Monday, February 2, 2026
Homeഅമേരിക്കതിരുവല്ലാക്കൊമ്പനും തീവെട്ടി കുഞ്ഞാണുവും (ഓർമ്മകുറിപ്പുകൾ) ✍ ഉണ്ണിയാശ

തിരുവല്ലാക്കൊമ്പനും തീവെട്ടി കുഞ്ഞാണുവും (ഓർമ്മകുറിപ്പുകൾ) ✍ ഉണ്ണിയാശ

ഉണ്ണിയാശ

മേടമാസത്തിലെ അനിഴം നാളിലാണ് വാകത്താനം മണികണ്ഠപുരം ശ്രീകൃഷണ സ്വാമി ക്ഷേത്രത്തിലെ ഉത്സവം കൊടിയേറുന്നത്. നാടിൻ്റെ ഉത്സവം. ജാതിമത ഭേദമന്യേ ആളുകൾ സഹകരിച്ചു നടത്തുന്ന ഉത്സവം. കൊടിയേറ്റം നടത്തുന്നത് താഴമൺതന്ത്രിമാരാണ്. പത്തു ദിവസങ്ങളിലായാണ് ഉത്സവം.

എൻ്റെ ചെറുപ്പകാലത്ത് ഒന്നാം ഉത്സവത്തിന് വൈകുന്നേരം ആന വരും. ഞങ്ങളുടെ തിരുവല്ലാക്കൊമ്പൻ. ഇന്നത്തെപ്പോലെ flex ഉം ബാനറും ഫാൻസ് അസോസിയേഷനുകളും ഒന്നും ആനയ്ക്ക് ഇല്ല. ശരിയായ പേര് ചന്ദ്രശേഖരൻ എന്നോ മറ്റോ ആയിരുന്നു എന്നാണോർമ്മ

🥰: ആന വരുന്നത് ഞങ്ങൾ കുട്ടികൾക്ക് ആഘോഷമാണ്. പാപ്പാൻമാരും സമീപ വാസികളായ കുട്ടിപ്പട്ടാളവും ആനപ്രേമികളും ഒക്കെ ആയി ഒരു പറ്റം ആളുകൾക്ക് നടുവിലാണ് തിരുവല്ലാക്കൊമ്പൻമിക്കപ്പോഴും. നല്ല രസമുള്ള കാഴ്ച. കുറെ പനമ്പട്ട ഒക്കെ തുമ്പിക്കൈയിൽ എടുത്താണ് വരവ്. വീടിൻ്റെ അടുത്ത് ഒരു ചെറിയ തോടുണ്ട് – നാട്ടുവാത്തോട്. അവിടെയാണ് കൊമ്പൻ്റെ നീരാട്ട്.. .
🥰: രണ്ടാം ഉത്സവം തൊട്ട് രാവിലെ ശിവേലി ഉണ്ട്.
🥰: ഓട്ട ശിവേലീന്ന് പറയും .
🥰: രാവിലെയും വൈകിട്ടും ഇത്തിരി നേരം മാത്രേ ഓട്ട ശീവേലി ഉണ്ടാവാറുള്ളു. ഈ ഓട്ട ശിവേലിക്കും ആനയുടെ പിന്നാലെ ഞാനുൾപ്പെടെയുള്ള കുട്ടിപ്പട്ടാളത്തിൻ്റെ അകമ്പടി ഉണ്ടാവുമായിരുന്നു. വൈകിട്ട് ശീവേലിക്ക് ശേഷമാണ് ദീപാരാധന. പണ്ട് മൂന്നാം ഉത്സവം മുതൽ അഞ്ചാം ഉത്സവം വരെ ഓരോ ദിക്കിലായിരിക്കും പറയ്ക്കെഴുന്നെള്ളിപ്പ്. ഇപ്പോൾ ഭക്തർ ക്ഷേത്രത്തിൽ തന്നെ വന്ന് പറയിടുക എന്നതാണ് രീതി. അഞ്ചാം ദിവസം അഞ്ചാം പുറപ്പാട് എഴുന്നള്ളത്ത് ആലുമ്മൂട്ടിൽ നിന്നാണ്. ഏഴാം ദിവസം മാത്രമായിരുന്നു പണ്ട് ഉത്സവബലി. അതിനുമുൻപ് ഓട്ടൻതുള്ളൽ ഉണ്ടാവും. കാഴ്ചക്കാർ വളരെ കുറവായിരുന്നു അന്ന്. ഏഴാം ദിവസം വൈകിട്ട് വിളക്കൊഴുന്നള്ളിപ്പ് സേവ ഒക്കെ നല്ല രസമായിരുന്നു. എട്ടാം ഉത്സവം മുതൽ രാവിലെ കാഴ്ച ശ്രീബലിക്കൊപ്പമുള്ള, പേരെടുത്ത വിദ്വാന്മാരുടെ നാഗസ്വരക്കച്ചേരി വല്യ പരിപാടി ആയിരുന്നു. 🥰: കിടങ്ങൂർ ബ്രദേഴ്സ് ൻ്റെ നാഗസ്വരം , അരീപ്പറമ്പ് ഗോവിന്ദവാര്യരുടെ പഞ്ചവാദ്യം ഒക്കെ ഉത്സവത്തിലെ സ്‌ഥിരം ഐറ്റങ്ങൾ ആയിരുന്നു.

