Friday, December 27, 2024
HomeKeralaശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 06/01/2024 )

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 06/01/2024 )

മകരവിളക്കുൽസവം: യാത്ര ക്ലേശമല്ല, വിപുലമായ ഒരുക്കങ്ങളോടെ കെ എസ് ആർ ടി സി

മകരവിളക്കുൽസവത്തിന് തിരക്കേറിയതോടെ വിപുലമായ ക്രമീകരണങ്ങളുമായി കെ എസ് ആർ ടി സി. നിലവിലെ സർവ്വീസുകൾക്ക് പുറമെ തിരക്ക് പരിഗണിച്ച് പത്ത് ചെയിൻ സർവ്വീസുകളും 16 ദീർഘ ദൂര സർവ്വീസുകളും കെ എസ് ആർ ടി സി വർദ്ധിപ്പിച്ചു.

മകരവിളക്കിന്റെ ഭാഗമായി ജനുവരി 15 ന് സംസ്ഥാനത്തെ എല്ലാ ഡിപ്പോകളിൽ നിന്നുമായി 800 ബസ്സുകൾ പമ്പയിൽ എത്തിക്കും. മകരജ്യോതി ദർശനം കഴിഞ്ഞിറങ്ങുന്ന തീർത്ഥാടകർക്കായി കൂടുതൽ ചെയിൻ ദീർഘ ദൂര സർവ്വീസുകൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നതായി കെ എസ് ആർ ടി സി പമ്പ സ്പെഷ്യൽ ഓഫീസർ ടി. സുനിൽകുമാർ അറിയിച്ചു. പമ്പ ഹിൽ ടോപ്പുമുതൽ ഇലവുങ്കൽ വരെ നിശ്ചിത സ്ഥലങ്ങളിൽ പാർക്ക് ചെയ്യുന്ന ബസ്സുകൾ ഇടതടവില്ലാതെ സർവ്വീസ് നടത്തും. ഉത്സവേശേഷം നടയടക്കുന്ന ജനുവരി 20 ന് രാത്രി വരെ ചെയിൻ സർവ്വീസുകളും 21 ന് പുലർച്ചെ 4 മണി വരെ ദീർഘ ദൂര സർവ്വീസുകളും ഒരുക്കും.

മണ്ഡലകാല ആരംഭം മുതൽ ജനുവരി വരെയുള്ള കാലയളവിൽ 52.04 ലക്ഷം പേരാണ് തീർത്ഥാടനത്തിന്റെ ഭാഗമായി കെ എസ് ആർ ടി സി യിൽ യാത്രചെയ്തത്. പമ്പ നിലയ്ക്കൽ റൂട്ടിൽ 1,08,600 ചെയിൻ സർവ്വീസുകളും 25,200 ദീർഘ ദൂര സർവ്വീസുകളും നടത്തി. ഇത് വരെ 31.07 കോടി രൂപയാണ് ഈയിനത്തിലെ വരവ്. ദീർഘദൂര സർവ്വീസുകളിൽ ഏറ്റവുമധികം സർവ്വീസ് ചെങ്ങന്നൂരേക്കാണ് നടത്തിയത്. 3900 സർവ്വീസുകൾ, എരുമേലി 2300, തിരുവനന്തപുരം 1500, കോട്ടയം 1400, എറണാകുളം, കുമിളി 900 വീതം എന്നിങ്ങനെ പോകുന്നു സർവ്വീസുകൾ. നിലവിൽ 720 ജീവനക്കാരാണ് സേവന രംഗത്തുള്ളത്.

ഓടക്കുഴലുമായ് രാജേഷ് ചേർത്തല; മനം നിറഞ്ഞ് തീർത്ഥാടകർ

അയ്യന് വേണു ഗാനത്താൽ അർച്ചനയൊരുക്കി പ്രമുഖ ഫ്ലൂട്ട് വാദകൻ രാജേഷ് ചേർത്തല. അമ്പത് നാൾ നീണ്ട വ്രതശുദ്ധിയോടെ മലചവിട്ടിയ രാജേഷ് രാത്രിയോടെയാണ് സന്നിധാനത്തെത്തിയത്.

ദർശന ശേഷം വലിയ നടപ്പന്തലിലെ മുഖ്യവേദിയിൽ അകമ്പടി വാദ്യങ്ങളേതുമില്ലാതെ ഏകനായി രാജേഷ് വേണുവൂതി.

ഏറെ പ്രസിദ്ധമായ ആ ദിവ്യനാമം അയ്യപ്പാ എന്ന ഗാനത്തോടെയാണ് രാജേഷ് ഓടക്കുഴൽ വാദനം തുടങ്ങിയത്. സ്വാമി വേഷത്തിലായിരുന്ന രാജേഷിനെ ആദ്യമാരും തിരിച്ചറിഞ്ഞില്ല.

