Sunday, February 22, 2026
Homeകേരളംഓപ്പറേഷന്‍ ‘സുഭാഷ്’ വിജയം; കൊച്ചി മെട്രോ പില്ലറില്‍ കുടുങ്ങിയ പൂച്ചയെ രക്ഷിച്ചു.

ഓപ്പറേഷന്‍ ‘സുഭാഷ്’ വിജയം; കൊച്ചി മെട്രോ പില്ലറില്‍ കുടുങ്ങിയ പൂച്ചയെ രക്ഷിച്ചു.

കൊച്ചി: ഒരു ദിവസം മുഴുവൻ കൊച്ചി നഗരത്തെ ആശങ്കയുടെ മുൾമുനയിലാഴ്ത്തിയ ‘പൂച്ച മിഷന്’ ഒടുവിൽ ഞായറാഴ്ച പുലർച്ചെ 1.30-ഓടെ ശുഭാന്ത്യം. കലൂർ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയം മെട്രോ സ്റ്റേഷന് സമീപത്തെ 556-ാം നമ്പർ പില്ലറിൽ കുടുങ്ങിയ സുഭാഷെന്ന് ഓമനപ്പേരിട്ടുവിളിച്ച പൂച്ചയെയാണ് ഗാന്ധിനഗർ അഗ്നിരക്ഷാസേനാംഗങ്ങളും ആനിമൽ റെസ്ക്യൂ ടീമംഗങ്ങളും പുലർച്ചെ 1.30-ഓടെ താഴെയെത്തിച്ചത്. പൂച്ചയെ ആനിമൽ റെസ്ക്യൂ അംഗങ്ങൾ കൊണ്ടുപോയതായാണ് വിവരം. മെട്രോ പില്ലറിൽ രണ്ടാഴ്ചയായി ‘സുഭാഷ്’ പെട്ടുകിടക്കുകയായിരുന്നു. പൂച്ചയെ രക്ഷിക്കുന്നത് കാണുന്നതിനായി വലിയ ജനക്കൂട്ടവും പരിസരത്ത് തടിച്ചുകൂടിയിരുന്നു. പൂച്ചയെ രക്ഷിച്ച് താഴേക്കിറക്കിയതോടെ ജനക്കൂട്ടം കൂവിയും കൈകളടിച്ചും സന്തോഷം പങ്കിട്ടു.രക്ഷാപ്രവർത്തനത്തിനിടയിൽ ബാനർജി റോഡിൽവാഹനഗതാഗതകുരുക്കും അനുഭവപ്പെട്ടു. ജനങ്ങൾതന്നെമുൻകൈയെടുത്താണ്ഗതാഗതവുംനിയന്ത്രിച്ചത്.

ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് ക്രെയിനും അനിമൽ റെസ്‌ക്യൂ വാഹനവുമെല്ലാമായി പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിന് തുടക്കംകുറിച്ചത്. കാരണം അന്വേഷിച്ചവരോട് സമീപത്തെ സ്ഥാപനത്തിലെ സുരക്ഷാ ഉദ്യോഗസ്ഥന്റെ മറുപടി “ഒരു ചെറിയ പൂച്ച മിഷനാണ്”-എന്നായിരുന്നു. രക്ഷാദൗത്യത്തിനിടെ 17 മിനിറ്റ് കൊച്ചി മെട്രോ സർവീസ് തടസ്സപ്പെട്ടു. സ്റ്റേഡിയം സ്റ്റേഷനുമുന്നിലെ റോഡിൽ ഗതാഗതത്തിനും നിയന്ത്രണമുണ്ടായിരുന്നു. പൂച്ചയെ ആദ്യം കണ്ടത് മെട്രോ ജീവനക്കാരാണ്. മുകളിൽനിന്നും താഴെയിറക്കാൻ ഇവർ വഴികൾ പലതും നോക്കി. പക്ഷേ, രക്ഷയുണ്ടായില്ല. ഇതിനിടെ പില്ലറിൽനിന്നും താഴെ റോഡിലേക്കും എത്തിനോക്കാൻ തുടങ്ങിയതോടെ സമീപത്തെ ഓട്ടോക്കാരുടെയും ശ്രദ്ധാകേന്ദ്രമായി. മഞ്ഞുമ്മൽ ബോയ്‌സ് സിനിമയിൽ ഗുഹയുടെ ഇരുട്ടിലേക്ക് വീണുപോയ കഥാപാത്രത്തെ ഓർമ്മിച്ച് പൂച്ചയ്ക്ക് സുഭാഷ് എന്ന് പേരിട്ടതും ഓട്ടോക്കാരാണ്.

