഥവാ ആത്‍മാവിൽ വന്നു കഴിഞ്ഞു. നിത്യനിയമത്തിന്റെ രക്തത്താൽ ആടുകളുടെ വലിയ ഇടയനായ നമ്മുടെ കർത്താവായ യേശുവിനെ മരിച്ചവരിൽ നിന്നും മടക്കി വരുത്തിയ സമാധാനത്തിന്റെ ദൈവം,നിങ്ങളെ ക്രിസ്തുവിന്റെ ഇഷ്ടം ചെയുവാൻ തക്കവണ്ണം,എല്ലാനന്മയിലും യഥാസ്ഥാനപ്പെടുത്തും
നമ്മുടെ ചെറിയ ബുദ്ധിയ്ക്കു ദൈവ വചനം ഗ്രഹിക്കുവാൻ സാധിക്കുന്നില്ലെങ്കിലും വിശ്വാസാത്താൽ വചനം ഏറ്റെടുക്കുമ്പോൾ നമ്മൾക്ക് സ്വർഗീയ അധികാരം പരിശുദ്ധാത്മാവ് നാവിൽ വചനം തരും. നാം കല്പിച്ചാൽ പ്രതികൂല സാഹചര്യം മാറും. ഈ ദൈവീക സത്യങ്ങൾ മനസ്സിലാക്കി അധികാരം ഉപയോഗിച്ച് ഈ ഭൂമിയിൽ ജയകരമായ ജീവിതം നയിക്കാം.
സുവിശേഷം നിമിത്തം നിന്ദയും, പരിഹാസവും, പീഡനവും അനുഭവിക്കുന്നവർക്ക് വേണ്ടി പ്രാത്ഥിക്കാം. സത്യ ദൈവത്തിന്റെ വഴികളിൽ സഞ്ചരിക്കുവാൻ ഏവർക്കും ദൈവം കൃപ നൽകട്ടെ. വീണ്ടും കാണും വരെ കർത്താവ് ധാരാളമായി എല്ലാവരെയും അനുഗ്രഹിക്കട്ടെ, ആമേൻ🙏