വേണുനാദം കേട്ടതോടെ വലിയ നടപ്പന്തലിൽ വിശ്രമത്തിലായിരുന്ന തീർത്ഥാടകർ വേദിക്ക് മുന്നിലേക്ക് പതിയെ നീങ്ങി. തുടർന്ന് ആനയിറങ്ങും മാമലയിൽ എന്ന ഗാനത്തിലേക്ക് മറ്റൊരു വേണു യാത്ര! ഒടുവിൽ എൻ മനം പൊന്നമ്പലം എന്ന ഗാനത്തോടെ ഓടക്കുഴൽ വാദനം അവസാനിപ്പിച്ച രാജേഷ് ചേർത്തലയ്ക്ക് അയ്യപ്പ ഭക്തരുടെ നിലയ്ക്കാത്ത കരഘോഷം. തിരുവിതാംകൂർ ദേവസ്വം ബോർഡ് പി ആർ ഒ സുനിൽ അരുമാനൂരും രാജേഷിനൊപ്പം ഉണ്ടായിരുന്നു.

ശബരിമലയിലെത്തുന്ന അയ്യപ്പഭക്തർക്ക് സഹായഹസ്തവുമായി തമിഴ്നാട് സർക്കാർ

തമിഴ്നാട് ദേവസ്വം വകുപ്പ് വക പത്ത് ലക്ഷം ബിസ്കറ്റ് പാക്കറ്റുകൾ

ശബരിമല അയ്യപ്പ സ്വാമിദർശനത്തിനെത്തിച്ചേരുന്ന അയ്യപ്പൻമാർക്ക് നൽകുന്നതിന് 10 ലക്ഷം പാക്കറ്റ് ബിസ്ക്കറ്റാണ് തമിഴ്നാട് സർക്കാർ ദേവസ്വം ഡിപ്പാർട്ട്മെന്റ് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കൈമാറുക. ഇതിനായി നാല് കണ്ടെയ്നറുകളിലായി 10 ലക്ഷം ബിസ്ക്കറ്റ് പാക്കറ്റുകൾ പമ്പയിലെത്തിക്കും. ശബരിമലയിലേക്കുള്ള ബിസ്ക്കറ്റ് ബോക്സുകൾ നിറച്ച ആദ്യ കണ്ടെയ്നർ തമിഴ്നാട് ദേവസ്വം മന്ത്രിയും തികഞ്ഞ അയ്യപ്പ ഭക്തനുമായ പി.കെ.ശേഖർ ബാബു ചെന്നൈയിൽ ഫ്ളാഗ് ഓഫ് ചെയ്തു.

തമിഴ്നാട് ദേവസ്വം കമ്മീഷണർ മുരളീധരൻ, മറ്റ് ദേവസ്വം ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ദേവസ്വം മന്ത്രി പി.കെ. ശേഖർ ബാബു തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തുമായി ഫോണിൽ ആശയ വിനിമയം നടത്തി.

എല്ലാ മാസവും മുടക്കം വരുത്താതെ ശബരിമല അയ്യപ്പ സ്വാമി ദർശനത്തിനായി എത്തിച്ചേരുന്ന ദേവസ്വം മന്ത്രി ശേഖർ ബാബു അയ്യപ്പഭക്തർക്ക് വേണ്ട എല്ലാ സഹായവും ചെയ്യാമെന്ന് വാഗ്ദാനം നൽകിയതായി ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറിയിച്ചു.

ശബരിമല അയ്യപ്പ ഭക്തർക്കായി നേരത്തെ ബിസ്ക്കറ്റ് സ്പോൺസർ ചെയ്ത ശബരി ഗ്രൂപ്പ് ചെയർമാൻ ശശികുമാർ നായരുടെയും തമിഴ്നാട് ദേവസ്വത്തിന്റെ കേരള ലെയ്സൺ ഓഫീസർ ഉണ്ണികൃഷ്ണന്റെയും കോ ഓർഡിനേഷനിലാണ് ബിസ്കറ്റുകൾ സന്നിധാനത്തേക്ക് എത്തിക്കുക. പമ്പ മുതൽ സന്നിധാനം വരെയുള്ള വിവിധ പോയിന്റുകളിലും സന്നിധാനം നടപ്പന്തലിലുമായി ദേവസ്വം ബോർഡിന്റെ ആഭിമുഖ്യത്തിൽ ഭക്തർക്ക് എല്ലാ ദിവസവും ബിസ്കറ്റും ഔഷധ കുടിവെളളവും വിതരണം ചെയ്യുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments