Thursday, January 8, 2026
Homeഅമേരിക്കശുഭചിന്ത - (126) പ്രകാശഗോപുരങ്ങൾ - (102) 'ഏകാഗ്രത' ✍പി. എം. എൻ....

ശുഭചിന്ത – (126) പ്രകാശഗോപുരങ്ങൾ – (102) ‘ഏകാഗ്രത’ ✍പി. എം. എൻ. നമ്പൂതിരി.

പി. എം. എൻ. നമ്പൂതിരി.

മനസ്സിൻ്റെയും ചിന്തകളുടെയും കണിശമായ അച്ചടക്കമാണ് ഏകാഗ്രത. ഏകാഗ്രതയില്ലെങ്കിൽ ഒരു കാര്യത്തിലും വിജയം വരിക്കുവാൻ സാധിക്കുകയില്ല. നാം ചെയ്യുന്ന ഏതു പ്രവർത്തിയിലും കഴിയുന്നത്ര സമയം നമ്മുടെ മുഴുവൻ ശ്രദ്ധയും, ഊർജ്ജവും കേന്ദ്രീകരിക്കുവാനുള്ള നമ്മുടെ കഴിവിനെയാണ് ഏകാഗ്രത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. മനഃശാന്തി അഥവാ ഏകാഗ്രത ശീലിക്കുകയാണ് ഏതു കർമ്മത്തിനും ആദ്യം വേണ്ടത്. ഏകാഗ്രമായ അവസ്ഥയിൽ മാത്രമേ മനസ്സിന് ശരിയായ വിധത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ സാധിക്കുകയുള്ളൂ. ശാന്തമല്ലാത്ത മനസ്സ് പതറിയിരിക്കുമെന്ന് സ്പഷ്ടമാണ്. പതറിയ മനസ്സുകൊണ്ട് ഏതൊരു വിഷയത്തെ പരിശോധിച്ചാലും ആഴത്തിൽ വിലയിരുത്തുവാൻ സാധിക്കുകയില്ല അല്ലെങ്കിൽ ഗ്രഹിക്കുവാൻ പ്രയാസമായിരിക്കും. വികാരതരംഗിതമായ മനസ്സ് ഏകാഗ്രതയ്ക്ക് തടസ്സം സൃഷ്ടിക്കുന്നു. നന്നായി പഠിക്കുവാൻ ഏറ്റവും അത്യാവശ്യമായി വേണ്ടത് ഏകാഗ്രതയാണ്. ജീവിതത്തിൻ്റെ ഏതു മേഖലയിലും വിജയം നേടണമെങ്കിൽ ഏകാഗ്രത കൂടിയേ തീരൂ. ഏകാഗ്രമായ ധ്യാനം കൊണ്ട് ശക്തി മുഴുവൻ കേന്ദ്രീകരിക്കുവാൻ സാധിച്ചിട്ടുള്ള ഒരു മനസ്സിന് സാധിക്കാത്തതായി ലോകത്തിലൊന്നുമില്ല. ഏകാഗ്രതകൊണ്ടു മാത്രമേ അനന്തമായ ശക്തി സംഭരിക്കാൻ സാധിക്കുകയുള്ളൂവെന്ന് മുണ്ഡകോപനിഷത്തിൽ പറയുന്നുണ്ട്.

