പള്ളിക്കൽ ബസാറിലെ എ.ആർ.ഡി 88 നമ്പർ റേഷൻ കടയിൽനിന്ന് ഭക്ഷ്യയോഗ്യമല്ലാത്ത 19 ചാക്ക് അരി പിടിച്ചെടുത്തു. ഭക്ഷ്യസുരക്ഷ വകുപ്പിലെയും സിവിൽ സപ്ലൈസ് വകുപ്പിലെയും ഉദ്യോഗസ്ഥർ നടത്തിയ സംയുക്ത പരിശോധനയിലാണിത്. സംഭവത്തെ തുടർന്ന് പിഴ ചുമത്താൻ ലൈസൻസിക്ക് നോട്ടീസ് നൽകി.
എ.ആർ.ഡി 88 നമ്പർ റേഷൻ കടയിൽനിന്ന് വാങ്ങിയ അരിയിൽ പുഴുക്കളും പ്രാണികളും ഉണ്ടായിരുന്നതായ നാട്ടുകാരുടെ പരാതിയിൽ പള്ളിക്കൽ ഹെൽത്ത് ഇൻസ്പെക്ടർ ടി.വി. ഷീബയുടെ നേതൃത്വത്തിൽ പരിശോധന നടത്തി പഴകിയതും കീടങ്ങൾ ഉള്ളതുമായ അരി കണ്ടെത്തിയിരുന്നു.
പിടിച്ചെടുത്ത അരി നശിപ്പിക്കുമെന്നും സാമ്പിൾ വിശദ പരിശോധനക്കായി കോഴിക്കോട് (ആർ.എ.എൽ) ലാബിലേക്ക് അയച്ചിട്ടുണ്ടെന്നും പരിശോധന റിപ്പോർട്ട് ലഭ്യമായാൽ തുടർ നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
കൊണ്ടോട്ടി താലൂക്ക് സപ്ലൈ ഓഫിസർ പി. പ്രമോദ്, റേഷനിങ് ഇൻസ്പെക്ടർ ബിന്ദു, വള്ളിക്കുന്ന് സർക്കിൾ ഭക്ഷ്യ സുരക്ഷാ ഓഫിസർ ജിജി മേരി ജോൺസൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.



