Monday, February 2, 2026
Homeഅമേരിക്കവർണ്ണവസന്തങ്ങളുടെ പെരുന്നാൾ കൊടിയേറ്റങ്ങൾ (ഓർമ്മകുറിപ്പുകൾ) ✍ റോമി ബെന്നി

വർണ്ണവസന്തങ്ങളുടെ പെരുന്നാൾ കൊടിയേറ്റങ്ങൾ (ഓർമ്മകുറിപ്പുകൾ) ✍ റോമി ബെന്നി

ആകാശപ്പള്ളിയിൽ ഇടവക തിരുനാളിന് അന്തി കൊടിമരത്തിൽ പൊൻ വെളിച്ചത്തിൻ കൊടി കയറി.

മേഘശകലങ്ങൾ താന്താങ്ങളുടെ കച്ചവടസ്ഥലത്തിനിടം തേടി പാഞ്ഞു നടപ്പുണ്ട് . താരക കുഞ്ഞുങ്ങൾ അങ്ങിങ്ങ് കൺചിമ്മി കാഴ്ച കാണാൻ വന്നു തുടങ്ങി.

നറു നിലാവിൻ വെള്ളിപ്പുടവയാൽ അണിഞ്ഞൊരുങ്ങി പെരുന്നാൾ കൂടാനിറങ്ങിയ അരുവിപ്പെണ്ണിന് വല്ലാത്തൊരു ചാഞ്ചാട്ട ഭാവം. എല്ലാവരും തന്നെയാണു നോക്കുന്നതെന്നു കരുതി അലസഗമനം.

മുത്തുക്കുടയേന്തി നിരനിരയായി തെങ്ങുകൾ താളത്തിലിളകുന്നുണ്ട്. മാനത്തെ പള്ളി പെരുന്നാളു കൂടാൻ പോകാനായി മാന്തളിർ , തുള്ളിയിളകുന്ന ഉത്സാഹതിമർപ്പിലും വിരൽ നീട്ടിപിടിച്ചിട്ടുണ്ട്. കൂട്ടത്തിൽ കൈവിട്ടു പോകരുതല്ലോ !

തിരികളേന്തി പ്രദക്ഷിണത്തിനൊരുങ്ങി ആമ്പൽപ്പാടങ്ങൾ നിവർന്നു നിന്നു. പോക്കാച്ചി തവളയുടെ ബാന്റുമേളം കാരണം പാടാൻ പറ്റാതെ കുയിലുകൾ ഉറക്കം തൂങ്ങി. വേഗത്തിലോടിയെത്താൻ തിരക്കുകൂട്ടിയതുകൊണ്ടാണോയെന്നറിയില്ല മുകിലുകൾ കൂട്ടിമുട്ടി ദീപപ്രഭയും, ഒപ്പം കതിനയും ഇടയ്ക്കിടെ മുഴങ്ങി.

ആഹ്ലാദത്താൽ മുറ്റത്തെ മുല്ല തെളിഞ്ഞു ചിരിച്ചു. കാറ്റതേറ്റു വാങ്ങി, കുന്തിരിക്ക പരിമളം പോൽ പരിസരം പരിശുദ്ധി പൂണ്ടു.

പെരുന്നാൾ പ്രദക്ഷിണത്തിനായി അണിനിരന്ന തരുലതാദികൾ രൂപക്കൂടു ഇറങ്ങി വരുന്നതും കാത്ത് നിർന്നിമേഷരായി നിന്നു.

അമ്പിളിത്തോണിയിൽ ഇടവക മധ്യസ്ഥൻ ഇറങ്ങി വന്നപ്പോൾ ചന്ദ്രപ്രഭ തൻ ശോഭയാൽ പരിസരമാകെ തെളിമയാർന്നു.

ഇടവക പള്ളിയിലെ പെരുന്നാളിൻ ദിനങ്ങൾ കുട്ടികൾക്കേകിയ നിറപ്പകിട്ടാർന്ന വർണ്ണപ്പൊട്ടുകൾ പെറുക്കിയെടുക്കാൻ ഞാനെൻ്റെ ഓർമ്മക്കുടുക്ക പൊട്ടിക്കുകയാണിന്ന്.

മാനത്തെ ഉത്സവം മണ്ണിലെത്തുന്ന ദിനങ്ങളാണ് ഇനി വരുന്നത്. ഇടവക പള്ളി പെരുന്നാളു വന്നെത്തി. ഓർമ്മയിൽ, പെരുന്നാളിൻ ദീപപ്രഭയിൽ കൺമിഴിച്ചുനിൽക്കുന്ന ഫ്രില്ലുകളുള്ള ഉടുപ്പും ചുവന്ന സോക്സും, കറുത്ത ഷൂസും ധരിച്ച പെൺകുട്ടിയാണു ഞാൻ.

