മലപ്പുറം ജില്ലയിലെ ഏക ടോള്‍ പ്ലാസയില്‍ ഈ മാസം 30 മുതല്‍ ടോള്‍പിരിവ് ആരംഭിക്കും. ടോളിന്റെ വിശദവിവരങ്ങള്‍ അടുത്ത ദിവസം പ്രസിദ്ധീകരിക്കും. ടോള്‍പ്ലാസയുടെ 20 കിലോമീറ്റര്‍ ചുറ്റളവിലുള്ളവര്‍ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. വെട്ടിച്ചിറയിലാണ് മലപ്പുറത്തെ ഒരേയൊരു ടോള്‍പ്ലാസ സജ്ജീകരിച്ചിട്ടുള്ളത്.
നിര്‍മാണം ഏറെക്കുറെ പൂര്‍ത്തിയായ ദേശീയപാത 66-ല്‍ മലപ്പുറം ജില്ലയിലെ ഏക ടോള്‍പ്ലാസ പ്രവര്‍ത്തനം ആരംഭിക്കാന്‍ സജ്ജമാകുകയാണ്. വെട്ടിച്ചിറയില്‍ സജ്ജീകരിച്ചിട്ടുള്ള ടോള്‍പ്ലാസയില്‍ ഈ മാസം 30 മുതല്‍ ടോള്‍പിരിവ് ആരംഭിക്കും. ടോള്‍ തുക സംബന്ധിച്ച വിശദവിവരങ്ങള്‍ അടുത്ത ദിവസം തന്നെ പ്രസിദ്ധീകരിക്കുമെന്ന് ദേശീയപാതാ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ടോള്‍പ്ലാസയ്ക്ക് 20 കിലോമീറ്റര്‍ പരിധിക്കുള്ളിലുള്ള സ്വകാര്യവാഹനങ്ങള്‍ക്ക് ഇളവ് നല്‍കുമെന്നും ദേശീയപാതാ അധികൃതര്‍ അറിയിച്ചു.
എത്രതവണ വേണമെങ്കിലും യാത്രചെയ്യാവുന്ന പാസിന് ഒരുമാസത്തേക്ക് 340 രൂപയാകും നിരക്ക് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ തുകയും 30-ാം തീയതിക്കകം തീരുമാനിക്കും. ഇത്തരം യാത്രക്കാര്‍ ആധാര്‍ കാര്‍ഡുമായി ടോള്‍ പ്ലാസയിലെത്തിയാല്‍ പാസ് നല്‍കും. 24 മണിക്കൂറിനുള്ളില്‍ രണ്ടുതവണ ദേശീയപാതയിലൂടെ യാത്രചെയ്യുന്നവരില്‍ നിന്ന് രണ്ടാംതവണ ടോള്‍തുകയുടെ പകുതി മാത്രമേ ഈടാക്കൂ.
കാര്‍, ജീപ്പ്, വാന്‍, ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ എന്നിവയ്ക്ക് ഒരു ഭാഗത്തേയ്ക്ക് 130 രൂപയാകും ടോള്‍ നിരക്ക്. ഇടിമൂഴിക്കല്‍ ചാവക്കാട് റീച്ചില്‍ മലപ്പുറം ജില്ലയിലെ പുത്തനത്താണിക്കും വളാഞ്ചേരിക്കും ഇടയിലെ വെട്ടിച്ചിറയിലാണ് ടോള്‍പ്ലാസ സ്ഥിതി ചെയ്യുന്നത്. അതേസമയം, കൂരിയാട് തകര്‍ന്നുവീണ ദേശീയപാത പുനഃരുദ്ധരിക്കുന്ന പ്രവര്‍ത്തികള്‍ അതിവേഗം പുരോഗമിക്കുകയാണ്. ഫെബ്രുവരി പകുതിയോടെ നിര്‍മാണം പൂര്‍ത്തിയാകുമെന്ന് ദേശീയപാതാ അധികൃതര്‍ അറിയിച്ചു.



