Logo Below Image
Friday, March 21, 2025
Logo Below Image
Homeപുസ്തകങ്ങൾസുജ പാറുകണ്ണിലിന്റെ ആത്മകഥ "മിഴി നനയാതെ" (പുസ്തക ആസ്വാദനം)✍ ശ്യാമള ഹരിദാസ്.

സുജ പാറുകണ്ണിലിന്റെ ആത്മകഥ “മിഴി നനയാതെ” (പുസ്തക ആസ്വാദനം)✍ ശ്യാമള ഹരിദാസ്.

ശ്യാമള ഹരിദാസ്.

സുജ പാറുകണ്ണിലിന്റെ ആത്മകഥയാണ് ഈ പുസ്തകം. ഇതിന്റെ ശീർഷകം
“മിഴി നനയാതെ” .എന്നാണ്.  ഇതിലെ പ്രമേയം, ചിലരുടെ അശ്രദ്ധ മൂലം സുജയുടെ ജീവിതത്തിൽ സംഭവിച്ച അന്ധതയുടേയും ഇന്നുവരെ കേട്ടുകേൾവി പോലുമില്ലാത്ത ദാരുണമായ മറ്റുചില സംഭവങ്ങളുടേയും ഞെട്ടിക്കുന്ന സത്യങ്ങളാണ്.

ലളിതമായ ആഖ്യാന ശൈലിയിലൂടെ വായനക്കാരെ അക്ഷരലോകത്തിന്റെ
മായാക്കാഴ്ചയിലേക്ക് കൂട്ടികൊണ്ടു പോകുന്നതാണ് “മിഴിനനയാതെ” എന്ന ഈ കൃതി.

ചിലരുടെ അശ്രദ്ധമൂലം ലോകത്തിൽ നടനമാടുന്ന യഥാർത്ഥ സംഭവങ്ങളും പാതി വഴിയിൽ വെച്ച് തനിക്ക് സംഭവിച്ച അന്ധതയേയും അതി രൂക്ഷമായ ആരോഗ്യപ്രശ്നങ്ങളും മരണത്തെ മുഖാമുഖം കണ്ട സന്ദർഭങ്ങളും ദൗർബല്യങ്ങളും യാതനകളും വേദനകളും കഷ്ടപ്പാടുകളും അനർഘനിമിഷങ്ങളും വേണ്ടപ്പെട്ടവരുടെ മനോവിഷമവും ഇന്ന് വരെ ലോകം കാണാത്ത തന്റെ അവസ്ഥയിലൂടെയുള്ള സഞ്ചാരവും യാതൊരു മറയും കൂടാതെ സുജ തുറന്നെഴുതി. ഒരു തുള്ളി കണ്ണുനീർ പോലും പൊഴിക്കാതെ വായിക്കാനാകാത്ത ഒരു അപൂർവ്വ ആത്മകഥയാണ് “മിഴിനനയാതെ” എന്ന ഈ രചന.

സുജയുടെ രചന തന്നെ ഒരു അവിഭാജ്യ ഘടകമാണ്. മനുഷ്യ ജീവിതത്തിൽ ആർക്കും എപ്പോഴും എന്തും സംഭവിക്കാം എന്നത് ഈ ബുക്ക്‌ നമുക്ക് വരച്ചു കാട്ടുന്നു.

ഉദാത്തമായ ലാളിത്യം കൊണ്ടും അതിതീവ്രമായ ജീവിതാനുഭവങ്ങൾ കൊണ്ടും അന്ത്യകൂദാശ ചെയ്തു മോക്ഷപ്രാപ്തിക്കായി തയ്യാറെടുക്കുന്ന ഹൃദയസ്പർശ്ശിയായ രംഗങ്ങളും വായനക്കാരുടെ മനസ്സിൽ മായാതെ നിൽക്കുന്ന ഓർമ്മകളാണ്.

ഏഴ് അദ്ധ്യായങ്ങളിലായി എഴുതിയ ഈ രചന അനുവാചക ഹൃദയങ്ങളെ തോരാമഴ പോലെ കണ്ണുനീരിൽ ആഴ്ത്തിക്കൊണ്ടേ വായിക്കാനാകു. ഈ കഥ വായിക്കുമ്പോൾ അറിയാതെ മിഴികൾ നിറഞ്ഞു പോകുന്നു.