ക്രിസ്തുമസിനോടടുത്തുള്ള ദിവസം വരുന്ന ജന്മദിനത്തിനു വാങ്ങിത്തന്ന ഷൂസാണ്. ബെർത്ത് ഡേയ്ക്കു പള്ളിയിൽപ്പോയപ്പോൾ ഇട്ടശേഷം, പിന്നെ ഇപ്പോൾ പെരുന്നാളിനാണിടുന്നത്. പാദത്തിൽ കുറച്ചു മുറുക്കം. അമ്മയെ വിളിച്ച് മുഖം വീർപ്പിച്ച് കട്ടിലിലിരുന്നു. ടേബിൾ സ്പൂണിന്റെ പിടിഭാഗംകൊണ്ട് പതുക്കെ ഷൂസിനിടയിൽ കുത്തി അമ്മ കാലിൽ കൃത്യമാക്കി ഇട്ടുതന്നു.

എറണാകുളത്തെ ചാക്കോളാസിൽ നിന്നെടുത്ത തുണി കൊണ്ടു നേരത്തേ തയ്പ്പിച്ചു വെച്ച ഉടുപ്പാണ്. സന്തോഷം കൊണ്ട് വീടിന്റെ മുൻപിലെ തൂണിനു ചുറ്റും രണ്ടുവട്ടം കറങ്ങി.

‘നേർച്ച’ ശബ്ദം കേട്ടു നോക്കിയപ്പോൾ പാത്രത്തിൽ ഒരു ചെറിയ തുണി വിരിച്ച് കൈയ്യിൽ പിടിച്ച് അയൽപക്കത്തെ കുട്ടികളാണ്. ചില്ലറത്തുട്ടുകൾ അരി വിതറിയ പാത്രത്തിനുള്ളിൽ കാണാം. കുട്ടികൾക്ക് അസുഖം വരുമ്പോൾ അമ്മമാർ നേരുമത്രെ ! ഇത്ര വീടുകളിൽ നിന്നു നേർച്ചയെടുത്ത് പെരുന്നാളിന് നേർച്ചപ്പെട്ടിയിൽ ഇട്ടേക്കാം , പുണ്യവാളാ എന്ന്. രോഗമുക്തരായ കുട്ടികൾ പെരുന്നാളായപ്പോൾ നേർച്ച കളക്ഷന് ഇറങ്ങിയതാണ്.

സെന്റ്. പീറ്റേഴ്സ് എന്ന ഇടവക പള്ളിയിൽ പ്രധാനമായും മൂന്നു പെരുന്നാളുകൾ ഉണ്ട്. ഏതാണു വലിയ തിരുന്നാളെന്നു പറയാൻ പറ്റില്ല. എല്ലാം ഒരുപോലെ, ദേശോത്സവം നടക്കുന്ന രീതിയിൽ കൊണ്ടാടുന്ന ഉത്സവ കാലം.

ഇടവക മധ്യസ്ഥരായ പത്രോസിന്റെയും, പൗലോസിന്റെയും പെരുന്നാൾ എല്ലാ വർഷവും കൃത്യം ഒരേ തീയതിയിൽ നടത്തുന്നതു കൊണ്ട് ക്ലാസുള്ള ദിനവും പെരുന്നാൾ വരാം. അതുകൊണ്ട് അന്നേ ദിനം സ്കൂളിനവധിയുണ്ട്.

പിന്നെ വരുന്നത് വ്യാകുലമാതാവിന്റെ പെരുന്നാൾ. അടുത്തത് യാക്കോബ്ശ്ലീഹായുടെ തിരുനാൾ. രണ്ടും സാധാരണയായി ഞായറാഴ്ചകളിലാണ് പെരുന്നാളൊടുക്കം.

എങ്ങനെയാണ് ഉത്സവകാലത്തെ വർണ്ണിക്കേണ്ടതെന്നറിയില്ല. പുഴ കടന്ന് കച്ചവടക്കാർ കടന്നുവരും. മൺകലങ്ങൾ, കറിച്ചട്ടികൾ, പൂച്ചട്ടി , ചിരട്ടക്കൈയിലുകൾ, പായകൾ മാത്രമല്ല വിത്തുകൾ, വാഴക്കണ്ണുകൾ, എന്നിവ നിരത്തി വെയ്ക്കും. പായകൾ തന്നെ എത്ര വിധം. ചിക്കു പായ്, തച്ചു പായ, വെൺമയാർന്ന വില കൂടിയ മെത്തപ്പായ , പുല്ലു പായ ഇതെല്ലാം എൽ.പി സ്കൂളിന്റെയും, ഹൈസ്കൂളിന്റെയും വരാന്തകളിലും മുറ്റത്തും നിറയും.

