Saturday, January 10, 2026
Homeഅമേരിക്കവിദ്യാലയത്തിന്റെ മധുരസ്മരണകളിൽ നിന്ന് പുതിയൊരു ലോകത്തേക്ക്.

വിദ്യാലയത്തിന്റെ മധുരസ്മരണകളിൽ നിന്ന് പുതിയൊരു ലോകത്തേക്ക്.

ബാബു പി സൈമൺ, ഡാളസ്

ഡാളസ് : അനേകം ഹൃദയസ്പർശിയായ സ്മരണകൾ ഉണർത്തിക്കൊണ്ട്, നാല് വർഷത്തെ കോളേജ് പഠനത്തിനും, പന്ത്രണ്ട് വർഷത്തെ സ്കൂൾ ജീവിതത്തിനും ശേഷം, പ്രിയപ്പെട്ട കാമ്പസുകളിൽ നിന്ന് കുഞ്ഞുങ്ങൾ പടിയിറങ്ങി ജീവിതത്തിന്റെ പുതിയ അധ്യായത്തിലേക്ക് പ്രതീക്ഷയോടെ കടന്നു പോകുകയാണ്. ഓരോ രക്ഷിതാവിൻ്റെയും ഹൃദയത്തിൽ തങ്ങളുടെ മക്കളുടെ വളർച്ചയുടെ ഓരോ ഘട്ടവും ഒരു മധുര നൊമ്പരമായി അവശേഷിപ്പിക്കുന്നു. മകളുടെ മുഖത്ത് മിന്നിമറയുന്ന ഭാവങ്ങളിൽ നിന്ന്, അവൾ തൻറെ കാമ്പസിനെ എത്രമാത്രം സ്നേഹിച്ചിരുന്നു എന്ന് മനസ്സിലാക്കാൻ സാധിക്കുന്നു. കൂട്ടുകാരുമൊത്തുള്ള നല്ല ദിനങ്ങളെ അവൾ ഇപ്പോൾ ഓർത്തെടുക്കുകയാണ്.ക്ലാസ്സ് മുറിയിൽ സംസാരിച്ചതിന് അദ്ധ്യാപിക നൽകിയ കുഞ്ഞു ശിക്ഷയെക്കുറിച്ച് പറയുമ്പോൾ മകളുടെ മുഖത്ത് നേരിയ പരിഭവത്തിന്റെ ലാഞ്ചന കാണാം. അവളുടെ സന്തോഷത്തിൽ പങ്കുചേരുമ്പോൾ അറിയാതെ ഓർമ്മകൾ പഴയ സ്കൂൾ, കലാലയ കാലഘട്ടങ്ങളിലേക്ക് ഒരു നിമിഷം എത്തിനോക്കി.

കാലം എത്ര വേഗമാണ് മാറിയത്. സ്കൂൾ മുറ്റം വരെ എയർ കണ്ടീഷൻ ചെയ്ത കാറിൽ കുട്ടികൾ വന്നിറങ്ങുന്ന ഇന്നത്തെ സുന്ദരമായ കാഴ്ചകൾ കാണുമ്പോൾ, പത്തു പൈസ കൊടുത്ത് ബസ്സിന്റെ പിൻവശത്തെ ചവിട്ടുപടിയിലും, കോണിപ്പടിയിലും, തൂങ്ങിക്കിടന്ന് കൃത്യസമയത്ത് സ്കൂളിലെത്തുന്ന സാഹസികമായ യാത്ര ഓർത്തുപോയി. മഴയും ഇടിമിന്നലും അരങ്ങു തകർക്കുമ്പോൾ സ്കൂളിന്റെ നാല് ചുവരുകൾക്കുള്ളിൽ പുറംലോകം കാണാതെ ഒതുങ്ങിക്കൂടുന്ന ഇന്നത്തെ കുട്ടികളെ കണ്ടപ്പോൾ, മേൽക്കൂരയും, അരമതിലുകളുള്ളതുമായ ക്ലാസ്സ് മുറികളിലിരുന്ന് ആകാശത്തിലെ മാറിമറയുന്ന വർണ്ണങ്ങൾ ആസ്വദിച്ചിരുന്ന കുട്ടി കാലം മനസ്സിൽ തെളിഞ്ഞു. വിശുദ്ധ സ്തേഫാനോസ് പുണ്യാളൻ രൂപത്തിന് താഴെ നിർമ്മിച്ചിട്ടുള്ള മതിലിന്മേൽ ചുറ്റുമിരുന്ന് , വീട്ടിൽ നിന്ന് കൊണ്ടുവന്ന പൊതിച്ചോറ് പങ്കിട്ടെടുത്തതും, ലോകത്തെക്കുറിച്ചുള്ള അറിവുകൾ പരസ്പരം കൈമാറിയതും, ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകൾ സ്വപ്നം കണ്ടിരുന്നതും, സത്യസന്ധതയുടെ സുഹൃത്ത് ബന്ധങ്ങൾ കെട്ടിപ്പടുത്തതും എല്ലാം അന്ന് സാധാരണമാണെന്ന് തോന്നിയിരുന്നുവെങ്കിലും, അവയെല്ലാം ജീവിതത്തിന് അർത്ഥം നൽകിയ തിരികൊളുത്തുകളായിരുന്നുവെന്ന് ഇന്ന് തിരിച്ചറിയുന്നു. അന്നത്തെ കൂട്ടുകാരിൽ പലരും ഇന്ന് എവിടെയാണെന്ന് അറിയില്ല. എന്നാൽ ചിലർ രാഷ്ട്രീയത്തിന്റെ കുപ്പായമണിഞ്ഞ് ജനങ്ങളെ സേവിക്കുന്നു, മറ്റുചിലർ ഭക്തി പാത തിരഞ്ഞെടുത്ത് തങ്ങളെ ഏൽപ്പിച്ച കുഞ്ഞാടുകളെ പരിപാലിക്കുന്നു. വേറെ ചിലർ അദ്ധ്യാപകരായി അറിവിന്റെ വെളിച്ചം പകരുന്നു, മറ്റു ചിലർ കച്ചവടത്തിന്റെ ലോകത്ത് തങ്ങളുടെ സാമ്രാജ്യങ്ങൾ കെട്ടിപ്പടുത്തുയർത്തുന്നു. ചിലർ ഈ ലോകത്തോട് തന്നെ വിടപറഞ്ഞുപോയിരിക്കുന്നു.

