ഓർമകൾ മേഘക്കൂട്ടങ്ങളെപ്പോലെ ഒരുമിച്ചു മേയും. പിന്നെ മറവിക്കാറ്റടിച്ച് ചിന്നിച്ചിതറിപ്പോകും. വീണ്ടുമത് വെൺപഞ്ഞിക്കെട്ടു പോൽ നീന്തി നടക്കും.
നേർത്തു നൂലിഴ പോലായതിനെ ഉപേക്ഷിക്കുകയേ നിവൃത്തിയുള്ളു.തുന്നിക്കഴിഞ്ഞ് ബാക്കി വന്ന നൂലുപോൽ അതവിടെ കിടക്കട്ടെ.
അത്തരം ഉപേക്ഷിക്കപ്പെടുന്ന ഒരു നൂലു കൊണ്ടാണ് ഇന്നെൻ്റെ സ്മൃതിയുടെ നെയ്ത്താരംഭിക്കുന്നത്
ഓർമച്ചിന്തുകൾ സ്വയം തന്തുക്കളായിഊടും പാവും നെയ്യുമ്പോൾ തിളക്കമാർന്ന തുണിത്തരങ്ങൾ കാണിച്ച് വായനക്കാരനെ അത്ഭുതപ്പെടുത്താനൊന്നുമില്ലെങ്കിലും സ്വയം നെയ്ത ഓർമക്കുപ്പായം അണിയാൻ ഒരു സുഖമാണ്.
കാഴ്ചകളുടെ വാതായനങ്ങൾ തുറന്നിടുമ്പോൾ കൺമുമ്പിൽ തെളിയുന്നത്
മെതിക്കളം, തൊട്ടരികിലെ പുഴ. കെട്ടുവള്ളങ്ങൾ, യാത്രാ വഞ്ചികൾ, അക്കരയ്ക്കു പോകാനുള്ള കടത്തു കടവ്, യാത്രക്കാരെ കാത്തു വലിയ കഴുക്കോൽ കൈയി ലേന്തിനിൽക്കുന്ന ചൗരിക്കുട്ടി എന്ന വഞ്ചി കുത്തുകാരൻ . പറമ്പിലെ ആഞ്ഞിലി മരങ്ങൾ വെട്ടി പണിയിപ്പിക്കുന്ന ചെറു തോണികൾ.അതിനു യോജിച്ച പങ്കായങ്ങൾ . വാടകയ്ക്ക് കൊടുത്തിരിക്കുന്ന യാത്രാ വഞ്ചികൾ. ഇതൊക്കെ കമഴ്ത്തിയും നിവർത്തിയും നിരത്തി വെച്ചിരിക്കുന്ന പാടത്തോടു ചേർന്ന് തുരുത്തു പോലുള്ള ജോസവല്യപ്പച്ചന്റെ വീടിരിക്കുന്ന സ്ഥലത്തേയ്ക്കു പോകാൻ വല്ലാത്ത ഉത്സാഹമാണ്.
കളത്തിലെ പാടത്തിനരികിൽ പുഴയോടു ചേർന്നു നട്ടു വളർത്തിയ പച്ചക്കറി എടുക്കാനാണ് ആ ഭാഗത്തേയ്ക്ക് അധികം പോകുന്നത്.
അച്ചിങ്ങാപ്പയർ, കിള്ളിയെടുക്കാനും ഇലകൾക്കിടയിൽ മറഞ്ഞിരുന്ന് ഉറങ്ങുന്ന മത്തങ്ങ ശ്രേഷ്ഠന്മാരെ പൊട്ടിച്ചെടുക്കാനുമൊക്കെ ഹരമാണ്.
മത്തപ്പൂവും ഇളം തണ്ടോടെ പറിക്കും. റാഗി കൃഷിയുണ്ട്. വെണ്ട ,പീച്ചിൽ , പാവൽ ഒക്കെയുണ്ട്. ചുവന്ന ചീരയും പച്ച ചീരയും നിറഞ്ഞ് അതിർത്തി വേലി പോലെ നിൽക്കും. നെൽക്കൃഷി പണി ചെയ്യുന്ന പണിക്കാർ തന്നെ നട്ടു വളർത്തുന്നതാണിത്.
സ്കൂൾ വിട്ടു വന്നു കഴിഞ്ഞാൽ പച്ചക്കറി എടുക്കാൻ പോകട്ടെ ? എന്നൊരു ചോദ്യമുണ്ട്. ചില ദിവസങ്ങളിൽ സമ്മതം ലഭിക്കും പോകാൻ.
ഔസോച്ചേട്ടൻ്റെ വീടിൻ്റെ മുൻപിലെ തോടിനു കുറുകെയുള്ള തെങ്ങിൻ തടിപ്പാലം കടന്നു വേണം പോകാൻ . കയറിന്മേൽ പിടിച്ച് താഴോട്ടു നോക്കാതെ ഒറ്റത്തടിയിൽ കൂടി വേഗത്തിലൊരു നടപ്പ്.
ഇറങ്ങുമ്പോൾ ടൈഗർ എന്ന കിഴക്കേ വീട്ടിലെ നായ സ്ഥിരം നിൽക്കുന്നുണ്ടാകും. പോയ വേഗത്തിൽ ഉടനെ തിരിച്ചിങ്ങോടു പോരും.
അപ്പോൾ അവിടെ കയറിന്റെ ഇഴവലിച്ചു നിൽക്കുന്ന വല്യമ്മ കയറു പിരിക്കുന്ന റാഡു തിരിക്കൽ നിർത്തിയിട്ട് പറയും മകളേ, “അറുത്തുങ്കല വെളുത്തച്ചാ എന്നെ കടിക്കാൻ വരുന്ന പട്ടിത്തല വെട്ടിപ്പോ , എന്നു പ്രാർത്ഥിച്ചു കൊണ്ടു നടന്നു പോയി നോക്കിയേ!”