താഴേക്ക് എത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ മെട്രോ ജീവനക്കാർ ഭക്ഷണവും വെള്ളവും നൽകാൻ തുടങ്ങി. ആളെ കാണുമ്പോൾ പൂച്ച തൂണിന്റെ ഇടയിലേക്ക് ഓടിമറയും. വെള്ളിയാഴ്ചയാണ് അനിമൽ റെസ്‌ക്യൂ സംഘത്തെ വിവരമറിയിക്കുന്നത്. ശനിയാഴ്ച രാവിലെ ആവശ്യമായ സജ്ജീകരണങ്ങളുമായി ഇവരെത്തിയെങ്കിലും പൂച്ചയെ കാണാനായില്ല. എന്നാൽ ഇതിനിടെ പൂച്ച അവശനിലയിലാണെന്ന സന്ദേശങ്ങൾ പ്രചരിക്കാൻ തുടങ്ങി. എത്രയും പെട്ടെന്ന് പൂച്ചയെ രക്ഷിക്കണമെന്ന ആവശ്യവുമായി മൃഗസ്നേഹികളും സ്റ്റേഡിയം പരിസരത്ത് എത്തി. ഇതോടെ രക്ഷാദൗത്യം വീണ്ടും വേഗത്തിലായി.

ഹൈഡ്രോളിക് ലിഫ്റ്റ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ചായിരുന്നു പൂച്ചയെ താഴെയിറക്കാനുള്ള ശ്രമം. ഗാന്ധിനഗർ ഫയർ സ്റ്റേഷനിൽനിന്ന് എട്ടുപേരടങ്ങുന്ന സംഘവും സ്ഥലത്തെത്തി. ഇവർ ലിഫ്റ്റിൽ മെട്രോ തൂണിന് മുകളിലേക്ക് എത്തി. ഈ സമയത്ത് ഒരു സംഘം വലയുമായി താഴെ നിലയുറപ്പിച്ചു. പൂച്ച താഴേക്ക് വീണ് അപകടത്തിൽപ്പെടുന്നത് ഒഴിവാക്കാനായിരുന്നു ഇത്.

രണ്ടുപേർ തൂണിൽ ഇറങ്ങിയെങ്കിലും പൂച്ച ഓടിമാറി. പില്ലറിന് മുകളിലെ പരിശോധനയ്ക്കായി രക്ഷാപ്രവർത്തകർ മുകളിൽ കയറുന്നതിനുമുൻപ് മെട്രോപ്പാളത്തിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. 17 മിനിറ്റാണ് ഇതുമൂലം മെട്രോ സർവീസ് തടസ്സപ്പെട്ടത്.

തൂണിനുമുകളിലെ പരിശോധനയ്ക്കിടെ ലിഫ്റ്റ് കേടായതും അല്പസമയം ആശങ്കയേറ്റി. ഉദ്യോഗസ്ഥരെ സുരക്ഷിതരായി താഴെയെത്തിച്ചശേഷം ഒരു മണിക്കൂറിനകം പുതിയ ലിഫ്റ്റ് എത്തിച്ചു. പരിശോധന തുടർന്നാൽ മെട്രോ സർവീസ് വീണ്ടും തടസ്സപ്പെടുമെന്നത് കണക്കിലെടുത്ത് രക്ഷാപ്രവർത്തനം രാത്രിയിലേക്ക് നീട്ടാൻ തീരുമാനിക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com