കൊച്ചി: കൂറിയറില്‍ എം.ഡി.എം.എ. ലഭിച്ചെന്ന പേരില്‍ വ്യാജ സന്ദേശം നല്‍കി ഡോക്ടറുടെ പക്കല്‍ നിന്ന് 41.61 ലക്ഷം തട്ടിയ കേസില്‍ മലപ്പുറം സ്വദേശികളായ ഏഴുപേര്‍ പാലാരിവട്ടം പോലീസിന്റെ പിടിയില്‍. തട്ടിപ്പിനു പിന്നിലെ മുഖ്യസൂത്രധാരന്മാരും പ്രധാനികളും പിടിയിലാകാനുണ്ട്.
മലപ്പുറം ചെമ്മലശേരി സ്വദേശികളായ എന്‍. മുഹമ്മദ് അഫ്സല്‍ (27), കുഞ്ഞലവി (27), കൊളത്തൂര്‍ സ്വദേശികളായ നിസാമുദീന്‍ ഐബക് (20), സിദിഖ് അഖ്ബര്‍ (23) എന്നിവര്‍ പിടിയിലായവരില്‍ ഉള്‍പ്പെടും.
ഇടപ്പള്ളി സ്വദേശിയായ ഡോക്ടറാണ് തട്ടിപ്പിനിരയായത്. ഇദ്ദേഹത്തിനുള്ള കൂറിയറില്‍ എം.ഡി.എം.എ. യുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തിയെന്നു പറഞ്ഞ് കസ്റ്റംസെന്ന് പരിചയപ്പെടുത്തിയവര്‍ വിളിക്കുകയായിരുന്നു. അക്കൗണ്ടുകളുടെ പരിശോധന ആവശ്യമുണ്ടെന്നും അറിയിച്ചു. പിന്നീട് റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥരെന്ന പേരില്‍ ഡോക്ടറെ ബന്ധപ്പെട്ടു. അവര്‍ നല്‍കുന്ന അക്കൗണ്ടിലേക്ക് നിശ്ചിത തുക ഇടണമെന്നും പരിശോധനകള്‍ക്ക് ശേഷം 15 മിനിറ്റിനു ശേഷം തിരികെ ലഭിക്കുമെന്നും പറഞ്ഞു. നല്‍കിയ അക്കൗണ്ടുകളിലേക്ക് പണം കൈമാറിയിട്ടും രണ്ട് ദിവസം കഴിഞ്ഞിട്ടും പണം ലഭിക്കാഞ്ഞതോടെയാണ് തട്ടിപ്പിനിരയായതായി മനസ്സിലായത്. തുടര്‍ന്ന് പാലാരിവട്ടം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
അന്വേഷണത്തിലാണ് ഏഴുപേര്‍ പിടിയിലായത്. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. വിവിധ സംസ്ഥാനങ്ങളിലുള്ളവരാണ് ഇവര്‍. രാജ്യാന്തര ബന്ധവും സംശയിക്കുന്നുണ്ട്.