ശ്രീമതി സുജ പാറുകണ്ണിൽ രചിച്ച് Loremipsum പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച മിഴി നനയാതെ എന്ന പുസ്തകം ചങ്ങനാശേരി ചെത്തിപ്പുഴ സർഗ്ഗക്ഷേത്ര ജെ കെ വി ഹാളിൽവച്ച് 2025 ഫെബ്രുവരി 09 ഞായറാഴ്ച വൈകുന്നേരം 03-30 ന് പ്രകാശനം ചെയ്തു.
ശ്രീമതി സുജയുടെ ജീവിത അനുഭവങ്ങളിലൂടെ കടന്നുപോകുന്ന ഈ പുസ്തകത്തിന്റെ പ്രകാശനകർമ്മത്തിൽ സുജയുടെ മകൾ ശ്രീമതി അമല അനീഷ് സ്വാഗതമാശംസിച്ചു. ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ തോമസ് തറയിൽ അദ്ധ്യക്ഷത വഹിക്കുകയും, അനുഗ്രഹ പ്രഭാഷണം നടത്തുകയും ചെയ്തു. പ്രശസ്ത കവി ശ്രീ കുരീപ്പുഴ ശ്രീകുമാർ മിഴി നനയാതെ എന്ന പുസ്തകം പ്രകാശനം ചെയ്യുകയും, ചങ്ങനാശ്ശേരി MLA അഡ്വ. ജോബ് മൈക്കിൾ ആദ്യപ്രതി ഏറ്റുവാങ്ങുകയും ചെയ്തു. പ്രശസ്ത ശസ്ത്രക്രിയാ വിദഗ്ദനും എം ജി യൂണിവേഴ്സിറ്റിയിലെ ഇന്റർനാഷണൽ സെന്റർ ഫോർ മെഡിക്കൽ ഇന്നോവേഷൻ (NRICMI)ചെയർമാനുമായ പ്രഫ. ഡോ. എൻ രാധാകൃഷ്ണൻ, ഗ്രന്ഥകാരിയുടെ ഹൈസ്കൂൾ അധ്യാപികയും ഉപദേഷ്ടാവുമായ റവ. സി. മരിയ ആര്യങ്കാല, ചലച്ചിത്ര അഭിനേതാവും കർഷകശ്രീ അവാർഡ് ജേതാവുമായ ശ്രീ കൃഷ്ണപ്രസാദ്, സുജയുടെ കളിക്കൂട്ടുകാരിയും സഹപാഠിയും പിതൃസഹോദരിയുമായ ശ്രീമതി ലൈസ എഡ്വെർഡ്, ശ്രീ വിനോദ് പണിക്കർ, ശ്രീ കെ വി ജിജിൽ എന്നിവർ ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു.
എടുത്തു പറയേണ്ട ഒരു പ്രധാന കാര്യം, ശ്രീമതി സുജ തന്റെ ജീവിതത്തിൽ അനുഭവിക്കേണ്ടി വന്ന വിശ്വസിക്കാനാവാത്ത വിധമുള്ള യാതനകളെക്കുറിച്ച് പ്രാസംഗികർ വിശദീകരിച്ചപ്പോൾ, മിഴി നനയാതെ എന്ന പുസ്തകം വായിക്കാതെതന്നെ ഹാളിൽ സന്നിഹിതരായിരുന്ന എല്ലാവരുടെയും മിഴികൾ നനയുകയും നെടുവീർപ്പുകൾ ഉയരുകയും ചെയ്തിരുന്നു.
23 വർഷത്തെ തന്റെ പ്രവാസജീവിതം അവസാനിപ്പിച്ച്, ഏകമകൾ അമലയുടെ ഗർഭകാല ശുശ്രൂഷകൾക്കായി, വളരെയേറെ മോഹങ്ങളും സ്വപ്നങ്ങളുമായി ജന്മനാട്ടിൽ തിരികെയെത്തിയ സുജ, വിധിയുടെ ക്രൂരതയാലോ മാറ്റാരുടെയൊക്കെയോ അശ്രദ്ധയാലോ അനുഭവിക്കേണ്ടിവന്ന വേദനകളെക്കുറിച്ചാണ് പ്രാസംഗികരൊന്നാകെ സംസാരിച്ചത്.
പക്ഷെ, വിധി ഇത്തവണ ഡെങ്കിപ്പനിയുടെ രൂപത്തിൽ സുജയെ പിടികൂടി. ആശുപത്രിയിൽ അഡ്മിറ്റായി. അനക്കമറ്റു കിടക്കുന്ന സുജക്ക് അന്ത്യയാത്രക്കൊരുക്കമായുള്ള രോഗീലേപനം (അന്ത്യകൂദാശ ) നല്കപ്പെട്ടു. മരണത്തിന്റെ വിളിക്കു കാതോർത്തിരുന്ന നിമിഷങ്ങൾ. ICU- വിനു പുറത്ത് ബന്ധുക്കളും, മിത്രങ്ങളും സുജക്കുവേണ്ടി ചൊല്ലിത്തീർക്കുന്ന പ്രാർത്ഥനകളും, ഒഴുക്കുന്ന കണ്ണീരും ദൈവസന്നിധിയിൽ എത്തിയതാകാം, സുജയുടെ ആന്തരിക അവയവങ്ങൾ പ്രവർത്തന സജ്ജമായിതുടങ്ങിയിരുന്നു.ഒരു മനുഷ്യായുസ്സിന് അനുഭവിയ്ക്കാവുന്നതിന്റെ പതിന്മടങ് വേദനകളും കഷ്ടപ്പാടുകളും സഹിച്ച്, മരിച്ചു ജീവിച്ച സുജയുടെ കഥനകഥകൾ വിശദീകരിക്കുന്ന ഓരോ വാക്കുകളും സദസ്സ് വളരെയേറെ വിഷമത്തോടെ കേട്ടിരുന്നു.
