കല്‍പ്പറ്റ: ഭൂമി തരംമാറ്റാനുള്ള നടപടി ക്രമങ്ങളിൽ വീഴ്ച വരുത്തിയെന്ന പരാതിയിൽ വയനാട് ഡെപ്യൂട്ടി കളക്ടർ സി ഗീതയെ സസ്പെന്‍ഡ് ചെയ്തു. കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ ജെ ദേവസ്യയുടെ പരാതിയിലാണ് നടപടി.
ഭൂമി തരം മാറ്റലുമായി ബന്ധപ്പെട്ടാണ് പരാതി. ഭൂമി തരം മാറ്റുന്നതിന് അനാവശ്യ തടസങ്ങൾ ഉന്നയിച്ച് 10000 രൂപ ഡെപ്യൂട്ടി കളക്ടര്‍ കൈക്കൂലി ആവശ്യപ്പെട്ടുവെന്നത് ഉൾപ്പെടെയാണ് പരാതി.
കൃത്യവിലോപവും ചട്ടലംഘനവുമായതിനാൽ അന്വേഷണ വിധേയമായാണ് ഗീതയെ സസ്പെന്‍ഡ് ചെയ്തത്. നൂൽപ്പുഴ വില്ലേജിലെ പത്ത് സെന്‍റ് ഭൂമി തരം മാറ്റുന്നതിനായി കെജെ ദേവസ്യ ഉദ്യോഗസ്ഥരെ സമീപിച്ചിരുന്നു. ഇതിൽ വീഴ്ചവരുത്തിയെന്ന് ചൂണ്ടികാട്ടിയാണ് പരാതി
അനാവശ്യ തടസം ഉന്നയിച്ച് ഭൂമി തരം മാറ്റുന്ന നടപടിയിൽ അലംഭാവം വരുത്തിയെന്നാണ് പരാതി. പതിനായിരം രൂപ തരാമെങ്കിൽ ഡെപ്യൂട്ടി കളക്ടറെകൊണ്ട് ഭൂമി തരം മാറ്റി തരാമെന്ന് തനിക്ക് പരിചയമില്ലാത്ത ഒരാള്‍ ആവശ്യപ്പെട്ടുവെന്നുമാണ് കെജെ ദേവസ്യയുടെ പരാതി. പണം നൽകാനുള്ള ആവശ്യം നിരസിച്ചതോടെ തരം മാറ്റത്തിനുള്ള അപേക്ഷ നിരസിച്ചുവെന്നുമാണ് പരാതി.



