എൻ്റെ പ്രിയ സഖിക്ക്.
സഖീ….
ഇങ്ങിനെ ഒരെഴുത്ത് എഴുതണം എന്ന് കരുതിയതല്ല. എന്നാൽ ഇന്നലെ നിന്നെ ഒന്ന് കാണാൻ, നിന്നോടൊന്ന് സംസാരിക്കാൻ വന്നപ്പോൾ എനിക്കുണ്ടായ അനുഭവം അതാണ് എൻ്റെ ഈ എഴുത്തിന് കാരണം.
പലതവണ നമ്മൾ കണ്ട് പിരിഞ്ഞപ്പോഴും നിൻ്റെ മുഖത്ത് മായാതെ നിൽക്കുന്ന ഒരു മ്ലാനദ ഞാൻ ശ്രദ്ധിച്ചിരുന്നു. ചോദിക്കണം എന്ന് കരുതി നമ്മൾ പലതവണ കണ്ടുമുട്ടുമ്പോഴൊക്കെ നീ പറയുന്ന കഥകേട്ടിരിക്കാനെ എനിക്ക് കഴിഞ്ഞിട്ടുള്ളു. തിരിച്ചൊന്നും ചോദിക്കാൻ നീ എന്നെ അനുവദിച്ചിരുന്നില്ല. കസ്തൂരി തേച്ചു മിനുക്കിയ നിൻ്റെ മിഴികളിൽ നോക്കിയിരിക്കുമ്പോഴും, വശ്യമാം നിൻ്റെ ചുണ്ടിലുടക്കി പുറത്തുവരുന്ന നിൻ്റെ മൊഴി മധുരം ആസ്വദിച്ചിരിക്കുമ്പോഴും, എൻ്റെ കരതലം നീ ഇറുകെപ്പുണരുമ്പോഴും നിൻ്റെ മനസ്സുമായി അറിയാതെ എൻ്റെ മനസ്സ് ചേർത്ത് വയ്ക്കാനേ എനിക്ക് കഴിഞ്ഞിട്ടുള്ളു.
അകലുവാൻ നിനക്കെൻ്റെ അനുവാദം ആവശ്യമില്ല. കാരണം ഇന്ന് ഞാൻ അകലെയാണ്. നിൻ്റെ ഓർമ്മൾ ഒഴുകുന്ന താഴ് വരകൾക്കുമകലെ. നീ പറയാതെ പറഞ്ഞു വച്ചു പോയ പാഴ് സ്വരങ്ങളുടെ പ്രതിധ്വനി കേൾക്കാത്തത്ര അകലത്തിൽ. എന്നാലും നിൻ്റെ ചിരിമണികൾ പെറുക്കിയെടുക്കാൻ ഇലഞ്ഞി മരച്ചോട്ടിൽ ഓടിയെത്തുന്ന ആ കളിക്കൂട്ടുകാരൻ തന്നെ യാണ് ഞാൻ ഇന്നും. നീ നടന്നു പോയ വഴികളിൽ നിൻ്റെ കാൽപ്പാദങ്ങൾ തിരഞ്ഞു പിടിച്ച് പിൻതുടർന്ന് വന്നപ്പോഴൊക്കെ നീ ഏകയായിരിക്കുന്ന പ്ലാവിൻ ചുവട്ടിലാണ് ഞാൻ എത്തിയിട്ടുള്ളത്. അപ്പൊഴെക്കെ നീ എന്നോട് ചോദിച്ചിട്ടുള്ളത്, അങ്ങകലെ കാതങ്ങൾക്കപ്പുറം തലയെടുപ്പോടെ നിൽക്കുന്ന ആ മലമുകളിൽ സൂര്യൻ ചുംബിക്കാറുണ്ടോ എന്നാണ്. എൻ്റെ തോളിൽ തലചായ്ച്ചിരുന്നു കൊണ്ട് നീ മണ്ണിൽ വരച്ചു കുട്ടിയ ചിത്രങ്ങളൊക്കെ നീ പറന്നു ചെല്ലാൻ കൊതിക്കുന്ന ദൂരക്കാഴ്ച്ചകളെക്കുറിച്ച് എന്നോട് പറയുമായിരുന്നു.
ഇന്ന്, ദൂരങ്ങളുടെ പടികൾ കടന്ന് നിൻ്റെ ആ പ്ലാവിൻ ചോട്ടിൽ നീ വീണ്ടും ഏകയായ് വന്ന് നിൽക്കുമ്പോൾ നിന്നെ ഒന്ന് കാണാൻ, നിന്നോടൊന്ന് മിണ്ടാൻ ഞാൻ ഓടിയെത്തിയപ്പോൾ കരഞ്ഞുകലങ്ങിയ മിഴികളുമായി നീ വീണ്ടും ആ മലളുകളിൽ നോക്കിനിൽക്കുകയായിരുന്നില്ലേ. എൻ്റെ സാമീപ്യം അറിഞ്ഞിട്ടും, എൻ്റെ നിഴൽ നിൻ്റെ നിഴലിനോട് ചേർന്ന് നിന്നിട്ടും നിൻ്റെ മൗനം കൊണ്ട് നീ എന്നെ അകറ്റി നിർത്തി.
പ്രിയേ…. രാവുകൾ മാറും പകലുകൾ മാറും. രാഗങ്ങൾ മാറും ഈണങ്ങൾ മാറും. എന്നാൽ എൻ്റെ മനസ്സിലെ നീ എന്ന ശ്രുതി മാറ്റാൻ നിൻ്റെ മൗനത്തിനെന്നല്ല മാറ്റേതൊരു സ്നേഹ തംബുരുവിനും കഴിയില്ല പ്രിയേ. മൗനം ചിലപ്പോഴൊക്കെ നലൊരു പരിഹാരമാണ്. എന്നാൽ മറ്റു ചിലപ്പോൾ അത് ഭയങ്കര വേദനയാണ്.
നിർത്തുന്നു.
സ്നേപൂർവ്വം,
മനോഹരമായ്
♥️
:പ്രണയത്തിന്റെ പരിമളം എന്ന ഓർമ്മകുറിപ്പ് നന്നായിട്ടുണ്ട്

Thanks
നല്ല മനോഹരമായ വരികൾ, രവിയേട്ടാ