Logo Below Image
Thursday, April 24, 2025
Logo Below Image
Homeഅമേരിക്കവിഷുവും ഞാനും ✍ ജോണി തെക്കേത്തല, ഇരിങ്ങാലക്കുട.

വിഷുവും ഞാനും ✍ ജോണി തെക്കേത്തല, ഇരിങ്ങാലക്കുട.

ജോണി തെക്കേത്തല, ഇരിങ്ങാലക്കുട

ജ്യോതിശാസ്ത്രപ്രകാരം ആണ്ടു പിറക്കുന്ന ദിനമാണ് വിഷു. കലി വർഷത്തിൻ്റെ ആരംഭ ദിവസം.

വിഷുവിനെ കുറിച്ചുള്ള ഒരു ഐതിഹ്യം ഇങ്ങനെയാണ്. ശ്രീകൃഷ്ണ ഭഗവാന്റെ ബാല രൂപം തനിക്ക് കാണണമെന്നും ഭഗവാനോടൊപ്പം തനിക്ക് കളിക്കണം എന്നും ആഗ്രഹിച്ചിരുന്ന ഒരു കുഞ്ഞ് ഉണ്ടായിരുന്നു. അതിനുവേണ്ടി എപ്പോഴും പ്രാർത്ഥിച്ചിരുന്ന ബാലൻറെ മുമ്പിൽ ഭഗവാൻ പ്രത്യക്ഷപ്പെട്ട് എന്താണ് വേണ്ടത് എന്ന് ചോദിച്ചു. ‘നിന്നെ കാണുന്നത് അല്ലാതെ മറ്റെന്ത് കിട്ടാനാണ്?’ എന്ന ബാലൻറെ മറുപടിയിൽ സന്തുഷ്ടനായ ശ്രീകൃഷ്ണഭഗവാൻ തൻറെ അരയിൽ അണിഞ്ഞിരുന്ന അരഞ്ഞാണം ബാലന് സമ്മാനമായി നൽകി.

ബാലൻ കണ്ണനിൽ നിന്ന് കിട്ടിയ സമ്മാനം പലരെയും കാണിച്ചെങ്കിലും ആരും അത് വിശ്വസിച്ചില്ല എന്ന് മാത്രമല്ല അമ്പലത്തിലെ പൂജാരി നടതുറന്നപ്പോൾ കണ്ണൻറെ അരയിലെ അരഞ്ഞാണം മോഷണം പോയെന്നും ഈ ബാലൻ ആയിരിക്കാം അത് മോഷ്ടിച്ചത് എന്ന സംശയവും പറഞ്ഞു. ഇതുകേട്ട് ആ ബാലൻറെ അമ്മ സങ്കടം സഹിക്കാൻ ആകാതെ മകന്റെ അരയിലെ അരഞ്ഞാണം പൊട്ടിച്ച് വലിച്ചെറിഞ്ഞു. അരഞ്ഞാണം ചെന്ന് വീണത് ഒരു കൊന്നമരത്തിൽ. മരം പെട്ടെന്ന് തന്നെ മഞ്ഞപ്പൂക്കൾ കൊണ്ട് വിരിഞ്ഞു. ഈ മരമാണ് പിന്നീട് കണിക്കൊന്ന എന്നറിയപ്പെടാൻ തുടങ്ങിയതത്രേ! ആ ദിവസമാണ് വിഷു.