ശാസ്ത്രീയ സംഗീതം പഠിക്കാത്ത എനിക്ക് പ്രസിദ്ധമായ പല കീർത്തനങ്ങളും നാഗസ്വരമേളത്തിലൂടെ പരിചിതമായിരുന്നു.പിന്നീട് ജവഹർ ബാലഭവനിലെ അവധിക്കാല ക്ലാസുകളിൽ നിന്നാണ് ഈ പരിചിതമായ ഈണങ്ങളുടെ വരികൾ മനസിലാക്കിയത്. കർണ്ണാടക സംഗീത പാഠം റേഡിയോയിലൂടെ കേട്ട് പാടിത്തകർത്ത ആശ മോളെ ആരും കണ്ടിട്ടില്ല. അതും ഒരു കാലം. നാഗസ്വരക്കച്ചേരി കേൾക്കാൻ വേണ്ടി മാത്രം ഒരു കൂട്ടം ആൾക്കാർ എന്നും വൈകിട്ടത്തെ ശീവേലിയ്ക്ക് ഉണ്ടാവും.ഷാജീസ് കോളേജിലെ ചാക്കോ സാർ അവരിലൊരാളായിരുന്നു. അദ്ദേഹം താളം പിടിച്ച്, ആസ്വദിച്ചു നിൽക്കുന്ന കാഴ്ച ഇന്നും കൺമുന്നിലുണ്ട്.. പഞ്ചവാദ്യത്തിന് അവിടെ ആസ്വാദകർ കുറവായിരുന്നു എന്നാണ് എൻ്റെ ഓർമ്മ. പെപ്പര പെര പെര തുടങ്ങീന്നാണ് കുട്ടികൾ പഞ്ചവാദ്യം തുടങ്ങുമ്പോൾ പറയാറ്. എട്ടാം ഉത്സവത്തിന് കഥകളിയാണ്.
മൂന്നു കഥകളാണ്. മിക്കവാറും
🥰: പൂതനാമോക്ഷം, ദക്ഷയാഗം, കിരാതം ഒക്കെയാണ് പ്രധാനം.

എട്ടാം ഉത്സവം മുതലാണ് ഉത്സവം കൂടുതൽ ഗംഭീരമാകുന്നത്. പുറത്തു നിന്നുള്ള കലാകാരന്മാരുടെ വാദ്യ വിസ്മയം ഒക്കെ എട്ടാം ഉത്സവം മുതലാണ്. അടുത്ത കാലത്തായി അതിന് മാറ്റം ഉണ്ട്. വൈകുന്നേരങ്ങളിലുള്ള സേവയ്ക്ക് മാറ്റുകൂട്ടുന്നത് ദീപക്കാഴ്ചയും നാഗസ്വരക്കച്ചേരിയും ആണ്. മൂന്ന് ആനകൾഉണ്ടാവും, ഇപ്പോൾ ആനകളുടെ എണ്ണം കൂടീന്ന് തോന്നുന്നു.