സധൈര്യം അങ്ങനെ ആവർത്തിച്ച് ഉരുവിട്ടു ചെല്ലുമ്പോഴേയ്ക്കും, നായ സ്ഥലം വിട്ടു കാണും. ഇത് ഒരു പ്രാവശ്യമല്ല നൂറു തവണ സംഭവിച്ച കാര്യം. റോഡിലൂടെ സ്കൂളിലേയ്ക്ക് നടക്കുമ്പോൾ എതിരെ വരുന്ന പട്ടികളെ കണ്ട് പതറാതെ , വല്യമ്മ പറഞ്ഞുതന്ന മന്ത്രം ഉരുവിടും.വന്ന വേഗത്തിൽ അവ എന്നെ ശ്രദ്ധിക്കാതെ പാഞ്ഞു പോകുന്നതു കാണാം. അന്ധവിശ്വാസമെന്നാരു പറഞ്ഞാലും ശരി , ഇത് എൻ്റെ സ്വന്ത വിശ്വാസമാണ്.
വല്യപ്പച്ചൻ്റെ വീട്ടിൽ ധാരാളം താറാവുകളുണ്ട്. വല്യമ്മച്ചി പൈസയ്ക്ക് മുട്ട വിൽക്കും. ഒരുമുട്ടയ്ക്ക് അറുപത് പൈസയാണെന്നാണോർമ്മ. വൈക്കോലോ ഉമിയോ ഇട്ട പഴയ ഗ്ലാക്സോ ടിന്നിൽ നിറച്ചു വെക്കും. മുട്ട വാങ്ങാൻ അമ്മ പറയുന്ന ദിവസം പച്ചക്കറി പറിക്കില്ല.
നെൽകൃഷിയില്ലാത്ത സമയങ്ങളിൽ മീനും, ചെമ്മീനും, ഞണ്ടുമൊക്കെ പാടത്തു നിന്നു പിടിക്കാൻ ആളുണ്ട്. അവർക്കായി രാവും പകലും കിടക്കാൻ മാടം കെട്ടിയിട്ടുണ്ട്. പുഴ വെള്ളം കയറ്റിയും ഇറക്കിയും ‘തക്കം'(വേലിയേറ്റം, വേലിയിറക്കം) നോക്കി മത്സ്യത്തെ പിടിക്കും. മിക്കവാറും തക്കം രാത്രി ആകും . അപ്പോൾ പണിക്കാർ പകൽ കിടന്നുറങ്ങും.
വെള്ളം കുതിച്ചു കുത്തിയൊഴുകുന്ന പത്താഴ പലകയ്ക്കു താഴെ നോക്കിയാൽ തല ചുറ്റും . പാടത്തേയ്ക്കു വെള്ളം കയറ്റി ഇറക്കുന്ന ജംങ്ഷനാണ് പത്താഴക്കൂട്. അതിന്റെ വീതി കുറഞ്ഞ പലക ചവിട്ടിക്കടക്കാൻ പേടിച്ചു നിൽക്കു മ്പോൾ പണിക്കാർ പറയും. “കൊച്ചു ധൈര്യമായി പൊയ്ക്കോ വീഴില്ല ”
എത്ര പേടിച്ചാണെങ്കിലും കളത്തിലെത്തിയാൽ പിന്നെ സ്വപ്ന ലോകം പോലെയാണ്. ഒരു വശം പാടം, മറുവശം പുഴ .നടുക്ക് വീട് .വീടിനു മുൻവശം നെല്ലു കൊയ്തു കയറാനുള്ള വലിയ കളമുണ്ട്. മക്കൾക്ക് പാടം വീതിച്ചു കിട്ടുന്നതിനു മുൻപ് അവിടെയായിരുന്നു കൊയ്ത്തു എല്ലാം കയറിയിരുന്നത്. കറ്റകൾ അടുക്കി വെയ്ക്കുന്നതും , മെതിച്ച് നെല്ലാക്കി മാറ്റുന്നതും കളത്തിൽ വെച്ചാണ്.
ഇന്ന് ടൂറിസ്റ്റു ഗ്രാമമായി അറിയപ്പെടാൻ തുടങ്ങിയതിനു വളരെ മുമ്പേ , പ്രകൃതിയുടെ വശ്യത ആരും പറഞ്ഞും, കാണിച്ചും തരാതെ തന്നെ ചെറിയ കുട്ടിയായിരുന്നിട്ടും എന്നെ വല്ലാതെ വിസ്മയിപ്പിക്കുകയും,ആകർഷിക്കുകയും, ആഹ്ലാദിപ്പിക്കുകയും ചെയ്തിരുന്നു.
എത്ര നേരം കണ്ടു നിന്നാലും മോഹിപ്പിക്കുന്ന ഒരു ചുറ്റുപാട് അവിടെ എനിക്കനുഭവപ്പെടുമായിരുന്നു. നഗ്ന പാദയായി എന്നും നനവുള്ള പുല്ലിൽ ചവിട്ടിയാണ് അങ്ങോടു പോകുന്നത്. അത് ഏറെ സുഖമേകുന്ന സഞ്ചാരമായിരുന്നു.
മേയാൻ വിട്ടിരിക്കുന്ന നിരുപദ്രവികളായ വളർത്തു പശുക്കൾ ഇടയ്ക്കിടെ ഓർമകൾ അയവിറക്കി നിൽക്കുന്നതു കാണാം.
കളം വീട്ടിലെ പടിഞ്ഞാറെ മുറിയിലെ കട്ടിലിൽ ചിലപ്പോൾ കുറച്ചു നേരം വെറുതെ കിടക്കും. ജനലിലൂടെ നോക്കിയാൽ വയൽക്കാറ്റും , ആടിയുലയുന്ന തെങ്ങുകളും ആകാശനീലിമയും കണ്ട് അനുഭവിച്ചാ സ്വദിക്കാൻ മാത്രമായാണ് ആ കിടപ്പ്.