കുട്ടികൾക്ക് ഏറ്റവും ആകർഷണീയമായ ഇടം, മിഠായിക്കടകളാണ്. അവർ മെയിൻ റോഡിനരികിൽ ഇരുവശവും തമ്പടിക്കും. കീലുമിഠായി, റബറുമിഠായി പലവർണ്ണങ്ങളിലുള്ള വായിലിട്ടാലലിയുന്ന മധുരക്കൂമ്പാരങ്ങൾ, മുറുക്ക്, കടല, കപ്പലണ്ടി വർഗങ്ങൾ വേറെ. ദാഹിക്കുന്നവർക്ക് വേണ്ടി സംഭാര വിൽപ്പന ഒരു വശത്തു നടക്കുന്നു.

വളക്കടക്കാർ റോഡരികിൽ അങ്ങേയറ്റം മുതൽ ഇങ്ങേയറ്റം വരെ കൂടുകെട്ടും. എത്ര ഭംഗിയുള്ള പല വർണ്ണങ്ങളിലുള്ള കുപ്പിവളകൾ . പൊട്ടാത്ത ചുറ്റു വളകൾ.പിന്നെ കൺമഷിയും, പല നിറത്തിലെചാന്തു കുപ്പികൾ ഒറ്റ കറക്കിൽ മാറി മാറി എടുക്കുന്ന വിധമുള്ള സ്റ്റാൻ്റിൽ വെച്ചത്. കുങ്കുമച്ചെപ്പുകൾ, വർണാഭ നിറഞ്ഞ റിബണുകളുടെ വളയങ്ങൾ, ക്യൂട്ടക്സ് കുപ്പികൾ. എത്രയെത്ര കളിക്കോപ്പുകളാണ്ന നിരത്തി വെച്ചിരിക്കുന്നത്.

കരിമ്പിൻ ജ്യൂസുമാത്രമല്ല കരിമ്പും വാങ്ങിപ്പോകാം. കുളക്കരയിൽ കുറച്ചുനട്ടു പിടിപ്പിക്കണമെങ്കിൽ അതിനുള്ളതും വാങ്ങാം. പമ്പരം കളിക്കാനും, ലോട്ടറി എടുക്കാനും, അമ്പെറിഞ്ഞുകളിക്കാനും സൗകര്യമുണ്ട്.

വീടിനു മുമ്പിലൂടെ അവധി ദിനങ്ങളിൽ ഐസ്ഫ്രൂട്ടു വെച്ച ബോക്സുമായി സൈക്കിളിൽ ബെല്ലടിച്ചു പോകുന്നയാളെ കാണുമ്പോൾ മതിലിനരികിൽ പതുങ്ങി നിന്ന് സ്റ്റീൽ ഗ്ലാസും കാശും ഒരുമിച്ചു നീട്ടി ഈർക്കിലിൽ പിടിപ്പിച്ച ഐസു വാങ്ങി തരുന്ന ചേട്ടനോട് അതിൽ സേമിയോയിൽ പൊതിഞ്ഞ ഐസ് ഫ്രൂട്ടു എനിക്കു മതിയെന്നു വാശിപിടിക്കുമ്പോൾ മുതിർന്നവർ വന്നു ഉപദേശിക്കും. “ദേ കൊച്ചുങ്ങളെ ഇതൊന്നും വാങ്ങി തിന്നല്ലേ മുറ്റമടിക്കണ ചൂലിലെ ഈർക്കിലായിത്. ഐസിലെ വെള്ളം തോട്ടിലെ ചെളിയാണ്.” ആരു ശ്രദ്ധിക്കുന്നു ഉപദേശമൊക്കെ.

എന്നാൽ പള്ളിപെരുന്നാളിന് തുറക്കുന്ന ഐസ് സ്റ്റാളിൽ വിവിധ നിറങ്ങളണിഞ്ഞ , ഐസ്ഫ്രൂട്ടുകളും , വായിലിട്ടാൽഅലിഞ്ഞു പോകുന്ന പാൽ ഐസ് ഫ്രൂട്ടും, കൊണ്ടു നടക്കുന്ന ഐസ് പെട്ടിയിൽ ഇല്ലാത്ത തരം വിവിധ രൂപഭാവങ്ങളിലുള്ളവ തെരഞ്ഞെടുത്തു മേടിക്കാം. തണുപ്പും മധുരവും നുണഞ്ഞ് ഈർക്കിലിൻ്റെ അവസാനഭാഗമെത്തുമ്പോൾ തീർന്നുപോയല്ലോയെന്നു വിഷമിച്ച് വലിച്ചെറിയാം. ഐസ്ക്രീം പാർലറുകൾ എന്താണെന്നറിയാത്ത അക്കാലത്ത് ഇതെല്ലാം നാവിന് അതിമധുരമേകിയഇഷ്ടവിഭവങ്ങളായിരുന്നു.

പള്ളിപ്പെരുന്നാളിനു കൊടികയറിയാൽ ദീപാലംകൃതമായ രാത്രി ക്കാഴ്ചകൾക്കാണാൻ എന്തൊരു ഭംഗിയാണ്. കൂടെ കരിമരുന്നു പ്രയോഗവും ഓരോ ദിനവുംഉണ്ട്.

