“മക്കളേ…. ഞാൻ പിറന്നുവീണ, കളിച്ചു വളർന്ന, എന്നെ വളർത്തിയ എന്റെ നാടിപ്പോഴുമവിടെയുണ്ടോ ?
അഴികൾക്കിടയിൽ മുഖമമർത്തി കൈകൾ പുറത്തേക്കിട്ട് മാടി വിളിച്ച, ക്ഷീണിച്ച ,ഭ്രാന്തനെന്ന് തോന്നിക്കുന്ന വൃദ്ധന്റെ ചോദ്യവും രൂപവും മനസ്സിൽ നിന്നും മായുന്നില്ല.
ഇന്നലെ സോഷ്യൽവർക്ക് ഇൻ്റേൺഷിപ്പിൻ്റെ ഭാഗമായി ഡിറ്റൻഷൻ സെൻറർ സന്ദർശിക്കുമ്പോഴാണ്
അദ്ദേഹത്തെ കണ്ടത്.
തൊണ്ണൂറ് വയസ്സിലേറെ പ്രായം തോന്നിക്കുന്ന നന്നേ ക്ഷീണിച്ച രൂപം. കവിളൊട്ടി എല്ലുന്തിയ നരച്ച നീണ്ട താടിയുള്ള മുഖം. തെളിഞ്ഞു കാണുന്ന വാരിയെല്ലുകളെ പാതിമറക്കുന്ന പിന്നിയ തോർത്ത്. അരയിൽ മുഷിഞ്ഞ ഒറ്റമുണ്ട് ചുരുട്ടിക്കെട്ടി വെച്ചിരിക്കുന്നു..
ഏതാണ്ട് പത്ത് മണിയോടടുത്താണ് സുരക്ഷാ പരിശോധനകളെല്ലാം കഴിഞ്ഞ് സന്ദർശനാനുമതി കിട്ടിയത്. സാധാരണയായി
പൊതുജനങ്ങൾക്കോ പത്രക്കാർക്കോ പ്രവേശനാനുമതി നൽകാത്ത സ്ഥലമാണ്
ജെയിൽ ഉദ്യോഗസ്ഥർക്കും വല്ലപ്പോഴും പേരിനായി വന്നു പോകുന്ന ആരോഗ്യ പ്രവർത്തകർക്കും മാത്രമാണ് അകത്ത് കടക്കാനനുവാദമുള്ളത്.
സന്ദർശന സമയം കഴിയാറായപ്പോളാണ് അദ്ദേഹത്തെ പാർപ്പിച്ചിരുന്ന സെല്ലിനു മുൻപിലെത്തിയത്.
ഏക്കറുകളോളം പരന്നുകിടക്കുന്ന സ്ഥലത്ത് ഉയർത്തിക്കെട്ടിയ മതിലിനോട് ചേർത്ത് പണിതിട്ടുളള കഷ്ടിച്ച് രണ്ടാൾക്ക് മാത്രം നിൽക്കാൻ കഴിയുന്ന നൂറുകണക്കിന് സെല്ലുകളിൽ പാർപ്പിച്ചിട്ടുള്ളവരെ കണ്ടും സംസാരിച്ചും സമയം കടന്നു പോയി. മാനദണ്ഡങ്ങളനുസരിച്ച് “Most contempted ” വിഭാഗത്തിൽപെട്ടവരെ പാർപ്പിച്ചിട്ടുള്ള “റെഡ് സോണിൽ “എത്തിയപ്പോൾ അനുവദിച്ച സമയം കഴിയാറായിരുന്നു.
മഞ്ഞയും ഓറഞ്ചും കാവിയും നിറം പകർന്ന ആദ്യത്തെ മൂന്ന് സോണുകളിൽ പാർപ്പിച്ചിരുന്നവരോട് സംസാരിക്കുന്ന വേളയിൽ കൂടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥൻ ശാന്തനും നിശ്ശബ്ദനുമായി കാണപ്പെട്ടെങ്കിലും റെഡ് സോണിലേക്ക് കടന്നപ്പോൾ തടവുകാരോട് സംസാരിക്കുമ്പോൾ ഇടക്കിടെ ഇടപെടുന്നുണ്ടായിരുന്നു. മാത്രമല്ല സമയം കഴിയാറായെന്ന് അയാൾക്ക് മാത്രമറിയാവുന്ന ഏതോ ഭാഷയിൽ കൈയിലെ വാച്ച് ചൂണ്ടിക്കാണിച്ചു കൊണ്ട് ഓർമ്മിപ്പിച്ചു കൊണ്ടേയിരുന്നു. അപ്പോഴാണ് അവസാനത്തെ സെല്ലിൽ പാർപ്പിച്ചിരുന്ന വൃദ്ധന്റെ ഈ ഉള്ളുലക്കുന്ന ചോദ്യം കേട്ടത്.