അഭൗമമായ ഒരു സൗന്ദര്യത്തെ കണ്ടെത്തി ഹൃദയത്തിലേക്കു ആവാഹിച്ച് കുടിയിരുത്തി വെച്ചിരിക്കുന്നതു കൊണ്ടാണ് അവിടെ പോകാൻ കുട്ടിയായ ഞാൻ കൊതിച്ചിരു ന്നത്.എത്ര കടമ്പകൾ കടന്നിട്ടാണെങ്കിലും എപ്പോഴും പോകാൻ വാശി പിടിച്ചിരുന്നത്.
സിസ്റ്റാറാന്റിമാർ അവധിക്കു വരുമ്പോൾ രാത്രി ഒരു ദിനം കളത്തിൽ ഒത്തു ചേരലുണ്ട്.പരുക്കനിട്ട വൃത്തിയായ തറയിൽ എല്ലാവരും പുഴക്കാറ്റേറ്റിരുന്ന് പാട്ടുപാടുകയും പൊട്ടിച്ചിരിക്കുകയും , ആന്റിമാരുടെ കഥകൾ കേട്ടാസ്വദിക്കുകയും ചെയ്യുമ്പോഴും, എൻ്റെ ശ്രദ്ധ ഇടയ്ക്കിടെ പാളിപ്പോകും. തൊട്ടടുത്തൊഴുകുന്ന പുഴയിലെ ഓളങ്ങളിലും, പൊങ്ങിച്ചാടുന്ന ചെറു മത്സ്യങ്ങളിലും ജലത്തിലെ പതിവില്ലാ, പകൽ കാണാ, നിറവ്യത്യാസത്തിലും, തിളക്കത്തിലും, മഴവിൽ ശോഭയിലും കണ്ണുടക്കി നിൽക്കും.
ഇന്ന് ‘കവര് ‘ കാണാൻ ടൂറിസ്റ്റുകൾ തമ്പടിക്കുന്ന നാട്ടിൽ എന്റെ കുഞ്ഞിക്കണ്ണുകൾ തിരിച്ചറിഞ്ഞ് മന്ത്രിച്ചത് ആരും കാര്യമാക്കി എടുത്തതുമില്ല. വെള്ളത്തിലെ പ്രതിഭാസത്തെ സാധാരണമെന്ന് കരുതിക്കാണും. എനിക്കു മാത്രം ദൃശ്യമായ മായപ്പൊൻമാൻ എന്നു ഞാനും കരുതി.
ചീനവലകൾ കൺചിമ്മുന്ന ദൃശ്യം കാണണമെങ്കിൽ രാത്രിക്കാഴ്ച തന്നെ വേണം. അന്ന് പെട്രോമാക്സിന്റെ വെളിച്ചത്തിൽ ആകർഷിക്കപ്പെടുന്ന ജലജീവികൾ വലയിൽ കുടുങ്ങുന്നതും, സർവശക്തിയോടെ രണ്ടു പേർ ചേർന്ന് വല വലിച്ചു കയറ്റി അതിലൊരാൾ സർക്കസിൽ നടക്കുന്ന പോലെ കൈയ്യിലൊരു കൊല്ലിയുമായി നടന്ന് ചെന്ന് മീൻ കോരിയെടുക്കുന്നതുമായ ദൃശ്യം ഭയബഹുമാനത്തോടെ കണ്ടു തരിച്ചു നിൽക്കും. തിരിച്ചു വരുമ്പോൾ കാലുതെന്നി അയാൾ പുഴയിൽ വീഴുമോയെന്ന് പേടിച്ച് പ്രാർത്ഥനയോടെ വീർപ്പടക്കി നിൽക്കും.
പിടിച്ചയുടൻ തന്നെ പച്ച മീൻ വൃത്തിയാക്കി ‘തിളപ്പിക്കൽ’ എന്ന കറിവെപ്പാണ് അന്നത്തെ സ്പെഷൽ. മൺചട്ടിയിൽ ചതച്ച ചുവന്ന മുളകു പൊടി മൊരിയിച്ച് കടും ചുവപ്പു നിറമുള്ള കറിയിൽ വെളിച്ചണ്ണ തെളിഞ്ഞു കിടക്കും.
ചെറിയ ഉള്ളിയും ഇഞ്ചിയും പച്ചമുളകും, ചതച്ചു വേപ്പിലയ്ക്കും മുളകുപൊടിക്കൊപ്പം മൊരിയിച്ചു ചേർത്ത് വെള്ളമൊഴിച്ച് കുറുകി വെന്ത മീനുകൾ വിളമ്പും.
നെയ് മുറ്റിയ കണമ്പും ,കരിമീനും, കട്ലയും, തിരുതയും ആണ് തിളപ്പിക്കാൻ ഏറ്റവും രുചികരമായത്. ഇവയെ മുറിക്കുമ്പോൾ നെയ്ക്കട്ടകൾ മത്സ്യ മാംസത്തോടു ചേർന്നിരിക്കുന്നത് വെന്താലും ഉരുകി പോകില്ല. പുളി ചേർക്കാത്ത ആ വിഭവത്തിന്റെ രുചിക്ക് ഇന്നും ആരാധകർ ഏറെയാണ്.
പൊടിമീനുകൾ വൃത്തിയാക്കി തിളപ്പിച്ച കറി രാവിലത്തെ പുട്ടിനൊപ്പം കഴിക്കാനും വളരെ ഇഷ്ടമായിരുന്നു. ഇത്ര ചുവന്ന നിറമുള്ള കറി അതിഥികൾക്കു വിള മ്പുമ്പോൾ എരിവു പേടിച്ച് ഞെട്ടുമെങ്കിലും, കഴിച്ചു തുടങ്ങിയാൽ ആസ്വദിച്ചു മുഴുവൻ തീർത്തിട്ടേ നിറുത്തുകയുള്ളു. ചോരനിറം കാണിച്ചു പേടിപ്പിക്കുന്ന ചാറിന് വിചാരിച്ച എരിവ് നാവിൽ അനുഭവപ്പെടാറില്ല .