പ്രസുദേന്തി വാഴ്ചയാണ് ആദ്യ ചടങ്ങ്. അടുത്ത വർഷത്തെ പെരുന്നാൾ നടത്തുന്നയാളെ തെരഞ്ഞെടുക്കും. ഒരു കുടുംബനാഥൻ്റെ പേരു വീണ് കഴിഞ്ഞാൽ പടക്കം മുതൽ ദീപാലങ്കാരവും മറ്റു പള്ളി ചെലവുമെല്ലാം അവർ ഒറ്റയ്ക്ക് വഹിക്കണം.

ബന്ധുക്കൾക്കും അയൽപക്കത്തുള്ളവർക്കും ‘വങ്കേത്തി ‘എന്നു വിളിക്കപ്പെടുന്ന ഒരു രാത്രിവിരുന്ന് വീട്ടിൽ വെച്ച് പ്രസുദേന്തി നൽകും.

പടക്കംപൊട്ടുന്നതിന്റെ തോതും, അലങ്കാര മേന്മയും, ദീപകാഴ്ചയുടെ പൊലിമയും നോക്കിയാണ് നാട്ടുകാർ പെരുന്നാളിൻ്റെ ഗാംഭീര്യത്തിന് വിലയിടുന്നത്. തിരുനാൾ ഏറ്റെടുത്തു നടത്തിയ പ്രസുദേന്തിയെ പുകഴ്ത്തി പറയുന്നത്. പ്രദക്ഷിണ വഴിയിൽ നടക്കുന്ന സകല വാദ്യമേള ചെലവ് വഹിക്കേണ്ടതും പ്രസുദേന്തിയുടെ ചുമതലയാണ്.

ഓരോ പെരുന്നാളിനും മൺകാശുകുടുക്ക കുട്ടികൾക്കു മേടിച്ചു തരും. അടുത്ത പെരുന്നാളുവരെ ചില്ലറ ശേഖരണമാണ്. പെരുന്നാളിൻ്റെയന്ന് കുടുക്കപൊട്ടിക്കും . പിന്നെ വീട്ടിൽ നിന്നും, ബന്ധുക്കളിൽ നിന്നും നേർച്ചയിടാൻ കിട്ടുന്ന നാണയങ്ങളും, കൂട്ടിവെച്ചാണ് വളക്കടകൾക്കും , മിഠായി നിരത്തിയ പലകകൾക്കു ചുറ്റും വലം വെച്ച് കൈയ്യിലുള്ളത് ചെലവു ചെയ്ത് തീർക്കുന്നത്.

ഞാനും , അനുജത്തി റീമയും, മോളി ചേച്ചിയും പടിഞ്ഞാറെ വീട്ടിലെ വിമിയും, സ്റ്റെല്ല ടീച്ചറുടെ മകൾ മിനിയുമാണ് സംഘത്തിലുള്ളത്. കച്ചവട കേന്ദ്ര സന്ദർശനങ്ങൾ ഒന്നിച്ചാണ്. വീട്ടിൽ നിന്നുകരുതിയതുകൂടാതെ പള്ളിയിലേക്കു പോകുന്ന വഴി വല്യപ്പച്ചന്റെ കൈയ്യിൽ നിന്നും, ബാബുച്ചേട്ടനോടും, നേർച്ചക്കാശു ചോദിച്ചു വാങ്ങും. പക്ഷേ അതൊന്നും നേർച്ചപ്പെട്ടിയിൽ വീഴാറില്ല. കച്ചവടക്കാരുടെ പണപ്പാട്ടയിലാണെന്നു മാത്രം.

പെരുന്നാൾ കുർബാനയ്ക്കു നെറ്റൊക്കെ പുതച്ച് വലിയ ഭക്തിയിൽ പള്ളിയുടെ വട്ടക്കല്ലിൽ ഇരിക്കും.പള്ളിയ്ക്കകത്ത് സ്ഥലം കിട്ടില്ല. ബലിക്കുശേഷം ഇനി ആഘോഷമായ പ്രദക്ഷിണം തുടങ്ങും. ഇടവകജനം മുഴുവൻ തന്നെ പങ്കെടുക്കുന്ന പ്രദക്ഷിണം. അതും കൂടി കഴിഞ്ഞിട്ടേ കച്ചവടസ്ഥലത്തയ്ക്ക് കുട്ടികൾക്ക് പോകാനാവു.