ലോകചരിത്രത്തിൽ അഗാധമായ പാണ്ഡിത്യം നേടിയിട്ടുള്ള ഉന്നതരായ വ്യക്തികളും ശാസ്ത്രജ്ഞന്മാരും തങ്ങളുടെ മന:ശക്തികളെ തികച്ചും ഏകാഗ്രമാക്കിയതിൻ്റെ ഫലമായിട്ടാണ് അളക്കാനാവാത്ത വിജ്ഞാനം അവർക്ക് ലഭിച്ചത്. അവർണ്ണനീയമായ പ്രപഞ്ചം അതിൻ്റെ വൈവിധ്യമാർന്ന രഹസ്യങ്ങൾ നമുക്ക് വിട്ടുതരുവാൻ തയ്യാറാണ്. രഹസ്യം മനസ്സിലാക്കാനുള്ള മാർഗ്ഗം അറിഞ്ഞിരുന്നാൽ മതിയാകും. അതിനുള്ള സാമർത്ഥ്യം നമുക്ക് കൈവരുന്നത് ഏകാഗ്രതയിൽ കൂടിയാണ്. തുളച്ചുകയറുന്ന സൂര്യരശ്മി, അന്ധകാരമായിരിക്കുന്ന സ്ഥലങ്ങൾ പ്രകാശമാനമാക്കിത്തീർക്കുന്നതുപോലെ, ഏകാഗ്രമായ മനസ്സ് അതിൻ്റെ അഗാധയിലുള്ള രഹസ്യങ്ങളില്ലക്ക് തുളഞ്ഞു കയറുന്നു. പുരാതന ഭാരതത്തിലെ ഋഷീശ്വരന്മാർക്ക് അമാനുഷികമായ ശക്തി ലഭിച്ചത് കഠിനമായ പരിശ്രമംകൊണ്ട് വളർത്തിയെടുത്ത ഏകാഗ്രതയിലൂടെയാണ്.

