കഴിഞ്ഞ ദിവസമാണ് വീട് വിററത്,
പത്ത് പതിനെട്ടുവര്‍ഷത്തോളം ജീവിച്ച വീടാണ്.
എന്‍റെയും ഭാര്യയുടേയും ഇഷ്ടത്തിനും സൗകര്യത്തിനുമനുസരിച്ച് നിര്‍മ്മിച്ചതാണ്. തിരക്കുകള്‍ ഇല്ലാത്ത സയത്തു ഞങ്ങള്‍ രണ്ടു പേരും സിറ്റൗട്ടിലെ അരഭിത്തിയില്‍ കട്ടന്‍ ചായയും കുടിച്ച് സൊറ പറഞ്ഞിരിയ്ക്കും. സന്ധ്യ മയങ്ങി ഇരുട്ടു വീണ സമയത്താണെങ്കില്‍ മൂന്നാറില്‍ നിന്നും മലയിറങ്ങി വരുന്ന വാഹനങ്ങളുടെ വെളിച്ചം ആനച്ചാലിലേയ്ക്ക് ഒരു അരുവി പോലെ ഒഴുകുന്നത് കാണാം.
പള്ളിവാസലിലെ ലൈററുകളും മിന്നാമിനങ്ങുകള്‍ മിന്നുന്നതു പോലെ ദൂരെ കാണാം.
പ്രിയദര്‍ശ്ശിനിമേട്ടിലെ വീടുകളിലെ വെളിച്ചം ,ആളുകളുടെ വിളികള്‍ നായയുടെ കുരകളെല്ലാം കേള്‍ക്കാം… കാണാം…
ഒരു വീടു വില്‍ക്കുന്നത് പല കാരണങ്ങള്‍ കൊണ്ടാണ്…
വീടിനത് മനസ്സിലാവുമോ എന്തോ..?
ഇനിയൊരു വീടു പണിയുന്നതിന് ചെറിയൊരു ഇടവേള ആവശ്യമുണ്ട്.
വീടു കൈമാറും മുന്‍പ് ഓരോ മുറിയിലൂടേയും കയറി ഇറങ്ങി. തിണ്ണയിലിട്ട കസേരയില്‍ കണ്ണടച്ചു കുറച്ചു നേരം ഇരുന്നു. അകത്തെ മുറിയിലെവിടയോ നിന്നും മോളുടേയും മോന്‍റേയും ശബ്ദം കേള്‍ക്കാം. സന്തോഷത്തിന്‍റേയും കലഹങ്ങളുടേയും വീര്‍പ്പുമുട്ടലിന്‍റെയും പ്രതീക്ഷയുടേയും നിരാശയയുടേയും ദീര്‍ഘ നിശ്വാസം അകത്തെവിടയോ അലയുന്നുണ്ട്.
വീട്ടില്‍ നിന്നും കൊണ്ടുവന്ന ഫര്‍ണ്ണിച്ചറുകള്‍ പുതിയ താമസസ്ഥലത്ത് ഉള്‍ക്കൊള്ളിയ്ക്കാനിത്തിരി ബുദ്ധിമുട്ടി. വിശാലമായ പറമ്പിന്‍റെ ഒത്ത നടുക്കാണ് വീട്, വീട്ടിലേയ്ക്ക് ടൂവീലറുകളും കാറും വരില്ല. താഴെ മെയിന്‍ റോഡരുകിലുള്ള ചെറിയ കപ്പേളയുടെ അരുകില്‍ പാര്‍ക്കു ചെയ്യും. കപ്പേളയിലെ സെബസ്ററ്യാനോസ് പുണ്യാളന് അതിഷ്ടമായോയെന്നറിയില്ല. കഴിഞ്ഞ ദിവസം വരെ സര്‍വ്വ സ്വാതന്ത്ര്യത്തോടും വെറുതെ വഴിയിലേയ്ക്ക് നോക്കി വഴിയെ പോകുന്നവരെ അുഗ്രഹിച്ചും, ആശിര്‍വദിച്ചും ഇരുന്നാല്‍ മതിയായിരുന്നു. ഇപ്പോള്‍ ഇവന്‍റെ തുരുമ്പു പിടിച്ച പാട്ടവണ്ടികള്‍ നോക്കണമെന്നൊരു മനഃപ്രയാസം ഉണ്ടായോ ആവോ…?