ദിവ്യകാരുണ്യ ഓസ്തി ഏന്തിയ അരുളിക്ക പിടിച്ച് വികാരിയച്ചനും, മറ്റ് അച്ചൻമാരും നടുവിൽ നിൽക്കും. ഓപ്പക്കാർ നിരനിരയായി നിലകൊള്ളും. കുരിശേന്തിയയാളും മുന്നിൽ നിൽക്കും. പൊന്നാലക്കുട എന്നു വിളിക്കുന്ന വിവിധ വർണങ്ങളിലുള്ള മുത്തുക്കുടയേന്തിയ വർ ഇരുവശവും നിരന്നു നിൽക്കും. പിറകെ വിശ്വാസികൾ. പ്രദക്ഷിണങ്ങളോരോന്നിലും പങ്കെടുക്കുന്നത് പാപപരിഹാരമാണെന്നു വിശ്വസിക്കുന്നവർ നിശബ്ദരായി പ്രാർത്ഥനാപൂർവം അണി നിരക്കും.

ഇടവക മധ്യസ്ഥരുടെ രൂപങ്ങൾതോളിലേറ്റിയ പുരുഷന്മാർ പള്ളിക്കകത്തു നിന്നിറങ്ങുമ്പോൾ ഭക്തിസാന്ദ്രമായ ഗാനാലാപനവും, കൂട്ടമണിയും, ഒപ്പം പടക്കം പൊട്ടുന്ന ഒച്ചയും, മേളക്കാരും എല്ലാം ചേർന്ന് വേറേതോ ലോകത്തു ചെന്നു നിൽക്കുന്ന പ്രതീതി ഉള്ളിലുണർത്തും.

അൾത്താരയ്ക്കു മുകളിൽ പ്രതിഷ്ഠിക്കപ്പെട്ടിരുന്ന പീറ്ററും, പോളും എന്ന പുണ്യവാന്മാർ രൂപക്കൂടിലേറി പ്രൗഡിയിൽ ഭക്തജനമധ്യത്തിലേയ്ക്ക് ഇറങ്ങിവരുന്നഭക്തിസാന്ദ്രമായ കാഴ്ച വിസ്മയാദരവോടെ നോക്കി നിൽക്കും.

പുണ്യാളന്മാരെ ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ എന്നു അധരങ്ങളിൽ നിന്നുരുവിട്ട മന്ത്രധ്വനി അന്തരീക്ഷത്തിൽ നിറയും.

കുരിശിൽ നിന്നിറക്കിയ ഈശോയെ മടിയിൽ കിടത്തിയ വ്യാകുല മാതാവിന്റ തിരുസ്വരൂപം പുറത്തിറങ്ങിയാൽ അമ്മമാരെല്ലാം കൺ നിറഞ്ഞ് കൈകൂപ്പി ഉച്ചത്തിൽ അമ്മേ എന്നു വിളിച്ചു പ്രാർത്ഥിക്കും. ഞങ്ങളും ആരും പറഞ്ഞു തരാതെ തന്നെ അഞ്ജലീ ബദ്ധരാകുന്ന അസുലഭ മുഹൂർത്തം. അന്നത്തെ പ്രാർത്ഥന മുഴുവൻ പരീക്ഷയ്ക്ക് നല്ല മാർക്കു കിട്ടണേ എന്നായിരുന്നു.

രൂപങ്ങൾ പ്രദക്ഷിണ മധ്യത്തിൽ തോളിലേന്തി നടക്കുന്നവരുടെ മുൻപിലായി
ബാന്റു വാദ്യക്കാർ, ചെണ്ട മേളക്കാർ പിന്നെ പരിചമുട്ടുകളി, എന്നിവ അത്യാഡംബരപൂർവം നടക്കുന്നുണ്ടാകും.

യാക്കോബ്ശ്ലീഹായുടെ പെരുന്നാളിന് നിർബന്ധമായും പരിചമുട്ടുകളി വേണമത്രെ. സന്ത്യ പുണ്യാളനെന്നും കൂടി അദ്ദേഹത്തെ ഗ്രാമവാസികൾ വിളിച്ചിരുന്നു.

പെരുന്നാൾക്കാലത്തല്ലാതെതന്നെ പലപ്പോഴും തുറസ്സായസ്ഥലങ്ങളിൽ പന്തലിട്ട് പുണ്യവാളന്റെ രൂപം കൊണ്ടു വന്നു വെച്ച് ഒരു പകലുംമുഴുവനും, രാത്രി ഉറക്കമൊഴിഞ്ഞും പ്രാർത്ഥന നടത്തിവന്നിരുന്നു.

‘നാട്ടു സൂക്കേട്’ എന്നു ‘ വിളിക്കുന്ന ചിക്കൻ പോക്സിൽ നിന്ന് രക്ഷനേടാൻ പ്രത്യേക പ്രാർത്ഥനയ്ക്കായി ഓരോ സ്ഥലങ്ങളിലും രൂപം കൊണ്ടു വന്നു വെച്ചു പ്രാർത്ഥന നടത്തും. ഞങ്ങളുടെ ഗ്രാമത്തിലുള്ളവർ പഞ്ഞം പട, വസന്തയിൽ നിന്നു രക്ഷപെടാൻ സെന്റ് ജേയ്ക്കബ് എന്ന നാമം മലയാളികരിച്ചു വിളിക്കുന്ന യാക്കോശ്ലീഹായോടാണ് മധ്യസ്ഥപ്രാർത്ഥന യാചിച്ചിരുന്നത്. മറ്റു സ്ഥലങ്ങളിൽ ഈ സ്ഥാനം സെന്റ് സെബാസ്റ്റിനു നൽകിവരുന്നു.