പോർച്ചുഗീസുകാരനായ ജോസ് സരമാഗോയുടെ അന്ധത എന്ന നോവലാണ് ഏറ്റവും ചർച്ച ചെയ്യപ്പെട്ടിരുന്നത് എങ്കിൽ ഇവിടെ സുജയുടെ “മിഴിനനയാതെ” എന്ന ആത്മകഥയാണ് ഏറെ ചർച്ച ചെയ്യപ്പെടേണ്ടത്.

ജീവിതത്തിന്റെ ഓരോ നിമിഷവും ഇരുളും വെളിച്ചവും നിറഞ്ഞതാണ്. ജീവിതത്തിന്റെ നിറവും നിഴലും സൗന്ദര്യവും സൗഭാഗ്യവും നാം ആസ്വദിക്കുന്നത് നമ്മുടെ മിഴികളിലൂടെയാണ്. അപ്പോൾ ഒരു അസുലഭ നിമിഷത്തിൽ നിത്യ അന്ധതയിലേയ്ക്ക് വഴുതി വീഴാനിടയായ സുജയുടെ അവസ്ഥയോ? എന്നിട്ടും അവർ തളർന്നില്ല. എഴുത്തിലൂടെ അവർ മുന്നേറി കൊണ്ടിരുന്നു. ഈ മേന്മയേറിയ ബുക്കിന് അഷിത സ്മാരക പുരസ്‌കാരം അവർ കരസ്ഥമാക്കി.

അന്ധതയെ തോൽപ്പിച്ച്, ഉൾക്കരുത്തോടേയും, ഉൾക്കാഴ്ചയിലൂടേയും
ഹൃദയത്തിൽ നിറഞ്ഞു നിൽക്കുന്ന ആ ചൈതന്യത്തിലൂടെ സുജക്ക് ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കും.

ഒരു പ്രത്യേക സാഹചര്യത്തിൽ സുജയുടെ മനസ്സിനെ ഏറെ സ്പർശ്ശിച്ചുപോയ സംഭവങ്ങളേയും അനുഭവങ്ങളേയും വ്യക്തികളേയും അക്ഷരങ്ങളാൽ തന്റെ തൂലിക തുമ്പിലൂടെ വരച്ചു വെച്ചിരിക്കുകയാണ് “മിഴിനനയാതെ” എന്ന ഈ പുസ്തകം.

ഒന്നാം അദ്ധ്യായം പ്രവാസത്തിൽ നിന്നും പ്രയാസത്തിലേക്ക് എന്ന കഥയിൽ സുജ നിത്യജീവിതത്തിൽ ക്ലേശങ്ങൾ അനുഭവിക്കേണ്ടി വന്നപ്പോൾ പ്രവാസ ജീവിതത്തിലേക്ക് ചേക്കേറിയതും ഇരുപത്തിമൂന്നു വർഷം സന്തോഷത്തോടും ഉത്സാഹത്തോടും ജോലിചെയ്തുകൊണ്ട് ഇരിക്കുമ്പോൾ ഒരു അമ്മയ്ക്ക് മകളോടുള്ള ചില ഉത്തരവാദിത്വത്തിന്റെ ഭാഗമായി നാട്ടിലെത്തുന്നതും, ഒട്ടേറെ സ്വപ്നങ്ങളും മോഹങ്ങളുമായി സ്വന്തം നാട്ടിൽ തിരിച്ചെത്തിയ സുജയെ കാത്തിരുന്നത് ഒട്ടനവധി വിഷമങ്ങളും യാതനകളും ദുരിതങ്ങളും സങ്കടങ്ങളും ദൗർഭാഗ്യങ്ങളും ആണ്. താൻ അനുഭവിക്കേണ്ടിവന്ന തിക്താനുഭങ്ങളും മനസ്സ് വേദനയുടെ നീർചൂഴിയിൽ
കിടന്നു പിടയുന്ന അവസ്ഥകളും സുജ ഈ രചനയിൽ പരമാർശിച്ചിട്ടുണ്ട്.

രണ്ടാം അദ്ധ്യായം ‘അങ്ങിനെ ആ കൊറോണ കാലത്ത്’ എന്ന കഥയിൽ സുജയുടെ മനസ്സിനെ ഏറെ സ്പർശ്ശിച്ചിരുന്നതും, വ്യാകുലപ്പെടുത്തിയിരുന്നതുമായ സംഭവ വികാസങ്ങളും സന്ദർഭങ്ങളും ഒറ്റപ്പെടലുകളും വേദനയും അനീഷിന്റെ കാൽ വേദനയും മകൾക്ക് കൂട്ടായിരിക്കേണ്ട അമ്മ ആസ്പത്രി കിടക്കയിൽ തളർന്നു കിടക്കുന്നതുമായ ഒട്ടേറെ സംഭവങ്ങൾ ഈ ബുക്ക്‌ വായനയിലൂടെ നമുക്ക് മനസ്സിലാക്കാം.