ആ ചോദ്യം ഞങ്ങളെ ഒരു നിമിഷം പിടിച്ചു നിർത്തി.
അയാളെ കൂടി കേൾക്കാതെ അവിടെ നിന്നു തിരികെ പോന്നാൽ ആ സന്ദർശനത്തിന്റെ ഉദ്ദേശലക്ഷ്യം പൂർത്തീകരിക്കില്ല എന്നുറപ്പുണ്ടായിരുന്നതു കൊണ്ട് ഞങ്ങൾ അദ്ദേഹത്തെ കണ്ട് സംസാരിക്കാൻ ശ്രമിച്ചു.
കൈയ്യിലിരുന്ന റൈഫിൾ കൊണ്ട് ഞങ്ങളെ തടയാൻ ശ്രമിച്ച സെക്യൂരിറ്റി ഉദ്യോഗസ്ഥന്റെ നേരേ നീട്ടിയ ഇരുനൂറ് രൂപ നോട്ടിന് ഏത് സുരക്ഷയും മറികടക്കാനുള്ള പവർ ഉണ്ടായിരുന്നു.
“നിങ്ങൾ ഈ നാട്ടുകാരാണോ?
ഇതെവിടാ സ്ഥലം. ഈ ജെയിൽ ഏത് നാട്ടിലാണ് ? ആരെങ്കിലും ഒന്നു മിണ്ടാമോ? എന്റെ നാട് വളരെ ദൂരെയാണോ…..എന്റെ വീട് മക്കൾ പേരക്കുട്ടികൾ…….”
ഒറ്റശ്വാസത്തിൽ ഒരു പാട് കാര്യങ്ങൾ തിരക്കുന്നതിനിടയിൽ വൃദ്ധന്റെ നെഞ്ചിൻകൂട് വല്ലാതെ ഉയർന്ന് താഴുന്നത് കാണാമായിരുന്നു. തൊണ്ടയിൽ തിക്കിതിരക്കിയ ശ്വാസം നീണ്ടൊരു ചുമയിലാണ് അവസാനിച്ചത്.
ഞാൻ അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്ന് ആ നേർത്ത വിറക്കുന്ന കൈകളിൽ പിടിച്ചു ചോദിച്ചു.
എന്താ അപ്പാപ്പന്റെ പേര്?
ഓ…… മോള് മലയാളിയാണോ? ഒരത്ഭുതത്തോടെ അയാളെന്റെ കൈകളിൽ മുറുകെ പിടിച്ചു. തടയാൻ വന്ന സെക്യൂരിറ്റികാരനെ പോക്കറ്റിൽ തിരുകിയ നോട്ടിന്റെ ബലത്തിൽ ഞാൻ തടഞ്ഞു. അയാൾ കുറച്ചകലം വിട്ട് ഞങ്ങളെ നോക്കി നിൽപ്പായി.
ഞാൻ…. എന്റെ പേര് മുഹമ്മദ് ഫാരിഷ് ഖാൻ….. കേരളത്തിൽ കോഴിക്കോടാണ് സ്ഥലം….. ജനിച്ചത് മറ്റൊരിടത്താണെങ്കിലും വളർന്നത് മുഴുവനും അവിടെ തന്നെ…. മുക്കത്ത് .
വൃദ്ധന്റെ വറ്റിവരണ്ട തൊണ്ടയിൽ നിന്നും ശബ്ദം മുറിഞ്ഞ് മുറിഞ്ഞ് പുറത്തേക്ക് വന്നു. അയാൾ വല്ലാതെ പരവശനായി കാണപ്പെട്ടു.
സംസാരിക്കാൻ വല്ലാതെ പ്രയാസപ്പെടുന്നതായി തോന്നിയപ്പോൾ ഞാൻ കൈയ്യിലിരുന്ന വെള്ളക്കുപ്പി അഴികൾക്കിലൂടെ അയാൾക്ക് നേരേ നീട്ടി. ആർത്തിയോടെ വായിലേക്ക് കമഴ്ത്തിയ വെള്ളം അകത്തു പോയതിൽ കൂടുതൽ പുറത്തേക്കാണൊഴുകിയത്.