ജാഗരണ പ്രാർത്ഥന നടത്തുന്നത് ഞങ്ങളുടെ വീട്ടിൽ നിന്നു കുറച്ചു നീങ്ങി കുഞ്ഞപ്പൻ കൊച്ചാപ്പന്റെ വീടിനടുത്തെ പറമ്പിൽ വെച്ചു വർഷത്തിലൊരിക്കലായിരുന്നു. തെങ്ങിൽ കെട്ടിയ കോളാമ്പിയിൽ നിന്നു ഭക്തിഗാനങ്ങൾ ഒഴുകി വരും. ഞങ്ങളും അവിടെ പോയി പ്രാർത്ഥിച്ചിരുന്നു.

ഇനിപെരുന്നാളിലേയ്ക്കു വരാം. പ്രദക്ഷിണ വഴികളുടെ ഇരുവശവും ആളുകൾ തിങ്ങിക്കൂടി നിൽക്കും.അടുത്ത കരകളിൽനിന്നുപോലും, ആളുകളെത്തിയിട്ടുണ്ടാകും. നാനാജാതി മതസ്ഥർ തടിച്ചു കൂടി നിൽക്കുന്ന റോഡിന്നരികിൽ പ്രാർത്ഥനയോടെ നിരനിരയായി നീങ്ങുന്ന ജനാവലി വടക്കു കവല വരെയും തെക്ക് ആശുപത്രിക്കപ്പുറവും മെയിൻ റോഡിലൂടെ നടന്ന് കിഴക്ക് കുരിശടി ചുറ്റി രൂപങ്ങളോടൊപ്പം പള്ളിക്കകത്ത് കയറും.

വെടിക്കെട്ടിനൊപ്പം പുറത്തെയും അകത്തെയും പള്ളിമണികൾ കൂട്ടമണി മുഴക്കും. ഇതിനിടെ ഗായക സംഘം “ദൈവമേ ഞങ്ങൾ അങ്ങേ വാഴ്ത്തുന്നു” എന്ന ഗാനം പാടുന്നതു കേട്ട് എല്ലാവരും എഴുന്നേറ്റു നിൽക്കുമ്പോൾ ഭക്തി ചൈതന്യത്താൽ മുഖം ദീപ്തമാകും .ചെറിയൊരു പ്രാർത്ഥനയ്ക്കു ശേഷം തിരുകർമ്മങ്ങൾ അവസാനിക്കും.

രൂപക്കൂട്ടിനു മുൻപിൽ വെച്ചിരിക്കുന്ന നേർച്ചയരിയും, മലരുമൊക്കെ ഭക്തി പൂർവം എടുത്ത് വായിലിട്ട് നേർച്ചപ്പെട്ടിയിൽ കാശുസമർപ്പിക്കും. അപ്പോൾ പുറത്ത് മത്സരിച്ച് ബാൻ്റുവാദ്യവും,ചെണ്ടമേളവും മാറി മാറി പ്രകടനം തുടരും.

പള്ളിയുടെ വിശാലമായ വട്ടക്കല്ലിൽ സ്ത്രീകൾ പലരും നേർച്ച നിറവേറ്റാൻ കൈകളും മുട്ടുകാലും കുത്തി നിരങ്ങി നീങ്ങുന്ന കാഴ്ചകാണാം. ചിലർ മുട്ടു മാത്രം കുത്തി നിരങ്ങി പോകുന്നതും കാണാം.

എന്നാൽ ബസു പോകുന്ന ടാറിട്ട റോഡിൽ ഉരുളു നേർച്ച നടത്തുന്ന പുരുഷന്മാരെ കാണുമ്പോൾ വല്ലാത്ത വിഷമം തോന്നും.ശയന പ്രദക്ഷിണത്തിനൊടുവിൽ റോഡിൻ്റെ അങ്ങേയറ്റത്തു നിന്ന് പള്ളി മുറ്റത്ത് ഭക്തിപരവശരായി അവരെത്തും.

ഇനിയാണ് കച്ചവടോത്സവം. വൈകുന്നേരം വരെ അതവിടെ പൊടിപൊടിക്കും. മൂന്നുപെരുന്നാളുകൾക്കും ഏകദേശം ഇതേ രീതിയാണ്.

കച്ചവടക്കാർ പലരും ഒരാഴ്ചയോളം അവിടെത്തന്നെ തമ്പടിക്കാറുണ്ട്. എന്നാലും പെരുന്നാളിന്റ അന്നു വൈകുന്നേരം മുറം,ചെറിയകുട്ടകൾ, വാലൻ കുട്ട, നെല്ലുവാരി വെയ്ക്കുന്ന കുട്ടകളൊക്കെ വാങ്ങി ആൾക്കാർ മടങ്ങും.

