ലോഹിതദാസ്.
കഥകളാൽ വിസ്മയിപ്പിച്ച കഥാകാരൻ
………………………………….
ലോഹിതദാസ് . മലയാളത്തിന്റെ എക്കാലത്തേയും പ്രിയപ്പെട്ട കഥാകാരൻ . മലയാളി അവൻ്റെ മനസ്സിൽ കുറിച്ചിട്ട ഒട്ടേറെ കഥകൾ, കഥാപാത്രങ്ങൾ .ആ കഥകളും കഥാപാത്രങ്ങളും ഈ വിസ്മയ പ്രതിഭ ജീവിച്ച കാലത്തിന്റെ ബാക്കിപത്രമായി കാലങ്ങൾക്കപ്പുറത്തും തെളിച്ചം മങ്ങാതെ നിൽക്കും.
നമുക്കിടയിൽ ജീവിച്ചു പോരുന്ന സാധാരണക്കാരിൽ സാധാരണക്കാരുടെ ജീവിത നിമിഷങ്ങൾ, മാനസികാവസ്ഥകൾ, സൂക്ഷ്മ ഭാവങ്ങൾ ലോഹിതദാസ് പകർത്തിയെടുത്തപ്പോൾ ആഎഴുത്തുകാരനെ നാം ഹൃദയത്തോട് ചേർത്തു .
വേരുകൾ ഉള്ള കഥാപാത്രങ്ങളിലൂടെ മണ്ണിൻ്റെ മണമുള്ള മനുഷ്യരുടെ നിഷ്കളങ്കതയും നിസ്സഹായതയും ചിത്രീകരിക്കപ്പെട്ട കാലം. സിനിമ എന്ന ശക്തമായ മാദ്ധ്യമം പുത്തനുണർവു കൈവരിച്ചു നിവർന്നു നിന്ന കാലം. പരന്നൊഴുകും നിലാവു പോലെ തെളിഞ്ഞൊഴുകും പുഴ പോലെ സുഖം പകരും ചാറ്റൽമഴപോലെ, കുളിരുപകരുമിളം കാറ്റുപോലെ ആ കഥകൾ ഒഴുകി. എന്നാൽ അതേ സമയം തന്നെ ഏത് തലത്തിൽ ജീവിക്കുന്നവരുടേയും പ്രക്ഷുബ്ധമായ ജീവിതമുഹൂർത്തങ്ങൾ ഉള്ളിൽ തട്ടുംവിധം അതിശക്തമായി ആവിഷ്ക്കരിച്ച എഴുത്തുകാരനുമായിരുന്നു ലോഹിതദാസ്.
1995 മെയ് പത്തിന് തൃശൂരിലെ കൊരട്ടിയിലാണ് അമ്പഴത്തിൽ കരുണാകരൻ ലോഹിതദാസ് എന്ന ഏ.കെ.ലോഹിതദാസിൻ്റെ ജനനം. 2009 ജൂൺ 28 ന് തൻ്റെ അമ്പത്തിനാലാം വയസ്സിൽ ഈ മഹാപ്രതിഭ വിവാങ്ങുമ്പോൾ മലയാള സിനിമ അക്ഷരാർത്ഥത്തിൽ ഈ അക്ഷരപുണ്യത്തിനു മുന്നിൽ നമിച്ചു നിൽക്കുകയായിരുന്നു.
1987 ൽ തനിയാവർത്തനം എന്ന സിനിമ സൃഷ്ടിച്ച തരംഗത്തിലാണ് ലോഹി എന്ന നാമം നാടാകെ ചർച്ചയാകുന്നത്. പിന്നെ കിരീടം, ദശരഥം, മൃഗയ, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, കമലദളം ,ആധാരം, വളയം, ചകോരം, തൂവൽ കൊട്ടാരം, ഭൂതക്കണ്ണാടി, കാരുണ്യം ,കന്മദം,കസ്തൂരിമാൻ, അങ്ങനെ കണ്ണും മനസ്സും നിറയ്ക്കുന്ന കരുത്തുറ്റ കഥകളുടെ ഒഴുക്കു തന്നെയായിരുന്നു. അതെ അക്ഷരാർത്ഥത്തിൽ മലയാള സിനിമയുടെ വസന്തകാലം. നമ്മുടെ പ്രഗല്ഭരായ നടീ നടൻമാർക്ക് പേരും പെരുമയും നേടികൊടുക്കാൻ അഭിനത്തികവ് പ്രകടമാക്കാൻ പുരസ്കാരങ്ങൾ നേടാൻ ശക്തമായ പാൻബലായി നിന്നു ലോഹിതദാസിൻ്റെ തൂലികയിൽ നിന്നുതിർന്ന വീണ എണ്ണം പറഞ്ഞ കഥാപാത്രങ്ങൾ.
