കണ്ണൂർ: പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ലേബർ റൂം അടിച്ചുതകർത്ത് യുവാവിന്റെ പരാക്രമം. ഗർഭിണിയായ ഭാര്യയെ ഉടൻ ഡിസ്ചാർജ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു അക്രമം. സംഭവത്തിൽ കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പിൽ സ്വദേശി റാഷിദിനെ (24) പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു നാടകീയ സംഭവം.
മദ്യലഹരിയിൽ ആശുപത്രിയിലെത്തിയ റാഷിദ് തന്റെ ഭാര്യയെ ഉടൻ ഡിസ്ചാർജ് ചെയ്യണമെന്ന് ലേബർ റൂമിലെ ജീവനക്കാരോട് ആവശ്യപ്പെട്ടു. എന്നാൽ ആരോഗ്യസ്ഥിതി പരിഗണിച്ച് ഇപ്പോൾ ഡിസ്ചാർജ് നൽകാൻ സാധിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയതോടെ ഇയാൾ അക്രമാസക്തനാവുകയായിരുന്നു. അലറിവിളിച്ച് ലേബർ റൂമിനുള്ളിലേക്ക് ഇരച്ചുകയറിയ റാഷിദ് അവിടുത്തെ ഗ്ലാസുകളും ഫർണിച്ചറുകളും തകർത്തു.
ആശുപത്രി ജീവനക്കാരും പോലീസും ചേർന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ഇയാളെ ബലം പ്രയോഗിച്ചാണ് കീഴ്പ്പെടുത്തിയത്. അക്രമത്തിനിടയിൽ ഗ്ലാസ് കഷ്ണങ്ങൾ തറച്ച് റാഷിദിനും പരിക്കേറ്റിട്ടുണ്ട്. അക്രമത്തിൽ ആശുപത്രിക്ക് ഏകദേശം 15,000 രൂപയുടെ നാശനഷ്ടങ്ങൾ സംഭവിച്ചതായി അധികൃതർ കണക്കാക്കുന്നു.
ആശുപത്രി സംരക്ഷണ നിയമം ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ ചുമത്തി റാഷിദിനെതിരെ പരിയാരം പോലീസ് കേസെടുത്തു. ആശുപത്രിയിലെ സുരക്ഷാ ക്രമീകരണങ്ങളെയും ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയെയും സംബന്ധിച്ച് വലിയ ആശങ്കയാണ് ഈ സംഭവം ഉയർത്തുന്നത്.