ഡെങ്കി പനി വന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയേണ്ടിവന്ന സുജയുടെ ജീവിതത്തിലുണ്ടായ അപ്രതീക്ഷിതമായ കാര്യങ്ങളുടേയും ആകസ്മിക സംഭവങ്ങളുടേയും ചുരുളഴിയുകയാണ് ഈ കഥയിലൂടെ……  അറിഞ്ഞോ അറിയാതെയോ വന്ന ചിലരുടെ അശ്രദ്ധകൊണ്ട് ജീവിതത്തിന്റെ പാതിവഴിയിൽ അന്ധത അനുഭവിക്കേണ്ടി വന്ന ഒരു യുവതിയുടെ ഉൾത്തുടിപ്പുകളും മനസ്സിനെ കാർന്നു തിന്നുന്ന തിക്താനുഭവങ്ങളും മനസ്സിനെ വേദനയുടെ കയങ്ങളിലേക്ക് കൂട്ടി കൊണ്ടുപോകുന്ന വിഷമകരമായ ഘട്ടത്തേയും തന്റെ ചേതോഹാരങ്ങളായ ആഖ്യാനശൈലികൊണ്ട്‌ മികവുറ്റതാക്കിയിട്ടുണ്ട്.

‘ചില്ലു കൂട്ടിലെ ഓർമ്മകൾ’ എന്ന അദ്ധ്യായത്തിൽ, ഐ സി യു വിൽ കൊടുംവേദനയിൽ പുളയുമ്പോഴും കാഴ്ച നഷ്ടപ്പെട്ടു എന്നറിഞ്ഞിട്ടും ഭാവി എന്താകുമെന്നോ?…, എങ്ങിനെ മുന്നോട്ട് ജീവിക്കുമെന്നോ ഓർത്ത് ഞാൻ കരഞ്ഞില്ല എന്നും നാളെയെക്കുറിച്ച് ചിന്തിച്ചില്ല എന്നും സുജ പറയുന്നുണ്ട്.

എഴുപതുകളിലേയും എൺപതുകളിലേയും ബാല്യം അതേപടി നമുക്ക് മുമ്പിൽ അവതരിപ്പിച്ചിട്ടുണ്ട്. അത് ജീവിതങ്ങളുടെ ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ്.

അഞ്ചാം അദ്ധ്യായത്തിൽ (ദേവ ദൂതനെപ്പോലെ ഒരാൾ) എന്ന അദ്ധ്യായത്തിൽ തന്റെ രണ്ടു കാലുകളും നഷ്ടപ്പെടാതെ സംരക്ഷിച്ച പ്രസിദ്ധനായ ഒരു ഡോക്ടറുടെ സമയോചിതമായ ഇടപെടലും തുടർ സംഭവങ്ങളുമാണ്.

‘കൈ വിട്ടു പോയ മിഴികൾ’ എന്നതിൽ ഏതെല്ലാം കഷ്ടപ്പാടുകളിലൂടേയും വേദനകളിലൂടേയും വിഷമങ്ങളിലൂടേയും പരീക്ഷണങ്ങളിലൂടേയും പ്രയാസങ്ങളിലൂടേയും അവർ കടന്നുപോയി എന്നതും, കേട്ടുകേൾവി പോലുമില്ലാത്ത ഒന്ന് അവരുടെ ജീവിതത്തിൽ സംഭവിച്ചതും അതിൽ നിന്നും അപ്രതീക്ഷിതമായി കൈവന്ന മോചനവും ഇവിടെ വരച്ചു കാട്ടുന്നു.

അവസാന അദ്ധ്യായം ആൽമരവും ബോധി വൃക്ഷവും ഒക്കെ നമ്മുടെ ജീവിതത്തിലും ഉണ്ട് എന്നുള്ള ഓർമ്മപ്പെടുത്തലാണ്.

സുജയുടെ ഹൃദയചൈതന്യത്തിന്റെ ഉൾക്കാഴ്ചയിലൂടെ ഇനിയും ഒരുപാട് എഴുത്തുകൾ പിറവി എടുക്കട്ടെ എന്ന് ആശംസിക്കുന്നു.

ശ്യാമള ഹരിദാസ്.

RELATED ARTICLES

5 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments