ശബരിമലയിലെ വാജി വാഹനം തന്ത്രിക്ക് കൈമാറിയത് പാരമ്പര്യ വിധി പ്രകാരമെന്ന് അഡ്വക്കേറ്റ് കമ്മീഷണറുടെ റിപ്പോർട്ട്. വാജി വാഹനം കൈമാറിയത് അഡ്വ കമ്മിഷണറുടെ സാന്നിധ്യത്തിലാണെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. റിപ്പോർട്ട് ഹൈക്കോടതി അംഗീകരിച്ചു. അഡ്വക്കേറ്റ് കമ്മിഷണർ 2018 ൽ കോടതിയിൽ നൽകിയ റിപ്പോർട്ടിലും ഇക്കാര്യം വ്യക്തമായി പരാമർശിച്ചിട്ടുണ്ട്.
ഹൈക്കോടതി ഉത്തരവ് നിലനിൽക്കെയാണ് വാജിവാഹനം കസ്റ്റഡിയിൽ എടുത്തത്. അഷ്ടദിക്ക്പാലകർ അടക്കം കൊടിമരത്തിലെ മറ്റു വസ്തുക്കൾ സ്ട്രോങ്ങ് റൂമിലേക്ക് മാറ്റിയിരുന്നു. ഇത് തിരുവാഭരണം കമ്മിഷണറുടെയും അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെയും സാന്നിധ്യത്തിലാണ്. സന്നിധാനത്തെ സ്ട്രോങ്ങ് റൂമിൽ സീൽ ചെയ്താണ് ഇവ മാറ്റിയതെന്നും കമ്മീഷണറുടെ റിപ്പോർട്ടില്‍ പറയുന്നു.
അതേസമയം, എസ്ഐടി തന്ത്രി കണ്ഠരര് രാജീവരരുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത വാജിവാഹനം നിലവിൽ കൊല്ലം വിജിലൻസ് കോടതിയിൽ തൊണ്ടിമുതലായിട്ടാണുള്ളത്. കമ്മിഷണറുടെ സാന്നിധ്യത്തിൽ കൈമാറിയ വാജിവാഹനം ഇനി എങ്ങിനെ തൊണ്ടി മുതലായി കോടതിയിൽ നിലനിൽക്കും എന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്.