1935 ലെ ക്രിസ്ത്യാനികളുടെ കുരുത്തോലപ്പെരുന്നാളും വിഷുദിനത്തിലായിരുന്നു. യേശുവിൻ്റെ ഉയിർപ്പു തിരുനാളിൻ്റെ തലേ ഞായറാഴ്ചയാണ് കുരുത്തോലപ്പെരുനാൾ. തലേ ദിവസം വൈകുന്നേരം ഇരുട്ടിത്തുടങ്ങി. നാട്ടിലോ വീട്ടിലോ വൈദ്യുതി ഇല്ല. എണ്ണ വിളക്കിൻ്റെ വെട്ടം മാത്രം. അയൽപക്കത്തെ ഒരു വലിയമ്മ അമ്മയുടെ അടുത്തുണ്ട്. സൊറ പറയാൻ എത്തിയതാണ്. പേര് അച്ചാര് .അമ്മ കൊഴുക്കട്ട എന്ന പലഹാരം ഉണ്ടാക്കി തീർന്നു.പെട്ടെന്നായിരുന്നു അമ്മയുടെ വയറ്റിൽ നിന്നുള്ള എൻ്റെ വരവ്. അമ്മ പ്രസവമുറിയിലേക്ക് കടന്നു.’’ അച്ചാരെ കൊച്ചിനെ പിടി” എന്നായിരുന്നു അമ്മയുടെ വിളി. അധികം പ്രസവസർവീസില്ലാത്ത ആ വലിയമ്മ ആകെ പകച്ചു പോയി. അവർ എന്നെ കയ്യിലെടുത്തു. അമ്മ എന്നെ കണ്ടു. അനക്കമില്ല. ശ്വാസമില്ല. കരച്ചിലില്ല. വലിയമ്മ എന്നെയും പിടിച്ചു തല കറങ്ങി ഇരിക്കുകയാണ്. അപ്പോൾ അമ്മ ഓർത്തത് മരിച്ചു പോയ തൻ്റെ അഞ്ചു കുഞ്ഞുങ്ങളെയാണ്. ആ ഗതി തന്നെ എനിക്കും ആയല്ലോ എന്ന് ഭയപ്പെട്ടു.

അടുത്തുണ്ടായിരുന്ന പാത്രത്തിൽ നിന്ന് ഒരു കൈ നിറയെ വെള്ളമെടുത്തു. ശക്തിയോടെ എൻ്റെ മുഖത്തേക്ക് തെളിച്ചു. ഞാൻ കരഞ്ഞു. അപ്പോൾ അമ്മ ചിരിച്ചു. മക്കൾ കരയുമ്പോൾ അമ്മ സന്തോഷിക്കുന്ന സന്ദർഭം.പതിച്ചിയോ (മിഡ് വൈഫ്) പാത്തിക്കിരിയോ (അപ്പോഥിക്കെറി ) പങ്കെടുക്കാതെയുള്ള ‘ഹോം ഡെലിവറി’ .അമ്മ രണ്ടാമതും കൈയിൽ വെള്ളമെടുത്തു. ഇത്തവണ തെളിച്ചതു വലിയമ്മയുടെ മുഖത്താണ്. അതോടെ അവരുടെ പ്രയാസവും തീർന്നു. ഇങ്ങനെയൊക്കെയാണ് ഞാൻ ഭൂജാതനായത്.

വിഷുപ്പുലരിയിൽ കൈനീട്ടത്തിൻ്റെ പുഞ്ചിരിയുമായി പലരുമെത്തി. അതിനു പകരം നൽകിയത് നിഷ്കളങ്കമായ മറ്റൊരു പുഞ്ചിരി തന്നെ.കൊഴുക്കട്ട തിന്നാൻ കൊതി മൂത്ത് അമ്മയുടെ വയറ്റിൽ നിന്ന് ചാടി പുറപ്പെട്ടവനാണ് ഞാൻ എന്ന ഒരു അപഖ്യാതി എന്നെക്കുറിച്ച് ഈ നാട്ടിലുണ്ട്. 😜🥰

കണിക്കൊന്നയല്ലേ
വിഷുക്കാലമല്ലേ,
പൂക്കാതിരിക്കാൻ
എനിക്കാവതില്ലേ.🎋

മലയാളിയുടെ സ്നേഹമെന്തെന്ന് അറിയുന്ന ദിനത്തിൽ എല്ലാവർക്കും വിഷു ആശംസകൾ.🙏

ജോണി തെക്കേത്തല, ഇരിങ്ങാലക്കുട.✍

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