Thursday, January 8, 2026
Homeഅമേരിക്കശുഭചിന്ത - (129) പ്രകാശഗോപുരങ്ങൾ - (105) 'ടി.വി. വളർത്തുന്ന കുഞ്ഞുങ്ങൾ' ✍ പി....

ശുഭചിന്ത – (129) പ്രകാശഗോപുരങ്ങൾ – (105) ‘ടി.വി. വളർത്തുന്ന കുഞ്ഞുങ്ങൾ’ ✍ പി. എം.എൻ.നമ്പൂതിരി

[ആദ്യമായി സംഭവിക്കാവുന്ന ഒരു കഥയിൽക്കൂടി ആരംഭിക്കാം]. രാജൻ ഒരു സ്വകാര്യകമ്പനിയിലെ ഉദ്യോഗസ്ഥനാണ്.അദ്ദേഹം കാലത്ത് ഏഴിന് ജോലിക്കായി വീട്ടിൽ നിന്ന് ഇറങ്ങിയാൽ രാത്രി എട്ടുമണി കഴിഞ്ഞേ വിട്ടിൽ എത്തുകയുള്ളൂ. വീട്ടിൽ എത്തിയാലും ലാപ്‌ടോപ്പിലും മൊബൈലിലുമായിരിക്കും കൂടുതൽ സമയവും.

ഒരു ദിവസം രാത്രി ഒന്നാം ക്ലാസ്സുകാരനായ അയാളുടെ മകൻ ഉറങ്ങാതെ അയാളെ കാത്തിരുന്നു. തിടുക്കത്തിൽ വന്നുകയറിയ അച്ഛനോട് മകൻ ചോദിച്ചു: 

‘അച്ഛന് മാസം എത്രയാണ് ശബളം ?”

മകൻ്റെ ചോദ്യത്തിന് അച്ഛൻ പറഞ്ഞു: “അറുപതിനായിരം “

അപ്പോൾ മകൻ വീണ്ടും ചോദിച്ചു: “അപ്പോൾ ഒരുദിവസം എത്ര രൂപ വരും?

“”രണ്ടായിരം രൂപ”

അപ്പോൾ ഒരു മണിക്കൂറിനോ?

മകൻ്റെ ചോദ്യങ്ങൾ അയാളെ ഈർഷ്യപ്പെടുത്തി. എങ്കിലും പറഞ്ഞു 250 രൂപ – കടുത്ത സ്വരത്തിലായിരുന്നു മറുപടി.

മകൻ മുഖം കുനിച്ച്‌ അകത്തേയ്ക്കു പോയി.ഏതാനും നിമിഷം കഴിഞ്ഞ് തൻ്റെ കൊച്ചു കുടുക്കയുമായി അവൻ അച്ഛനെ സമീപിച്ചിട്ട് പറഞ്ഞു: “ഇതാ അച്ഛാ….. ഇതിൽ എത്രരുപയുണ്ടാകുമെന്നറിയില്ല. അച്ഛൻ ഒരു മണിക്കൂർ സമയം എൻ്റെ കൂടെ ഇരിക്കണം. – എൻ്റെ കൂടെ കളിക്കണം. അതിനുള്ള പൈസ ഈ കുടുക്കയിൽ നിന്ന് എടുത്തുകൊള്ളൂ. മകൻ്റെ വാക്കുകൾ അച്ഛൻ്റെ കണ്ണു തുറപ്പിച്ചു. പിന്നിട് അയാൾ എല്ലാ ദിവസവും അല്പസമയം മകനുമായി ചെലവഴിക്കാൻ തീരുമാനിച്ചു.]

കഥയിലെ അച്ഛന് കാര്യങ്ങൾ മനസ്സിലായെങ്കിലും ജീവിതത്തിൽ ഇത് മനസ്സിലാക്കാത്ത ഒട്ടേറെ അച്ഛന്മാരെ കാണാം.