(ഇതു വായിക്കുന്ന, കഴിച്ചു ശീലിച്ച നാട്ടിലില്ലാത്ത പ്രിയ സഹോദരങ്ങളെ നാവിൽ വെള്ളമൂറുന്നതിന് എന്നെ കുറ്റം പറയരുതേ)
പുഴഭംഗിയുടെ രാത്രിക്കാഴ്ച എപ്പോഴും കാണാനും അനുഭവിക്കാനും സാധിക്കാറില്ല. സന്ധ്യ മയങ്ങുന്നതിനു മുമ്പ് കുട്ടികൾ അവിടെ നിന്ന് മടങ്ങേണ്ടതുണ്ട്. കുളവും, തോടും, നിറഞ്ഞ പ്രദേശമായതിനാൽ ഇതെല്ലാമാസ്വദിച്ച് വൈകിയെത്തിയാൽ ഈർക്കിൽപ്പഴം അവിടെ കാത്തിരിക്കും. ആ വേദന കിട്ടുന്ന തോർത്താൽ ഓടിയെത്തിയേ പറ്റു.
വൈകുന്നേരത്തെ ആകാശ ചാരുത എത്ര വർണ്ണിച്ചാലും മതിയാകില്ല .കിഴക്കു ദിക്കിൽ നേരെ കാണുന്ന അരൂർ പാലത്തിനപ്പുറത്തു നിന്നു ആരോ ചിറകു വെച്ചു പറത്തിവിട്ട പോലെ മേഘസ്തംഭം ഇക്കരെ വന്നു നിൽക്കും. മൈനാകം വരുന്നപോലെ പ്രൗഢിയിൽ ഒഴുകുന്ന മേഘക്കാഴ്ച അവർണ്ണനീയമാണ്.
അക്കരെ പാലത്തിൽ തീപ്പെട്ടി പോലെ പോകുന്ന വാഹന കാഴ്ചയും അന്നൊരപൂർവതയായിരുന്നു. രാത്രിയുടെ നിശബ്ദതയിൽ വണ്ടികളുടെ ഹോൺ ശബ്ദം ഇക്കരെ എത്തുമായിരുന്നു.
പുഴയോളങ്ങളും, വെൺ മേഘങ്ങളും , ചെമന്ന വാനവും ഇടയിലല്പം ചാര നിറമുള്ള മേഘ കാഴ്ചയും തണുത്ത ജലകണികകളടങ്ങിയ കാറ്റും ഒരു അലൗകികത ബാല്യ പ്രായത്തിലേ ആസ്വദിച്ചനുഭവിച്ചറിഞ്ഞു.
ഇങ്ങനെ സ്വയം വിസ്മൃതിയിൽ നിൽക്കുമ്പോൾ സമയം പോകുന്നതറിയില്ല. ഈ ആകാശ സൗന്ദര്യത്തിൽ മനം മയങ്ങിയത് വർണ്ണിച്ചു പറഞ്ഞ് സ്കൂളിൽ നിന്നു വരുന്ന വഴി കൂട്ടുകാരായ ആഗ്നസിനെയും, മെയ്ബളിനെയും അങ്ങോട് കൂട്ടിക്കൊണ്ടുവരും. അവരും ആ ചാരുതയിൽ എന്നോടൊപ്പം ഏറെ നേരം മനം മയങ്ങി നിൽക്കും.
വീടിനു കിഴക്കുവശം ഒരു കൂറ്റൻ പനച്ചി മരമുണ്ട്. തൊട്ടടുത്ത് വലിയ മാവും. പനച്ചിക്കായ പറിച്ചെടുക്കാൻ വലക്കാർ (ചീന വലയുള്ളവർ ) വരും.
മാംഗോയിസ്റ്റിൻ പോലെയാണ് പനച്ചിക്കായ ഇരിക്കുന്നത്. എന്നാലത് ഭക്ഷ്യയോഗ്യമല്ല. കട്ടിയുള്ള ഉറച്ച ഉൾഭാഗമാണതിന്. ഇതു തിളപ്പിച്ച് ഉണ്ടാക്കുന്ന മിശ്രിതത്തിൽ വല മുക്കി വെയ്ക്കും. വലയ്ക്ക് ഉറപ്പും ഈടും കിട്ടാനാണത്രെ.
ആ വൃക്ഷത്തണലിൽ ഒരു പാടു ബാലകേളികൾ അരങ്ങേറിയിട്ടുണ്ട്. മുതിർന്നപ്പോൾ വായനയും പഠനവും ഏറെക്കാലം അതിന്റെ കീഴിലായിരുന്നു. ശാന്തമായ വായനയ്ക്ക് സമയം മാറ്റിവെയ്ക്കുമ്പോൾ അതിൻ്റെ വേര് ഇരിപ്പിടമായിരുന്നു.
നാളേറെ കഴിഞ്ഞ് സ്വന്തമായി ഞങ്ങൾ വീടുപണിയുന്ന കാലത്ത് അപ്പച്ചൻ കൊടുത്തുവിട്ട മര ഉരുപ്പടികൾ, ഇന്ന് മുറിക്കകത്തെ വാതിലുകളായും പുറം കാഴ്ച നൽകുന്ന ജനലുകളായും നിലകൊള്ളുന്നത് കാണുമ്പോൾ ഒരിക്കൽ തരുഛായയുടെ ശീതളിമയേകിയ പനച്ചി മരവുമക്കൂട്ടത്തിലുണ്ടായിരുന്നു എന്നത് മധുരമൊരോർമ തന്നെയാണ്.