ഇപ്പോള്‍ താമസിക്കാന്‍ തിരഞ്ഞെടുത്ത വീട് രണ്ട് മൂന്നു വര്‍ഷമായി ആള്‍ താമസമില്ലാതെ കിടക്കുകയായിരുന്നു. അതിന്‍റേതായ ചില പരിക്കുകളും പോരായ്മകളും അതിനുമുണ്ട്, എന്നിരുന്നാലും എന്നെ ആകര്‍ഷിച്ചത് ആ വിശാലമായ പറമ്പിലെ ചലനമില്ലാത്ത കുളത്തില്‍ കെട്ടി കിടക്കുന്ന വെള്ളത്തിന്‍റ പോലുള്ള നിശബ്ദതയുടെ ആഴവും നിശ്ചലതയും തണുത്ത കാററുമാണ്.
എനിയ്ക്ക് വീടും അന്തരീക്ഷവും നന്നേ ബോധിച്ചെങ്കിലും മററുള്ളവര്‍ക്ക് അത്ര പിടിച്ചിട്ടില്ല. മുററത്ത് റോഡും പതുക്കെ വിളിച്ചാല്‍ എന്തോയെന്നു ഉത്തരം തരുന്ന അയല്‍പക്കവും വിട്ടാണ് വിശാലമായ പറമ്പിലെ ഈ വീട്ടില്‍ കുടിയേറിയത്. ഫര്‍ണ്ണിച്ചറുകളെല്ലാം പല റൂമുകളിലായി വാരി നിരത്തി. വിശാലമായ വലിയ ബഡ്റൂമിന്‍റെ സ്ഥാനത്ത് ചെറിയ മുറിയില്‍ രണ്ട് കട്ടിലുകള്‍.
ആദ്യ ദിനം തന്നെ രാത്രിയുടെ രാജാക്കന്മാരുടെ തേരോട്ടം ആരംഭിച്ചു. പകലേതന്നെ അമ്മയോടും ഭാര്യയോടും പറഞ്ഞിരുന്നു പഴയവീടാണ് ആളുതാമസമില്ലാതിരുന്നതുകൊണ്ട് രാത്രിയില്‍ പല വിരുന്നുകാരും വരാന്‍ സാധ്യതയുണ്ടെന്ന്.
രാത്രി പുറത്തെ ലൈററിട്ടുണ്ട്. ജനലിലൂടെ നല്ല വെളിച്ചം ഹാളിലും മുറികളിലേയ്ക്കും എത്തുന്നുണ്ട്.എല്ലാവരും നല്ലയുറക്കം.
പെട്ടന്ന് കിച്ച് …കിച്ച് … കിച്ചെന്ന ഒരു ശബ്ദം …ടോര്‍ച്ചെടുത്ത് മുകളിലേയ്ക്കടിച്ചു.
എതിരെയുള്ള ഭിത്തിയിലെ ബര്‍ത്തിന് മുകളില്‍ കുറെ പഴയ സാധനങ്ങളുണ്ട്. ഒരു കുട്ടകം, പാത്രങ്ങള്‍, പഴയൊരു തയ്യല്‍ മെഷ്യന്‍. അതിനും മുകളില്‍ മേച്ചില്‍ ഷീററുകളുടെ ജോയിന്‍റിനടിയില്‍ പൈപ്പില്‍ ചുററി സാമാന്യം വലിയൊരു മോതിര വളയന്‍ പാമ്പ്. അതിനു സമീപം പൈപ്പിലിരുന്നു ഒരു എലിയാണീ ശബ്ദമുണ്ടാക്കുന്നത്.
ഈ ശബ്ദം കേട്ട് കണ്ണു തുറന്ന ഭാര്യയോട് പതുക്കെ എഴുന്നേററ് ഹാളിലേയ്ക്ക് പോകൂയെന്നു പറഞ്ഞു. ഉറക്കച്ചടവോടെ
‘എന്താ പ്രശ്നം…?’