ഞങ്ങൾ സമീപ വാസികൾക്ക് രണ്ട് വ്യക്തികളുടെ സാന്നിധ്യമാണ് ശ്രദ്ധേയമായിരുന്നത്. ഒന്നാമതായി കുഞ്ഞാണുന്നും തീവെട്ടി കുഞ്ഞാണുന്നും വിളിക്കുന്ന കുഞ്ഞു നാണു. അടുത്തത് ചിന്തിക്കട നടത്തുന്ന പാട്ടുകുട്ടൻ എന്ന് നാട്ടുകാർ വിളിക്കുന്ന കുട്ടൻ ചേട്ടൻ. കുഞ്ഞാണു ൻ്റെ രൂപം തന്നെ ആളുകൾ പെട്ടന്ന് ശ്രദ്ധിക്കും. തൻ്റെ ശരീരത്തിനേക്കാൾ വളരെ വലിയ പാൻ്റ് കുറെ മടക്കി വച്ച് നീളം ക്രമീകരിച്ചിരിക്കും, അതുപോലെ തന്നെ വളരെ വലിയ shirt ഒക്കെ ഇട്ട് അലസമായ പാറി പറന്ന ‘മുടി, വെട്ടിയൊതുക്കാത്ത വല്യ മീശ… ഇതൊക്കെ ഉള്ള ഒരു കുറിയ മനുഷ്യൻ. വളരെ ഗൗരവമുള്ള മുഖം. സേവ തീരും വരെ തീവെട്ടി പിടിക്കുക എന്ന വല്യ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കും. എല്ലാ ഉത്സവക്കാലത്തും അദ്ദേഹത്തെ കാണാമായിരുന്നു.. ഇപ്പോൾ കുറച്ചായി കാണാറില്ല . (ഞാനും സ്ഥിര സാന്നിധ്യമല്ല) തീവെട്ടിപിടിക്കുക എന്നൊരു പ്രയോഗം കൗമാരകാലത്താണ് ആദ്യമായി കേൾക്കുന്നത്. സാമാന്യം നല്ല കനമുള്ള തീവെട്ടി ഇത്തിരി ചരിച്ചു വേണം പിടിക്കാൻ. പന്തം കത്തുന്നതിനനുസരിച്ച് അതിൽ എണ്ണ ഒഴിച്ചു കൊടുക്കും. അതും സേവ തീരും വരെ. കൈമാറാൻ ആളെക്കിട്ടിയാൽ ഭാഗ്യം. പക്ഷേ കുഞ്ഞാണുന് തീവെട്ടി പിടിക്കൽ ഒരു ഗമയാണ്. സേവ എഴുന്നള്ളിപ്പിൽ അദ്ദേഹ ത്തിൻ്റെ സാന്നിധ്യം കുട്ടികൾക്ക് നല്ല കൗതുകം തന്നെയായിരുന്നു.

കുട്ടൻ ചേട്ടൻ എന്ന പാട്ടുകുട്ടൻ ബലൂൺ , കളിപ്പാട്ടങ്ങൾ ഒക്കെ വിൽക്കുന്ന ആളാണ്. ചേട്ടൻ്റെ ചിരി ഒരു നല്ല മാർക്കറ്റിങ്ങ് തന്ത്രം തന്നെയായിരുന്നു.’പാട്ടിൻ്റെ ആരാധകനായിരുന്നു അദ്ദേഹം. സമകാലീന ഹിറ്റുകൾ എപ്പോഴും ആ ചുണ്ടിൽ മൂളലായ് ഉണ്ടാവും.

എട്ടാം ഉത്സവത്തിലെ പ്രധാന പരിപാടി കഥകളി ആണ്. പൂതനാമോക്ഷം, കിരാതം, സന്താന ഗോപാലം ഒക്കെയാവും. പക്ഷേ ഉണ്ണിയാശയുടെ ശ്രദ്ധ മുഴുവൻ കഥകളി ചമയങ്ങളിലായിരുന്നു. വേഷം കെട്ടുന്നിടത്തൊക്കെ ചുറ്റിപ്പറ്റി നിന്ന്, പലനിറങ്ങൾ അരച്ച് മുഖത്ത് തേക്കുന്നതും, മിനുക്കുന്നതും പേപ്പർ വെട്ടി മുഖത്തൊട്ടിക്കുന്നതും ഈർക്കിൽ കൊണ്ട് മുഖത്ത് ഭംഗിയായി കുറി വരക്കുന്നതും ഒക്കെ നിരീക്ഷിച്ച് ഇതൊക്കെ വീട്ടിൽ ചെന്ന് സ്വന്തം മുഖത്ത് പരീക്ഷിക്കും.