“നിനക്കു കൂട്ടായി ഞങ്ങളിങ്ങോടു പോന്നു നിൻ്റെ ഓർമ്മപ്പെയ്ത്തിനു രാവും പകലും ഞങ്ങളും സാക്ഷി” എന്നു പറയും മട്ടിൽ എന്നെ പോലെ തന്നെ രൂപഭാവങ്ങൾ മാറിപ്പോയ അവർ ഇപ്പോൾ ചെറുതായൊന്നനങ്ങിയോ? തോന്നലോ ! അതോ എൻ്റെയും നിൻ്റെയും നഷ്ടവസന്തത്തിൻ്റെ നെടുവീർപ്പോ !
സ്കൂളിൽ പോകുന്ന വഴി ഒരു തീയറ്റർ കാണാം. സേവ്യേഴ്സ് തീയറ്റർ. മുൻപിൽ നടീ നടന്മാരു പടമുള്ള പോസ്റ്റർ ഒട്ടിച്ചിട്ടുണ്ടാകും. വീട്ടിൽ നിന്ന് സിനിമയ്ക്ക് കൊണ്ടു പോകുന്ന ഏർപ്പാടില്ല .
ഓരോ ആഴ്ച സിനിമ മാറുമ്പോൾ പരസ്യപ്പെടുത്തുന്നത് നോട്ടീസ് വിതരണം ചെയ്താണ്. ചെണ്ട കൊട്ടി നടന്നാണ് പരസ്യ പ്രചാരണം. പപ്പൻ ചേട്ടനാണ് ചെണ്ട കൊട്ടുന്നത്. വടക്കേ കടത്തു കടവുവരെ കൊട്ടി പോകും. പ്രചരണ ജാഥയിൽ രണ്ടോ മൂന്നോ പേർ കാണും എന്നാലും വഴികളിലുള്ള കുട്ടികൾ സംഘത്തെ പറ്റാവുന്ന ദൂരം അനുഗമിക്കുന്നതു കൊണ്ട് ആൾക്കൂട്ടമായി തോന്നും. സംഘത്തിലൊരാൾ നോട്ടീസ് പറത്തി എറിയും. കുട്ടികളും മുതിർന്നവരും പെറുക്കി എടുക്കും. ഞങ്ങൾക്കും നോട്ടീസ് കിട്ടാറുണ്ട്.
സിനിമക്കഥയുടെ ചെറുരൂപം നോട്ടീസിലുണ്ടാകും. പ്രധാന ഭാഗം തുടരും എന്നെഴുതി വെക്കും. വീട്ടിലെത്തിയാൽ ഒരുമിച്ച് കുമ്പളൂസു നാരകച്ചോട്ടിലിരുന്ന് ഒരാൾ വായിക്കും. പ്രധാനപ്പെട്ട കഥയും ക്ലെയ്മാക്സും ആർക്കും അറിയില്ല. അപ്പോഴാണ് ഓരോരുത്തരുടെ ഭാവന വിടരുന്നത്. സ്വന്തമായി കഥയുണ്ടാക്കിപ്പറയും. ചിലപ്പോൾ ഒരാൾ പറയുന്നതു സമ്മതിച്ചു കൊടുക്കാതെ മറ്റുള്ളവർ കലഹിക്കും.
ഒടുവിൽ പറമ്പു കിളയ്ക്കാൻ വരുന്ന അയ്യപ്പനോട് കഥ ചോദിച്ചറിയും. പുള്ളിക്കാരൻ പണി കഴിഞ്ഞാൽ എന്നും സിനിമയ്ക്കു പോകും. കണ്ടതു തന്നെ ഒരാഴ്ച തുടർച്ചയായി കാണും. അൻപതു പൈസ കൊടുത്താൽ തീയറ്ററിന്റെ ഏറ്റവും മുന്നിലിരുന്നു കാണാം. അങ്ങേരോടു ചോദിച്ചറിയുമ്പോഴാണ് ഞങ്ങളുടെ ഭാവനാവിലാസത്തിലുതിർന്ന കഥകൾക്ക് ഒറിജിനലുമായി ഒരു ബന്ധവുമുണ്ടായിരുന്നില്ല എന്ന സത്യം തിരിച്ചറിയുന്നത്.
തീയറ്ററിനു സമീപം ഒരു പേരറിയാ മരമുണ്ട്. ചുവന്ന നിറമുള്ള കായ്കൾ. ഏകദേശം റമ്പൂട്ടാൻ പോലിരിക്കും. തുറന്നെടുത്താൽ ചെറിയ കുരുക്കൾ ചെഞ്ചാറുനൽകും. പകൽ സമയത്ത് തീയറ്ററിനരികിൽ ആരുമില്ലാത്തതിനാൽ കുട്ടികൾ പറിച്ചു കൊണ്ടുവന്നു തരും.
സാധാരണയായി വെള്ളിയാഴ്ചകളിലെ സാഹിത്യ സമാജം പീരിയഡിൽ ഫ്ലവർ വേയ്സ് അലങ്കരിക്കുന്നത് പൂവിനേക്കാൾ ഭംഗിയുള്ള ഈ ചെങ്കുലകളാണ്. അതിനു ശേഷം കായ പൊട്ടിച്ച് കടുംചുവപ്പ് കാലിലും കൈയ്യിലുമാക്കി നടക്കാൻ നല്ല രസമാണ്.