നട്ടുച്ചവെയിലേറ്റ് വാടിക്കരിഞ്ഞ് വീട്ടിലെത്തിയാലും വൈകുന്നേരം വീണ്ടും രൂപം മുത്താൻ എന്ന പേരിൽ പള്ളിയിൽ വരും. രൂപം തൊട്ടു മുത്തി പ്രാർത്ഥിച്ച് പിന്നെ താൽക്കാലിക കടകൾ കയറിയിറങ്ങലാണ് അടുത്ത പണി. ബലൂണുകൾക്കും പീപ്പികൾക്കും വേണ്ടി വാശിപിടിക്കുന്ന കൊച്ചു കുട്ടികളുടെ അടുത്തു തന്നെ ഇവ കൈയിലേന്തിയ കച്ചവടക്കാർ കറങ്ങി നടക്കും.

ആ സമയത്ത് ബാൻ്റു വാദ്യക്കാർ അന്നത്തെ പ്രസിദ്ധ സിനിമാ ഗാനങ്ങൾ വായിക്കുന്ന മനോഹര ദൃശ്യശ്രാവ്യ കാഴ്ച . അതു കേൾക്കാനും ആളുകൾ ചുറ്റും കൂടും.

സന്ധ്യയ്ക്കു മുമ്പു വീട്ടിലെത്തണം. എല്ലായിടത്തും ഒരു ഓട്ടപ്രദക്ഷിണം നടത്തി, ചിരിച്ചാൽ ചുവന്ന പല്ലു കാണിക്കുന്ന മിഠായിയും കഴിച്ച് മടങ്ങുമ്പോൾ ഒരു വൈക്ലബ്യം . ‘എന്നാ ഇനി അടുത്ത പെരുന്നാൾ ‘? എന്ന് പരസ്പരം ചോദിക്കും. എന്തായാലും നാളെ സ്കൂളിൽ പോകുമ്പോൾ കുറച്ചു മിഠായിക്കാരെങ്കിലും മടങ്ങി പ്പോകാതെ അവിടെ ഉണ്ടാകുമായിരിക്കും എന്ന് പരസ്പരം പറഞ്ഞ് ആശ്വസിക്കും.

പെരുന്നാൾ കഴിഞ്ഞു കൊടിയിറങ്ങുന്നതു കാണാൻ ജനത്തിരക്കുണ്ടാകില്ല.

മനസ്സിൽ നിന്നു കൊടിയിറങ്ങി പോകാത്ത തിരുനാളാഘോഷവേളകളുടെ സ്മരണകൾ  ജീവിതയാത്രയുടെ എത്ര പ്രദക്ഷിണ വഴികൾ പിന്നിട്ടെങ്കിലും മാറ്റമില്ലാത്ത നിശ്ചല രൂപങ്ങളായി മങ്ങാതെ മറയാതെ ഹൃദയത്തിനൾത്താരയിൽ ചിരപ്രതിഷ്ഠ നേടിയിരിക്കുന്നു.

മാനത്തേറിയ ഉത്സവം മന്നിലും അനുഭവിച്ചറിഞ്ഞത്, നക്ഷത്ര ഖചിതമായ ആകാശം പോലെ രത്നശോഭയോടെ മനോ മുകുരത്തിൽ മിന്നിത്തിളങ്ങുന്നു.

റോമി ബെന്നി✍

RELATED ARTICLES

12 COMMENTS

  1. പ്രകൃതി ഭാവങ്ങളെ അതി മനോഹരമായി വർണ്ണിച്ചിരിക്കുന്നു.
    ഓർമ്മകളുടെ പെരുന്നാൾ കൊടിയേറ്റങ്ങൾക്ക് ഏഴഴക്
    പറഞ്ഞാൽ തീരാത്ത വിശേഷങ്ങളുമായി വന്നോളു
    വായനക്കാർ വഴിയിൽ കാത്തു നില്ക്കുന്നു.❤️❤️❤️

  2. മാഞ്ഞകാലത്തിന്റെ ഓർമ്മകളുടെ പടഹാദിമേളങ്ങൾ മനസ്സിൽ തുടികൊട്ടിയുയരുന്നു.. 6

  3. വർണ്ണപകിട്ടാർന്ന, മനസ്സിൽ എന്നും നിറഞ്ഞു നിൽക്കുന്ന തിരുനാൾ ആഘോഷങ്ങളെ കുറിച്ചുള്ള സ്മരണകൾ ഒന്നും വിട്ടുപോകാതെ നന്നായി എഴുതിയിരിക്കുന്നു … പ്രകൃതിയുടെ വിവരണങ്ങൾ അതിഗംഭീരം…… അഭിനന്ദനങ്ങൾ റോമി ബെന്നി….. ഇനിയും എഴുതു…. വായനക്കായി കാത്തിരിക്കുന്നു…. ❤️