സാഹചര്യങ്ങളും വിശ്വാസങ്ങളും അതിൽ നിന്നും രൂപപ്പെടുത്തിയ കാഴ്ചപ്പാടുകളും പ്രവർത്തികളായി വരുമ്പോൾ മറ്റുള്ളവർക്ക് മുന്നിൽ വില്ലൻ ഭാവം കൈവരുന്ന ,ശല്യമായി മാറുന്ന എന്നാൽ ദുഷിച്ച ചിന്തയില്ലാത്ത എത്രയോ സാധു മനുഷ്യരെയാണ് ലോഹിതദാസ് ഭംഗിയോടെ വരച്ചിട്ടതെന്നോ .തനിയാവർത്തനത്തിൽ തിലകൻ അനശ്വരമാക്കിയ മരുത്തേമ്പള്ളി ഗംഗാധരൻ നായർ ഒരു മികച്ച ഉദാഹരണം. ഉള്ളിന്റെയുള്ളിൽ നീറ്റൽ സൃഷ്ടിക്കാൻ പ്രാപ്തമായ എത്ര കഥാപാത്രങ്ങളെ വേണമെങ്കിലും ആ കഥാലോകത്തു നിന്ന് നമുക്ക് നെഞ്ചോടു ചേർക്കാം. എഴുതാൻ തുടങ്ങിയാൽ അവസാനിക്കുമോ? അത്രമേൽ വൈവിധ്യമാർന്ന എത്രയെത്ര കഥാപാത്രങ്ങൾ .
നമുക്ക് പരിചിതമായ ഭൂമികയിൽ നിന്നും വാർത്തെടുത്ത കഥകൾ.
വർഷങ്ങൾക്ക് മുമ്പ് ഏലംകുളം സൗത്ത് എൽ പി.സ്കൂളിൽ വായന ദിനത്തിന് അതിഥിയായി എത്തിയപ്പോൾ കുട്ടികൾ എന്നോട് ഒരു ചോദ്യം ചോദിച്ചു.ഏറ്റവും ഇഷ്ടപ്പെട്ട എഴുത്തുകാരൻ ആര്? ഒട്ടും ആലോചിക്കേണ്ടി വന്നില്ല എനിക്ക് ലോഹിതദാസ് എന്ന ഉത്തരം നൽകാൻ ‘
ആ സമയം മരുതേമ്പള്ളി ബാലൻ മാഷ്, മരുതേമ്പള്ളി ശ്രീധരൻ നായർ, മരുതേമ്പള്ളി ഗംഗാധരൻ നായർ മരുതേമ്പിളി ഗോപിനാഥൻ എന്നിവരിൽ തുടങ്ങി നുറു നൂറു കഥാപാത്രങ്ങൾ എന്റെ മനസ്സിലൂടെ കടന്നു പോയി. അതിൽ നായക കഥാപാത്രങ്ങളും നായികാ കഥാപാത്രങ്ങളും മറ്റു പ്രധാന കഥാപാത്രങ്ങളും മാത്രമല്ല ഒരു രംഗത്തു മാത്രം വന്നു പോയി മികവ് അയാളപ്പെടുത്തിയവരും ഏറെയുണ്ട്.
പിന്നീട് പല വേദികളിലും ഈ ചോദ്യവും ഉത്തരവും ആവർത്തിക്കപ്പെട്ടു. ഇനിയും ആ ചോദ്യമുയർന്നാൽ എനിക്ക് നൽകാൻ ആ ഉത്തരം മാത്രം. മഹാനായ കഥാകാരൻ ലോഹിതദാസിന്റെ ഓർമ്മകൾക്ക് അദ്ദേഹം രൂപപ്പെടുത്തിയ കഥകൾക്ക് ആ കഥകളിലെ ജീവൻ തുടിക്കുന്ന കഥാപാത്രങ്ങൾക്ക് എൻ്റെ മനസ്സിൽ ഒരു കാലത്തും മരണമില്ല.
ഏവരിലും വിസ്മയം തീർത്ത കഥാകാലം എന്ന് ലോഹിതദാസിൻ്റെ എഴുത്തു കാലത്തെ സത്യസന്ധമായി വിശേഷിപ്പിക്കാം. എഴുത്തിലെ കരുത്തു കൊണ്ട് ,സൂക്ഷ്മത കൊണ്ട് അക്ഷരക്കൂട്ടുകളിലൊളിപ്പിച്ച ഹൃദയത്തുടിപ്പുകൾ കൊണ്ട്, ഉള്ളു തൊടുന്ന ശൈലി കൊണ്ട്, ഹൃദ്യവും ലളിതവുമായ ഭാഷ കൊണ്ട്
കഥാലോകത്തെ ത്രസിപ്പിച്ച ,ആസ്വാദക മനസ്സ് ഒന്നാകെ കീഴടക്കിയ മഹാനായ കഥാകാരന്റെ ജലിക്കുന്ന ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.




👍