ഉണ്ണിയാശപരാജയപ്പെട്ട ഒരു മേഖല ചുട്ടി കുത്തൽ ☹️ആണ്. അതിൻ്റെ ഗുട്ടൻസ് ഒരു പിടീം കിട്ടിയില്ല പിന്നെ ചപ്പാത്തി മാവ് ഉരുട്ടി പൗഡറിൽ മുക്കി മൂക്കിൽ ഒട്ടിച്ചെങ്കിലും പെട്ടന്ന് താഴെ വീണത് തീരാ നിരാശ തന്നതുകൊണ്ടാവാം ആ മേഖലയിൽ കൂടുതൽ കൈവച്ചില്ല. ഒന്നിലോ രണ്ടിലോ പഠിക്കുമ്പോഴാണെന്ന് തോന്നുന്നു, ഒരിക്കൽ പാവക്കുട്ടിയേം കൊണ്ട് കഥകളി വേഷം കാണാൻ പോയി. കഥകളി വേഷം ഒരുക്കുന്ന ആൾ ഈർക്കിലിൽ തൊട്ട് ഒരു വെള്ള പൊട്ട് പാവയ്ക്ക് കൊടുത്തു. എനിക്ക് പൊട്ടു കുത്തി തന്നില്ല. അപ്പോൾ നിരാശ തോന്നിയെങ്കിലും അതിൻ്റെ കാരണം ഇപ്പോഴാണ് മനസിലായത്. പൊന്നിൻകുടത്തിനെന്തിനാ ല്ലേ പൊട്ട്😉🤭
🥰: കിരാതം കഥകളി ആദ്യമായി കണ്ടത് ഇപ്പോഴും ഓർക്കുന്നു
🥰: നേരം വെളുക്കാറാവുമ്പോഴാണ് കിരാതം ആടിത്തീരാറ്. ഏറ്റവും മുന്നിലെ നിരയിൽ കുട്ടികളും മൂത്ത കഥകളി പ്രേമികളും കാണും. പാതി മയക്കത്തിലെപ്പോഴോ ആണ് ഒരു അലർച്ച കേട്ടതും എണ്ണിറ്റോടിയതും. കിരാതൻ അലറുമെന്നറിയാതെ ഉള്ള എൻ്റെ ഓട്ടം, കുട്ടികളുടെ കൂട്ട ഓട്ടത്തിൻ്റെ ഭാഗമായിരുന്നതിനാൽ അന്ന് വല്യ ആശ്വാസം തോന്നി.
ശ്രീവിദ്യയും, മിനിമോളും സിന്ധുവും മഞ്ചുവും പുഷ്പയും, സുജയും മിനിയും ഒക്കെയുള്ള അമ്പല സെറ്റുകൂട്ടുകാർ നല്ലോർമ്മയാണ്. ഇപ്പോൾ ഉത്സവകാലത്ത് മാത്രം കണ്ടുമുട്ടുന്നവരായി.
🥰:

പള്ളിവേട്ട ദിനമാണ് ഏറെ ജനപ്രിയ കലാരൂപമായ ബാലെ അവതരിപ്പിച്ചു പോന്നത്. വൻ ജനക്കൂട്ടം അടുത്ത കരയിൽ നിന്നും വരെ വന്നിരുന്നു. പള്ളിവേട്ട ദിനത്തിൽ അപ്രതീക്ഷിതമായ് ചെയ്യുന്ന മഴ ഒരു രസംകൊല്ലി തന്നെ ആയിരുന്നു.
പത്താം ദിനമായ ആറാട്ട് ദിനത്തിലായിരുന്നു കഥാപ്രസംഗം അല്ലെങ്കിൽ ഗാനമേള. ഇപ്പോൾ ജനപ്രിയ കലയായ ഗാനമേളകളാണ് കൂടുതലും. യുവ ആസ്വാദകരുടെ വൻ സാന്നിധ്യമാണ് ഗാനമേളകൾക്ക്.

ഒരുത്സവ കാലം കൂടി വരവായി. എല്ലാ ദിവസത്തെയും വിശേഷം അറിയാൻ ഫേസ്ബുക്കുണ്ട്. ഓരോ വർഷവും ഉത്സവം കൂടുതൽ ഗംഭീരമാകുകയാണ്. ആളുകളുടെ സാന്നിധ്യവും സഹകരണവും കൂടുതലായുണ്ട്. ധാരാളം കലാപരിപാടികളുണ്ട്. പക്ഷേ തിരുവല്ലാക്കൊമ്പൻ ഇല്ല. കുഞ്ഞാണു മരിച്ചു. ഉണ്ണിയാശ ഇക്കൊല്ലം പോകുന്നുണ്ട്.

ഉണ്ണിയാശ✍

RELATED ARTICLES

5 COMMENTS

Leave a Reply to Devi J S Cancel reply

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com