പ്രശസ്തനായ നോവലിസ്റ്റും ചെറുകഥാകൃത്തും നാടകകൃത്തും തൊഴിലാളി പ്രസ്ഥാന പ്രവർത്തകനുമായിരുന്നു പി. കേശവദേവ് ന്റെ ഓടയിൽ നിന്നും എന്ന നോവൽ ആണ് ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത്.സമൂഹത്തിലെ ഏറ്റവും താണതലത്തിലുള്ള മനുഷ്യരെ കഥാപാത്രങ്ങളാക്കുകയും ഏറ്റവും നിസാരമെന്നു തോന്നുന്ന സംഭവങ്ങൾ പോലും കഥയ്ക്ക് വിഷയമാക്കുകയും ചെയ്തു അദ്ദേഹം. സാധാരണ ജനങ്ങളുടെ ജീവിതങ്ങൾ കഥയിലും നോവലിലും വിഷയമാക്കി വായനക്കാരുടെ ഹൃദയത്തിൽ ഇടം തേടിയ എഴുത്തുകാരനാണ് പി കേശവദേവ്.
കേശവദേവിന്റെ ആദ്യ നോവലാണ് ‘ഓടയിൽ നിന്ന്’. ഈ കാലഘട്ടത്തിലും ചർച്ച ചെയ്യ പ്പെടേണ്ട എഴുത്ത് ആണ് ഈ നോവലിലെ ഇതിവൃത്തം. കുട്ടിക്കാലത്ത് തന്നെ വീട്ടിലും നാട്ടിലും ധിക്കാരിയായി പപ്പു വളർന്നു. നാട്ടിൽ നിൽക്കാൻ പറ്റാതെ വന്നപ്പോൾ അവൻ പട്ടണത്തിലേക്ക് ഒളിച്ചോടി. റയിൽവേ സ്റ്റേഷനിൽ മറ്റു കുട്ടികളുടെ കുടെ ചുമട് എടുത്തു. ബീഡിക്കടയിലും, സോഡാ ഫാക്ടറിയിലും പണിയെടുത്തു. ഒരിടത്തും സ്ഥിരമായി നിൽക്കാൻ പപ്പുവിന് കഴിഞ്ഞില്ല. ഒടുവിൽ പട്ടണത്തിൽ ഒരു റിക്ഷക്കാരനായി വണ്ടി വലിക്കാൻ തുടങ്ങി.കടത്തിണ്ണയിലും റയിൽവേ സ്റ്റേഷനിലും അന്തിയുറങ്ങി അവൻ നഗരത്തിൽ കഴിഞ്ഞു കൂടി.
ഒരിക്കൽ ഒരു യാത്രക്കാരനേയും കൊണ്ട് റിക്ഷ വലിക്കുന്നതിനിടയിൽ റിക്ഷ തട്ടി ഒരു പെൺകുട്ടി ഓടയിൽ വീണു. പിന്നീട് അങ്ങോട്ട് പപ്പുവിന്റെ ജീവിതം നിരാലംബയായ ആ കുട്ടിക്ക് ( ലക്ഷ്മിക്ക് )വേണ്ടി ആയിരുന്നു. അതോടെ പപ്പുവിന്റെ ജീവിതത്തിനു ഒരു ലക്ഷ്യമുണ്ടായി – ലക്ഷ്മിയുടെ പഠനം, ഉയർച്ച..!.ജീവിതത്തിൽ മനുഷ്യന് ലക്ഷ്യം ഉണ്ടാകുമ്പോൾ ജീവിക്കാനുള്ള സ്വപ്നം കാണാനുള്ള ആഗ്രഹം ഉണ്ടാകുന്നു. പപ്പു താമസം ലക്ഷ്മിയുടെ വീട്ടിലേക്ക് മാറ്റി.

ലക്ഷ്മി വളർന്നു. മിടുക്കിയായ അവൾ പഠനത്തിലും പാട്ടിലുമൊക്കെ മികവ് പുലർത്തി. കാലം കഴിഞ്ഞപ്പോൾ പപ്പു അവശനായി. പഠിച്ചു വളർന്ന ലക്ഷ്മിക്കു റിക്ഷാക്കാരനായ പപ്പു കൂടെ നടക്കുന്നത് കുറച്ചിലായി. പക്ഷെ അമ്മ കല്ല്യാണി അവളെ തിരുത്തി. രക്ഷകനായി വന്ന പപ്പുവിനെ സ്നേഹിക്കാൻ പഠിപ്പിച്ചു. പട്ടണത്തിലെ ഒരു ധനികന്റെ മകൻ ലക്ഷ്മിയെ കല്യാണം കഴിക്കാൻ തയ്യാറായി. പഠനം പൂർത്തിയായപ്പോൾ പപ്പു ലക്ഷ്മിയെ അയാൾക്ക് കല്യാണം ചെയ്തു കൊടുത്തു. അന്ന് രാത്രി പപ്പു വീട് വിട്ടിറങ്ങി. പപ്പുവിന്റെ ജീവിതത്തിനു ലക്ഷ്യമില്ലാതായിരിക്കുന്നു. അവശനായി നടന്നു നീങ്ങുന്ന പപ്പുവിനെ ലക്ഷ്മി തന്റെ ഭർതൃ വീടിന്റെ ജനാലയിലൂടെ നോക്കി കണ്ടു.
സ്നേഹിക്കുന്ന കുടുംബത്തിന് വേണ്ടി തന്റെ സുഖ-ദു:ഖങ്ങളെല്ലാം മറന്നും മാറ്റിവെച്ചും അവസാന നിമിഷം വരെ കഷ്ടപ്പെടുകയും പണിയെടുക്കുകയും ചെയ്യുന്ന തൊഴിലാളിയുടെ/കുടുംബ നാഥന്റെ കഥയാണ് ‘ഓടയിൽ നിന്ന്’. ഒപ്പം ഐശ്വര്യങ്ങൾ കൈവരുമ്പോൾ ബന്ധങ്ങൾ മറക്കുന്ന മനുഷ്യന്റെ അടിസ്ഥാന സ്വഭാവവും അണയാത്ത സ്നേഹവും ഓർമ്മപ്പെടുത്തുന്നു.മനുഷ്യ ബന്ധങ്ങളുടെ തീവ്രത ഉൾക്കൊള്ളിച്ചു കൊണ്ടുള്ള നോവൽ.




ഒരു കാലഘട്ടത്തിന്റെ അടയാളപ്പെടുത്തൽ ആയ ഓടയിൽ നിന്ന് നോവലിനെ നന്നായി പരിചയപ്പെടുത്തി