‘ഒന്നുമില്ല…’
നീയൊന്നു മാറൂ.
പതിയെ പുറത്തെ വാതില്‍ തുറന്നു പുറത്തിറങ്ങി വിറകു പുരയില്‍ നിന്നും ഒരു വടിയെടുത്തു.
അപ്പോളാണ് ഭാര്യയ്ക്ക് കാര്യം കത്തിയത്.
മുറിയില്‍ ലൈററിട്ടതോടെ പാമ്പും എലിയുമൊന്നിച്ച് ബര്‍ത്തിലേയ്ക്ക് ചാടി പാമ്പ് പാത്രങ്ങള്‍ക്കിടയിലൂടെ പേപ്പറുകള്‍ക്കിടയിലൂടെ ഇഴയുന്ന ശബ്ദം .
ബര്‍ത്തിലെ ഓരോരോ വസ്തുക്കള്‍ മാററി.
അവസാനം പാമ്പ് താഴേയ്ക്ക് തറയിലേയ്ക്ക്…തറയിലെ മിനുസം കാരണം പാമ്പ് ഇഴയാനാവാതെ,
ഒരടി…
വടിയില്‍ തോണ്ടി പറമ്പിലേയ്ക്ക് ഒരേറ്…
പിന്നെ ഉറക്കം വന്നില്ല ലൈററ് ഓഫ് ചെയ്യാതെ കിടന്നു.
ചെറിയൊരു മയക്കം എന്തോ ഒരു ശബ്ദം കേട്ടു നോക്കുമ്പോള്‍ ബര്‍ത്തിലിരിയ്ക്കുന്ന തയ്യല്‍ മിഷ്യനിലൂടെ ആദ്യം കണ്ട എലി ഒരു എലിക്കുഞ്ഞിനേയും കടിച്ചു പിടിച്ച് കയറുന്നു.
മിഷ്യനില്‍ നിന്നും അരയടി പൊക്കത്തിലെ പൈപ്പിലേയ്ക്കും അവിടുന്നു ഷീററിനു വിടവിലൂടെ പുറത്തേയ്ക്കും പോകുന്നു.
അങ്ങിനെ അര മണികൂര്‍ കൊണ്ട് നാലു കുഞ്ഞുങ്ങളെ കൊണ്ടു പോയി. പിന്നീട് ഒന്നു കൂടി വന്ന് എല്ലാം ഒരിയ്ക്കല്‍ക്കൂടി
പരിശോധിച്ചു മടങ്ങി.
ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോളാണ് ,ആ ആള്‍ത്താമസമില്ലാതിരുന്ന വീട്ടിലെ,അടുത്ത അന്തേവാസികളുടെ വരവ് . വെളുത്ത ഭിത്തിയിലൂടെ വലിയ ഒരു നെയ്യുറുമ്പിന്‍കൂട്ടം വരി വരിയായി പോകുന്നു. എണ്ണി നോക്കി ഒന്‍പതെണ്ണം. എല്ലത്തിന്‍റേയും വായില്‍ നിളമുള്ള വെളുത്ത മുട്ടകള്‍, അവര്‍ വലിയ വേഗതയില്‍ തറയില്‍ നിന്നും ഭിത്തിയിലൂടെ മുകളിലേയ്ക്ക് പോകുകയാണ്. മുന്‍പേ പോകുന്ന ഉറുമ്പ് കുറെ ചെന്നതിനു ശേഷം തിരിഞ്ഞു നില്‍ക്കും പിറകിലുള്ളവര്‍ ചെല്ലാനായിട്ട്. ഇടയ്ക്ക് അവരെ നോക്കി കിടക്കുന്ന എന്നെ നോക്കുന്നതു പോലെ….
അവരങ്ങനെ പോയി മറയാറായപ്പോള്‍ ഒരു ഉറുമ്പ് മററുള്ളവ പോയ വഴിയെ മുട്ടയുമെടുത്ത് ഓടിപ്പോകുന്നു. ഇടയ്ക്ക് ചിലയിടങ്ങളില്‍ നിന്നും സംശയിച്ചും അതും പോയ് മറഞ്ഞു.