എനിക്കും മോളി ചേച്ചിക്കും അവധി ദിവസങ്ങളിൽ കുട്ടികളെ നോക്കുന്ന ജോലി കിട്ടാറുണ്ട്. മോളി ചേച്ചിയുടെ ഏറ്റവും ഇളയ ആങ്ങള ജിനുക്കുട്ടനാണ്. ഇന്ന് അമേരിക്കയിലെ തിരക്കിട്ട ജീവിതത്തിനിടയിലും അവൻ എൻ്റെ സ്മൃതി കുറിപ്പുകളുടെ സ്ഥിര വായനക്കാരനും പ്രോത്സാഹകനുമായി തീർന്നിരിക്കുന്നു.
വടക്കേ പറമ്പിലെ വീട്ടിൽ നിന്നവർ രണ്ടു പേരും തറവാട്ടിലേയ്ക്ക് വരും. ജിനുക്കുട്ടൻ മാത്രമാണ് വടക്കേ പറമ്പിലെ പുതിയ വീട്ടിൽ ജനിച്ചു വളർന്നത്. അവന്റെ മൂത്ത അഞ്ചു പേരും ഞങ്ങൾ താമസിക്കുന്ന തറവാട്ടിലാണ് ജനിച്ചു വളർന്നു വന്നത്.
അവർ പുതിയ വീട്ടിലേയ്ക്കു പോയ ദിനത്തിന്റെ ഓർമ ഇന്നുമുണ്ട്. പ്രാർത്ഥന കഴിഞ്ഞ് രൂപക്കൂടിനടുത്ത കത്തിച്ച തിരികൾ കെടുത്തി ഇറങ്ങിയപ്പോഴുള്ള കൂട്ടക്കരച്ചിലും മറ്റും.
തൊട്ടടുത്ത് വീടു വെച്ചു മാറുന്നതിൽ എന്തിനാണീ പ്രയാസമെന്ന് അന്നറിഞ്ഞില്ല.സമീപപ്രദേശത്തൊന്നുമില്ലാത്ത ടെറസിട്ട വീട് ആദ്യമായി കണ്ട ആഹ്ലാദമായിരുന്നു ഞങ്ങൾ കുട്ടികൾക്ക്. രാത്രി സമയത്ത് മോളി ചേച്ചിയെ കാണാതായപ്പോഴാണ് എനിക്ക് വിഷമം വന്നു തുടങ്ങിയത്.
എൻ്റെ തൊട്ടിളയത് അനുജത്തി റീമയാണ്. ഏറ്റവും ഇളയത് ആങ്ങളയാണ് അവനെയും കുട്ടൻ എന്നാണു വിളിക്കുന്നത്.
അപ്പൂപ്പൻ പണിത വീട്ടിൽ അപ്പച്ചൻ കാത്തു സംരക്ഷിച്ച തറവാട്ടിൽ ഇന്ന് വീട്ടു വളപ്പിന് മാറ്റങ്ങൾ വന്നെങ്കിലും പഴയ വീടൊന്നും പൊളിച്ചടുക്കാതെ മനോഹരമാക്കി സൂക്ഷിച്ചു വെച്ചിരിക്കുന്നത് അപ്പൂപ്പൻ്റെയും അമ്മൂമ്മയുടെയും മുപ്പത്തിരണ്ടു പേരക്കിടാങ്ങളിൽ ഏറ്റവും ഇളയ പേരക്കിടാവായി തറവാട്ടിൽ ജനിച്ച റിനോഷ് കുട്ടനാണ്. അവൻ്റെ കുടുംബമാണ് അവിടത്തെ താമസക്കാർ.
രണ്ടു കുട്ടന്മാരെയും കൂട്ടിയാണ് ഞാനും മോളി ചേച്ചിയും ഒത്തു ചേരുന്നത്. അവരെ നോക്കേണ്ടത് ഞങ്ങളുടെ ഡ്യൂട്ടിയായി മാറി. അനുജത്തി കൂടെ നടന്നോളും , ഇടയ്ക്ക് ശ്രദ്ധിച്ചാൽ മതി. ഞങ്ങളുടെ പിന്നാലെ തോർത്തു ഉടുപ്പിനുമേൽ ചുറ്റി മണ്ണിൽക്കളിച്ച് ഇരിക്കും .
പക്ഷേ കുട്ടന്മാരെ രണ്ടു പേരെയും നന്നായി ശ്രദ്ധിക്കണം. ഞങ്ങൾക്കു സ്വസ്ഥമായി ഇരിക്കാൻ പറ്റില്ല. ധാരാളം കുളങ്ങളുള്ള പറമ്പാണ് .കണ്ണു തെറ്റിയാൽ അങ്ങോട് നടക്കാനാണ് ഇവന്മാർക്ക് ഇഷ്ടം.
ഒരിക്കൽ ഞങ്ങൾ വർത്തമാനം പറഞ്ഞും ചിരിച്ചുമിരിക്കുമ്പോൾ പ്രതീക്ഷിക്കാത്തയൊരാൾ അധികം ഉയരമില്ലാത്ത കിഴക്കേ മതിലിലൂടെ നടക്കുന്നു. ആരോ ചാരി വെച്ച തെങ്ങിൻ്റെ കവിളന്മടലിൻ്റെ മുകളിൽ ചവിട്ടിക്കയറി അനുജത്തി റീമയുടെ സുഖ സഞ്ചാരം .
ഞങ്ങൾ ഒരുമിച്ചു ഞെട്ടി. വിളിച്ചാൽ,വഴക്കു പറഞ്ഞാൽ അവൾ പേടിച്ച് താഴേയ്ക്കു ചാടും. കൈയ്യോ കാലോ ഒടിയും. പഴി മുഴുവൻ ചേച്ചിമാരുടെ തലയിലാകും . ആൾ ഇതൊന്നും ശ്രദ്ധിക്കാതെ തെക്കേ അറ്റം വരെ വീതി കുറഞ്ഞ മതിലിൽ നടക്കുകയാണ്. എന്തു ചെയ്യണമെന്നറിയാതെ ഞങ്ങൾ പകച്ചു നിൽക്കുമ്പോൾ അപ്പച്ചൻ വരികയും രണ്ടു കൈയും നീട്ടി അവളെ എടുത്ത് താഴേയ്ക്ക് ഇറക്കുകയും ചെയ്തു.