ഒന്ന് ആലോചിച്ചു നോക്കൂ! പ്രസവിക്കുമ്പോൾ ഹോംനേഴ്സ് നോക്കും.പിന്നെ ഡേ കെയർ, വീട്ടിൽ വേലക്കാരി, വൈകാതെ പ്ലേ സ്ക്കൂൾ…. ഇതിനിടെ കുട്ടികളെ നോക്കേണ്ട ചുമതല പല വീടുകളിലും ടലിവിഷനായിരിക്കും. അങ്ങനെ ടലിവിഷൻ വളർത്തുന്ന കുഞ്ഞുങ്ങളുടെ എണ്ണം പെരുകയാണ്. കാർട്ടൂൺ ചാനൽ വെച്ചുകൊടുത്ത് പാത്രത്തിൽ ബേക്കറി പലഹാരങ്ങളും നല്കി കുട്ടികളെ ഒഴിവാക്കുന്ന മാതാപിതാക്കൾ ധാരാളമുണ്ട്. മാത്രമല്ല അവർ ടി.വി യും കണ്ടിരുന്നോളും, ഒരു ശല്യവുമില്ല എന്ന് സഹപ്രവർത്തകരോട് കുട്ടിയെപ്പറ്റി അഭിമാനത്തോടെ പറയുകയും ചെയ്യും.

അമിതമായി ടി.വി കാണുന്നത് കുട്ടികളുടെ മാനസിക-ശാരീരിക അവസ്ഥകളെ കാര്യമായി സ്വാധീനിക്കും. കണ്ണിനുണ്ടാകുന്ന തകരാറിനേക്കാൾ വലുതാണ് മനസ്സിനുണ്ടാകുന്ന തകരാറുകൾ. പലപ്പോഴും ശരീരത്തിനു പറ്റാത്ത ഭക്ഷണവും പാനീയവുമാകും കുട്ടികൾക്ക് നൽകുന്നത്. മാത്രമല്ല യാതൊരു വ്യായാമവുമില്ലാതെ കുട്ടികളുടെ ശരീരം തടിക്കുവാനും ഇത് കാരണമാകും. തൻമൂലം ചെറുപ്പത്തിലേ രോഗിയാക്കാനും സാദ്ധ്യത ഏറേയാണ്. എല്ലാറ്റിലുമുപരി മാതാപിതാക്കളുടെ സ്നേഹലാളനകൾ കിട്ടാത്തതിൻ്റെ പ്രതിഷേധവും പ്രതികാരവും അവരുടെ സ്വഭാവം തന്നെ ചിത്തയാകാനും കാരണമാകും.

ടി.വി പകരുന്ന കാഴ്ചയുടെ സംസ്ക്കാരം അവരുടെ യഥാർത്ഥ സ്വഭാവത്തെത്തന്നെ മാറ്റിമറിക്കും. അക്രമത്തിൻ്റെയും ലൈംഗികതയുടെയും ആഘോഷം കണ്ട് അവരുടെ മനസ്സ് മരവിച്ചെന്നും വരാം.

ഇതിനെല്ലാം മാതാപിതാക്കന്മാർക്ക് പല ന്യായീകരണങ്ങളുണ്ടാകാം.” മക്കൾക്ക് വേണ്ടിയല്ലേ ഞങ്ങൾ പെടാപ്പാട് പെടുന്നത്. പിന്നെ വീട്ടിനുള്ളിലാകുമ്പോൾ അവർ സുരക്ഷിതരാണ്. മനസ്സുറപ്പിച്ച് ഞങ്ങൾ എങ്ങനെ കുട്ടികളെ പുറത്തുവിടും.?” അതെല്ലാം ശരിതന്നെ. പക്ഷെ മക്കൾക്കായി കുറെ സമ്പത്താർജിക്കുക എന്നതല്ല മാതാപിതാക്കളുടെ പ്രാഥമിക കടമ. അവരെ സ്നേഹിച്ചും ലാളിച്ചും ആവശ്യനേരത്ത് ശാസിച്ചും സംസ്ക്കാരസമ്പന്നരായി വളർത്തുക എന്നതിലാണ് പ്രാധാന്യം.