സ്കൂളിനോട് യാത്ര പറയുന്ന അവസാന ദിനത്തിൽ കൂട്ടുകാർ പരസ്പരം സ്നേഹത്തിന്റെ സന്ദേശങ്ങൾ കൈമാറിയിരുന്നു. “ഒരിക്കലും പിരിയില്ല എന്ന്” അന്ന് ദൃഢമായി പറഞ്ഞവർ എവിടെയാണെന്ന് അറിയാതെ ഇന്നും കാത്തിരിപ്പ് തുടരുന്നു. ശബ്ദഘോഷം നിറഞ്ഞ മുറിയിലേക്ക് പ്രധാന അദ്ധ്യാപകന്റ പ്രവേശനം ഏവരെയും നിശ്ശബ്ദരാക്കി.അദ്ധ്യാപകന്റെ ആ അവസാന ഉപദേശം ഇന്നും മനസ്സിൽ മായാതെ പതിഞ്ഞു കിടക്കുന്നു: “ഇന്നുമുതൽ നിങ്ങൾക്ക് ഉറക്കമില്ലാത്ത രാത്രികളാണ്. നാളെയെക്കുറിച്ചുള്ള സ്വപ്നങ്ങളാൽ നിങ്ങളുടെ നിദ്ര നഷ്ടപ്പെട്ടേക്കാം. മാതാപിതാക്കളെയും അധ്യാപകരെയും വിശ്വസിച്ചുകൊണ്ട്, ഭാവിയെക്കുറിച്ചുള്ള സുപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുക.” ആ ഉപദേശത്തെ ഹൃദയത്തിലേറ്റിയ ഏവരേയും ഇന്ന് സന്തോഷത്തോടെ കാണാൻ സാധിക്കുന്നു.

പ്രിയ ബിരുദധാരികളെ, നിങ്ങളോടൊരൊറ്റ വാക്ക്: നല്ലൊരു നാളെയെ സ്വപ്നം കാണാൻ നിങ്ങൾക്ക് സാധിക്കട്ടെ. അവസരങ്ങളുടെ വാതിലുകൾ നിങ്ങൾക്കായി തുറന്നിട്ടിരിക്കുന്നു. വിജയത്തിന്റെ പടവുകൾ ചവിട്ടിക്കയറാൻ, ഭാവിയെക്കുറിച്ചുള്ള ഉചിതമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ , ഈശ്വരൻ നിങ്ങളെ സഹായിക്കട്ടെ. നിങ്ങൾക്ക് ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ!

ബാബു പി സൈമൺ, ഡാളസ്

RELATED ARTICLES

1 COMMENT

  1. ഒരിക്കലും പിരിയില്ല
    എത്രപേർ ഇത് പറഞ്ഞിട്ടുണ്ടാവും
    അർത്ഥമില്ലാത്തത് എന്ന് ഇപ്പോൾ തോന്നുന്നു
    നല്ല കുറിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com