സങ്കടവും ദേഷ്യവും കൊണ്ട് ഓടിച്ചെന്ന് ഞാനൊരു നുള്ളു വെച്ചു കൊടുത്തപ്പോൾ അവൾ വിതുമ്പി പറഞ്ഞത് മതിലിനടുത്തുള്ള അടയ്ക്കാമരത്തിലൂടെ ഇഴുകി ഇറങ്ങി കളിക്കാൻ കയറിയതാണെന്ന്.
ഇതു കാണിച്ചു കൊടുത്തു അവളെ കൊതിപ്പിച്ച ചേട്ടൻ ഇതൊന്നുമറിയാതെ കിഴക്കേ പറമ്പിൽ കൂട്ടുകാരൊത്ത് കബഡി കളിക്കുന്നു.
“അവൾ കൊച്ചല്ലേ നിങ്ങളല്ലേ നോക്കേണ്ടതെന്ന ശകാരം ഞങ്ങൾക്കു കിട്ടി”. ഇളയവർ വന്നാൽ ഞങ്ങളുടെ കുഞ്ഞു സ്ഥാനം നഷ്ടപ്പെട്ടു എന്നതിൽ വിഷമമല്ല മറിച്ച് ഞങ്ങൾ വലിയ കുട്ടികളാകുന്നു എന്നതിൽ അഭിമാനമായിരുന്നു അന്ന് തോന്നിയിരുന്നത്.
കാലമേറെ കഴിഞ്ഞെങ്കിലും, മധുരോദാരമായ ചെറിയ സംഭവങ്ങളും, കാഴ്ചകളും മറഞ്ഞു പോകാതെ മനസിലമർന്നിരിക്കുന്നത് നാടു തന്ന, വളർന്നയിടമേകിയ നന്മ നിറഞ്ഞ അനുഭവങ്ങളുടെ ആകെത്തുകയാണ്.
മറവിയുടെ പച്ചപ്പായലുകൾ ഇരുവശത്തേയ്ക്കും വകഞ്ഞു മാറ്റി നൽ സ്മരണയുടെ തെളിനീർ കൈക്കുമ്പിളിലേന്തുമ്പോൾ എന്തൊരു തെളിമ , എന്തൊരു മധുരിമ .പക്ഷേ കുടിച്ചിട്ടും ദാഹമകലുന്നില്ല. സ്നേഹത്തിൻ്റെ, സൗന്ദര്യത്തിൻ്റെ, നൈർമല്യത്തിൻ്റെ തിരിച്ചുവരാത്ത നാളുകൾക്കായുള്ള പൈദാഹം.




റോമിയുടെ സ്മൃതികുഭങ്ങൾ നിറഞ്ഞു തുളുമ്പട്ടെ.
കുട്ടിക്കാലത്തിന്റെ ചാരുതകൾ ഇത്രയേറെ ഉള്ളിലൊളിപ്പിച്ച കൂട്ടുകാരിയായിരുന്നു റോമിയെന്ന് മഹാരാജാസിലെ നാളുകളിലോ പിന്നെ നടന്ന നമ്മുടെ കൂട്ടായ്മകളിലോ അറിയാതെ പോയ്. വിശ്രമ ജീവിതത്തിൽ ഹൃദയ വാഹിനിനിറഞ്ഞ് ഓർമ്മകൾ ഒഴുകട്ടെ .
ഒരു കാലഘട്ടത്തെയും അതിന്റെ നൈർമ്മല്യമുള്ള സുഖദമായ ഓർമ്മകളേയും ഞങ്ങളും നെഞ്ചിലേറ്റാം.. തുടരുക….❤️❤️❤️❤️
സ്മൃതി തൻ ചിറകിലേറി ഞാനെൻ ശ്യാമ ഗ്രാമഭൂവിൽ അണയുമ്പോൾ….. പി ജയചന്ദ്രന്റെ ശബ്ദ മാധുര്യത്തിലൂടെ നമ്മൾ ആസ്വദിച്ച അനശ്വര ഗാനം കാതുകളിൽ മുഴങ്ങുമ്പോൾ ഉള്ള അതേ സുഖമാണ് റോമി ടീച്ചറിന്റെ ഓരോ രചനകളും വായിക്കുമ്പോൾ ഓർമ്മകളുടെ സുഗന്ധം പേറുന്ന ബാല്യത്തിലേയ്ക്ക് വീണ്ടും ഒരു പിൻ നടത്തം…. ❤️🙏
എന്നും നിർല്ലോഭമായി നൽകുന്ന പ്രോത്സാഹനത്തിനു ഒത്തിരി നന്ദി പ്രമോദ്
വളർന്നയിടമേകിയ, നന്മനിറഞ്ഞ ജീവിതാനുഭവങ്ങളും, കാഴ്ചകളും, മറന്നുപോകാതെ ഓർമ്മകുറിപ്പുകളിലൂടെ എഴുതി ഞങ്ങളെയും ആ കാലഘട്ടത്തിലേക്ക് കൂട്ടി കൊണ്ടുപോയി വായനനുഭവം വളരെ നന്നായി……. ഇനിയും എഴുതുക….. അഭിനന്ദനങ്ങൾ ❤️❤️❤️❤️
വളർന്നയിടങ്ങളെ കുറിച്ച് അറിവുള്ള സാഹോദര്യത്തിനും നന്ദി
തുടക്കം ഗംഭീരമായിട്ടുണ്ട്.
നല്ല ഭാഷ
വായനക്കാരൻ്റെ മനസ്സിനെ പച്ചപിടിപ്പിക്കുന്ന അനുഭവങ്ങൾ …….
