ചിന്തകളുടെ സ്വാധീനം (ഫിലി. 4:4-9)
” ഒടുവിൽ സഹോദരരെ , സത്യമായതു ഒക്കെയും നീതിയായതു ഒക്കെയും,
നിർമ്മലമായതു ഒക്കെയും, സൽകീർത്തിയായത് ഒക്കെയും, രമ്യമായത് ഒക്കെയും, സൽഗുണമോ പുകഴ്ചയോ അത് ഒക്കെയും, ചിന്തിച്ചു കൊൾവീൻ”
(വാ.8).
ഒരു മനുഷ്യന്റെ ചിന്തകൾക്ക്, അയാളുടെ സ്വഭാവത്തെ രൂപപ്പെടുത്തുന്നതിൽ കാര്യമായ പങ്കുണ്ട്. “നാം എന്തു ചിന്തിക്കുന്നു, അതാണു നാം” എന്നാണ്, ജ്ഞാനമൊഴി. ഒരു പക്ഷെ, നമ്മുടെസ്വഭാവത്തെ രൂപപ്പെടുത്തണം എന്നു സങ്കൽപിച്ചു കൊണ്ടായിരിക്കണമെന്നില്ല നാം പലതും ചിന്തിക്കുന്നത്. എങ്കിൽ പോലും, അതു നമ്മുടെ വ്യക്തിത്വങ്ങളെ സ്വാധീനിക്കുക തന്നെ ചെയ്യും. യാതൊന്നും ചിന്തിക്കാതെയോ യാതൊന്നിനാലും സ്വാധീനിക്കപ്പെടാതെയോ നമുക്കാർക്കും ജീവിക്കുക സാദ്ധ്യമല്ല. ഞാൻ യാതെന്നും ചിന്തിക്കുന്നില്ല, വിചാരിക്കുന്നില്ല, എന്നു പറയുമ്പോൾ തന്നെ,എന്തൊക്കെയോ, നാംചിന്തിക്കുന്നുണ്ടായിരിക്കും, വിചാരിക്കുന്നുണ്ടായിരിക്കും? ഇന്നു നമ്മെ ഭരിക്കുന്ന ചിന്തകളുടെ ഉല്പന്നമായി നാളെ നാം മാറും എന്നു ചുരുക്കം.
ധ്യാന ഭാഗത്ത്, എന്തായിരിക്കണം നമ്മുടെ ചിന്താവിഷയങ്ങൾ എന്നാണു വി. പൗലോസ് സൂചിപ്പിക്കുന്നത്. നമ്മുടെ ചിന്തകളെയും, അഭിലാഷങ്ങളെയും, ദൈവീക ചിന്തകളോടും താൽപര്യങ്ങളോടും സമരസപ്പെടുത്തിക്കൊണ്ടു പോകാനാകുമ്പോഴാണ്, നമുക്കു വി. അപ്പൊസ്തലൻ ചൂണ്ടിക്കാണിക്കുന്നതുപോലെ, സത്യമായതും, ഘനമായതും, നീതിയായതും, നിർമ്മലമായതും, സൽകീർത്തിയായതും, സൽഗുണമായതും, പുകഴ്ചയായുതും, ചിന്തിക്കാനാക്കുക. “ക്രിസ്തു ദൈവത്തിന്റെ വലത്തു ഭാഗത്ത് ഇരിക്കുന്ന ഇടമായ ഉയരത്തിലുളളതു തന്നെ ചിന്തിപ്പീൻ (കൊലോ.3:1,2) എന്നു കൊലോസ്യാ വിശ്വാസികളെ താൻ പ്രബോധിപ്പിക്കുമ്പോഴും, അപ്പൊസ്തലൻ അതു തന്നെയാണു സൂചിപ്പിക്കുന്നത്.
‘Hitch your wagons to stars’
(നിങ്ങളുടെ വണ്ടികളെ നക്ഷത്രങ്ങളുമായി കൂട്ടിയിണക്കുക) എന്ന ആഹ്വാനത്തിൽ പ്രതിഫലിക്കുന്നതും, സമാന ചിന്തയാണ്. ഈ ലോകത്തോടു മാത്രം ബന്ധപ്പെട്ടതാണ് നമ്മുടെ ചിന്ത കളെങ്കിൽ, നാം തികച്ചും ലൗകീകരായിരിക്കും. എന്നാൽ, സ്വർഗ്ഗീയമാണു നമ്മുടെ ചിന്തകൾ എങ്കിൽ, നാം സ്വർഗ്ഗീയരായി (ദൈവീകരായി) രൂപാന്തരപ്പെടും. നമ്മുടെ ചിന്തകളും താൽപര്യങ്ങളും സ്വർഗ്ഗീയമായവ
യോടു ബന്ധപെട്ടതായിരിക്കുവാൻ ദൈവം നമ്മെ സഹായിക്കട്ടെ.
ചിന്തയ്ക്ക്: ഇന്നത്തെ നമ്മുടെ ചിന്തകളുടെ സൃഷ്ടിയാണ് നാളത്തെ നാം!