നല്ല ഏകാഗ്രത സ്ഥിരമായ പരിശ്രമത്തിലൂടെ വളർത്തിയെടുക്കാൻ കഴിഞ്ഞാൽ ജീവിതത്തിൽ നിരവധി ഉന്നത വിജയങ്ങൾ നേടിയെടുക്കാൻ നമുക്ക് സാധിക്കും. ഇന്നത്തെ തിരക്കുപിടിച്ച ജീവിതരീതി നമ്മുടെ ഏകാഗ്രതയെ പ്രതികൂലമായി ബാധിക്കുവാൻ ഇടയുണ്ടെങ്കിലും നാം ശ്രദ്ധിക്കുകയാണെങ്കിൽ ഇത് ഒഴിവാക്കിയെടുക്കാൻ സാധിക്കും. നാം ചെയുന്ന ജോലി തികഞ്ഞ ഏകാഗ്രതയോടെ ചെയ്യുന്നതുവഴി അനവധി നേട്ടങ്ങൾ നമുക്ക് കൈവരിക്കാം. സ്വാമി വിവേകാനന്ദൻ യൂറോപ്പിലായിരുന്ന കാലത്ത് ഒരു ദിവസം തൻ്റെ പ്രധാനാദ്ധ്യാപകനായ പോൾ ഡായ്ഡിൻ്റെ വീട്ടിൽ പോകുവാൻ ഇടയായി. പല വിഷയങ്ങളെക്കുറിച്ച് അദ്ദേഹവുമായി സംസാരിച്ചുകൊണ്ടിരിക്കെ അദ്ധ്യാപകൻ പെട്ടെന്ന് എന്തോ ആവശ്യത്തിനായി അകത്തേയ്ക്കു പോയി. അല്പസമയം കഴിഞ്ഞ് അദ്ധാപകൻ തിരിച്ചുവന്നപ്പോൾ കണ്ടത്, അവിടെയുണ്ടായിരുന്ന കവിതാപുസ്തകം വായിച്ചുകൊണ്ടിരിക്കുന്ന സ്വാമിജിയെയാണ്. അദ്ധ്യാപകൻ കടന്നുവന്നത് സ്വാമിജി അറിഞ്ഞില്ല. വായന കഴിഞ്ഞു തലയുയർത്തി നോക്കിയപ്പോഴാണ് .വായന കഴിഞ്ഞ് തലയുയർത്തി നോക്കിയപ്പോഴാണ് സ്വാമിജി അദ്ദേഹത്തെ കണ്ടത്. ഉടനെ തന്നെ തൻ്റെ തെറ്റിനു ക്ഷമ ചോദിക്കുകയും ചെയ്തു. സ്വാമിജി പറഞ്ഞത് അദ്ധ്യാപകന് വിശ്വസിക്കാനായില്ല. തുടർന്നുള്ള അവരുടെ സംഭാഷണത്തിൽ സ്വാമിജി ആ വലിയ പുസ്തകത്തിലെ പല വരികൾ ചൊല്ലി കേൾപ്പിക്കുകയും, അദ്ധ്യാപകൻ്റെ നിരവധി ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകുകയും ചെയ്തു. ഉത്തരം കേട്ട് ആശ്ചര്യഭരിതനായ അദ്ധ്യാപകൻ പറഞ്ഞു: “ഈ ഗ്രന്ഥം താങ്കൾ ഇതിനുമുമ്പ് എപ്പോഴെങ്കിലും വായിച്ചിട്ടുണ്ടാകും. അല്ലെങ്കിൽ എങ്ങനെയാണ് വെറും അരമണിക്കൂർകൊണ്ട് നാനൂറ് പേജുള്ള ഈ വലിയ പുസ്തകം ഹൃദിസ്ഥമാക്കുവാൻ സാധിക്കുക.ഇത് തികച്ചും അസാധ്യം തന്നെയാണ്.” അപ്പോൾ സ്വാമിജി പറഞ്ഞു: “സംയമിയായ ഒരു യോഗിക്ക് ഇത് സാധ്യമാണ്. മാത്രമല്ല ഇതെല്ലാം തന്നെ കഠിനമായ ഏകാഗ്രതയുടെയും യോഗാഭ്യാസത്തിൻ്റെയും ഫലമായിട്ടാണ് സാധിക്കുന്നത്. എന്ന് “ ഏകാഗ്രതയുടെ അത്ഭുതകരമായ ശക്തിയെ എടുത്തു കാണിക്കുന്നതിന് വേണ്ടി മാത്രമാണ് ഈ സംഭവം ഇവിടെ ഉദ്ധരിച്ചത്. ഏകാഗ്രത വർദ്ധിപ്പിക്കുന്നതുകൊണ്ടുള്ള നേട്ടങ്ങൾ നിരവധിയാണ്. നമ്മുടെ ജോലി ഏകാഗ്രതയോടെ ചെയ്യുകയാണെങ്കിൽ അനാവശ്യമായ സമയനഷ്ടം ഒഴിവാക്കുകയും, വേഗത്തിൽ ജോലികൾ ചെയ്തു തീർക്കുവാൻ സാധിക്കുയും ചെയ്യും. തെറ്റായ മാനസികാവസ്ഥകളെ മറികടക്കുവാനും ഇതുവഴി നമുക്ക് കഴിയുകയും ചെയ്യും.