  4. വർണ്ണവസന്തങ്ങളുടെ പെരുന്നാൾ കൊടിയേറ്റങ്ങൾ മണ്ണിലും വിണ്ണിലും തീർത്ത
    റോമി ബെന്നി വർണ്ണനകളുടെ ഒരു ഉത്സവമേളം തന്നെയാണ് നൽകുന്നത്.
    പറയാൻ വാക്കുകളില്ല. തുടരൂ ….. കാത്തിരിക്കട്ടെ

  5. പണ്ടത്തെ പെരുന്നാൾ നേരിട്ട് കണ്ട പ്രതീതി ജനിപ്പിക്കുന്ന എഴുത്ത്.. ചെറിയ ചെറിയ സംഭവങ്ങൾ പോലും എത്ര കൃത്യമായിട്ടാണ്, സൂക്ഷ്മമായിട്ടാണ് ഓർത്തെടുത്ത് എഴുതിയിരിക്കുന്നത്…
    തുടരൂ..

  6. ഒരു കവിത കാമിനി കൂടെ കൂടിയിട്ടുണ്ടല്ലോ.എന്തൊരു കാവ്യ ഭാഷ.

    അമ്പലത്തിനുള്ളിൽ നടക്കുന്നതല്ലാതെ പള്ളിയിൽ നടക്കുന്ന വിശേഷങ്ങൾ ഇതൊക്കെയാണെന്ന് എനിക്കറിയില്ലായിരുന്നു.
    നല്ലൊരു പള്ളി പെരുന്നാൾ കൂടിയ അനുഭൂതി.

  7. കാലത്തിന്റെ കുത്തൊഴുക്കിലും ആധൂനികതയുടെ കടന്നുകയറ്റം വലിയ തോതിൽ ബാധിക്കാത്തത് പള്ളി പെരുന്നാളുകളിലും ഉത്സവങ്ങളിലും മാത്രമാണെന്ന് തോന്നിയിട്ടുണ്ട് വേറൊരു വിശേഷം കൂടെയുള്ളത് ദൂരെ സ്ഥലങ്ങളിലേക്ക് വിവാഹം ചെയ്തുപോയവരും ജോലി സംബന്ധമായി മാറി താമസിക്കുന്നവരും നാട്ടിലേക്ക് എത്തുന്നു എന്നതും ഇത്തരം ആഘോഷ വേളകളിൽ ആണ്, എഴുത്തു കൂടുതൽ കൂടുതൽ മികച്ചതാകുന്നു അഭിനന്ദനങ്ങൾ.

  8. ആകാശപള്ളി,അന്തിക്കൊടിമരം, മേഘശകലങ്ങളുടെ കച്ചവടം തേടിയുള്ള യാത്ര, വെള്ളിപ്പുടവയണിഞ്ഞു അന്തിപ്പെരുന്നാളിനിറങ്ങുന്ന അരുവിപ്പെണ്ണ്, മാനത്തെ പെരുന്നാളുകാണാൻ നിൽക്കുന്ന മാന്തളിർ, തിരികളെന്തി പ്രദക്ഷിനത്തിന് തയ്യാറാകുന്ന ആമ്പൽ പ്പൂക്കൾ!!!!ഭാവനാസൗന്ദര്യം വാക്കുകളിലൂടെ!!! വാചകപ്പൂക്കുറ്റി ചീറ്റിക്കുന്നതിലൂടെ!!!!സ്‌മൃതികളിലൂടെ,,,, 🙏അഭിനന്ദനങ്ങൾ,,, റോമി

  9. അതിസൂക്ഷ്മമായി തിരുന്നാൾ ആഘോഷങ്ങളുടെ ചിത്രങ്ങൾ റോമി വരച്ചിടുന്നു. ബാല്യകാലത്ത് ഉത്സവങ്ങളും തിരുന്നാളുകളുമൊക്കെ ആവേശത്തോടെ കൂടിയവർക്കൊക്കെ അവ മധുരമുള്ള ഓർമ്മകളാവും. ഇന്നത്തെ തലമുറയ്ക്ക് ആ കാലത്തിൻ്റെ അനുഭവങ്ങളെ എത്രമാത്രം ഉൾക്കൊള്ളാൻ കഴിയും എന്നറിയില്ല.
    നന്ദി റോമീ
    ഓരോ ആഴ്ചയിലും ഞങ്ങളെ ഇങ്ങനെ പഴയ കാലത്തേയ്ക്ക് കൂട്ടിക്കൊണ്ടു പ്രാകുന്നതിന്…
    ഡൊമിനിക്ക് ജെ. കാട്ടൂർ

  10. അഭിപ്രായം പറഞ്ഞ് പ്രോത്സാഹനമേകിയ എല്ലാവർക്കും ഒത്തിരി നന്ദി.

Leave a Reply to Laila stanly Cancel reply

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com