പിറ്റേന്നു പകല്‍ മുററത്തെ പനിനീര്‍ ചാമ്പയുടെ ചുവട്ടിലൊരു കസേരയിട്ടിരുന്നു. താഴെ മലയടിവാരത്തില്‍ നിന്നും തണുത്ത കാററ് പതിയെയൊരു മയക്കം വന്നു.
എന്തോ കരിയിലയിലൂടെ ഇഴയുന്ന ശബ്ദം കേട്ടു നോക്കുമ്പോള്‍ ടാപ്പി നരുകിലൂടെ, മഴവെള്ള സംഭരണിയ്ക്കരുകിലൂടൊരു പാമ്പിഴഞ്ഞ് പോകുന്നു. ആളനക്കം കണ്ടതു കൊണ്ടാവാം ചൂട്ടിന്‍ ചുള ചീന്തും പോലത് കരിയിലയുടെ മുകളിലൂടെ പാഞ്ഞു പോയി.മഴവെള്ള സംഭരണിയുടെ മുകളിലിരുന്നൊരു ഓന്ത് നിറം മാറി കളിയ്ക്കുന്നു.
സൂര്യന്‍ കുറത്തിമലയുടെ മറവിലേയ്ക്ക് കടന്നു. വെയില്‍ മറഞ്ഞു .വിറകു പുരയുടെ പിറകിലെ കൈയ്യാലയിലൂടെ ഒരു മരപ്പെട്ടിയും അതിന്‍റെ മൂന്നു കുഞ്ഞുങ്ങളും പതിയെ നടന്നു പോകുന്നു. ഇതാരടാ ഞങ്ങളുടെ സാമ്രാജ്യത്തില്‍ കടന്നു കയറിയവനെന്നൊരു ഭാവം അവയുടെ മുഖത്തുണ്ടോ ..?
കഴിഞ്ഞ രാത്രിയില്‍ ടോര്‍ച്ചടിച്ചു നോക്കുമ്പോള്‍ താഴെ നില്‍ക്കുന്ന കാളിപ്പനയിലെ യക്ഷിയുടെ മുടിപോലുള്ള പനങ്കുലയില്‍ തിളങ്ങിയ മുത്തുകള്‍ അവയുടെ കണ്ണുകളായിരുന്നിരിയ്ക്കാം.
ഇരുട്ടു മൂടും മുന്‍പ് പറമ്പിന് മുകള്‍ വശത്തുള്ള ആഞ്ഞിലിയില്‍ കുരങ്ങന്‍മാരുടെ ബഹളം.
മുറ്റത്തും മുറ്റത്തിനരുകിലുമായി പേരമരം,ചാമ്പ,മുട്ടപ്പഴം മുള്ളാത്ത, ചെറുനാരകം, നിറയെ മാങ്ങയുള്ള മാവ്, പ്ളാവ് …
നിറയെ പൂത്തിറങ്ങലിച്ചു കായിച്ച ഇലുമ്പിമരം. മുററത്തിന്‍റെ കാല്‍ ഭാഗം തണല്‍ വിരിച്ച പനിനീര്‍ച്ചാമ്പ… അതിന്‍റെ ചുവട്ടിലെ കസേരയും.
ഹാ!
ജോണ്‍സണ്‍ മാഷിന്‍റൊരു പാട്ടും കട്ടന്‍ ചായയും കൂടിയുണ്ടേല്‍….
പറമ്പിന്‍റെ അതിരു തീര്‍ക്കുന്ന വെള്ളച്ചാട്ടത്തിനരുകിലെ ഈററക്കാട്ടില്‍ നിന്നും കാട്ടു കോഴിപ്പൂവന്‍ തന്‍റെ ഇണയെ കൊക്കി വിളിയ്ക്കുന്നു. ചേക്കേറും മുന്‍പ് കരിയിലപിടകളുടെ ഗാനമേള.
അവര്‍ക്കൊക്കെ കുറച്ചു നാള്‍ ശല്യമായേ പറ്റൂ.
തല്‍ക്കാലം,
ക്ഷമിയ്ക്കുക…
നല്ല കഥ
അടിപൊളി
കൊള്ളാം നല്ല കഥ