ഏകാഗ്രത വളർത്തിയെടുക്കുവാൻ ചില മാർഗ്ഗങ്ങളുണ്ട്. ക്രിയാത്മകമായ മറ്റു പല മാനസിക ഗുണങ്ങൾപോലെതന്നെ സ്ഥിരമായ പരിശ്രമത്തിലൂടെ വളർത്തികൊണ്ടു വരേണ്ട ഒന്നാണ് ഏകാഗ്രതയും. ഒരേ സമയം ഒന്നിൽ കൂടുതൽ കാര്യങ്ങൾ നന്നായി ചെയ്യുവാൻ നമുക്ക് സാധിക്കുകയില്ല. അതേ സമയം നമ്മുടെ മുഴുവൻ ശ്രദ്ധയും ഒരേയൊരു കാര്യത്തിൽ മാത്രം കേന്ദ്രീകരിക്കുകയാണെങ്കിൽ, നാം അതിൽ വിജയിക്കുമെന്ന് മാത്രമല്ല വേഗത്തിൽ ചെയ്തു തീർക്കുവാനും സമയവും ഊർജ്ജവും ലാഭിക്കുവാനും നമുക്ക് കഴിയും. നല്ല ഏകാഗ്രത വളർത്തുവാൻ ഒരേ സമയം ഒരേയൊരു കാര്യത്തിൽ മാത്രം നമ്മുടെ മുഴുവൻ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നത് പ്രാധാന്യമർഹിക്കുന്നു. നാം എത്ര സമയം ചിലവഴിച്ചു എന്നതല്ല പ്രധാനം, മറിച്ച് ഏകാഗ്രമായി നാം എത്ര സമയം ചിലവഴിച്ചു എന്നതാണ് പ്രധാനപ്പെട്ട കാര്യം. നാം ചെയ്യുന്ന ഏതൊരു ചെറിയ കാര്യവും അർപ്പണ മനോഭാവത്തോടെ ചെയ്യുമ്പോൾ ഏകാഗ്രത വർദ്ധിക്കുന്നു. ഒരു ചെറിയ കാര്യം ഏറ്റവും നന്നായി ചെയ്താൽ, പിന്നീട് വലിയ കാര്യങ്ങൾ ചെയ്യുവാൻ അത് നമുക്ക് ശക്തിയും പ്രചോദനവും നൽകും. അനാവശ്യമായ നമ്മുടെ ശബ്ദം നമ്മുടെ ഏകാഗ്രതയെ ബാധിക്കുമെന്നതുകൊണ്ട്, ശബ്ദകോലാഹലങ്ങൾ കഴിയുന്നതും ഒഴിവാക്കുക. നമ്മുടെ മാനസികവും ബുദ്ധിപരവുമായ ഘടകങ്ങൾ പരസ്പര സമന്വയത്തിൽ പ്രവർത്തിക്കേണ്ടത് ഏകാഗ്രതയ്ക്ക് ഏറ്റവും ആവശ്യകമാണ്. നമ്മുടെ വികാരങ്ങൾ എപ്പോഴും നമ്മുടെ മുഴുവൻ നിയന്ത്രണത്തിലായിരിക്കണം. വൈകാരികമായ സന്തുലിതാസ്ഥ ഏകാഗ്രതയെ സ്വാധീനിക്കുമെന്നതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്. ആത്മാർത്ഥമായ പരിശ്രമവും, ദൃഢനിശ്ചയവുമുണ്ടെങ്കിൽ ഇപ്പോഴുള്ളതിനെക്കാൾ അനേകം മടങ്ങ് ഏകാഗ്രത നമുക്ക് കൈവരിക്കുവാനും ഉന്നതമായ നേട്ടങ്ങൾ നേടിയെടുക്കുവാനും കഴിയും.

പി. എം. എൻ. നമ്പൂതിരി.

RELATED ARTICLES

6 COMMENTS

  1. നല്ല എഴുത്ത് … ഏത് മേഖലയിലും ഏകാഗ്രത അത്യാവശ്യം തന്നെയാണ് 🙏

  2. സജി , സിതാര, അരവിന്ദൻ അഭിപ്രായത്തിന് ഒരുപാട് സന്തോഷം.

  3. നല്ല അറിവ് ഗുരുജി . പുരാത്ത ഋഷിമാർ സ്ഥിരമായ പരിശ്രമത്തിലൂടെ അമാനുഷികമായഅറിവും ശക്തിയും നേടിയെടുത്തു ഇന്നത്ത തിരക്കേറിയ ജീവിതത്തിലും സ്ഥിരമായ പരിശ്രമത്തിലൂടെ നല്ല ഏകാഗ്രത വളർത്തിയെടുത്ത് നമുക്കും ജീവിത വിജയം നേടാം എന്ന് പറയുന്നു. നന്ദി ഗുരുജി . നമസ്ക്കാരം ‘

Leave a Reply to Sithara Damodaran Cancel reply

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com