അയാൾ പറയാനാരംഭിച്ചു……
മഹാത്മാ ഗാന്ധിയേയും ഖിലാഫത്ത് പ്രസ്ഥാനത്തേയും ഒരുപോലെ ഇഷ്ടപ്പെട്ടിരുന്ന
സ്വാതന്ത്യസമര സേനാനിയായിരുന്ന
ഒരാളുടെ മകനായി. പിറന്നയാളായിരുന്നു അയാൾ.സ്വാതന്ത്ര്യത്തിനു ശേഷം രാജ്യം വിഭജിക്കപ്പെട്ടപ്പോൾ പാക്കിസ്ഥാനിലെ പെഷവാറിൽ നിന്നും മതത്തിന്റെ പേരിൽ മണ്ണിനെ വെട്ടിമുറിക്കുന്നതിനെ എതിർത്തതിന്, ഗാന്ധിജിയെയും ഇന്ത്യയേയും അനുകൂലിച്ച് സംസാരിച്ചതിന് നാടുകടത്തപ്പെട്ട് അതിർത്തിഗ്രാമങ്ങളിലൂടെ കാൽനടയായി നടന്ന് ഇന്ത്യയിലേക്ക് വന്ന കുടുംബത്തിൽപ്പെട്ടയാൾ. അന്നയാൾക്ക് പത്തോ പന്ത്രണ്ടോ വയസ്സ് പ്രായം. സ്വാതന്ത്യലബ്ധിക്ക് ശേഷം വടക്കൻ പ്രദേശങ്ങളിൽ നടന്ന കലാപങ്ങളിലെ ക്രൂരമായ നരബലികൾ അതിജീവിച്ച്, കൺമുമ്പിൽ കണ്ട വഴികളിലൂടെയുള്ള യാതനകൾ നിറഞ്ഞ പാലയനത്തിനൊടുവിൽ അയാളുടെ കുടുംബം എത്തി ചേർന്നത് മനുഷ്യരെ മനുഷ്യരായി കണ്ട് സാന്ത്വനവും അഭയവും നൽകിയിരുന്ന ഒരു പിടിയാളുകളുടെ ഇടയിലേക്ക് . ഉടുതുണിക്ക് മറുതുണിയില്ലാതെ ജീവൻ മാത്രവശേഷിച്ച് അങ്ങനെയെത്തിയവരെയെല്ലാം ആ നാട് ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. അവർക്ക് കിടക്കാൻ കിടപ്പാടവും ഉടുക്കാൻ വസ്ത്രവും കഴിക്കാൻ ഭക്ഷണവും നൽകി ചേർത്തു നിർത്തി.
മലബാറിന്റെ മണ്ണിൽ മാതാപിതാക്കളെ നഷ്ടപ്പെടുമ്പോൾ അന്ന് സംസ്ഥാനമൊക്കെ രൂപപ്പെട്ടിരുന്നോ എന്നയാൾക്ക് ഓർമ്മയില്ല എന്നാ വാക്കുകളിൽ നിന്ന് മനസ്സിലായി.
ഏതോ തടിക്കച്ചവടക്കാരന്റെ ആശ്രിതനായി അയാളുടെ പണിക്കാരനായും കച്ചവടത്തിൽ സഹായിച്ചും കഴിഞ്ഞ കാലത്ത് എങ്ങനെയോ ഒരു കുടുംബമൊക്കെ ഉണ്ടാവുകയും ചെയ്തു. ഭാര്യയും മക്കളുമൊത്ത് കഴിഞ്ഞ സന്തോഷം നിറഞ്ഞ ദിവസങ്ങൾ അയാൾ ഓർത്തെടുക്കുമ്പോൾ അയാളുടെ മുഖം വിടരുകയും നെഞ്ചിൻ കൂട് ക്രമം വിട്ടുയരുകയും താഴുകയും ചെയ്തിരുന്നു.
“ഉപ്പാപ്പ എങ്ങിനെയാണിവിടെയെത്തിയത് ”
എന്റെ ചോദ്യം അയാളെ വല്ലാതെ പരവശനാക്കുകയും കമ്പിയഴികളിൽ പിടിച്ച് അയാൾ താഴേക്ക് ഊർന്ന് ഇരിക്കുകയും ചെയ്തു. ശബ്ദമില്ലാത്ത ഒരു പൊട്ടിക്കരച്ചിൽ തേങ്ങലായൊടുങ്ങുന്നതുവരെ ഞാൻ കാത്തുനിന്നു .