പച്ചക്കറിത്തോട്ടവും പാടവും അവിടത്തെ അനുഭവങ്ങളും വാങ് മയചിത്രങ്ങളായി മനസിൽ നിറയുന്നു
ഓർമ്മകൾ മരിക്കില്ല എന്നൊക്കെ പറഞ്ഞു കേൾക്കുന്നത് എത്രയോ ശരിയാണെന്ന് റോമി ഓർത്തെടുത്ത് എഴുതുന്ന വരികൾക്കിടയിലൂടെ കടന്നുപോകുമ്പോൾ തോന്നിപ്പോകുന്നു.
വായനക്കാരനെ ഹഠാദാകർഷിക്കുന്ന വാക്കുകൾ
ഒരാവർത്തി വായിച്ചു കഴിഞ്ഞാൽ വീണ്ടും വായിക്കാനുള്ള ത്വര ജനിപ്പിക്കുന്നു
ഓരോ ഓർമ്മക്കുറിപ്പുകളും …..
വായനയ്ക്കും ദീർഘമായ അഭിപ്രായമെഴുതി നൽകിയ പ്രോത്സാഹനത്തിനും നന്ദി
പാടം പുഴ വീട്…
കുട്ടിക്കാലം…..
മികച്ച വായനാനുഭവം നൽകുന്ന അനുഭവവിവരണം.
തുടരൂ.
നന്ദി സജി മാഷ്
എന്തു ഭംഗിയുള്ള തുടക്കം.
ചെറുതിലേയുള്ള കാഴ്ചയാണ് കാഴ്ച!രുചിയാണ് രുചി !സുഖമാണ് സുഖം !വേദനയാണ് വേദന!
ബാല്യം എല്ലാത്തിനെയും ചാരുതയുള്ളതാക്കുന്നു.
ഒന്നും പറഞ്ഞില്ല മുമ്പ് !എല്ലാത്തിനും അതിൻറെതായ സമയമുണ്ടലേ റോമീ !
എടുത്തു തുടരു…… വായിക്കാനായി കാത്തിരിക്കുന്നു
അതെ സമയം ഇപ്പോഴാണ് കിട്ടിയത്. ഉള്ളു തുറന്ന് കമൻ്റ് പറഞ്ഞതിൽ ഒത്തിരി സ്നേഹം ശ്രീകല
സ്മൃതിനൂലിഴകൾ പാകിയ ഹരിതാഭയിലൂടെ -ഓർമ്മക്കുറിപ്പിൽ റോമിബെന്നി ബാല്യകാലത്തിലെ സ്വപ്ന സദൃശമായ സുന്ദര ഓർമ്മകളുടെ മയിൽപ്പീലിപ്പൊട്ടുകൾ കുറിച്ചിടുന്നു. കാവ്യാത്മകമായ ആ എഴുത്തു ശൈലിയിൽ ഞാൻ ലയിച്ചു. ഇഷ്ടപ്പെട്ട എല്ലാ മധുരങ്ങളും ഒന്നിച്ചു വിളമ്പിക്കിട്ടിയപ്പോൾ ഒരു വരി തന്നെ പിന്നെയും പിന്നെയും വായിച്ച് സന്തോഷിച്ചു ഓരോ ഓർമ്മയെയും വിട്ടു പോരാൻ മനസ്സ് മടിച്ചു.. ഒരിക്കൽപ്പോലും കാണാത്ത എഴുത്തുകാരിയും ഓർമ്മക്കുറിപ്പിലെ ഓരോരുത്തരും എനിക്കേറെ പ്രിയപ്പെട്ടവരായി. ഓർമ്മക്കുറിപ്പിലെ ഓരോ വരിയും അസുലഭ മുഹൂർത്തങ്ങളാണ് പകർന്നേകിയത്. മനസ്സിൽ ഓർമ്മകളുടെ വളപ്പൊട്ടുകൾ സൂക്ഷിച്ച കുഞ്ഞുറോമിക്ക് ….നക്ഷത്രപ്പെൺകുട്ടിയ്ക്ക് … അഭിനന്ദനങ്ങൾ…. ഒരിക്കൽക്കൂടിപ്പറയട്ടെ, എഴുത്തിൻ്റെ മുൻനിരയിൽ സ്ഥാനം ഉള്ള അസാധ്യ എഴുത്തുകാരിതന്നെയാണ് റോമിബെന്നി. എഴുത്തു തുടരുക…. കാത്തിരിക്കട്ടെ… ആശംസകൾ .
വിശദമായ അഭിപ്രായത്തിനും എന്നും നൽകുന്ന പ്രോത്സാഹനത്തിനും ലൈല സ്റ്റാൻലിക്ക് ഒത്തിരി നന്ദി
വായനയ്ക്കും, അഭിപ്രായത്തിനു നന്ദി. സജീവ് മഹാരാജാസ് കോളേജ് നൽകിയ സൗഹൃദ കൂട്ടായ്മ എന്നും ഒരു ബലം. പിന്തുണ എന്നും പ്രതീക്ഷിക്കുന്നു.
നന്നായിരിക്കുന്നു മോളെ, മോളുടെ ഓരോ ഓർമ്മക്കുറിപ്പുകളും അതിമനോഹരമായ വരികളിലൂടെ നമ്മളെ നന്മകൾ നിറഞ്ഞ ആ പഴയ കാലത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. ഇനിയും ധാരാളം എഴുതുക. ഓരോ ലേഖനത്തിന് ആയും കാത്തിരിക്കുന്നു
വളരെമനോഹരമായ വർണ്ണന വളരെ നന്നായിരിക്കുന്നു .വാക്കുകളിലൂടെ വരച്ചിരിക്കുന്ന ചിത്രങ്ങളും ഓർമ്മകളിലേക്ക് ഓടിയെത്തി.ഇനിയും എഴുതുക