സ്നേഹ പ്രേരിത ജീവിതം (1 കോരി. 13:1-13)
” ആകയാൽ വിശ്വാസം, പ്രത്യാശ, സ്നേഹം ഈ മൂന്നും നിലനിൽക്കുന്നു; ഇവയിൽ വലിയതോ സ്നേഹം തന്നെ” (വാ.13).
“സ്നേഹത്തിൽ നിന്നുദിക്കുന്നു ലോകം; സ്നേഹത്താൽ വൃദ്ധി നേടുന്നു; സ്നേഹമാണ് അഖിലസാരമൂഴിയിൽ”: സ്നേഹത്തിന്റെ അതുല്യത വിളിച്ചോതുന്ന വരികളാണിവ. നാം ധ്യാനിക്കുന്ന 1കോരി. 13-ാം അദ്ധ്യായത്തിൽ, സ്നേഹംസംബന്ധിച്ച് വി.പൗലൊസിന്റെ സമാന രീതിയിലുള്ള ചിന്തകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പഴയ നിയമ യിസ്രായേലിനു ദൈവം നൽകിയ പത്തു കല്പനകളിൽ ഒരിടത്തു പോലും, സ്നേഹം സംബന്ധിച്ച ഒരു പരാമർശവും ലഭ്യമല്ല. എന്നാൽ, യേശു പത്തു കല്പനകളെ സ്നേഹപ്രമാണത്തിന്റെ അടിസ്ഥാനത്തിൽ, “ദൈവത്തെ പൂർണ്ണ ഹൃദയത്തോടും, പൂർണ്ണ ആത്മാവോടും, പൂർണ്ണ ശക്തിയോടും, പൂർണ്ണ മനസ്സോടും കൂടെ സ്നേഹിക്കണം” എന്നും, “കൂട്ടുകാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കണം” എന്നും പുനരാഖ്യാനം ചെയ്യുകയുണ്ടായി.
ദൈവത്തെ സ്നേഹിക്കുക എന്നതുകൊണ്ട് അർത്ഥമാക്കുന്നത്, ദൈവത്തെ മാത്രം സേവിച്ചാരാധിക്കുക, ദൈവ കല്പനകൾ പ്രമാണിക്കുക, അവയുടെ അടിസ്ഥാനത്തിൽ വിശുദ്ധി പാലിച്ചു ജീവിക്കുക ഇവയൊക്കെയാണ്. മനുഷ്യനെ സ്നേഹിക്കുക എന്നുവെച്ചാൽ, മറ്റു മനുഷ്യരുമായി സ്നേഹാധിഷ്ഠിത ബന്ധം കാത്തു സൂക്ഷിക്കുക, മറ്റുള്ളവരുടെ നന്മ മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുക, സാമൂഹ്യ നിയമങ്ങൾ ശരിയായി പാലിക്കുക, ഇവയൊക്കെ ആണെന്നു പറയാം. ദൈവ സ്നേഹം, മനുഷ്യസ്നേഹം ഇവ സന്തുലിതമായി പാലിച്ചു ജീവിക്കുമ്പോഴാണ്, ഒരാൾ ഒരു യഥാർത്ഥ ദൈവഭക്തനായി ഭവിക്കുന്നത്.
വി. പൗലൊസ് മുമ്പോട്ടു വയ്ക്കുന്ന സ്നേഹ ദർശനം ഏറ്റവും ഉദാത്തമായ ഒന്നാണ്. സ്നേഹത്തെ ഒരു മാതൃ മൂല്യം (Mother Value) ആയിട്ടാണു അപ്പൊസ്തലൻ അവതരിപ്പിക്കുന്നത്. മറ്റെല്ലാ സദ്ഗുണങ്ങളുടെയും ഉത്ഭവത്തിനു ആധാരമായ ഗുണം. സ്നേഹത്തിൽ അധിഷ്ഠിതം അല്ലാത്ത നന്മ പ്രവൃത്തികൾ, വെറും അർത്ഥരഹിതമായ ശബ്ദകോലാഹലം — “മുഴങ്ങുന്ന ചെമ്പോ, ചിലമ്പുന്ന കൈത്താളമേ — മാത്രം ആണെന്നാണു വി. അപ്പൊസ്തലൻ പ്രസ്താവിക്കുന്നത്.
ദൈവം, സ്നേഹം ആയതിനാൽ, ദൈവത്തിൽ നിന്നും ജനിച്ചവരും സ്നേഹം പ്രയോഗത്തിൽ വരുത്തി ജീവിക്കുവാൻ ബാദ്ധ്യസ്ഥർ ആണെന്നാണു അപ്പൊസ്തലൻ പറയുന്നത്. ആദിമ ക്രൈസ്തവ സഭയെ സംബന്ധിച്ചു മാറ്റുളളവർ പറഞ്ഞിരുന്ന സാക്ഷ്യം, അവർ ക്രൈസ്തവ സഹോദരങ്ങളെ മാത്രമല്ല, മറ്റുള്ളവരെയും സ്നേഹിച്ചിരുന്നു, ശുശ്രൂഷിച്ചിരുന്നു എന്നാണ്! ഇന്നത്തെ ലോകം ഇതുപോലൊരു സാക്ഷ്യം നമ്മെക്കുറിച്ചു പറയുമോ എന്നു നാം വിനയ്പൂർവ്വം ചിന്തിക്കണം. കുറവുകൾ പരിഹരിച്ചു സ്നേഹ പ്രേരിതമായി ജീവിക്കുവാൻ നമുക്കു ശ്രമിക്കാം? ദൈവം സഹായിക്കട്ടെ.
ചിന്തയ്ക്ക്: ദൈവം നമ്മോടു കാണിച്ച സ്നേഹം, എല്ലാവരോടും കാണിക്കാൻ നാം ബാദ്ധ്യസ്തരാണ്!