ഒന്ന് മനസ്സിലാക്കൂ! എത്ര പണമുണ്ടെങ്കിലും മക്കൾ തല്ലിപ്പൊളികളോ മനോനില തെറ്റിയവരോ ആയാൽ എന്ത് പ്രയോജനമാണ് ഉള്ളത്? നിങ്ങൾ സ്വരൂപിച്ച ധനം ഇവരുടെ ജീവിതത്തിന് ഒരു ഭാരമായി മാറിയാൽ എന്തു ചെയ്യും? മക്കളെ സൃഷ്ടിക്കുക എന്നതിന് വാച്യാർത്ഥത്തിലുപരി വലിയ അർത്ഥം വേറെയുമുണ്ട്. എന്നാൽ അറിവിലും വിവേകത്തിലും നന്മകളിലും അവരെ വളർത്തി നല്ല വ്യക്തിത്വമുള്ളവരാക്കുക എന്നത് സൃഷ്ടിപരമായ ദൗത്യമാണ്. അതിനാൽ സമയവും സാഹചര്യവുമുള്ളവർ മാത്രം മാതാപിതാക്കളാകുന്നതാണ് നല്ലതെന്ന് തോന്നുന്നു.

പണ്ട് മക്കളെ നോക്കുവാൻ വീട്ടിൽ മുത്തശ്ശനും മുത്തശ്ശിയും ഉണ്ടായിരുന്നു.അവർ നന്മ നിറഞ്ഞ കഥകൾ പറഞ്ഞും പാട്ടുകൾ പാടിയും കുട്ടികളുടെ ഭാവനയെ വികസിപ്പിച്ചിരുന്നു. ആവശ്യനേരത്ത് തെററുകൾ ചൂണ്ടിക്കാട്ടി അത് ആവർത്തിക്കരുതെന്നും അവർ കുട്ടികളെ മനസ്സിലാക്കിയിരുന്നു.

എന്നാൽ ഇന്നത്തെ അണുകുടുംബങ്ങളിൽ കുട്ടികൾ ഒന്നല്ലെങ്കിൽ രണ്ട്. അച്ഛനും അമ്മയും ഉദ്യോഗസ്ഥർ. അവരുടെ തിരക്കുകളിൽ കുട്ടികൾക്ക് വേണ്ട സ്നേഹവും പരിഗണനയും പരിചരണവും ലഭിക്കാതെ പോകുന്നു. കുട്ടികളെ പരിചരിക്കാൻ നിൽക്കുന്ന ജോലിക്കാർ പലരും സ്വന്തം വീടുകളിൽനിന്ന് വഴക്കിട്ടും മറ്റും പോന്നവരും ജീവിതത്തിൽ ഒട്ടേറെ തിരിച്ചടികൾ നേരിട്ടവരുമായിരിക്കും. അത്തരക്കാർക്ക് യഥാർത്ഥ സ്നേഹം കുട്ടികൾക്ക് നൽകാൻ കഴിയുകയില്ല.

അതുകൊണ്ട് ഒരു കാര്യം ശ്രദ്ധിക്കുക! നമ്മൾ എന്തിന് പ്രാമുഖ്യം നൽകുന്നുവെന്നതാണ് ഏറ്റവും പ്രധാനം. മക്കളുടെ നന്മ കാംക്ഷിക്കുന്നവർ എല്ലാറ്റിലുമുപരി അവരെ കരുതുകയും തീരുമാനങ്ങളിൽ അവർക്ക് പ്രാധാന്യം നൽകുകയും ചെയ്യുക. അത്തരക്കാർക്ക് യഥാർത്ഥ സമ്പത്ത് മക്കളായിരിക്കും.

പി. എം.എൻ.നമ്പൂതിരി

RELATED ARTICLES

2 COMMENTS

  1. പണ്ടത്തെ കൂട്ടുകുടുംബ സമ്പ്രദായം വളരെ നല്ലതാണെന്നാണ് എൻ്റെ അഭിപ്രായം . അത്തരം കുടുംബങ്ങളിൽ സ്വാർത്ഥത ഉണ്ടാവില്ല , ഒരാളല്ലെങ്കിൽ മറ്റൊരാൾ കുട്ടികളുടെ കാര്യങ്ങൾ ശ്രദ്ധിക്കാൻ ഉണ്ടാവും … കളിക്കാൻ കൂട്ടിന് ധാരാളം കുട്ടികൾ ഉള്ളപ്പോൾ ടി.വി കണ്ടിരിക്കൽ കുറയും ..പക്ഷെ ‘ അങ്ങനെ ഒരു കാലമൊന്നും ഇനി വരാൻ സാദ്ധ്യതയില്ലല്ലൊ .

  2. സിതാരയുടെ അഭിപ്രായം വളരെ ശരിയാണ്.
    ഒരുപാട് സന്തോഷം

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com