കൊല്ലം; വീട്ടിൽ വച്ച് പ്രസവിച്ച യുവതിയുടെ കുഞ്ഞിന്റെ കഴുത്തിൽ കുടുങ്ങിക്കിടന്ന പൊക്കിൾക്കൊടി കൃത്യമായ രീതിയിൽ അഴിച്ച് മാറ്റി അമ്മയെയും കുഞ്ഞിനെയും രക്ഷപ്പെടുത്തി ആംബുലൻസ് ഡ്രൈവർ. വാളത്തുംഗൽ അമ്പുവടക്കതിൽ രാഹുൽ ഭവനിൽ ആർ.രാഹുലാണ്(28) രക്ഷകനായത്. കഴിഞ്ഞ ജനുവരി 22നു വൈകിട്ട് 3നാണ് സംഭവം. ഇരവിപുരം കുന്നത്തുകാവ് സ്വദേശി അഞ്ജുവാണ് വീട്ടിൽ പ്രസവിച്ചത്. പ്രസവ വേദനയെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകാനായി ഇവരുടെ ഭർത്താവ് ഉടൻ രാഹുലിനെ വിളിക്കുകയായിരുന്നു. രണ്ടര കിലോമീറ്റർ അകലെ വാളത്തുംഗൽ ക്ഷേത്രത്തിനു സമീപത്തു പാർക്ക് ചെയ്തിരുന്ന ആംബുലൻസുമായി രാഹുൽ എത്തിയപ്പോഴേക്കും പ്രസവം കഴിഞ്ഞു. തുടർന്ന് ആശുപത്രിയിലേക്കു കൊണ്ടു പോകാനായി നോക്കിയപ്പോഴാണ് കുഞ്ഞിന്റെ കഴുത്തിൽ പൊക്കിൾ കൊടി 3 ചുറ്റായി കിടക്കുന്നതു കണ്ടത്.
ഈ രീതിയിൽ അമ്മയെയും കുഞ്ഞിനെയും വാഹനത്തിലേക്കു മാറ്റുന്നത് അപകടമാകുമെന്നു തോന്നിയതോടെ രാഹുൽ കുഞ്ഞിന്റെ കഴുത്തിൽ ചുറ്റിക്കിടന്ന പൊക്കിൾ കൊടി സാവധാനം അഴിച്ച ശേഷം കൊല്ലം ഗവ.വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്നു ഡോക്ടർമാർ പൊക്കിൾകൊടി വേർപെടുത്തിയതോടെ അമ്മയും കുഞ്ഞും സുരക്ഷിതരായി. കുഞ്ഞിന് ആരാധ്യൻ എന്നാണ് പേരിട്ടിരിക്കുന്നത്.
അമ്മയെയും കുഞ്ഞിനെയും രക്ഷപ്പെടുത്താനായതിന്റെ ആശ്വാസത്തിലും സന്തോഷത്തിലുമാണ് രാഹുൽ. മുൻപും സമാനമായ സംഭവങ്ങൾ രാഹുലിന്റെ ആംബുലൻസിൽ ഉണ്ടായിട്ടുണ്ട. മോട്ടർ വാഹന വകുപ്പും വിവിധ ആശുപത്രികളും ആംബുലൻസ് ഡ്രൈവർമാർക്ക് 6 മാസം കൂടുമ്പോൾ നൽകുന്ന പ്രാഥമിക ചികിത്സാ ക്ലാസുകളും അപകടങ്ങൾ ഉണ്ടാകുമ്പോൾ പാലിക്കേണ്ട മുൻകരുതലുകളുമാണ് രാഹുലിന് സഹായകമായത്. ജില്ലാ ശിശുക്ഷേമസമിതി രാഹുലിനെ അനുമോദിച്ചു. ജില്ലാ കലക്ടർ എൻ.ദേവിദാസ് പൊന്നാട അണിയിച്ചും ഉപഹാരം നൽകിയും രാഹുലിനെ ആദരിച്ചു. ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ഡി.ഷൈൻ ദേവ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ആർ.മനോജ് എന്നിവർ പ്രസംഗിച്ചു. ട്രാക്കിന്റെ ട്രോമ കെയർ അംഗവുമാണ് രാഹുൽ.