കുറച്ചു നാൾക്ക് മുൻപ്, അതെപ്പോഴായിരുന്നു എന്നയാൾക്ക് ഓർമ്മയില്ല. അയാളുടെ ഓർമ്മകളിലെ കാലവും കലണ്ടറുമൊക്കെ എന്നോ നഷ്ടപ്പെട്ടിരുന്നു ,അയാൾക്ക് പോലീസ് സ്റ്റേഷനിൽ ചെല്ലാനാവശ്യപ്പെട്ടുകൊണ്ടൊരു അറിയിപ്പ് കിട്ടി. കാര്യം തിരക്കാൻ പഞ്ചായത്ത് മെമ്പറേയും കൂട്ടി സ്റ്റേഷനിൽ ചെന്നയാളെ പാറാവുകാരൻ കുറേ ഉദ്യോഗസ്ഥരും ഉയർന്ന റാങ്കിലുള്ള പോലീസുകാരുമിരിക്കുന്ന മുറിയിലേക്കാണ് കൂട്ടിക്കൊണ്ടുപോയത്. അവർ ഹിന്ദിയിൽ ചോദിച്ച ചോദ്യങ്ങൾ അടുത്ത നിന്ന പോലീസുകാരൻ മലയാളത്തിൽ പരിഭാഷപ്പെടുത്തിക്കൊടുത്തു.
പാക്കിസ്ഥാനിൽ ജനിച്ച അയാൾ ഇന്ത്യൻ പൗരനല്ലെന്നും, അനധികൃതമായി രാജ്യത്ത് ജീവിച്ചു വരുകയാണെന്നും ആയതിനാൽ പൗരത്വം തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ പുതിയ നിയമപ്രകാരം തടങ്കലിൽ പാർപ്പിക്കുകയോ അല്ലെങ്കിൽ ജൻമനാട്ടിലേക്ക് നാടുകടത്തുകയോ ചെയ്യണമെന്നാണ് സർക്കാർ നിർദ്ദേശിച്ചിട്ടുള്ളതെന്നും അയാളെ അറിയിച്ചു.
“എന്തിന്!!
ഇതാണെന്റെ നാട് . ഞാൻ വളർന്നതിവിടെയാണ് എന്റെ അബ്ബയും അമ്മയും ഉറങ്ങുന്ന തീ മണ്ണിലാണ്. എന്റെ ഭാര്യ മക്കൾ, പേരക്കുട്ടികൾ എല്ലാവരും ഈ നാട്ടുകാരാണ്.
നിങ്ങൾ ……നിങ്ങൾ ഞാനേത് നാട്ടിലേക്ക് പോണമെന്നാണ് പറയുന്നത്.
ഈ നാടിന് ഞാനെന്ത് ദ്രോഹമാണ് ചെയ്തത്……”
അയാൾ പറയുന്നതൊന്നും കേൾക്കാൻ അവർ തയ്യാറായില്ല. അരയിലെ ബെൽറ്റിൽ നിന്നയാൾ എടുത്ത്കാണിച്ച തിരിച്ചറിയൽ രേഖകളൊന്നും അവർക്ക് സ്വീകാര്യവുമായിരുന്നില്ല.
സാക്ഷ്യം പറയാൻ കൂടെ വന്ന പഞ്ചായത്ത് മെമ്പറെ പിന്നീടയാൾ കണ്ടില്ല. കൈയ്യിലും കാലിലുമായി അണിയിച്ച കൂച്ചുവിലങ്ങ് അഴിച്ചു മാറ്റിയതെപ്പോഴെന്നും അയാൾക്കറിവുണ്ടായിരുന്നില്ല. അരയിൽ കെട്ടിയിരുന്ന ബെൽറ്റും അതിൽ സൂക്ഷിച്ചിരുന്ന രേഖകളും പണവും ഇതിനകം അപ്രത്യക്ഷമായിക്കഴിഞ്ഞിരുന്നു.
ഡിറ്റൻഷ്യൻ സെന്റർ സന്ദർശനത്തെക്കുറിച്ച് റിപ്പോർട്ട് തയ്യാറാക്കി കഴിയാറായിരിക്കുന്നു. അവിടെ കണ്ട ഒരു പാട് മനുഷ്യർ ,ഒരു പാട് അനുഭവങ്ങൾ….
എല്ലാറ്റിനും ഒരേ സ്വരം ഒരേ നിറം……
പിറന്ന നാട്ടിലെ അപരിചിതർ…..
ജൻമനാട്ടിൽ നിന്നും പാലായനം വിധിക്കപ്പെട്ട പിറവി ദോഷങ്ങൾ……
മാതൃരാജ്യം മരീചികയായവർ.
മനുഷ്യത്വമില്ലാത്ത മനുഷ്യ സൃഷ്ടിയായ നിയമങ്ങൾ മൂലം ഇരുള് മൂടിയ നടവഴികളിലൂടെ നടക്കാൻ വിധിക്കപ്പെട്ടോർ .




വസ്തുതപരമായ കാലഘട്ടം നേരിടുന്ന വിഷയതിന്റെ നേർകാഴ്ച
നല്ല കഥ