തികച്ചും സന്തോഷകരമായ ബാല്യകാലം ഗ്രന്ഥകർത്താവ് വിവരിക്കുമ്പോൾ നമ്മുടെ മനസും കുട്ടിക്കാലത്തിലേക്ക് യാത്ര ചെയ്യുന്നു. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിക്കടുത്ത മാമ്മൂട് എന്ന ഗ്രാമമാണ് കഥയുടെ പശ്ചാത്തലം.തോടുകളും, നെൽപ്പാടങ്ങളും, റബ്ബർ തോട്ടങ്ങളും, കപ്പകൃഷിയുമൊക്കെയുള്ള സുന്ദരമായ ഗ്രാമം. അവിടെ പേരയിലും, ചാമ്പയിലും, മാവിലും, കൊക്കോയിലുമൊക്കെ കയറി കുസൃതികൾ കാട്ടി നടന്നിരുന്ന മരംകേറി കളായിരുന്നു സുജയും സഹോദരനും. ചെറുപ്പം മുതൽ കഥകൾ കേൾക്കുന്നതിനും, പുസ്തകങ്ങൾ വായിക്കുന്നതിലും തൽപ്പരയായിരുന്ന സുജ എന്നും കുടുംബവീട്ടിലെത്തി പുസ്തകങ്ങൾ വായിച്ചിരുന്നു. വീട്ടിലെ കട്ടിലിന്റെ ക്രാസിക്ക് മറഞ്ഞു, നിലത്തു ചമ്രം പടഞ്ഞിരുന്ന് ചുറ്റും നടക്കുന്നതൊന്നുമറിയാതെ വായനയിൽ മാത്രം ശ്രദ്ധയൂന്നി ഒരു പുസ്തകമെങ്കിലും വായിച്ചു തീർത്ത ശേഷമേ മടങ്ങിയിരുന്നുള്ളൂ. സ്കൂളിലെ പാഠഭാഗങ്ങൾ പഠിക്കാതെ കഥകൾ വായിക്കുന്നതിന് ശകാരം കിട്ടുമോന്ന് ഭയന്നാണ് ഒളിച്ചിരുന്നു വായിച്ചിരുന്നത്.വളരെ വാചാലമായി സംസാരിച്ചിരുന്ന സുജ സ്കൂൾ പഠനകാലത്തുതന്നെ ചെറുകഥകളും കവിതകളും രചിച്ച് സ്കൂളിലെ ഹീറോ ആയിരുന്നു. പല ആനുകാലിക പ്രസിദ്ധീകരണങ്ങളിലും, ഓൺലൈൻ മാധ്യമങ്ങളിലും സുജയുടെ രചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഓലഞ്ഞാലി കിളി എന്ന കഥാസമാഹാരം 2023- ൽ കണ്ണൂർ കൈരളി ബുക്സ് പ്രസിദ്ധീകരിച്ചിരുന്നു.
സന്തോഷപ്രദമായ ബാല്യ – കൗമാര കാലങ്ങളും വിധിയുടെ ക്രൂരതയിൽ ദുഃഖങ്ങൾ മാത്രം നിറഞ്ഞ വർത്തമാനകാലവും, ഹൃദയത്തിന്റെ ഉള്ളറയിൽനിന്നും തന്റെ അകക്കണ്ണാൽ പകർത്തി നമ്മുടെ മുന്നിലെത്തിച്ച മിഴി നനയാതെ എന്ന പുസ്തകം നിസ്സാര പ്രശ്നങ്ങളാൽ പിന്തിരിഞ്ഞോടാൻ തയ്യാറായി നിൽക്കുന്ന നമ്മുക്ക് പ്രചോദനവും ധൈര്യവും നൽകുമെന്ന് ഉറച്ചു വിശ്വസിക്കാം.
വീണുകിട്ടുന്ന ഓരോ നിമിഷവും അമൂല്യമാണ്. അതു മനസ്സിലാക്കി ദൈവദാനമായി തിരികെ ലഭിച്ച തന്റെ ജീവിതം അർത്ഥപൂർണ്ണമാക്കിയ സുജ പാറുകണ്ണിലിന് ആയിരമായിരം അഭിനന്ദനങ്ങൾ.
മിഴി നനയാതെ എന്ന പുസ്തകം ജനഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് വൻ വിജയമാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
സുജയുടെ കഥ
മിഴി നനയാതെ എന്ന പേരിൽ പുസ്തകം ആക്കി യത് നന്നായി അവതരിപ്പിച്ചു.